സോഷ്യലല്ലാത്ത സോഷ്യല്‍മീഡിയ

സോഷ്യലല്ലാത്ത സോഷ്യല്‍മീഡിയ

2013-ലെ പദമായി ഓക്സ്ഫോര്‍ഡ് ഡിക്ഷണറി തെരഞ്ഞെടുത്തതു 'സെല്‍ഫി' എന്ന വാക്കായിരുന്നു. 'വെര്‍ച്യുല്‍ സ്പേസ്' എന്നത് ഒരു പുതിയ കുടിയേറ്റ ഭൂമിയാണ്. അവിടേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതമായി തുടരുകയാണ്. അവിടെ എല്ലാവര്‍ക്കും സ്പേസ് ഉണ്ടെന്നു മാത്രമല്ല, ആരും വെറുതെ കഴിഞ്ഞുകൂടുകയല്ല, വിഹരിക്കുകതന്നെയാണ്.

ലോകത്താകെ 232 കോടി ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്കുകള്‍. 130 കോടി ഇന്ത്യക്കാരില്‍ 100 കോടി ആളുകള്‍ക്ക് സ്വന്തമായി സിം കാര്‍ഡുണ്ട്. ഉപയോഗത്തിലുള്ള 70 കോടി മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ പകുതിയും ഇന്‍റര്‍നെറ്റ് സൗകര്യമുള്ളവയാണ്. അതായതു നാലിലൊന്നു പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നര്‍ത്ഥം. 2014-ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം പത്തു കോടിയായിരുന്നത്, 2018 ആയപ്പോഴേക്കും 13.6 കോടിയായി വര്‍ദ്ധിച്ചു. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ മൊത്തത്തില്‍ പരിഗണിച്ചാല്‍ 22 കോടി ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. 2022-ല്‍ അതു 30 കോടിയായി വര്‍ദ്ധിക്കും.

ദൃശ്യമാധ്യമങ്ങളുടെ വരവിനുമുമ്പ് അദൃശ്യത ഇത്ര ദുസ്സഹമായിരുന്നില്ല. അവഗണനയേക്കാള്‍ ഭാരമുള്ള പദമായി ഇന്ന് അദൃശ്യത മാറിയിരിക്കുന്നു. അധികദൃശ്യതയാണ് അധികാരത്തിന്‍റെ അടയാളം. കുറച്ചുനാള്‍ ഒരാള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്നാല്‍ അതൊരു അസാന്നിദ്ധ്യം മാത്രമല്ലാതെ, അസ്തിത്വപരമായ മറവിയും മറയലുമായി മാറുന്നുണ്ട്. 'ഞാന്‍ കാണപ്പെടുന്നു. അതുകൊണ്ടു ഞാനുണ്ട്.' സോഷ്യല്‍ മീഡിയ നല്കുന്ന പുതിയകാല അസ്തിത്വ ദര്‍ശനമാണിത്. 'സെല്‍ഫി' യില്‍ നിന്നു ഡബ്സ്മാഷിലേക്കും ഇപ്പോള്‍ ടിക്ടോക്കിലേക്കും ആത്മപ്രദര്‍ശനം 'അതിരു'കടക്കുമ്പോള്‍ ഒരു നിമിഷംപോലും മൊബൈല്‍ ഫോണ്‍ താഴെ വയ്ക്കാനിഷ്ടപ്പെടാത്ത യുവതയുടെ കുനിഞ്ഞ ശിരസ്സുകള്‍ നമ്മെ ഭയപ്പെടുത്തണം. 'നോമോഫോബിയ', സൈബര്‍കാലത്തെ പുതിയ ഭയപ്പാടാണ്. സ്മാര്‍ട്ട് ഫോണിന്‍റെ ഉപയോഗത്തില്‍ നിന്നും ഒഴിവാക്കപ്പെടുമോ എന്ന ഭയം വലിയ മാനസികവൈകല്യമായി മാറുന്ന അപകടമാണിത്. സോഷ്യല്‍ മീഡിയ ഇന്ത്യയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ വിപ്ലവകരമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മനഃപൂര്‍വം അവഗണിക്കുകയോ വിട്ടുകളയുകയോ ചെയ്യുന്ന വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയ ഏറ്റെടുത്തു പൊതുജനശ്രദ്ധയിലേക്കു തിരികെ കൊണ്ടുവന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്. ബഹുഭൂരിപക്ഷം വരുന്ന ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അവരുടെ മുഖവും മൊഴിയും തിരികെ നല്കാനുള്ള പോരാട്ടങ്ങളില്‍ നിര്‍ണായക നിമിത്തമായിട്ടുണ്ട്, 'മുഖപുസ്തകം.' പ്രളയകാലത്തെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ അത്ഭുതങ്ങള്‍ ചെയ്തു.

വിദ്യാഭ്യാസമേഖലയിലെ വിവരകൈമാറ്റങ്ങള്‍ ക്ലാസ്സുമുറിയുടെ നാലതിരുകളെ ഭേദിച്ച്, വികസിച്ചപ്പോള്‍ അദ്ധ്യാപകന്‍ 'ആപ്പി'ലേക്കു ലളിതവത്കരിക്കപ്പെടുകയോ ചിലപ്പോഴൊക്കെ ഒഴിവാക്കപ്പെടുകയോ ചെയ്തു.

വിവരങ്ങളുടെയും വിവരണങ്ങളുടെയും അതിദ്രുത ചലനവേഗത്തില്‍, വസ്തുതകളുടെ വാസ്തവികത പരിശോധിക്കപ്പെടാതെ പോകുന്നതിന്‍റെ അപകടംതന്നെയാണ് അപ്പോഴും സോഷ്യല്‍ മീഡിയായുടെ വലിയ ബാദ്ധ്യത. 'ഇംപള്‍സീവ് റിയാക്ഷന്' അത് അതിവേഗം അവസരമൊരുക്കുന്നുണ്ട്. 'ക്രിട്ടിക്കല്‍ ഫില്‍റ്റേഴ്സ്' ഇല്ലാത്തതു പ്രശ്നം വഷളാക്കുകയും ചെയ്യും. വന്നതു പിന്നീടു നീക്കം ചെയ്യാമെന്നല്ലാതെ, വരുംമുമ്പു പരിശോധിക്കുവാനുള്ള സംവിധാനത്തിന്‍റെ അപര്യാപ്തത, സാമൂഹ്യമാധ്യമത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിപ്പോലും ആഘോഷിക്കുന്നവരുണ്ട്. ഭീകരാക്രമണത്തിന്‍റെ 'ലൈവ് ഷോകള്‍' ഒരു വീഡിയോ ഗെയിം കാണുന്ന ലാഘവത്തോടെ നമ്മുടെ കുട്ടികളെ വന്നു തൊടുമ്പോള്‍, കരുണയുടെയും കരുതലിന്‍റെയും പാഠങ്ങള്‍ അവര്‍ക്കു മനസ്സിലാകാതെ പോകുന്നതില്‍ അത്ഭുതം വേണ്ട. ബന്ധങ്ങള്‍ക്കു തുറവിയുടെ പുതിയ ആകാശം തുറന്നതു സോഷ്യല്‍ മീഡിയതന്നെയാണ്. അപ്പോഴും ഡിജിറ്റല്‍ ചാറ്റിംഗിനപ്പുറത്തേയ്ക്കു സംഭാഷണങ്ങള്‍ രൂപപ്പെടാത്തത്, ആശങ്കാജനകമാണ്.

ഗുരുസ്ഥാനത്തു സെലിബ്രിറ്റികളുടെ സ്ഥാനാരോഹണമാണു സോഷ്യല്‍ മീഡിയ കൊണ്ടുവന്ന വലിയൊരു മാറ്റം. സെലിബ്രിറ്റിയോടൊപ്പമോ മറ്റൊരു സെലിബ്രിറ്റിയാകാനുള്ള ശ്രമമോ ആണു പലപ്പോഴും. അവരുടെ വാക്കുകള്‍ അവതാരതുല്യം ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിലും ഉറച്ചു നില്ക്കേണ്ടതില്ലാത്ത, മൂല്യങ്ങളുടെ കേവല സ്വഭാവം അനാവശ്യമാകുന്ന, സാമൂഹ്യപരിഷ്കരണം സൈബര്‍ കാലത്തിന്‍റെ സന്തതിയാണ്.

മൊബൈല്‍ഫോണുകള്‍ ആശയവിനിമയത്തിനുള്ള മികച്ച ഉപാധികള്‍ ആയിരിക്കെത്തന്നെ, അവ നമ്മുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും യഥാര്‍ത്ഥ സംഭാഷണങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന അഭിപ്രായമാണു ഫ്രാന്‍സിസ് പാപ്പയുടേത്. "ഇതു വളരെ സൂക്ഷ്മതലത്തിലുള്ള ഒരു ആസക്തിയാണ്. ഫോണ്‍ മയക്കുമരുന്നുപോലെയാകുമ്പോള്‍ 'കമ്യൂണിക്കേഷന്‍' എന്നത് വെറും 'കോണ്‍ടാക്ടു'കളായി ചുരുങ്ങും. കാരണം സ്നേഹം ഒരു വൈകാരിക യാഥാര്‍ത്ഥ്യം മാത്രമല്ല, ഉത്തരവാദിത്വംകൂടിയാണ്."

നമ്മുടെ യുവത ശിരസ്സുകള്‍ ഉയര്‍ന്നും നടു നിവര്‍ന്നും വ്യക്തമായ ലക്ഷ്യങ്ങളിലേക്കു കണ്ണുകള്‍ വിടര്‍ന്നും, തുടരട്ടെ ഒറ്റയ്ക്കല്ല, ഒരുമിച്ചു മുന്നേറുന്നതിന്‍റെ വിജയപാഠങ്ങള്‍ ബന്ധങ്ങളെ നനവുള്ളതാക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org