സാറല്ല… ‘മാഷ്’

സാറല്ല… ‘മാഷ്’

എസ്എസ്എല്‍സി, പ്ലസ് ടു ഫലങ്ങള്‍ വന്നു. മൂല്യനിര്‍ണയം സമയോചിതമായി പൂര്‍ത്തിയാക്കിയതും വിജയശതമാനം ഉയര്‍ന്നതും, സര്‍ക്കാരിനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആശ്വാസകരവും അഭിമാനകരവുംതന്നെ. മുഴുവന്‍ എ പ്ലസ് നേടിയവരുടെയും ഉന്നത വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെയും എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയത്, വലിയ നേട്ടമായി വിദ്യാഭ്യാസവകുപ്പും ബന്ധപ്പെട്ട വിദ്യാലയങ്ങളും വിലയിരുത്തിക്കഴിഞ്ഞു.

ലക്ഷക്കണക്കിനു കുരുന്നുകള്‍ ആദ്യമായി അക്ഷരമുറ്റത്തേയ്ക്കു പദമൂന്നാനൊരുങ്ങുന്ന, പതിനായിരങ്ങള്‍ വിദ്യയുടെ ഉയര്‍ന്ന തലങ്ങളിലേക്കു പ്രവേശിക്കാന്‍ പോകുന്ന, പുതിയ അദ്ധ്യയന വര്‍ഷാരംഭത്തില്‍, വിദ്യയും വിദ്യാലയവും ഒരു പുനര്‍വായനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.

ഭാവിയെ നിര്‍മിക്കാനുള്ള യാഥാസ്ഥിതികമായ പരിശീലനമാണ് എന്നും വിദ്യാഭ്യാസം. അതു യഥാര്‍ത്ഥത്തില്‍ ഒരു വ്യവസ്ഥയുടെയോ വ്യവസ്ഥിതിയുടെയോ നിലനില്പിനു നല്കുന്ന പരിശീലനമാണ്. ഒരു ജനസമൂഹം അതിന്‍റെ സാങ്കേതികമായ അതിജീവനകൗശലം സൂക്ഷിക്കുന്ന വിധവും രീതിയുമാണത്. ഉദാഹരണമായി, ഒരു നായാടി ഗോത്രത്തിനു മൃഗങ്ങളുടെ ചേഷ്ടകള്‍ അറിയുന്നതും വഴിയും വേഗവും തിരിച്ചറിയുന്നതുമാണു വിദ്യ. ഗോത്രത്തിന്‍റെ ആഹാരവും ആയുസ്സും അതുവഴി ഉറപ്പാക്കുന്നു.

വിദ്യാഭ്യാസം ഒരു തൊഴില്‍ പരിചയത്തിനും അതിലൂടെ അതിജീവനത്തിനും മാത്രമുള്ള ഉപാധിയായി ചെറുതാക്കപ്പെട്ടിരുന്ന പഴയ കാലത്തുനിന്നും നാം വലിയ തോതില്‍ സ്വതന്ത്രരാക്കപ്പെട്ടുവോ എന്ന ചോദ്യമുണ്ട്. പുതിയ തൊഴില്‍ പരിശീലനത്തിന്‍റെ സാങ്കേതിക വഴികള്‍ വികസിതമാകുന്നതോടൊപ്പം, ഒരാളുടെ ആന്തരികതയുടെ വികാസവും സംസ്കരണവും വിദ്യാഭ്യാസത്തിന്‍റെ പ്രധാന ലക്ഷ്യമായി പ്രകാശിതമാകണം.

'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന ഗുരുമൊഴി, ഏറ്റവും പ്രകാശമുള്ള തിരുമൊഴിയാകുന്നതിനു പുറകില്‍, ആന്തരിക സ്വാതന്ത്ര്യത്തിന്‍റെ പരസ്യപ്രഖ്യാപനവുമുണ്ടെന്നോര്‍ക്കണം. അതുകൊണ്ടാണു 'സ്വഭാവത്തെ ശരിയായ രീതിയില്‍ രൂപപ്പെടുത്താത്ത അറിവിനെ തിന്മയായി' കണ്ടു ഗാന്ധിജി എതിര്‍ത്തത്. "ആത്യന്തികമായി വിദ്യാഭ്യാസം സത്യാന്വേഷണമാണ്; അറിവിന്‍റെയും ആത്മപ്രകാശനത്തിന്‍റെയും അവസാനിക്കാത്ത യാത്രയും. അതുകൊണ്ടുതന്നെ കുറേക്കൂടി മെച്ചപ്പെട്ട വ്യക്തിയായി ഒരാളെ രൂപപ്പെടുത്തുന്നതോ രൂപാന്തരപ്പെടുത്തുന്നതോ ആകണം യഥാര്‍ത്ഥ വിദ്യാഭ്യാസം." അബ്ദുള്‍ കലാമിന്‍റെ ഈ നിരീക്ഷണം, വിദ്യാഭ്യാസം വെറും അഭ്യസനമായി മാറിപ്പോകുന്നതിന്‍റെ അപകടത്തെപ്പറ്റിത്തന്നെയാണ് ആകുലപ്പെടുന്നത്. മൂല്യങ്ങളുടെ സമ്പാദനവും സംവേദനവും നമ്മുടെ സകല കലാശാലകളുടെയും പ്രമാണമാകണം.

വിജയലക്ഷ്യം എപ്പോഴും 100 ശതമാനം മാത്രമാകുമ്പോള്‍ അരികുകളെയും തിരിവുകളെയും അവഗണിക്കുന്ന തെരഞ്ഞെടപ്പുകളിലെ അനീതി പലപ്പോഴും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. വിദ്യാര്‍ത്ഥികള്‍ക്കു പകരം അദ്ധ്യാപകര്‍ പരീക്ഷ എഴുതുന്നതിലെ 'അക്ഷരത്തെറ്റുകള്‍' പുതിയകാല വ്യാകരണമാകുന്ന അപകടമാണത്. 'അക്രഡിറ്റേഷനെ'ന്നാല്‍ കലാലയത്തിലേക്കുള്ള പുതിയ ഫണ്ടിംഗ് വഴി മാത്രമെന്ന വഴിതെറ്റലില്‍ ഇടറിയിരുട്ടിലേക്ക് ഒരു തലമുറ നീങ്ങുന്നുണ്ടെന്നോര്‍ക്കാം. ക്രമീകരണങ്ങളില്‍ കൃത്രിമമായുണ്ടാക്കുന്ന ചില താത്കാലിക മാറ്റങ്ങള്‍ കൊണ്ടു നേടിയെടുക്കുന്ന സാങ്കേതികപദവികള്‍ ഒരു കലാശാലയുടെ മികവടയാളമാകുമ്പോള്‍, പ്രകടനപരതയുടെ പൊള്ളത്തരം കലാലയങ്ങളെ ശരിക്കും പൊള്ളിക്കണം.

വിദ്യാര്‍ത്ഥിയുടെ കാര്യശേഷിമാപിനിയായി കാമ്പസ് സെലക്ഷന്‍ മാറുന്നതാണു പുതിയ കാഴ്ച. ചില പ്രത്യേക സ്ഥാപനങ്ങള്‍ക്കു പ്രത്യേക കാരണങ്ങളാല്‍ അനുയോജ്യരായവര്‍, അങ്ങനെയാകാത്തവര്‍ക്കു മേലെയാകുന്നതിന്‍റെ നൈതിക പ്രശ്നം ചര്‍ച്ചയാകേണ്ടതുണ്ട്. എളുപ്പം ജോലി കിട്ടുന്ന കോ ഴ്സുകള്‍, താത്പര്യമില്ലാതെ സ്വീകരിക്കേണ്ടി വരുന്ന പുതിയ കാലത്തെ തലതിരിഞ്ഞ വിദ്യാഭ്യാസനയങ്ങളും തിരുത്തപ്പെടണം. വ്യത്യസ്തകളെ ആദരിക്കാന്‍ പ്രേരിപ്പിക്കാത്ത കലാപരാഷ്ട്രീയവും പൊതുബോധത്തില്‍ പങ്കുചേരാനനുവദിക്കാത്ത 'സുരക്ഷിതയിടങ്ങ'ളും കാമ്പസിന്‍റെ സര്‍ഗാത്മകതയെ ഒരുപോലെ അവഗണിക്കുകതന്നെയാണ്.

എന്നിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാന്‍ എന്നെ സഹായിക്കുന്നതെന്തോ അതാണെന്‍റെ വിദ്യാഭ്യാസം; അതിനാണെന്‍റെ വിദ്യാലയവും. അവിടെ അദ്ധ്യാപകന്‍ വെറും പരിശീലകര്‍ മാത്രമാകാതെ, മൊഴിയും വഴിയും ഒന്നാകുന്ന യഥാര്‍ത്ഥ ഗുരുക്കന്മാരാകും; ഉപദേശിക്കാതെ പ്രചോദിപ്പിക്കും. പറഞ്ഞുവിടാതെ; കൂടെ വരും. കൂടിച്ചേരലുകളെ കൂട്ടായ്മയാക്കും. മാറി നടക്കാന്‍ കൂടെ നടക്കും. അപ്പോള്‍ അദ്ധ്യാപകര്‍ സാറല്ലാതാകും; മാഷാകും, സ്കൂള്‍ വിദ്യാലയവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org