Latest News
|^| Home -> Editorial -> മടങ്ങുന്നവരെ മറക്കരുത്

മടങ്ങുന്നവരെ മറക്കരുത്

Sathyadeepam

പിറന്ന നാട്ടിലേക്കു പ്രവാസിയെത്തുന്നത്, പ്രതീക്ഷയുടെ ആകാശം മുറിച്ചോ, പ്രത്യാശയുടെ നൗകയിലേറിയോ അല്ല. ‘വന്ദേ ഭാരത്’ ഒരു രക്ഷാദൗത്യമാകയാല്‍ ആശങ്കയുടെയും അനിശ്ചിതത്വത്തിന്‍റെയും മണ്ണിലേക്കു തന്നെയാണവര്‍ തിരികെയെത്തുന്നത്. 150 ഓളം വിദേശരാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു പ്രവാസികളാണെത്തേണ്ടത്. ആറു ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരില്‍ രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ ആളുകളായിരിക്കും ഈ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെത്തുക. അതിനര്‍ത്ഥം നിലവിലുള്ളതില്‍ 10 മുതല്‍ 15 ശതമാനം വരെയുള്ളവരായിരിക്കും അടിയന്തിരമായി മടങ്ങിയെത്തുന്നത്.

രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാകത്തക്ക വിധത്തിലാണു വ്യോമ-ജല പാതകളിലൂടെ ഈ രക്ഷാദൗത്യം പുരോഗമിക്കുന്നത്. അതിനാല്‍ത്തന്നെ മടങ്ങിയെത്തുന്നവരെ കര്‍ശന സുരക്ഷാപരിശോധനകളിലൂടെ ക്വാറന്‍റൈന്‍ ചെയ്യാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ ആസൂത്രിതനീക്കങ്ങളിലൂടെ സാധിക്കേണ്ടതാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങളും പണം മുടക്കി ഉപയോഗിക്കാവുന്ന സ്റ്റാര്‍ ഹോട്ടലുകളുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണു പ്രവാസികളുടെ ‘അടച്ചുറപ്പി’നായി ക്രമീകരിച്ചിരിക്കുന്നത്.

പ്രവാസികളെ കോവിഡ് 19 തിരികെയെത്തിക്കുമ്പോള്‍, കേരളത്തിന്‍റെ പ്രതീക്ഷിതവരുമാനത്തില്‍ 10 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണു കരുതുന്നത്; 2018-ലെ ‘കേരള മൈഗ്രേഷന്‍ സര്‍വ്വേ’ പ്രകാരം 85,000 കോടി രൂപയാണു പ്രതിവര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രം ഇവിടേയ്ക്കെത്തുന്നത്. 2020-ല്‍ അത് ഒരു ലക്ഷം കോടിയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.

ജോലി ഉപേക്ഷിച്ചും നഷ്ടപ്പെട്ടും നാട്ടിലെത്തുന്നവര്‍ക്ക്, 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന വിപുലമായ പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നതെന്നാണു സര്‍ക്കാര്‍ അവകാശവാദം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തു മടങ്ങുന്നവര്‍ക്കു ‘നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ്’ എന്ന പദ്ധതിയിലൂടെയാണു സ്വയംതൊഴിലിനുള്ള അവസരമൊരുക്കുന്ന പ്രവാസി സുരക്ഷാപരിപാടികളുടെ ക്രമീകരണം. സംയോജിത കൃഷി, ക്ഷീരോത്പാദനം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലൂടെ വിഭാവനം ചെയ്യപ്പെടുന്ന സ്വയം പര്യാപ്തവികസിത കേരളം പ്രവാസിയുടെ കൂടെ പങ്കാളിത്തത്തോടെ വിപുലമാക്കാനാണത്രേ പദ്ധതിയൊരുക്കം.

എന്നാല്‍ സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിന്‍റെയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെയും നിര്‍ദ്ദേശപ്രകാരം 2018-ല്‍ തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടില്‍ സ്വയംതൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ പിന്നിലാണെന്നാണു കണക്കുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, പ്രാദേശിക, സാമ്പത്തിക വികസന പരിപാടികള്‍ക്കു മുന്‍തൂക്കം നല്കുന്ന വിധത്തില്‍, പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ക്കനുസരിച്ചാകണം സംരംഭങ്ങളുടെ രൂപഘടനയെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ ഗൗരവമായെടുക്കണം.

പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ് അധികം വൈകാതെ നടത്തിയ ഗള്‍ഫ് സന്ദര്‍ശനവേളയിലെ പ്രഖ്യാപനങ്ങളും അതിന്‍റെ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെട്ട ‘ലോക മലയാളി സഭ’യുടെ തീരുമാനങ്ങളും പാതി വഴിയില്‍ നില്ക്കുമ്പോള്‍, കൊറോണക്കാലത്തെ പ്രവാസി സുരക്ഷാപദ്ധതി പ്രഖ്യാപനങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം.

മടങ്ങിയെത്തുന്നവരുടെ പുനരധിവാസം യാഥാര്‍ത്ഥ്യബോധത്തോടെ, പ്രായോഗികക്ഷമതയിലൂന്നി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടേണ്ടതാണ്. തിരികെയെത്തുന്നവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം പഞ്ചായത്തുതലത്തില്‍ വിപുലമായി രേഖപ്പെടുത്തുന്നതിനാകണം പ്രഥമ പരിഗണന (ഡാറ്റാ ബാങ്ക്). വിപണി ആവശ്യപ്പെടുന്ന അവസരങ്ങളോ സേവനങ്ങളോ എന്തെന്നു പഠിച്ചിട്ടു വേണം പുതിയ സംരംഭങ്ങളിലേക്കു കടക്കാന്‍. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിംഗ്, മെയിന്‍റ്നന്‍സ്, ഓട്ടോമൊബൈല്‍, അദ്ധ്യാപനം, ബാങ്കിംഗ്, കണ്‍സട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ളവരാണു മടങ്ങിവരുന്നതില്‍ ബഹുഭൂരിപക്ഷമെന്നതിനാല്‍, തങ്ങളുടെ സാങ്കേതികവിദ്യാപരിജ്ഞാനവും കാര്യക്ഷമതയും ലോകപരിചയവും നവകേരള സൃഷ്ടിക്കായി ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും; പ്രത്യേകിച്ചു അതിഥി തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയ തൊഴിലിടങ്ങളില്‍. മടങ്ങിയെത്തുന്നവരുടെ മക്കളുടെ തുടര്‍പഠനമാണു സര്‍ക്കാരിന്‍റെ മുന്നിലെ മറ്റൊരു വെല്ലുവിളി. പുതിയ ലോകത്തിലേക്കു പുതുതായി പ്രവേശിക്കുന്ന അവരുടെ മാനസികപിരിമുറുക്കം നാം നല്കുന്ന വലിയ പിന്തുണയോടെ അവര്‍ മറികടക്കട്ടെ.

രണ്ടു മഹാപ്രളയത്തില്‍ നിലതെറ്റിയ കേരളത്തെ നിലനിര്‍ത്താന്‍ കരുതലോടെ കൂടെ നിന്നവരാണു മടങ്ങിവരുന്നത്. ഇതൊരു മടക്കമല്ല, പുതിയ തുടക്കമാണെന്ന് അവരെ ഓര്‍മിപ്പിക്കുംവിധം സഭയുടെ സംഘടിതസംവിധാനങ്ങളും കൂടെ നില്ക്കണം. രൂപത തോറും പ്രവാസികാര്യാലയം അടിയന്തിരമായി സംഘടിപ്പിക്കണം. പാതിവഴിയില്‍ പടിയിറങ്ങിയവരുടെ യാത്ര പൂര്‍ത്തിയാക്കാന്‍ പൊതുസമൂഹത്തോടൊപ്പം സഭയുമുണ്ടാകണം, നല്ല സമറായനെപ്പോലെ.

Leave a Comment

*
*