Latest News
|^| Home -> Editorial -> ജീവിക്കുന്ന രക്തസാക്ഷികൾക്ക് സ്വാ​ഗതം

ജീവിക്കുന്ന രക്തസാക്ഷികൾക്ക് സ്വാ​ഗതം

Sathyadeepam

2017 നവംബര്‍ 4-ന് സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി തിരുസഭ പ്രഖ്യാപിക്കുകയാണ്. ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പറഞ്ഞ യേശുവിന്‍റെ സുവിശേഷത്തിനു സ്വന്തം രക്തത്താല്‍ കയ്യൊപ്പിട്ട ഒരു ധന്യജന്മംകൂടി. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കുന്ന ഈ പ്രഖ്യാപനത്തിനു പ്രത്യേകതകള്‍ ഏറെ. ഭാരതത്തിലെ വാഴ്ത്തപ്പെട്ട ആദ്യവനിതാ രക്തസാക്ഷി, ഭാരതത്തിന്‍റെ സമര്‍പ്പിതര്‍ക്കിടയില്‍ നിന്നുള്ള ആദ്യരക്തസാക്ഷി, ശ്ലൈഹികപാരമ്പര്യം പേറുന്ന സീറോ മലബാര്‍ സഭയുടെ ആദ്യരക്തസാക്ഷി… വിശേഷണങ്ങള്‍, പ്രത്യേകതകള്‍ നീളുകയാണ്.

സത്യദീപം ഈ ലക്കം സിസ്റ്റര്‍ റാണി മരിയയുടെ സാക്ഷ്യജീവിതത്തിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ്. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ അള്‍ത്താരയില്‍ വണങ്ങാന്‍ വരെ എത്തിച്ച, അധികം അറിയപ്പെടാത്ത ചില വ്യക്തികളെയും സംഭവങ്ങളെയും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കളും സഹോദരങ്ങളും സിസ്റ്ററിന്‍റെ കൊലയാളി സമന്ദര്‍സിംഗിന്‍റെ മാനസാന്തരത്തിനു ചാലകശക്തിയായി പ്രവര്‍ത്തിച്ച മലയാളിയായ സന്ന്യാസിവര്യന്‍ ഫാ. സ്വാമി സദാനന്ദും ഈ രക്തസാക്ഷിത്വ ജീവിതത്തിന്‍റെ അവശ്യ അദ്ധ്യായങ്ങള്‍ തന്നെ.

രക്തസാക്ഷികള്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ്. ഇല്ലാതാകലല്ല, ആയിത്തീരലാണു രക്തസാക്ഷിത്വം. സുവിശേഷമൂല്യങ്ങള്‍ക്കുവേണ്ടി ഒരാള്‍ വധിക്കപ്പെടുന്ന ആ നിമിഷമല്ല അയാളെ രക്തസാക്ഷിയാക്കുന്നത്; അതിനു മുമ്പുള്ള, അതുവരെയുള്ള ആ വ്യക്തിയുടെ സാക്ഷ്യജീവിതമാണ്. ദൈവാനുഭവനിറവും സുവിശേഷചൈതന്യവും കര്‍മ്മനിരതമാക്കുന്ന ഒരു ജീവിതത്തിന്‍റെ അപ്രതീക്ഷിതവും എന്നാല്‍ അനിവാര്യവുമായ ഒരു അന്ത്യമായി മാത്രമേ വിശ്വാസത്തിനുവേണ്ടി ഒരാള്‍ വധിക്കപ്പെടുന്നതിനെ കാണാനാവൂ. സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗമല്ല അവളെ രക്തസാക്ഷിയാക്കുന്നത്; വധിക്കപ്പെടുന്നതുവരെ സിസ്റ്റര്‍ തന്‍റെ വ്യക്തിജീവിതത്തിലും പ്രവര്‍ത്തനശൈലികളിലും പുലര്‍ത്തിയിരുന്ന സുവിശേഷതീക്ഷ്ണതയും പ്രേഷിതാഭിമുഖ്യവുമാണ്. ഈ അര്‍ത്ഥത്തില്‍ സഭയുടെ ചരിത്രത്തിലും സമീപകാല തലമുറയിലും ഔദ്യോഗികമായി രക്തസാക്ഷികളായി സഭ പ്രഖ്യാപിക്കാത്ത ജീവിച്ച, ജീവിക്കുന്ന അനേകം രക്തസാക്ഷികളുണ്ട്. യേശുവിന്‍റെ നാമത്തെ പ്രതി വധിക്കപ്പെടുന്ന ആ ഒരു നിമിഷത്തിന്‍റെ വിലയല്ല, യേശുവിന്‍റെ നാമത്തിലും അവിടുത്തെ സുവിശേഷത്തിനുമായി അതുവരെ ജീവിച്ചതാണ് ഒരു രക്തസാക്ഷിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്.

സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥയിലെ വലിയ വെള്ളത്തുണിയില്‍ അതിഥിതാരങ്ങളായും അപ്രധാന കഥാപാത്രങ്ങളായും എത്തുന്നവരും രക്തസാക്ഷികള്‍തന്നെ. സിസ്റ്ററിന്‍റെ ഘാതകനായ സമന്ദര്‍സിംഗിലെ മനുഷ്യന്‍റെ ഉത്ഥാനത്തിനു കാരണമായത് ഉത്തരേന്ത്യന്‍ മിഷനറിയായ സ്വാമിയച്ചന്‍ എന്ന് ആളുകള്‍ ആദരവോടെ വിളിക്കുന്ന മലയാളിയായ ഫാ. സദാനന്ദ് സിഎംഐയാണ്.

ലളിതജീവിതത്തിന്‍റെ കൂദാശയായിരുന്ന സ്വാമിയച്ചന്‍റെ ക്ഷമാപൂര്‍വകവും ക്രിയാത്മകവുമായ ഇടപെടലുകളാണു സമന്ദര്‍സിംഗിനെ മാനസാന്തരത്തിലേക്കു നയിച്ചതും സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗമാക്കിയതും. സിസ്റ്ററിന്‍റെ മാതാപിതാക്കള്‍ സമന്ദര്‍സിംഗിനെ സ്വന്തം മകനായിത്തന്നെ ഭവനത്തില്‍ സ്വീകരിച്ചതും സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി പോള്‍ രാഖി കെട്ടി സഹോദരീഘാതകനെ സ്വസഹോദരനാക്കിയതും തുടര്‍ന്നുള്ള ചരിത്രം.

ആദിമസഭയിലേക്കാളും രക്തസാക്ഷികള്‍ ആധുനികസഭയിലാണ് എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഈ വിശാല അര്‍ത്ഥത്തിലാണു നാം വിലയിരുത്തേണ്ടത്. ഭാരതത്തിന്‍റെ വര്‍ത്തമാനചുറ്റുപാടുകള്‍ ജീവിക്കുന്ന അനേകം രക്തസാക്ഷികളുടെ സജീവസാന്നിദ്ധ്യം ആവശ്യപ്പെടുന്നുണ്ട്. ആളും അര്‍ത്ഥവും അധികാരവും ആവോളമുള്ള കേരളസഭയും രക്തസാക്ഷികളെ ഒരുക്കുന്ന അനേകം സ്വാമിയച്ചന്മാരെ രൂപപ്പെടുത്തേണ്ടതുണ്ട്. മരിക്കുന്നതല്ല, ജീവിക്കുന്നതാണു രക്തസാക്ഷിത്വം.

Leave a Comment

*
*