‘അനുയാത്ര’യുടെ അപ്പസ്തോലികാഹ്വാനം

‘അനുയാത്ര’യുടെ അപ്പസ്തോലികാഹ്വാനം

2019 മാര്‍ച്ച് 25-ന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ മംഗളവാര്‍ത്താതിരുനാള്‍ദിനം ഫ്രാന്‍സിസ് പാപ്പ 'ക്രിസ്തുസ് വിവിത്' (ക്രിസ്തു ജീവിക്കുന്നു) എന്ന യുവജനങ്ങളെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനത്തില്‍ ഒപ്പുവച്ചു. വത്തിക്കാനു പുറത്ത് ഇറ്റലിയിലുള്ള ലൊറേറ്റോ ആശ്രമം സന്ദര്‍ശിച്ച വേളയിലാണ് ഇതിനു തുല്യം ചാര്‍ത്തിയത് എന്നതു മാത്രമായിരുന്നില്ല പ്രത്യേകത, 'യുവജനങ്ങള്‍ക്കും ദൈവജനത്തിനു മുഴുവനും' എന്നാദ്യമായി സംബോധനയും തിരുത്തി.

2018 ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെ റോമില്‍ നടന്ന യുവജനസിനഡിന്‍റെ തുടര്‍ച്ചയായ ഈ അപ്പസ്തോലിക രേഖയില്‍ എട്ട് അദ്ധ്യായങ്ങളും 299 ഖണ്ഡികകളും 164 അടിക്കുറിപ്പുകളുമുണ്ട്. സഭയാകുന്ന കണ്ണാടിയിലെ കാഴ്ചകളിലൂടെ തങ്ങളുടെ കാഴ്ചപ്പാടുകളെ തിരിച്ചറിയാനും തിരിച്ചുവരാനും യുവതയെ പ്രചോദിപ്പിക്കുന്ന പുതിയ പ്രബോധനം, യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ പ്രതീക്ഷകളും, സഭയെക്കുറിച്ചുള്ള യുവജനങ്ങളുടെ സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു.

ലോകയുവത കേട്ട ഈ പുതിയ മംഗളവാര്‍ത്തയില്‍ സഭ അതിന്‍റെ യുവത്വത്തെ വീണ്ടെടുക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്നുണ്ട്. "പാവങ്ങളോടു പക്ഷം ചേര്‍ന്നും നീതിക്കുവേണ്ടി പോരാടിയും സഭയെ യുവത്വത്തില്‍ കാത്തുസൂക്ഷിക്കാന്‍ യുവജനങ്ങള്‍ ശ്രമിക്കണം" (ഖണ്ഡിക 37). വ്യക്തിസഭയുടെ വ്യക്തിത്വം പൗരാണികത്വത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും വീണ്ടെടുപ്പായി മാത്രം വ്യാഖ്യാനിക്കുമ്പോള്‍ പള്ളിയ്ക്കകത്തു നരച്ച തലകളുടെ എണ്ണം കൂടുന്നതു കാണാതെ പോകരുത്. സമൂഹത്തിന്‍റെ അരികുകളിലേക്കു തുറന്നുവച്ച കണ്ണുകളും വിരിച്ചുപിടിച്ച കൈകളുമായി ഇറങ്ങിനില്ക്കുന്ന യുവതയെ, സഭയുടെ യുവത്വമായി പാപ്പ വിശദീകരിക്കുന്നതു ശ്രദ്ധേയമാണ്.

അനീതിയും അക്രമവും നിലതെറ്റിയാടുന്ന ആധുനിക ലോകത്തില്‍ തങ്ങളുടെ ചെറിയ ഗ്രൂപ്പുകളിലേക്ക് ഉള്‍വലിയാനുള്ള പ്രലോഭനങ്ങളെക്കുറിച്ച്, യുവജനങ്ങള്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണീ പ്രമാണരേഖ. സാര്‍വത്രിക സ്നേഹത്തിന്‍റെ പുറപ്പാടു യാത്രകള്‍ക്കുള്ള പാഥേയവും, പരിപാടിയുമായി ഈ തിരുവെഴുത്ത് മാറുന്നതിനാല്‍, യുവജന സംഘടനകളുടെ കാര്യക്രമത്തിലും മാറ്റമുണ്ടാകണം. നമ്മെ നേരിട്ടു ബാധിക്കാത്തതൊന്നും നമ്മുടേതല്ലെന്ന നിലപാടു സമരപരിപാടികളെപ്പോലും പരിഹാസ്യമാക്കും. പൊതുസമൂഹത്തിന്‍റെ പൊതുബോധത്തെ പങ്കുവയ്ക്കുന്ന പരിപാടികളിലൂടെ സഭയിലും ലോകത്തിലും നവീകരണത്തിന്‍റെ പുളിമാവാകാന്‍ യുവജന കൂട്ടായ്മകള്‍ക്കു കഴിയണം. യുവജനപ്രേഷിതത്വത്തിന്‍റെ വിവിധ മാനങ്ങളെ പരിചയപ്പെടുത്തുന്ന ആറും ഏഴും അദ്ധ്യായങ്ങളില്‍ യുവജനങ്ങളുടെ സുവിശേഷവത്കരണത്തില്‍ സഭാസമൂഹം മുഴുവന്‍റെയും പങ്കിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട് (ഖണ്ഡിക 202). 'യുവജന പ്രേഷിതത്വമെന്നത് ഒരുമിച്ചുള്ള യാത്രയാണ്. അജപാലകരും അജഗണവും പരസ്പരം സ്നേഹിച്ചും സഹകരിച്ചും യുവജനങ്ങളെ അനുയാത്ര ചെയ്യണം. പാരസ്പര്യത്തിന്‍റെ കൂട്ടുത്തരവാദിത്വം സുവിശേഷ പ്രഘോഷണത്തിന്‍റെ പുതിയ ശൈലിയാകണം.'

മാതൃകകളെ ആവേശപൂര്‍വം തെരയുന്ന കാലഘട്ടമാണു യുവത്വം. സുവിശേഷം, അള്‍ത്താരയില്‍ നിന്നും ആളുകളിലേക്ക് ഇറങ്ങിനില്ക്കുന്ന സാക്ഷ്യത്തിന്‍റെ പുനര്‍വായനകളെ അവര്‍ ആകാംക്ഷയോടെ അന്വേഷിക്കുന്നുണ്ട്. വിശുദ്ധിയിലേക്കു പ്രചോദിപ്പിക്കുന്ന വാക്കുകളും നന്മയിലേക്കു പ്രേരിപ്പിക്കുന്ന പ്രവൃത്തികളും സഭാനേതൃത്വത്തിന്‍റെ നിലപാടാകുമ്പോള്‍ അനുയാത്ര എളുപ്പമാകും. എന്നാല്‍ സഭ വെറും സമുദായവും സംഘടനയുമായി ചെറുതാകുമ്പോള്‍ യുവജനപ്രേഷിതത്വം വെറും സഭാസംരക്ഷണവും യുവജനങ്ങള്‍ സൈബര്‍ പോരാളികളും മാത്രമായി ചുരുങ്ങും!

വിശുദ്ധിയിലേക്കുള്ള വിളിയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണു പ്രബോധനരേഖ അവസാനിക്കുന്നത്. 'അപരനോട് അനുകമ്പ കാട്ടിയും ക്രിസ്തീയ കുടുംബങ്ങള്‍ക്കു നേതൃത്വം നല്കിയും ജീവന്‍റെ സുവിശേഷത്തിനു സാക്ഷികളാകാനുള്ള' (ഖണ്ഡിക 261) ഈ ദൈവവിളിക്ക് പ്രത്യുത്തരം നല്കാന്‍ അവര്‍ക്കു കഴിയുംവിധം, നമ്മുടെ യുവതയെ നമുക്ക് അനുയാത്ര ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org