Latest News
|^| Home -> Editorial -> വിവരവിനിമയത്തിന്‍റെ വിശ്വാസ്യത

വിവരവിനിമയത്തിന്‍റെ വിശ്വാസ്യത

Sathyadeepam

വിവരം നല്ലൊരു വിപണനവസ്തുവായി മാറിയ വിവര- സാങ്കേതികതയുടെ ഈ വിപ്ലവകാലത്ത്, അതു വില്പനയ്ക്കു വച്ചുവെന്ന ആരോപണത്തെ നേരെചൊവ്വേ നേരിടാന്‍ പോലുമാകാതെ, നിസ്സഹായതയിലാണു വിപ്ലവപാര്‍ട്ടി നേതൃത്വം നല്കുന്ന കേരളത്തിലെ ഇടതുസര്‍ക്കാര്‍.

കോവിഡ്-19 പോലെ അനുദിനം അപകടകരമായ വിധത്തില്‍ പടര്‍ന്നുകയറുന്ന പകര്‍ച്ചവ്യാധിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആധികാരിക സ്രോതസ്സുകളില്‍നിന്നുള്ള ശാസ്ത്രീയവും വ്യക്തവും സംശയാതീതവുമായ വിവരങ്ങളുടെ വിശ്വാസ്യതയും വിശകലനവും വളരെ പ്രധാനപ്പെട്ടതാകയാല്‍, കേരളത്തില്‍ അതിനുള്ള സര്‍വസജ്ജമായ സംവിധാനത്തിന്‍റെ അപര്യാപ്തത പരിഗണിച്ചാണു ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘സ്പ്രിങ്ക്ളര്‍’ കമ്പനിയുയമായി കരാറുണ്ടാക്കിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതിന്‍റെ അടിയന്തിരസ്വഭാവത്തെ തള്ളിക്കളഞ്ഞാണ്, പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കോടതി കയറിയത്. പക്ഷേ, സര്‍ക്കാര്‍ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കേരള ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്, സര്‍ക്കാരിനു തിരിച്ചടിയായെന്നാണു പൊതുവിലയിരുത്തല്‍.

“സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ കരാറില്‍പ്പോലും സംശയങ്ങളുണ്ട്. സര്‍ക്കാരിന്‍റെ വിശദീകരണത്തില്‍ ഇതിലൊന്നിനും വ്യക്തതയില്ല. പരസ്പരം തര്‍ക്കിക്കാനാവുന്ന അവസ്ഥയിലല്ല കാര്യങ്ങള്‍. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും സ്വന്തമായി സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. എന്തുകൊണ്ട് ഇപ്പോള്‍ത്തന്നെ ആകുന്നില്ലെന്നതിലും വ്യക്തതയില്ല” – കോടതി വാക്കാല്‍ പറഞ്ഞു.

വിവരദാതാക്കള്‍ ആരാണെന്നതു പൂര്‍ണമായും മറച്ചുവച്ചശേഷമേ സ്പ്രിങ്ക്ളറിന് ഡേറ്റ ഉപയോഗിക്കാനുള്ള അനുമതി നല്കാവൂ എന്നാണു കോടതി നിലപാട്. അതു മറ്റാര്‍ക്കും കൈമാറാനോ ദുരുപയോഗിക്കാനോ പാടുള്ളതല്ല. മാത്രമല്ല, തിരികെ നല്കുകയും വേണം. കൊറോണയെ പിടിച്ചുകെട്ടാന്‍ ഇടതുസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച സകല ശ്രമങ്ങളുടെയും ശോഭ കെടുത്തുന്നതായി മാറി ഡേറ്റാവിവാദം.

‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്ന മഹത്തായ മുദ്രാവാക്യമുയര്‍ത്തിയ ഫ്രഞ്ച് വിപ്ലവമാണു ‘ഇടതുപക്ഷം’ എന്ന പദം ലോകത്തിനു സമ്മാനിച്ചത്. രാജാധിപത്യത്തെ എതിര്‍ക്കുകയും മതനിരപേക്ഷ റിപ്പബ്ലിക്കിനുവേണ്ടി വാദിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധികള്‍ക്കു പാര്‍ലമെന്‍റില്‍ അദ്ധ്യക്ഷന്‍റെ ഇടതു ഭാഗത്തായിരുന്നു ഇരിപ്പിടം. അങ്ങനെയാണ് ഇടതുപക്ഷമുണ്ടാകുന്നത്. ഇടതുപക്ഷമെന്നാല്‍ ഹൃദയപക്ഷമാണെന്ന അവകാശവാദത്തെ സാധൂകരിക്കുംവിധം അരികുവത്ക്കരിക്കപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്കുയര്‍ത്തി പതിറ്റാണ്ടുകളായിവിടെ പാര്‍ട്ടിയുണ്ട്; പാര്‍ട്ടിക്കു പരിപാടികളുണ്ട്. വൈദേശിക മൂലധനശക്തികള്‍ക്കു വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ കൈമാറരുതെന്ന പാര്‍ട്ടിനയത്തെ പാടെ അഗണിച്ചാണിപ്പോള്‍, പിണറായി സര്‍ക്കാരിന്‍റെ സ്പ്രിങ്ക്ളര്‍ കരാറെന്നതിനാലാകണം പാര്‍ട്ടി പ്രതിരോധവും പാടെ ദുര്‍ബലമായത്.

ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തലവനായുള്ള ഒമ്പതംഗ ഭരണഘടനാബെഞ്ചിന്‍റെ 2017 ആഗസ്റ്റ് 24-ലെ ചരിത്രവിധിയില്‍ വിവര വിതരണമേഖലയില്‍ വ്യക്തികളുടെ സ്വകാര്യതാസംരക്ഷണം ഭരണഘടന ഉറപ്പുവരുത്തുന്ന മൗലിക അവകാശമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. “ജീവിക്കാനുള്ള അവകാശത്തിന്‍റെ അവിഭാജ്യമായ ഘടകമാണു വ്യക്തിസ്വാകാര്യതയും വ്യക്തിസ്വാതന്ത്ര്യവും.” ഭരണഘടനാ ബെഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ് സഞ്ജയ് കെ. കൗളിന്‍റെ നിരീക്ഷണവും ശ്രദ്ധേയമാണ്. “മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനുപയോഗിച്ചേക്കാം. അയാളുടെ തീരുമാനങ്ങളെയും സ്വഭാവരീതി കളെയും സ്വാധീനിച്ചുകൊണ്ടായിരിക്കുമത്.” ഒരു വ്യക്തിയുടെ മുന്‍കൂട്ടിയുള്ള സമ്മതമോ അനുവാദമോ ഇല്ലാതെ അയാളുടെ വ്യക്തിപരവും ആരോഗ്യപരവുമായ വിവരങ്ങള്‍ ഒരു സ്വകാര്യ വിദേശകമ്പനിക്കു നല്കാന്‍ സര്‍ക്കാരിന് അധി കാരമില്ലെന്നു വ്യക്തം (പേഴ്സണല്‍ പ്രൊട്ടക്ഷന്‍ ഡേറ്റാബില്‍-2018).

ഡേറ്റയെന്നാല്‍ വെറും വിവരമല്ലെന്ന തിരിച്ചറിവുണ്ടാകണം. ഡേറ്റയുടെ മുകളിലുള്ള കുത്തകാധിപത്യത്തിലൂടെ സമഗ്രാധിപത്യത്തിനു വേണ്ടിയുള്ള കോര്‍പ്പറേറ്റ് ഭീമന്മാരുടെ യുദ്ധഭൂമിയില്‍ നിഷ്കളങ്കമല്ല ഒരു ‘കൈമാറ്റവും’ എന്നറിയുക. സ്ഥലകാല നിബന്ധനകള്‍ക്കതീതമാകുന്ന ‘നിരീക്ഷ ണം’ നിയമപരമാകുന്ന അപകടം കൂടിയാണിത്.

ഡേറ്റാവിവാദമുയര്‍ത്തുന്ന ഈ ധാര്‍മിക പ്രതിസന്ധിയെ ഗൗരവത്തിലെടുത്തും പ്രതിപക്ഷ വിമര്‍ശനങ്ങളെ വിശ്വാസത്തിലെടുത്തും തികഞ്ഞ അവധാനതയോടെ വേണം സര്‍ക്കാരിന്‍റെ ഇനിയുള്ള കോവിഡ് പ്രതിരോധം.

Leave a Comment

*
*