യുദ്ധങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാം

യുദ്ധങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാം

അധികാരത്തിന്‍റെയും അടിമത്തത്തിന്‍റെയും പേരു പറഞ്ഞു ലോകം ചേരിതിരിഞ്ഞു നീണ്ട നാലു വര്‍ഷം പരസ്പരം പടവെട്ടിയ ചരിത്രസംഭവത്തിന് 100 വയസ്സ്. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ചതിന്‍റെ 100-ാം വാര്‍ഷികം ഈ നവംബര്‍ 11-നു നാം അനുസ്മരിക്കുമ്പോള്‍ യുദ്ധങ്ങളുടെ ബാക്കിവെപ്പുകളെക്കുറിച്ചുള്ള ഒരു ആത്മനിരീക്ഷണം നല്ലതാണ്.

എല്ലാ വികാരങ്ങളും അതിന്‍റെ തീവ്രതയില്‍ പ്രകടമാകുന്ന അവസരമാണു യുദ്ധമുഖങ്ങള്‍. ദേശസ്നേഹവും, ശത്രുവിനോടുള്ള വൈരവും, സേവനവും, കാരുണ്യവും, ജീവത്യാഗവുമെല്ലാം അതിന്‍റെ മൂര്‍ത്തരൂപം പ്രാപിക്കുന്ന അവസരങ്ങളാണ് യുദ്ധസമയങ്ങള്‍. നാലു വര്‍ഷത്തോളം നീണ്ടുനിന്ന ഈ മഹായുദ്ധം ആരംഭിച്ചത് 1914 ജൂണ്‍ 28-ന് ബോസ്നിയന്‍ ദേശീയദിനത്തില്‍ തലസ്ഥാനമായ സാരജെവോ സന്ദര്‍ശിച്ച് ഓസ്ട്രിയന്‍ ആര്‍ച്ച്ഡ്യൂക്ക് ഫെര്‍ഡിനാന്‍സിനെ സെര്‍ബിയന്‍ ദേശീയവാദിയായ ഗാവ്റിലോ പ്രിന്‍സെപ് എന്ന യുവാവ് വെടിവച്ചുകൊല്ലുന്നതോടെയാണ്. ബാള്‍ക്കന്‍ രാജ്യങ്ങളായ ബോസ്നിയയെയും ഹെര്‍സഗോവ്നിയെയും തുര്‍ക്കിയില്‍നിന്ന് ഓസ്ട്രിയ-ഹംഗേറിയ സഖ്യം പിടിച്ചെടുത്തതിന്‍റെ രോഷം പ്രകടിപ്പിച്ചതാണദ്ദേഹം. ഇതേത്തുടര്‍ന്ന് ഓസ്ട്രിയ സെര്‍ബിയക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും അതു കൊടും ദുരിതം ലോകത്തിനു സമ്മാനിച്ച മഹായുദ്ധമായി പരിണാമം പ്രാപിക്കുകയും ചെയ്തു.

രണ്ടു കോടി ജനങ്ങളാണു നാലു വര്‍ഷം നീണ്ട ഈ മഹാ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിലും എത്രയോ അധികം പേര്‍ക്കു ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഉണ്ടായി. അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന ഭാരതത്തിലെ 74,200-ഓളം സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. ഈ ലോക മഹായുദ്ധം അനേകം വിശ്വവിഖ്യാത കലാസൃഷ്ടികള്‍ക്കും പ്രചോദനമായി. 1929-ല്‍ പുറത്തിറങ്ങിയ ഏര്‍ണസ്റ്റ് ഹെമ്മിംഗ്വേയുടെ 'A Farewell to Arms' എന്ന നോവല്‍ ഫ്രെഡറിക് ഹെന്‍റി എന്ന അമേരിക്കന്‍ ലെഫ്റ്റനന്‍റിന്‍റെ ആത്മകഥാ സ്പര്‍ശമുള്ള യുദ്ധാനുഭവങ്ങളുടെ വിവരണമാണ്.

വെട്ടിപ്പിടിക്കാനും സംരക്ഷിക്കാനും എന്ന പേരില്‍ നടത്തിയിട്ടുള്ള എല്ലാ യുദ്ധങ്ങള്‍ക്കും നഷ്ടങ്ങളുടെ മൃഗീയകണക്കുകളേ നിരത്താനുള്ളൂ. എന്നിട്ടും യുദ്ധങ്ങളില്‍നിന്ന് നാം പാഠം പഠിക്കുന്നില്ല. വര്‍ഷങ്ങള്‍ നീളുന്ന യുദ്ധങ്ങള്‍ താറുമാറാക്കുന്ന സാമ്പത്തികവ്യവസ്ഥയെയും ഇല്ലാതാക്കുന്ന സാംസ്കാരിക പൈതൃകങ്ങളെയും മിച്ചംവയ്ക്കുന്ന തീരാത്ത മുറിവുകളെയും സുഖപ്പെടുത്തി പുനഃപ്രതിഷ്ഠിക്കാന്‍ നൂറ്റാണ്ടുകള്‍ക്കുമാവില്ല. അഹിംസയും സഹിഷ്ണുതയും സംസ്കാരത്തിന്‍റെ മുഖമുദ്രകളാക്കിയ ഭാരതംപോലും സൈനിക ചെലവുകള്‍ക്കായി രാജ്യവരുമാനത്തിന്‍റെ 40 ശതമാനം ചെലവഴിക്കുന്നുവെന്നതു നടുക്കുന്ന ഒരു സത്യമാണ്. അതിര്‍ത്തി കാക്കാനും സമാധാനം സംരക്ഷിക്കാനും നാം വാങ്ങിക്കൂട്ടുന്ന യുദ്ധക്കോപ്പുകള്‍ക്കായിട്ടാണു ഞാനും നിങ്ങളും സമ്പാദിക്കുന്ന ഒരു രൂപയുടെ 40 പൈസ ചെലവഴിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സമാപ്തിയുടെ ഓര്‍മ്മ ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ യുദ്ധങ്ങള്‍ പല രൂപത്തില്‍, ഭാവത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സൈന്യത്തെയും വെടിക്കോപ്പുകളെയും രാസായുധങ്ങളെയും ഉപയോഗിച്ചു മാത്രമല്ല, കഠിനവാക്കുകളെയും തീവ്രനിലപാടുകളെയും മാധ്യമങ്ങളിലൂടെ ഉപയോഗിച്ചും നാം യുദ്ധങ്ങള്‍ തുടരുകയാണ്. നിശ്ശബ്ദതപോലും യുദ്ധത്തിന്‍റെ മൂര്‍ച്ചയേറിയ ആയുധമായി ആധുനികലോകം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലത്ത് ബെനഡിക്ട് 15-ാമനാണു സഭയെ നയിച്ചത്. യുദ്ധം നടന്ന ആ നാലു വര്‍ഷങ്ങളിലായി അഞ്ചു ചാക്രികലേഖനങ്ങളും മൂന്ന് അപ്പസ്തോലിക പ്രബോധനങ്ങളും പാപ്പ പ്രസിദ്ധീകരിച്ചു. 1917-ലെ സമാധാനസന്ദേശത്തില്‍ ലോക മഹായുദ്ധത്തെ "പ്രയോജനശൂന്യമായ കശാപ്പ്" എന്നാണു പാപ്പ വിശേഷിപ്പിച്ചത്.

ഒന്നാം ലോക മഹായുദ്ധസമാപനത്തിന്‍റെ നൂറാം വാര്‍ഷികദിനമായ നവംബര്‍ 11-ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ സമൂഹത്തോടു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: "ഭൂതകാലത്തില്‍നിന്നും നാം പാഠം പഠിക്കാത്തത് എന്തുകൊണ്ടാണ്? യുദ്ധസംസ്കാരത്തെ നമുക്കു നിരാകരിക്കാം. യുദ്ധങ്ങളിലല്ല, സമാധാനത്തിനായി നമുക്കു നമ്മുടെ ശേഷിയും ശേമുഷിയും നിക്ഷേപിക്കാം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org