Latest News
|^| Home -> Editorial -> ദരിദ്രമാകേണ്ട സഭ

ദരിദ്രമാകേണ്ട സഭ

Sathyadeepam

സഭ ദരിദ്രമാണ്, ദരിദ്രര്‍ക്കുവേണ്ടിയുള്ളതാണ്. ദരിദ്രരുടെ പക്ഷം പിടിക്കേണ്ട സഭയുടെ വിളിയും ദൗത്യവും ഓര്‍മ്മപ്പെടുത്താനാണു ഫ്രാന്‍സിസ് പാപ്പ ദരിദ്രദിനമായി നവംബര്‍ മൂന്നാം ഞായര്‍ ആചരിക്കണമെന്നു പ്രഖ്യാപിച്ചത്. ഈ ദിനം ഒരു പ്രതീകാത്മകവുമാണ്. ക്രിസ്തുരാജത്വ തിരുനാളിന്‍റെ തലേ ഞായറാഴ്ചയാണിത്; ലത്തീന്‍ ആരാധനക്രമവത്സരത്തിന്‍റെ 33-ാം ഞായറും. “സ്നേഹിക്കുക, വാക്കിലല്ല, പ്രവൃത്തിയില്‍” (1 യോഹ. 3 : 18) എന്നതാണ് ഈ ദിനാചരണത്തിന്‍റെ പ്രമേയം. ദാരിദ്ര്യം പണത്തിന്‍റെ അഭാവം മാത്രമല്ല; മനുഷ്യജീവന്‍റെ ശ്രേഷ്ഠത സ്വന്തമാക്കാന്‍ നമ്മെ തടസ്സപ്പെടുത്തുന്ന എന്തിന്‍റെയും അഭാവമാകാം. പണത്തിന്‍റെ അഭാവവും അതിരു കടന്ന സമ്പാദനവും ഒരുപോലെ നമ്മെ ദരിദ്രരാക്കാം. അതെ, നാമെല്ലാവരും ദരിദ്രരാണ്.

അന്താരാഷ്ട്ര ഭക്ഷ്യഗവേഷണ കേന്ദ്രത്തിന്‍റെ ഈ വര്‍ഷത്തെ കണക്കു പ്രകാരം ഭക്ഷ്യക്ഷാമമുള്ള 119 രാജ്യങ്ങളില്‍ 100-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേക്കാള്‍ ദയനീയമാണ് ഇന്ത്യയുടെ ദരിദ്രസ്ഥിതി. അതേസമയം 2016-ലെ അന്താരാഷ്ട്ര വിഭവശേഷി റിപ്പോര്ട്ട് പ്രകാരം ഉള്ളവരും ഇല്ലാത്തവരുമായ അന്തരത്തിന്‍റെ കാര്യത്തില്‍ ഭാരതം രണ്ടാം സ്ഥാനത്താണ്. ഭാരതത്തിന്‍റെ 60 ശതമാനം സ്വത്തിന്‍റെ ഉടമസ്ഥാവകാശം വെറും ഒരു ശതമാനം വരുന്ന ഭാരതത്തിലെ സമ്പന്നവര്‍ഗത്തിന്‍റെ കയ്യിലാണ്. സമ്പത്തു വിതരണത്തിലെ ഈ അന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, നാം ദരിദ്രരാണ് – സമ്പത്തിന്‍റെ വിതരണത്തിലും വിനിയോഗത്തിലും.

ദാരിദ്ര്യം മനുഷ്യനിര്‍മ്മിതമാണ്, സമൃദ്ധിയാകട്ടെ ദൈവികവും. പറുദീസയിലെ ദൈവിക സമൃദ്ധിയിലേക്കു മാനുഷികബലഹീനത കലക്കി ചേര്‍ത്തപ്പോഴാണു ദാരിദ്ര്യമുണ്ടായത്. അതിനാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനു നാം ദൈവികരായേ പറ്റൂ.

ഇങ്ങനെ ദൈവികപദ്ധതിയുടെ മര്‍മ്മം തിരിച്ചറിഞ്ഞു ജീവിക്കാന്‍ ശ്രമിച്ച ലാറി ബേക്കറുടെ ജന്മശതാബ്ദി വര്‍ഷമാണിത്. മനുഷ്യന്‍റെ കെട്ടിടനിര്‍മ്മാണ സങ്കല്പത്തിന് ഒരു പുത്തന്‍ ചിന്ത പ്രദാനം ചെയ്തയാളാണു ലാറി ബേക്കര്‍. പ്രകൃതിക്കിണങ്ങിയതും ചെലവു കുറഞ്ഞതും എന്നാല്‍ ആകര്‍ഷകവും വ്യത്യസ്തവുമായ ഒരു നിര്‍മ്മാണശൈലി ലോകത്തിന്, വിശിഷ്യ ഭാരതത്തിനു സമ്മാനിച്ചയാളാണു ബേക്കര്‍ മിഷനറി ചൈതന്യത്തോടെ കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജനത്തിനായി 1945-ല്‍ ഭാരതത്തില്‍ എത്തി. 50 വര്‍ഷം ഇവിടെ ജീവിച്ച്, സാധാരണക്കാരന്‍റെ ഭവനസ്വപ്നത്തിനു യാഥാര്‍ത്ഥ്യത്തിന്‍റെ നിറം നല്കിയ ജീവിതമായിരുന്നു ലാറി ബേക്കറിന്‍റേത്. അമ്പതു വര്‍ഷം നീണ്ട അദ്ദേഹത്തിന്‍റെ ഭാരതജീവിതത്തില്‍ 3500 വീടുകള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്കിയത്.

“അഗ്നിയില്‍ സ്ഫുടം ചെയ്ത ഇഷ്ടികകള്‍ എനിക്കു മനുഷ്യന്‍റെ മുഖങ്ങളെപ്പോലെയാണ്. ദൂരക്കാഴ്ചയില്‍ ഒരുപോലെയിരിക്കുമെങ്കിലും ആകൃതിയിലും നിറത്തിലും ഭാവത്തിലും അവയോരോന്നും വ്യത്യസ്തമാണ്.” ലാറി ബേക്കറിന്‍റെ ഈ വാക്കുകള്‍ ഭവനനിര്‍മ്മാണത്തോടുള്ള അദ്ദേഹത്തിന്‍റെ ദൈവികഭാവം വ്യക്തമാക്കുന്നു. ഗാന്ധിജിയുടെ ജീവിതത്താല്‍ ഏറെ സ്വാധീനിക്കപ്പെട്ടയാളാണു ബേക്കര്‍. കെട്ടിടനിര്‍മ്മാണരംഗത്തെ ‘ഗാന്ധി’യായി കാലം അദ്ദേഹത്തെ വാഴ്ത്തി. ഇംഗ്ലണ്ടില്‍ ജനിച്ച് ഭാരതത്തില്‍ ജീവിച്ച ഈ ഭാരതപൗരനെ 1990-ല്‍ പത്മശ്രീ നല്കി ഗവണ്‍മെന്‍റ് ആദരിച്ചു.

ആധുനികതയുടെയും സൗകര്യത്തിന്‍റെയും പേരു പറഞ്ഞു കെട്ടിടനിര്‍മ്മാണരംഗത്തു നാം കാണിക്കുന്ന എല്ലാ തെറ്റായ പ്രവണതകള്‍ക്കും ലാറി ബേക്കര്‍ ശൈലി ഒരു താക്കീതാണ്. ആധുനിക കെട്ടിട നിര്‍മ്മാതാക്കളില്‍ പലരും പരിഷ്ക്കാരത്തിന്‍റെ പേരു പറഞ്ഞു പ്രകൃതിയെ കൊന്നുമുടിക്കുന്നവരാണ്; പാരമ്പര്യത്തെ കുരിശിലേറ്റുന്നവരാണ്. രണ്ടു പേര്‍ക്കു താമസിക്കാന്‍ നാം 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുണ്ടാക്കും. കോടികള്‍ മുടക്കിയും ഭൂപ്രകൃതിയെ മുടിച്ചും തീരെ വായുസഞ്ചാരമില്ലാത്ത ആരാധനാലയങ്ങള്‍ നാമുണ്ടാക്കും. എന്നിട്ടു ചൂടു മാറാന്‍ വേണ്ടി, ശുദ്ധവായു ലഭിക്കാന്‍ പുറത്തിരിക്കും. ഏതൊരു കെട്ടിടനിര്‍മ്മാണവും ആത്മാര്‍ത്ഥവും ആത്മാവുള്ളതുമായിരിക്കണം എന്നു പറഞ്ഞ ലാറി ബേക്കറിന്‍റെ ആത്മാവു നമ്മോടു ക്ഷമിക്കട്ടെ.

പണത്തിന്‍റെ ആധിക്യവും അമിത ഉപയോഗവും നമ്മിലുണ്ടാക്കുന്ന ദാരിദ്ര്യത്തെ, ആ പണം ഉപേക്ഷിച്ചുതന്നെ നമുക്കു യഥാര്‍ത്ഥ സമ്പത്തിലേക്കുള്ള വഴിയാക്കാം.

Comments

One thought on “ദരിദ്രമാകേണ്ട സഭ”

Leave a Comment

*
*