Latest News
|^| Home -> Editorial -> ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങള്‍

ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങള്‍

Sathyadeepam

ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങാന്‍ നിശ്ചയിച്ചു 36 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും നടന്നവശരായി, പാളത്തില്‍ തളര്‍ന്നുവീണ് ഉറങ്ങിപ്പോയ 16 തൊഴിലാളികള്‍ ചരക്കുതീവണ്ടി കയറി മരിച്ച മഹാരാഷ്ട്രയിലെ ഔറംഗബാദ് സംഭവം (മേയ് 8) നാടിനെ നടുക്കിയ വലിയ ദുരന്തമായി.

ലോകത്തെ മുഴുവന്‍ പുതിയ യുദ്ധമുഖത്തെത്തിച്ച കോവിഡ്-19 അതിന്‍റെ സര്‍വസംഹാരഭീഷണി ശക്തമായി തുടരുമ്പോള്‍, ജന്മനാട്ടിലേക്കുള്ള പലായനത്തിന്‍റെ പകപ്പിലാണു പലരും. വിവിധ സംസ്ഥാനങ്ങളില്‍ ‘അതിഥി’കളായി തുടരുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കുള്ള മടക്കയാത്രയുടെ തിരക്കിലാണ്. കേരളംപോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ അവരുടെ മടങ്ങിപ്പോക്കിന്‍റെ വിശദാംശങ്ങള്‍ വ്യക്തമായി ആസൂത്രണം ചെയ്തപ്പോള്‍ ഭൂരിഭാഗം സ്ഥലങ്ങളിലും കാര്യങ്ങള്‍ കൈവിട്ടുപോയി. അധികൃതരുടെ നിസ്സഹകരണം അനന്തമായി നീണ്ടപ്പോള്‍ പലരും നാട്ടിലേക്കു നടന്നുപോകാന്‍ തീരുമാനിച്ചതോടെ എല്ലാം നിയന്ത്രണാതീതമായി. ആളുകള്‍ അതാതിടങ്ങളില്‍ത്തന്നെ തുടരണമെന്ന കേന്ദ്രനിര്‍ദ്ദേശം പാലിക്കപ്പെടാത്തതും, ചില സംസ്ഥാനങ്ങളെങ്കിലും, തങ്ങളുടെ ആളുകളെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കി.

ലോക്ഡൗണില്‍ വിവിധയിടങ്ങളില്‍ ദയനീയമാംവിധം ‘ലോക്കാ’ യിപ്പോയ തൊഴിലാളികളുടെ ആശങ്കയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 7-ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജ്ജിയില്‍ ഇടപെട്ടുകൊണ്ടു ചീഫ് ജസ്റ്റീസ് എസ്.എ. ബോഡ്ഡെ ഉള്‍പ്പെട്ട മൂന്നംഗബെഞ്ച് നടത്തിയ നിരീക്ഷണം മനുഷ്യസ്നേഹികളെ അമ്പരപ്പിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാകുന്ന ആയിരക്കണക്കിന് അസംഘടിത തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യസുരക്ഷയും ജന്മനാട്ടിലേക്കു മടങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ “അതിഥി തൊഴിലാളികളുടെ ആരോഗ്യം, പുനരധിവാസം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രം ‘വൈദഗ്ദ്ധ്യം’ തങ്ങള്‍ക്കില്ലെ”ന്നായിരുന്നു കോടതി നിലപാട്. എല്ലാം പൂര്‍ണ നിയന്ത്രണത്തിലാണെന്ന സര്‍ക്കാര്‍ മറുപടിയില്‍ തൃപ്തി അറിയിക്കുകയും ചെയ്തു!!

20,000 കോടി ചെലവഴിച്ചു പുതിയ പാര്‍ലമെന്‍റ് മന്ദിരവും അനുബന്ധ ഓഫീസ് സമുച്ചയവും നിര്‍മിക്കാനുദ്ദേശിച്ചുള്ള ‘സെന്‍ട്രല്‍ വിസ്റ്റ പ്രോജക്ടി’ന്‍റെ തുടര്‍നടപടികള്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്‍റെ ഇടപെടലായിരുന്നു, സകലരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു സന്ദര്‍ഭം. ഏപ്രില്‍ 30-ന് കേസ് തള്ളിക്കൊണ്ടു കോടതി പറഞ്ഞതിങ്ങനെ, ‘കോവിഡ് പശ്ചാത്തലത്തില്‍ അത്തരം അസാധാരണ നടപടികള്‍ക്കു സര്‍ക്കാര്‍ മുതിരുമെന്നു തോന്നുന്നില്ല.’ അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രം പരിഗണിക്കുന്ന കോവിഡ് കാലത്ത് ഇത്തരം അനാവശ്യ ഹര്‍ജികളിലൂടെ കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സൊളിസിറ്റര്‍ ജനറല്‍, തുഷാര്‍ മേത്തയുടെ വാക്കുകളില്‍ പക്ഷേ, സര്‍ക്കാര്‍ നിലപാടു വ്യക്തമായിരുന്നു. “പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു കരുതുന്നില്ല.” ഇതിനിടയില്‍ ഏപ്രില്‍ 22 മുതല്‍ 24 വരെ കൂടിയ ‘എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി’ (ഇ.എ.സി.) പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിക്കായുള്ള ശിപാര്‍ശ നല്കിക്കഴിഞ്ഞുവെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

മാര്‍ച്ച് 23 മുതല്‍ രാജ്യം മുഴുവന്‍ അടച്ചകത്തിരിപ്പാണ്. പൊതു ആരോഗ്യ സുരക്ഷാസംവിധാനങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമല്ലാത്ത, ജനസാന്ദ്രതയില്‍ ശ്വാസം മുട്ടുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്തിനു സാമൂഹ്യാകലം തന്നെയാണു കോവിഡ് പ്രതിരോധത്തിലെ പ്രധാന പരിപാടി. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒന്നാകെയൊന്നിക്കുന്ന ഈ സവിശേഷ സാഹചര്യത്തില്‍, ജനമനസ്സിനൊപ്പം നില്ക്കാത്ത ഭരണഘടനാ സ്ഥാപനങ്ങള്‍ ജനാധിപത്യവിശ്വാസികളെ നിരാശപ്പെടുത്തുമെന്നുറപ്പാണ്.

പതിനായിരങ്ങള്‍ പ്രാണനുംകൊണ്ടു പലായനം ചെയ്യുമ്പോള്‍, പതിനായിരം കോടികളുടെ നിര്‍മാണധൂര്‍ത്തുകള്‍ ഒഴിവാക്കിയില്ലെങ്കിലും മാറ്റിവയ്ക്കേണ്ടതല്ലേ!? ജിഎസ്ടി വിഹിതത്തിന്‍റെ പേരില്‍ മാത്രം കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്കായി 30,000 കോടിയെങ്കിലും ഇപ്പോഴും കൊടുത്തുതീര്‍ക്കാനുള്ള പശ്ചാത്തലത്തില്‍, പ്രത്യേകിച്ചും!! മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 10 ശതമാനം, 20 ലക്ഷം കോടിയുടെ പുതിയ സാമ്പത്തിക ഉത്തേജക പാക്കേജായി, പ്രഖ്യാപിച്ച പ്രധാനമന്ത്രി, അതിന്‍റെ പ്രധാന ഉപഭോക്താക്കള്‍ കര്‍ഷകരും ചെറുകിട സംരംഭകരും പ്രവാസികളുമായിരിക്കുമെന്ന് ഓര്‍മിപ്പിച്ചിട്ടുണ്ട്. അതു വെറും പ്രഖ്യാപനം മാത്രമാകാതിരുന്നാല്‍ നന്ന്. സര്‍ക്കാര്‍ നടപടികള്‍ ഒരിക്കലും ജനവിരുദ്ധമാകുകയില്ലെന്ന ജനകോടികളുടെ വിശ്വാസത്തിന്‍റെ അവസാന തുരുത്താണു കോടതിയെങ്കില്‍, ജനപക്ഷത്തുനിന്നുള്ള ഇത്തരം തിരുത്തലുകള്‍ ‘അലക്ഷ്യ’ മായി കരുതാമോ?

കോവിഡിനെ ഒഴിവാക്കാനുള്ള തിരക്കില്‍, അസുഖകരമായ ചില ചോദ്യങ്ങളെക്കൂടി ഒഴിവാക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഒഴിവാക്കപ്പെടുന്നത്, ജനഹിതവും ജനാധിപത്യവുമാണെന്നു മറക്കരുത്.

Leave a Comment

*
*