Latest News
|^| Home -> Editorial -> ‘സങ്കടലി’ല്‍ ശ്രീലങ്ക

‘സങ്കടലി’ല്‍ ശ്രീലങ്ക

Sathyadeepam

ഉത്ഥിതന്‍ മുറിവണിഞ്ഞുതന്നെയാണ്. കാരണം വൃണിതകരം ഉയര്‍ത്തിത്തന്നെയാണ് അവന്‍റെ സമാധാനാശംസ. പക്ഷേ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കേ മുനമ്പിലെ ദ്വീപുരാഷ്ട്രമായ ശ്രീലങ്ക, ഈസ്റ്റര്‍ ദിനത്തില്‍ മുറിഞ്ഞതും നിണമണിഞ്ഞതും മറ്റൊരു കാരണത്താല്‍…!

ഉയിര്‍ത്തെഴുന്നേല്പിന്‍റെ ഓര്‍മ പുതുക്കുന്ന ഈസ്റ്റര്‍ ഞായറാഴ്ച, തലസ്ഥാനനഗരിയായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും, ആഡംബര ഹോട്ടലുകളിലുമായി എട്ടിടങ്ങളില്‍ നടന്ന സ്ഫോടനപരമ്പരകള്‍ ലോകത്തെ നടുക്കി. മിക്കയിടങ്ങളിലും ചാവേര്‍ സ്ഫോടനങ്ങളായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണു സാദ്ധ്യത. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം പതിവുപോലെ ഐ.എസ്. ഏറ്റെടുത്തുകഴിഞ്ഞു.

കാര്‍ഡിനല്‍ മാല്‍ക്കം രഞ്ജിത്തിന്‍റെ ആത്മീയ നേതൃത്വത്തില്‍ കൊളംബോ അതിരൂപതയ്ക്കു കീഴില്‍ 11 രൂപതകളിലായി, 1,22,37,038 ലക്ഷം കത്തോലിക്കരാണു ശ്രീലങ്കയിലുള്ളത്. ജനസംഖ്യയുടെ 6.1 ശതമാനം മാത്രമാണിത്. 1995-ല്‍ വി. ജോണ്‍ പോള്‍ രണ്ടാമനും, 2015-ല്‍ ഫ്രാന്‍സിസ് പാപ്പയും ദ്വീപില്‍ സന്ദര്‍ശനം നടത്തി. വംശവെറിയുടെ ചോരപ്പാടുകള്‍ വീണു വികൃതമായ ഒരു രാജ്യത്ത് സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പുളിമാവായി പ്രവര്‍ത്തിക്കണമെന്ന പരിശുദ്ധ പിതാവിന്‍റെ ആഹ്വാനത്തെ ഹൃദയത്തില്‍ തൊട്ടു വളരുകയായിരുന്ന ശ്രീലങ്കന്‍ സഭയ്ക്ക് അസാധാരണമായ ആഘാതമായി ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി.

ആഗോളഭീകരതയുടെ ഏറ്റവും ആധുനികവും, ഒപ്പം പ്രാകൃതവുമായ രൂപമാണ് ഐ.എസ്. സമാനതകളില്ലാത്ത ക്രൂരതകളിലൂടെ ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ക്രിസ്ത്യന്‍ വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യം വച്ചായിരുന്നു അതിന്‍റെ വരവ്. അടുത്തകാലത്ത് ‘ഐഎസി’ന്‍റെ അടിവേരിളക്കി എന്നവകാശപ്പെട്ടിടത്താണ് അപ്രതീക്ഷിതമായ ഈ തിരിച്ചടിയെന്നോര്‍ക്കണം.

ഒരു രാജ്യത്തിന്‍റെ സുസ്ഥിതിക്കും, സമാധാനത്തിനും, സാമ്പത്തിക വളര്‍ച്ചയ്ക്കും ഭീഷണിയാകുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പ്രധാന ഇര പലപ്പോഴും നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരാണ്. സ്വന്തം ജീവന്‍പോലും ബലികഴിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കു വരുന്നവരുടെ മാനസികനിലയെക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു മുതിരുന്നവരുടെ മാനസികാവസ്ഥയെപ്പറ്റി ആദ്യമായി സംസാരിച്ചത് 1976-ല്‍ ഫ്രഡറിക് ഹാക്കര്‍ എന്ന മനോരോഗ വിദഗ്ദ്ധനാണ്. അവനവന്‍റെ ഗുണങ്ങളില്‍ മതിമറക്കുന്നവര്‍ അല്ലെങ്കില്‍ നാര്‍സിസ്റ്റ് സ്വഭാവമുള്ളവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പോകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണു ജോണ്‍ ക്രെയ്ടന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ നിരീക്ഷിക്കുന്നത്. ഞാനാണ് എല്ലാം… എല്ലാറ്റിനും മുകളില്‍ എന്ന ചിന്ത ഒരാളില്‍ മേല്‍ക്കൈ നേടുമ്പോഴും, തന്നിലെ അപൂര്‍ണത, മറ്റേതെങ്കിലും വ്യക്തിയോടോ ആശയത്തോടോ ചേര്‍ത്തുവച്ചു പൂര്‍ണമാക്കാന്‍ പരിശ്രമിക്കുന്നിടത്തും തീവ്രവാദത്തിന്‍റെ പുറകിലെ മനോവൈകല്യത്തെ തിരിച്ചറിയാന്‍ കഴിയുമെന്നാണു ക്രെയ്ടന്‍റെ പഠനം. ഒരു പ്രത്യേക കാരണത്താല്‍ ഒരാള്‍ തീവ്രവാദത്തിലേക്കു തിരിയുന്നു എന്ന കണ്ടെത്തലിനേക്കാള്‍ പല ഘടകങ്ങള്‍, പ്രത്യേകിച്ചു വ്യക്തിയുടെ മാനസികാരോഗ്യം, വൈകാരികതലങ്ങള്‍, ജീവിതസാഹചര്യം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയവ അതിനു നിദാനമാകാം എന്ന നിഗമനമാണു കൂടുതല്‍ യുക്തിഭദ്രം.

മതമൗലികവാദത്തിന്‍റെ ദുഃസ്വാധീനത്താല്‍ കലുഷിതവും സാമ്പത്തിക പരാധീനതകളാല്‍ അരക്ഷിതവുമായ രാജ്യങ്ങള്‍ തീവ്രവാദത്തിന്‍റെ ചാവുനിലങ്ങളാകുന്നതു യാദൃച്ഛികമല്ലെന്നോര്‍ക്കണം. “ഭീകരപ്രവര്‍ത്തനങ്ങളേക്കാള്‍ ഭീതിദമാണ്, സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ക്കിടയാക്കുന്ന സാമ്പത്തിക അസമത്വങ്ങള്‍” എന്നു ഫ്രാന്‍സിസ് പാപ്പ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്. നീതിനിഷേധങ്ങളുടെ വിവേചനരീതികള്‍ തീവ്രവാദത്തിനു വളമാകുന്നുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താന്‍ ലക്ഷക്കണക്കിനു ഡോളറാണ് ഓരോ വര്‍ഷവും ചെലവഴിക്കപ്പെടുന്നത്. “ഭീകരതയ്ക്കെതിരായ യുദ്ധം മറ്റൊരു ഭീകരപ്രവര്‍ത്തനമാണ്” എന്നു വുഡി ഹാരെല്‍സണ്‍ എന്ന അമേരിക്കന്‍ ചിന്തകന്‍ പറയുമ്പോള്‍ ലക്ഷണങ്ങളെയാണ്, രോഗത്തെയല്ല നാം ചികിത്സിക്കുന്നത് എന്നു വ്യക്തം.

അനുരഞ്ജനത്തിലൂടെയാണ് ഒരാള്‍ സമാധാനത്തിലേക്കെത്തേണ്ടത് എന്നാണു സഹസ്രാബ്ദങ്ങളായി സഭ ലോകത്തോടു സംവദിച്ചുകൊണ്ടിരിക്കുന്നത്. വിയോജിപ്പുകളെ അതിജയിക്കുന്ന സര്‍വസാഹോദര്യത്തിന്‍റെ സന്ദേശം മതങ്ങളെയും രാജ്യങ്ങളെയും ചേര്‍ത്തുനിര്‍ത്തണം. സൗത്ത് സുഡാനിലെ നേതാക്കളുടെ പാദങ്ങളിലര്‍പ്പിക്കപ്പെട്ട ചുംബനമുദ്രകള്‍ പാപ്പാ ഫ്രാന്‍സിസിന്‍റേതല്ല, ക്രിസ്തുവിന്‍റേതാണ്.

ഈ സംഭവങ്ങള്‍ നമ്മുടെ രാജ്യത്തെയും കുറേക്കൂടി ജാഗരൂകമാക്കേണ്ടതുണ്ട്. നമുക്കു തൊട്ടടുത്താണിതു സംഭവിച്ചത്. ആള്‍ക്കൂട്ടങ്ങള്‍ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കുറേക്കൂടി ഗൗരവത്തോടെ കാണണം. അപ്രതീക്ഷിതമായ ഇടങ്ങളിലും നേരങ്ങളിലും നാം അതു പ്രതീക്ഷിക്കണം.

ഈസ്റ്റര്‍ദിനം ഇതിനായി തെരഞ്ഞെടുത്തു എന്നതും ചിന്തനീയമാണ്. തിന്മയുടെ അന്ധകാരശക്തികള്‍ക്കെതിരെ ക്രിസ്തുവിന്‍റെ വിജയക്കൊടി ഉയര്‍ന്നു പാറട്ടെ. വ്യത്യസ്തതകളെ അറിയണം, ആദരിക്കണം. പൊതുബോധത്തെ വിശാലമാക്കുന്ന പൊതുഇടങ്ങളുടെ വികാസം യഥാര്‍ത്ഥ വികസനമാകട്ടെ. ഒപ്പം നെഗോംബോ, സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ഉയര്‍പ്പുരൂപത്തില്‍ തെറിച്ച രക്തത്തുള്ളികള്‍ തുടച്ചുകളയാന്‍ ശ്രീലങ്കന്‍ സഭയ്ക്കും, സമൂഹത്തിനുമൊപ്പം നമുക്കും നില്ക്കാം.

Leave a Comment

*
*