അമ്മ(യെ) അറിയാന്‍

അമ്മ(യെ) അറിയാന്‍

മേയ് 12-ന് മാതൃദിനം. അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം. കലണ്ടറക്കത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ യഥാര്‍ത്ഥ മാതൃവന്ദനമാണോ എന്ന സന്ദേഹമൊളിപ്പിക്കാതെതന്നെ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.

ഉയിരും ഉണ്‍മയുമെല്ലാം അമ്മ തന്നെ എന്ന വാഴ്ത്തിന്‍റെ വാഴ്വിലാണു നമ്മുടെ സംസ്കാരത്തിന്‍റെ നിലയും നിലപാടും. 'അമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്ന' വേദശബ്ദം അമ്മയെ മറന്നതല്ല, അവള്‍ ദൈവത്തോളം വലുതായതാണ്, ചിലപ്പോള്‍ ഒന്നായതും.

13-ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവി, റൂമി ഓര്‍മിപ്പിക്കുന്നതു പോലെ, 'നമ്മളെല്ലാം പിറവികൊണ്ടതു സ്നേഹത്താലാണ്. ആ സ്നേഹമാണ് അമ്മ.' ദൈവം സ്നേഹമാണെങ്കില്‍ ആ ദൈവത്തിന്‍റെ സര്‍വസാന്നിദ്ധ്യമാണ് ഓരോ അമ്മയുമെന്നു റൂഡിയാര്‍ഡ് കിപ്ലിംഗ്. 'മാതൃത്വത്തിലാണു സ്നേഹത്തിന്‍റെ ആരംഭവും അവസാനവുമെന്ന്' റോബര്‍ട്ട് ബ്രൗണിംഗ് പറയുമ്പോള്‍, 'അമ്മ ആര്‍ക്കും പകരമാകുമ്പോഴും, അമ്മയ്ക്കു പകരം അമ്മ മാത്രമേയുളളുവെന്ന' കാര്‍ഡിനല്‍ മെയ്മില്ലോഡിന്‍റെ സാക്ഷ്യം നമുക്കു കൂടുതല്‍ മനസ്സിലാകുന്നുണ്ട്.

എന്നിട്ടും ഈ കാലഘട്ടം അമ്മമാരെക്കറിച്ചു നല്ലതല്ലാത്ത ചിലതെല്ലാം കേള്‍പ്പിക്കുന്നുണ്ട്. വാത്സല്യത്തിന്‍റെ അമൃതൂറാതെയും കരുതലിന്‍റെ കരമേകാതെയും ചിലരെങ്കിലും മാറിപ്പോയതെങ്ങനെയാണ്? അല്ലെങ്കില്‍ എന്തുകൊണ്ടാണ്? 2019 ഏപ്രിലില്‍ മാത്രം കുട്ടികള്‍ക്കെതിരെ നടന്ന ക്രൂരതകള്‍ അമ്മമാര്‍ക്കെതിരായ കുറ്റപത്രമാകുന്നുണ്ട്. 'തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മര്‍ദ്ദിച്ചു; കുട്ടി മരിച്ചു.' 'ഏലൂരില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്നു വയസ്സുകാരന്‍ മരിച്ചു.' ജാര്‍ഘണ്ട് സ്വദേശിനിയായ അമ്മ ഹനഖാത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.' കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള മൂന്നു കുട്ടികളെ അമ്മ വീട്ടില്‍ പൂട്ടിയിട്ടുപോയ സംഭവത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ടു കുട്ടികളെ പൊലീസെത്തിയാണു മോചിപ്പിച്ചത്. പട്ടണക്കാട് കൊല്ലംവെളി കോളനിയില്‍ ഒന്നര വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റിലായ വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ കേരളം ഞെട്ടലോടെ കേട്ടത്.

എന്തുകൊണ്ടിങ്ങനെയെന്ന ചോദ്യത്തെ ഒരുത്തരംകൊണ്ടു മാത്രം നേരിടാനാവുമെന്നു തോന്നുന്നില്ല. പ്രതിസ്ഥാനത്ത് ആദ്യമെത്തുന്നതു കുടുംബവും കുടുംബാന്തരീക്ഷവുംതന്നെയാണ്. പല സംഭവങ്ങളിലും, വഴിവിട്ട ബന്ധങ്ങളും, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അമിതോപയോഗത്താല്‍ താളം തെറ്റിയ മനസ്സുകളും വില്ലനാകുന്നുണ്ട്.

പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളിലെല്ലാം എല്ലാവരും ആദ്യം തെരക്കിയത് അമ്മയെവിടെ എന്നാണ്. പ്രതിസ്ഥാനത്തു പലപ്പോഴും അമ്മതന്നെ വന്നപ്പോള്‍, ഒരമ്മയ്ക്ക് അങ്ങനെയാകാനാവുമോ എന്നു ചോദ്യം തിരുത്തി.

കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന അമ്മമാര്‍ പലപ്പോഴും ചെറുപ്പക്കാരാണ് എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. വൈകാരികപക്വത അവര്‍ക്കു താരതമ്യേന കുറഞ്ഞിരിക്കും. വരുംവരായ്കളെക്കുറിച്ചു കൃത്യമായ ധാരണയില്ലാതെ ചാടിപ്പുറപ്പെടുന്നതിന്‍റെ പ്രശ്നവുമുണ്ട്. മറ്റൊന്ന് അരക്ഷിതബോധമാണ്. തങ്ങളുടെ കംഫര്‍ട്ട് സോണിലേക്ക് അനാവശ്യമായി കടന്നുവരുന്ന ആരും, സ്വന്തം കുഞ്ഞുപോലും ഒഴിവാക്കപ്പെടേണ്ടതാണെന്ന ചിന്ത മേല്‍ക്കൈ നേടുന്നു. തന്നെ ഇപ്പോള്‍ പിന്തുണയ്ക്കുന്ന പുരുഷന് അനിഷ്ടമായതൊന്നും ചെയ്യാതിരിക്കാനുള്ള ജാഗ്രതയില്‍ അവര്‍ മറ്റെല്ലാം മറക്കുന്നു. 'ഫോക്കസ് ഷിഫ്റ്റാ'ണു മറ്റൊരു കാരണം. സോഷ്യല്‍ മീഡിയായിലൂടെ വിര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ വിവേകരഹിതമായി വിഹരിക്കുന്നതിനാല്‍ മക്കളോടൊത്തു ചെലവഴിക്കുന്ന ഗുണാത്മകമായ സമയം തീരെ കുറവായിരിക്കും. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കുപോലും മൊബൈല്‍ ഫോണ്‍ ഇഷ്ട കളിപ്പാട്ടമാകുന്നതിന്‍റെ അപകടം വരാനിരിക്കുന്നതേയുള്ളൂ.

'അമ്മ'യെ മടക്കിവിളിക്കുകതന്നെയാണു പരിഹാരം. കാരണം തിരികെ വരുന്നത് അമ്മ മാത്രമല്ലല്ലോ. വീടെന്നാല്‍ പ്രിയപ്പെട്ടവരാരോ കാത്തിരിക്കുന്ന ഇടമെന്നര്‍ത്ഥം. ധൂര്‍ത്തപുത്രന്‍ പുറത്തേയ്ക്കുള്ള വഴി തെരഞ്ഞത്, അതമ്മയില്ലാത്ത വീടായതുകൊണ്ടു കൂടിയാവാം. തിരികെ നടന്നത്, അതു തിരികെ വിളിച്ചതുകൊണ്ടു മാത്രമാണ്. ഉത്തരവാദിത്വത്തിന്‍റെ പിന്‍വിളിയാണമ്മ. അതുകൊണ്ടാണവള്‍, ഉറക്കമൊഴിഞ്ഞും ഉള്ളില്‍ കരഞ്ഞും തന്നെത്തന്നെ മറന്നും കാത്തിരിക്കുന്നത്.

വീട്ടിനകത്തു സംഭാഷണങ്ങളുടെ പാലങ്ങള്‍ പണിതും വിശ്വസ്തതയുടെ ബലിമേശയില്‍ സ്വയം മുറിഞ്ഞും ചാരിനില്ക്കാനൊരു ചുമരായ് ചമഞ്ഞും അമ്മയുണ്ടാകണം, എന്നും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org