Latest News
|^| Home -> Editorial -> മരണത്തിനപ്പുറം

മരണത്തിനപ്പുറം

Sathyadeepam

ഒരു മെക്സിക്കന്‍ പഴമൊഴി. മൂന്നു തരത്തിലുള്ള മരണമുണ്ട്: ഒന്ന്, നമ്മുടെ ശരീരത്തില്‍ നിന്നു ജീവന്‍ വേര്‍പെടുന്നത്; രണ്ട്, നമ്മുടെ ശരീരം മറവു ചെയ്യപ്പെടുന്നത്; മൂന്ന്, നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെ മറക്കുന്നത്. കത്തോലിക്കരായ നാം ഇതിലെ മൂന്നാമത്തെ മരണത്തെ അതിജീവിക്കുന്നതു മരിച്ചവരെ സഭാംഗങ്ങളായി കണ്ടുകൊണ്ടാണ്, യേശുവില്‍ ജീവിക്കുന്നവരായി അവരെ കരുതിക്കൊണ്ടാണ്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. മരിച്ചുപോയവരെ ഓര്‍ത്ത്, ഉത്ഥാനത്തില്‍ വിശ്വസിച്ച് നാം ജീവനോടെ പ്രാര്‍ത്ഥിക്കുന്ന ഒരു മാസം, നവംബര്‍.

നിത്യജീവന്‍, സ്വര്‍ഗം, മരണം എന്നീ വാക്കുകള്‍ നമ്മുടെ തിരക്കിട്ട അനുദിനജീവിതത്തിന്‍റെ സംസാര നിഘണ്ടുവില്‍നിന്നു വെട്ടിക്കളഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്തു മരണത്തെ ഉണര്‍വോടെ ഓര്‍ക്കാന്‍ പരേതര്‍ക്കുവേണ്ടിയുള്ള ഈ മാസം നമ്മെ സഹായിക്കും. മരണത്തെ സൗകര്യപൂര്‍വം മറന്നു ജീവിക്കുന്നവരാണു നാം. അര്‍ഹിക്കുന്നതിലധികം സ്ഥാനമാനങ്ങള്‍ക്കായി ആര്‍ത്തിയോടെ ആഗ്രഹിക്കുമ്പോഴും ആവശ്യത്തില്‍ കൂടുതല്‍ പണവും വസ്ത്രവും വാരിക്കൂട്ടി പെട്ടിയില്‍ സൂക്ഷിക്കുമ്പോഴും ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും സ്വന്തം കാര്യങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കുമ്പോഴും തോന്നിപ്പോകുന്നു, ഈ ലോകത്തിനപ്പുറം ഒരു ലോകമില്ലെന്ന്; ഈ ഭൂമിയാണു നിത്യതയുടെ സ്വര്‍ഗമെന്ന്.

ഐറീഷ് കാര്‍ഡിനലായ നിക്കോളാസ് വൈസ്മാന്‍ തന്‍റെ 11-ാം പാഠത്തില്‍ ഇങ്ങനെ കുറിച്ചു: “സ്വന്തം തെറ്റുകളെക്കുറിച്ച് അവബോധത്തിലായിരിക്കുകയും അതു തിരുത്താന്‍ ആരോഗ്യവും അവസരവും ഇല്ലാതെ മരണക്കിടക്കയില്‍ ആയിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും കുറച്ചുപേര്‍ ഈ ഭൂമിയിലുണ്ട് എന്ന തിരിച്ചറിവു മധുരമായ ഒരാനന്ദമാണ്.” നാമാരും ഇവിടെ ഒറ്റയ്ക്കല്ല; മരിച്ചുപോയവരും ഇനി ജീവിക്കാനുള്ളവരും ഇപ്പോള്‍ ജീവിക്കുന്ന നമുക്കു പ്രിയപ്പെട്ടവര്‍ തന്നെ.

നമ്മുടെ ഞായറാഴ്ച പ്രസംഗങ്ങളിലും കുടുംബയൂണിറ്റ് ചര്‍ച്ചകളിലും വേദപാഠത്തിലും നിന്നു പതിയെ മാഞ്ഞുകൊണ്ടിരിക്കുന്ന നിത്യജീവന്‍, സ്വര്‍ഗം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങളെ നമുക്കു തിരിച്ചുപിടിച്ചേ മതിയാവൂ. പ്രൊട്ടസ്റ്റന്‍റുകാരും യഹോവസാക്ഷികളും ഈ വാക്കുകളെയൊക്കെ കവലകളിലെ സുവിശേഷ മാഹായോഗങ്ങളിലേക്കു വലിച്ചിഴച്ചു വൃത്തികേടാക്കിയിട്ടുണ്ടെങ്കിലും ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഈ വാക്കുകള്‍ അമൃതാണ്; വിശ്വാസത്തിന്‍റെ അടിസ്ഥാനശിലയാണ്. നമ്മുടെ സാമൂഹ്യപ്രവര്‍ത്തനവും സ്ഥാപനങ്ങളും അധികാരസ്ഥാനങ്ങളുമൊക്കെ നിത്യജീവനാകുന്ന ലക്ഷ്യത്തിലേക്കുള്ള വഴികള്‍ മാത്രം.

ഒരുപാടു മഹാന്മാര്‍ മരിക്കുന്നത് ദുഃഖത്തിന് അടിമകളായാണ്. രവീന്ദ്രനാഥ ടാഗോര്‍ തന്‍റെ ജീവിതാവസാനത്തില്‍ പറഞ്ഞു: “എനിക്ക് ഒരു ദിവസം കൂടി ജീവിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്‍റെ മനസ്സില്‍ ഞാനാഗ്രഹിച്ച ആ വരികള്‍ എനിക്കെഴുതാമായിരുന്നു.” ആരും ഈ ഭൂമി വിട്ടുപോകുന്നത് ആഗ്രഹിച്ചതുപോലെ മുഴുവന്‍ ജീവിതവും ഈ ഭൂമിയില്‍ ജീവിച്ചുതീര്‍ത്തിട്ടല്ല. സ്വന്തം കണ്ടുപിടുത്തങ്ങളെ ഓര്‍ത്തു ദുഃഖിച്ചുതന്നെയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മരിച്ചത്. ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും എല്ലാം വെറുതെയായിരുന്നു എന്നു വിലപിച്ചു മരിച്ചു. ആപ്പിള്‍ക്കമ്പനിയുടെ ദൈവം സ്റ്റീവ് ജോബ്സ് തന്‍റെ ആശുപത്രിക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ കുറിച്ചു: “ധനം എന്നൊരു വസ്തുവുമായിട്ടാണ് ജീവിതത്തില്‍ കൂടുതലും ഞാന്‍ ബന്ധപ്പെട്ടിട്ടുള്ളത്. ഈ രോഗക്കിടക്കയില്‍ എന്‍റെ കഴിഞ്ഞുപോയ ജീവിതം ഓര്‍ത്തെടുക്കുമ്പോള്‍ ഞാന്‍ നേടിയ അംഗീകാരങ്ങളും കരസ്ഥമാക്കിയ അളവറ്റ സമ്പത്തും ഈ ആസന്നമായ മരണത്തിന്‍റെ മുന്നില്‍ തീരെ തിളക്കം കുറഞ്ഞ കാര്യങ്ങളായി മാറുന്നു.” ഈ നവംബറില്‍ മരിച്ചവര്‍ക്കായി തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോഴും നമുക്കു പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ക്കരികെ നില്ക്കുമ്പോഴും ഓര്‍ക്കുക അവരുടെ തീരാത്ത ആശകളുടെ പൂര്‍ത്തീകരണമായിരിക്കട്ടെ നമ്മുടെ ജീവിതങ്ങള്‍. അവരുടെ സങ്കടങ്ങള്‍ക്ക് ഉത്തരമായിരിക്കട്ടെ നമ്മുടെ സത്കര്‍മ്മങ്ങള്‍.

തിരുക്കുറള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: “കാലം എല്ലാം ഒരിക്കല്‍ തിരിച്ചു ചോദിക്കും നിന്‍റെ സൗന്ദര്യവും സമ്പത്തും ആയവും വ്യയവും എല്ലാം കാലം തിരികെ വാങ്ങും. അതുകൊണ്ടു കാരുണ്യം മൊഴിയൂ, സത്യം പറയൂ, ചിന്തിച്ചു പറയൂ, മറ്റുള്ളവരുടെ മനസ്സറിഞ്ഞു ജീവിക്കൂ.”

 

Comments

One thought on “മരണത്തിനപ്പുറം”

  1. Dr kader says:

    ഇഷ്ടമായി

Leave a Comment

*
*