Latest News
|^| Home -> Editorial -> കെട്ടുകാഴ്ചയല്ല വിശുദ്ധ കുര്‍ബാന

കെട്ടുകാഴ്ചയല്ല വിശുദ്ധ കുര്‍ബാന

Sathyadeepam

തന്‍റെ വിശുദ്ധ ബലിക്കിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വിശ്വാസികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഏറെ പ്രാധാന്യത്തോടെയാണു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. വി. കുര്‍ബാന പ്രാര്‍ത്ഥനയ്ക്കായുള്ള സമയമാണ്. “വി. ബലിമദ്ധ്യേ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കുയര്‍ത്തൂ എന്നു കാര്‍മ്മികന്‍ പറയുന്ന സന്ദര്‍ഭമുണ്ട്; പകരം മൊബൈല്‍ ഫോണ്‍ ഉയര്‍ത്താനല്ല വൈദികന്‍ പറയുന്നത്. വിശ്വാസികള്‍ മാത്രമല്ല പുരോഹിതരും ബിഷപ്പുമാരും ആ കൂട്ടത്തിലുണ്ടെന്നുള്ളതു വളരെ കഷ്ടമാണ്.” തന്‍റെ സങ്കടം മറച്ചുവയ്ക്കാതെ തന്നെ പാപ്പ പങ്കുവച്ച ഈ പ്രവണത തിരുത്തപ്പെടേണ്ടതുതന്നെയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവനാണു പാപ്പ. സ്വന്തം ട്വിറ്റററില്‍ ലക്ഷക്കണക്കിന് അനുയായികള്‍ അദ്ദേഹത്തിനുണ്ട്. തന്‍റെ സന്ദര്‍ശനങ്ങളില്‍ സെല്‍ഫികള്‍ക്കും മറ്റുമായി ജനത്തിനൊപ്പം സന്തോഷത്തോടെ സമയം പങ്കിടുന്നയാളാണ്. എല്ലാത്തരം ആധുനികമാധ്യമങ്ങളും ഉപയോഗിക്കുന്ന പാപ്പയുടെ നിരീക്ഷണം അതിനാല്‍ത്തന്നെ ഗൗരവമായി എടുക്കേണ്ടതാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആധുനികസഭയില്‍ വി. കുര്‍ബാനയുടെ സ്ഥാനവും പ്രാധാന്യവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. വി. കുര്‍ബാനയാണു സഭാത്മകജീവിതത്തിന്‍റെ ശക്തിയും സ്രോതസ്സും (Lumen Gentium No. 11). വി. കുര്‍ബാനയ്ക്കായി ഒരു വര്‍ഷംതന്നെ നീക്കിവയ്ക്കപ്പെട്ടു. സഭയുടെ മിഷനറിജീവിതത്തിലേക്കുള്ള യാത്രയുടെ പഥേയമായാണ് ആ വര്‍ഷം വി. കുര്‍ബാന വിശേഷിപ്പിക്കപ്പെട്ടത്. അത് ചൊല്ലിത്തീര്‍ക്കേണ്ട കുറേ പ്രാര്‍ത്ഥനകളുടെയോ ചെയ്തുതീര്‍ക്കേണ്ട കുറച്ച് അനുഷ്ഠാനവിധികളുടെയോ ആകെത്തുകയല്ല.

നമ്മുടെ വി. ബലിയര്‍പ്പണങ്ങള്‍ പലപ്പോഴും കെട്ടുകാഴ്ചകളുടെയും ശബ്ദഘോഷത്തിന്‍റെയും വേദികളായി മാറുകയാണ്. കാര്‍മ്മികന്‍റെ നീണ്ട പ്രസംഗത്തിനും അറിയിപ്പുകള്‍ക്കുമായുള്ള ഒരു അവസരമാകുന്നു വി. ബലി. ഗായകസംഘത്തിന്‍റെ കഴിവും മിഴിവും പ്രകടിപ്പിക്കുന്ന കാതടപ്പിക്കുന്ന സംഗീതഘോഷത്തിനുള്ള തട്ടകമാകുന്നു വി. ബലിയുടെ സമയം. സ്വന്തം സെല്‍ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വി. ബലി ഒരു കലാപരിപാടിയല്ല. അതിനെ അങ്ങനെ ആക്കിത്തീര്‍ക്കാന്‍ നമുക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ദ്ധിച്ചുവരുന്ന ശ്രമങ്ങള്‍ക്കു ബോധപൂര്‍വം നാം തടയിടേണ്ടതാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ തീര്‍ത്ഥാടക സ്വഭാവത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. യേശുവിന്‍റെ രക്ഷാകരസംഭവത്തിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് ഓരോ വി. ബലിയും. അവിടുത്തെ ജനനം മുതല്‍ രണ്ടാം ആഗമനം വരെയുള്ള രഹസ്യങ്ങളുടെ പരസ്യപ്പെടുത്തലും സ്വന്തമാക്കലുമാണ് ഓരോ വി. ബലിയും. അതു സെല്‍ ഫോണ്‍ ക്യാമറകള്‍ തുറന്നല്ല, ഹൃദയത്തിന്‍റെ അകക്കണ്ണുകള്‍ തുറന്നാണു നാം സ്വന്തമാക്കേണ്ടത്.

ഉല്ലാസയാത്രയും തീര്‍ത്ഥാടനവും തമ്മില്‍ വ്യത്യാസമുണ്ട്. ഉല്ലാസയാത്രയിലെ കാഴ്ചകള്‍ നാം സ്വന്തമാക്കുമ്പോള്‍ തീര്‍ത്ഥയാത്രയില്‍ കാഴ്ചകള്‍ക്കു നാം സ്വന്തമാവുകയാണ്. ഉല്ലാസയാത്ര ആനന്ദം നല്കുന്നു. തീര്‍ത്ഥയാത്രയാകട്ടെ ആത്മാര്‍പ്പണത്തിലേക്കു നയിക്കുന്നു. ഉല്ലാസയാത്ര ധാരാളം കാഴ്ചകള്‍ നമുക്കു സമ്മാനിക്കും; തീര്‍ത്ഥയാത്രയാകട്ടെ ഉള്‍ക്കാഴ്ചകളും. നമ്മുടെ ബലിയര്‍പ്പണങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന കെട്ടുകാഴ്ചകള്‍ക്കും ശബ്ദഘോഷങ്ങള്‍ക്കുമിടയില്‍ വിശ്വാസിക്കു തന്‍റെ സെല്‍ഫോണ്‍ ഉയര്‍ത്താനേ തോന്നൂ; സ്വന്തം മനമുയര്‍ത്താന്‍, ഹൃദയം അര്‍പ്പിക്കാന്‍ ആവില്ല.

“മനുഷ്യന്‍റെ ഹൃദയഭാരം ലഘൂകരിക്കാനാണു ക്രിസ്തു അവതരിച്ചത്. ക്രിസ്തുമതമാകട്ടെ മനുഷ്യന്‍റെ ഹൃദയഭാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നു” എന്ന് ചിന്തകനായ നീഷേയുടെ ‘Human, all too human’ എന്ന പുസ്തകത്തില്‍ ഒരു നിരീക്ഷണമുണ്ട്. പാരമ്പര്യങ്ങളുടെ ഭാരം പേറുന്ന കുറേ അനുഷ്ഠാനങ്ങളുടെയും വിശേഷണങ്ങള്‍ നിറഞ്ഞ ദീര്‍ഘ പ്രാര്‍ത്ഥനകളുടെയും ആകെത്തുകയല്ല വി. ബലി. അതു വിശ്വാസിയുടെ മുറിവുണക്കാനുള്ള ലേപനമാണ്; അവനെ ഒരു മിഷനറിയാക്കാനുള്ള പാഥേയമാണ്. ഈ രക്ഷാകരമായ ഓര്‍മ്മയ്ക്കു മുന്നില്‍ തനുവും മനവും ഉയര്‍ത്തി തീര്‍ത്ഥാടകരാകാന്‍ നമുക്കാകട്ടെ. സെല്‍ഫോണ്‍ കണ്ണുകള്‍ താഴ്ത്തി അകക്കണ്ണുകള്‍ നമുക്കുയര്‍ത്താം. രക്ഷയുടെ വഴി ഇതാ മുന്നില്‍ തെളിയുന്നു.

Leave a Comment

*
*