Latest News
|^| Home -> Editorial -> രാഷ്ട്രീയത കലരാത്ത നീതിനിർവഹണം

രാഷ്ട്രീയത കലരാത്ത നീതിനിർവഹണം

Sathyadeepam

ഭാരതത്തിലെ നീതിന്യായ വകുപ്പിനുണ്ടാകേണ്ട പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തീപ്പൊരി ചര്‍ച്ചകള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിയമോപദേഷ്ടാക്കളും രാഷ്ട്രീയാധികാരികളും സാധാരണ പൗരന്മാരും ഒരുപോലെ ഈ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കാലാകാലങ്ങളില്‍ പാര്‍ലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങള്‍ക്കു മുകളില്‍ സുപ്രീം കോടതി വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ സുപ്രീം-ഹൈക്കോടതികളിലേക്കു ജഡ്ജിമാരെ നിയമിക്കുമ്പോഴുമൊക്കെ നീതിന്യായവകുപ്പിന്‍റെ പ്രവര്‍ത്തനസ്വാതന്ത്ര്യ പരിധി ചര്‍ച്ചാവിഷയമായിട്ടുണ്ട്.

നീതിന്യായവകുപ്പിനു സമ്പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്നവരുണ്ട്. ജനാധിപത്യത്തിന്‍റെ പൂര്‍ണതയ്ക്കു നീതിന്യായവകുപ്പു സ്വതന്ത്രമായിരിക്കണം. സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നീതിന്യായവകുപ്പിനു മാത്രമേ ഭരണഘടന പൗരനു വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ഉറപ്പാക്കാനും നിയമപാലനം തടസ്സമില്ലാതെ നിര്‍വഹിക്കാനുമാകൂ. അവരുടെ ന്യായങ്ങള്‍ ഇതൊക്കെയാണ്.

നീതിന്യായവകുപ്പിനു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കരുതെന്നു വാദിക്കുന്നവരുമുണ്ട്. ഭരണഘടനാ പ്രകാരം കോടതിക്കല്ല, പാര്‍ലമെന്‍റിനാണു പരമാധികാരം. പാര്‍ലമെന്‍റാണു നിയമങ്ങള്‍ ഉണ്ടാക്കുന്നത്. അതിനെ വ്യാഖ്യാനിക്കുക എന്നതാണു നീതിന്യായവകുപ്പിന്‍റെ ചുമതല. പൗരന്മാരുടെ ഉന്നമനത്തിനും രാഷ്ട്രപുരോഗതിക്കുമായി നിയമസഭ ഉണ്ടാക്കുന്ന നിയമങ്ങള്‍ക്കു തുരങ്കം വയ്ക്കാനല്ല, പ്രവൃത്തിപഥത്തിലാക്കാനുള്ള വഴികളാണു കോടതി സൃഷ്ടിക്കേണ്ടതെന്നാണ് ഇവരുടെ വാദം.

ഇതിന്‍റെ പശ്ചാത്തലത്തിലാണു ജനുവരി മാസത്തില്‍ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഡല്‍ഹിയില്‍വച്ചു നടത്തിയ അസാധാരണ പത്രസമ്മേളനത്തെയും മെയ്മാസത്തില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്‍റെ നിര്‍ദ്ദേശത്തെ മോദി ഗവണ്‍മെന്‍റ് നിരസിച്ചതിനെയും കാണേണ്ടത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ചില നിലപാടുകള്‍ക്കും വിധികള്‍ക്കുമെതിരെയാണ് പ്രത്യക്ഷത്തില്‍ ആ നാലു മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ പ്രതികരിച്ചതെങ്കിലും ഇന്ത്യന്‍ ജുഡീഷ്യറിയോട് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്‍റിന്‍റെ ചില കൈകടത്തലുകള്‍ അതിരു കടക്കുന്നുവെന്നായിരുന്നു വ്യംഗ്യം.

സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം ഒരുമിച്ചു നിര്‍ദ്ദേശിച്ച ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം മോദി ഗവണ്‍മെന്‍റ് തിരസ്കരിച്ചതിന്‍റെ പിന്നിലും ഒരു രാഷ്ട്രീയ കൈകടത്തല്‍ മണക്കുകയുണ്ടായി. ജസ്റ്റീസ് കെ.എം. ജോസഫ് ചീഫ് ജസ്റ്റീസ് ആയിരിക്കവേ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം എര്‍പ്പെടുത്തുന്നതിനെ നിരസിച്ചതാണു സുപ്രീം കോടതിയിലേക്കുള്ള അദ്ദേഹത്തിന്‍റെ സ്ഥാനക്കയറ്റ അഭ്യര്‍ത്ഥന നിരസിക്കാന്‍ കാരണമെന്നു മാധ്യമങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഈ നിരീക്ഷണത്തെ നിരസിച്ചുവെങ്കിലും സാമാന്യജനം ഇതിലൊരല്പം രാഷട്രീയം കലങ്ങുന്നതു തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് തത്ത്വശാസ്ത്രജ്ഞന്‍ മൊണ്ടസ്ക്യ ആണു നീതിന്യായവകുപ്പിന്‍റെ സമ്പൂര്‍ണ സ്വാതന്ത്ര്യം എന്ന ആശയം കൊണ്ടുവന്നത്. അമേരിക്കന്‍ ഗവണ്‍മെന്‍റ് ഈ ചിന്തയുടെ പ്രചാരകരായി. എന്നാല്‍ ബ്രിട്ടനില്‍ പാര്‍ലമെന്‍റിനാണു പരമാധികാരം. എങ്കിലും അവിടെ പാര്‍ലമെന്‍റും നീതിന്യായവകുപ്പും തമ്മില്‍ നല്ല സ്വരചേര്‍ച്ചയില്‍ത്തന്നെയാണ്. അതിനു കാരണം രണ്ടു കൂട്ടരും സ്വന്തം ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുകയും അപരന്‍റെ കാര്യങ്ങളില്‍ തലയിടാതിരിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്.

ഭാരതത്തിന്‍റെ നീതിന്യായവകുപ്പിനു നിയമത്തെ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ട്. പാര്‍ലമെന്‍റ് പാസ്സാക്കിയ ഒരു നിയമത്തെ, ഭരണഘടനാവിരുദ്ധമെങ്കില്‍, റദ്ദാക്കാനുള്ള അധികാരമുണ്ട്, നമ്മുടെ സുപ്രീംകോടതിക്ക്. മാറിമാറി വരുന്ന രാഷ്ട്രീയ നേതാക്കളുടെ ചട്ടുകങ്ങളായി രാജ്യത്തിന്‍റെ നിയമം കയ്യാളുന്നവര്‍ അധഃപതിച്ചുകൂടാ. സുതാര്യമായ നിയമനിര്‍വഹണവും രാജ്യത്തിന്‍റെ സത്വര പുരോഗതിയും രാഷ്ട്രീയത്തിന്‍റെ പേരിലുള്ള സ്വാര്‍ത്ഥതകള്‍ക്ക് ഇരകളാകരുത്.

Leave a Comment

*
*