Latest News
|^| Home -> Editorial -> പാര്‍ട്ടി ‘ക്ലാസ്സി’ലെത്തുമ്പോള്‍

പാര്‍ട്ടി ‘ക്ലാസ്സി’ലെത്തുമ്പോള്‍

Sathyadeepam

സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിനു നിയമസാധുത നല്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിനു മന്ത്രിസഭ അനുമതി നല്കി; കരടുബില്‍ അംഗീകരിച്ചു.

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെയുള്ള ഹൈക്കോടതി വിധികള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണു ബില്‍. പുതിയ ബില്‍ നിയമമാകുന്നതോടെ സ്വാശ്രയ കോളജുകളിലും ഇനി മുതല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. കേന്ദ്ര സര്‍വകലാശാലയും കല്പിത സര്‍വകലാശാലകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ നിയമത്തിന്‍റെ പരിധിയില്‍ വരും.

‘ബില്‍ നിയമമമാകുന്നതോടെ ക്യാമ്പസ് രാഷ്ട്രീയം ഔപചാരികമാകും. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കേണ്ടതിനാല്‍ ചില ക്യാമ്പസുകളിലെങ്കിലും തുടരുന്ന ചില പ്രത്യേക പാര്‍ട്ടികളുടെ കുത്തക മേധാവിത്വം അവസാനിക്കും!’ ബില്ലിനെ അനുകൂലിക്കുന്നവരുടെ ഈ അവകാശവാദങ്ങളില്‍ കാര്യമുണ്ടെന്നു തോന്നാമെങ്കിലും വിദ്യാര്‍ത്ഥികളുടെ ഗൗരവമായ പഠനകാലത്തെ, ഇത്തരം നീക്കം ഇനി മുതല്‍ ഔദ്യോഗികമായി അപഹരിക്കുമെന്ന രക്ഷിതാക്കളുടെ ഭയം എല്ലാവരുടേതുമാകണ്ടേ? സംഘടനാപ്രവര്‍ത്തനങ്ങളുടെ മറവില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിയന്ത്രണവിധേയമാക്കാന്‍ വ്യവസ്ഥകള്‍ വേണ്ടേ? കലാലയത്തിലെ അച്ചടക്കത്തിന്‍റെ അവസാന വാക്കു കോളജിനു പുറത്തേയ്ക്ക്, മറ്റൊരു ഉന്നത അധികാര സമിതിക്കു കൈമാറുമ്പോള്‍ കോടതി വ്യവഹാരങ്ങളുടെയും നിയമതര്‍ക്കങ്ങളുടെയും സംഘര്‍ഷവേദിയായി പഠനാന്തരീക്ഷം കലുഷിതമാകുമെന്നുറപ്പാണ്. ദേശീയതലത്തില്‍ നടക്കുന്ന പല മത്സരപ്പരീക്ഷകളുടെയും യോഗ്യതാറൗണ്ടുകളില്‍ നിന്നും നമ്മുടെ വിദ്യാര്‍ത്ഥികള്‍ നിരന്തരം പുറത്തുപോകുന്നതിനു പുറകില്‍ നമ്മുടെ കലാലയങ്ങളിലെ നഷ്ടപ്പെടുന്ന സ്വാദ്ധ്യായദിനങ്ങളുടെയും മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിന്‍റെയും അഭാവമുണ്ടെന്ന കണക്കുകളും കണ്ടെത്തലുകളും കഴമ്പുള്ളതെങ്കില്‍, ഭാവി രാഷ്ട്രീയക്കാരന്‍റെ റിക്രൂട്ടിംഗ് റെജിമെന്‍റായി മാത്രം ക്യാമ്പസിനെ മാറ്റാനുള്ള ഈ സര്‍ക്കാര്‍ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്നെങ്കിലും സമ്മതിക്കണം. കാരണം രക്ഷിതാക്കളുടെ മനസ്സറിയാതെയും വിദ്യാഭ്യാസരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായമാരായാതെയും മാനേജുമെന്‍റുമായി ചര്‍ച്ച നടത്താതെയും തിടുക്കത്തില്‍ തയ്യാറാക്കിയ ഈ ബില്ലില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ പൊതുസമൂഹം ഇതുവരെയും ഗൗരവത്തോടെ സമീപിച്ചിട്ടില്ലെന്നതു കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ഭാവി നേരിടുന്ന അതിക്രൂരമായ അവഗണനതന്നെയാണ്.

വ്യത്യസ്തതകളുടെ സംവാദവേദിയായ ജനാധിപത്യക്രമത്തില്‍ വിയോജിപ്പുകളോടു യോജിക്കുന്നതും മത-വിമതവിചാരണകളുമൊക്കെ സാധാരണവും സ്വാഭാവികവുമാണെന്ന കാര്യത്തില്‍ ഭിന്നതയുണ്ടാകാനിടയില്ല. ‘വായിക്കല്‍ ഭാവിയെ എഴുതലാണെന്നഭിപ്രായപ്പെട്ട’ത് അറേബ്യന്‍ കവി അഡോണിസാണ്. തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ അറിഞ്ഞും അനുഭവിച്ചുംതന്നെയാണു നമ്മുടെ യുവത വളരേണ്ടതും. സംവാദത്തിന്‍റെയും സംവേദനത്തിന്‍റെയും സക്രിയവേദികളില്ലാതെ കലാലയജീവിതം സര്‍ഗാത്മകമാകില്ലെന്നുമറിയാം. എന്നാല്‍ ക്യാമ്പസ്സിലെ മണല്‍ത്തരികള്‍ വൈര രാഷ്ട്രീയത്തിന്‍റെ ചോരയില്‍ കുതിരുന്നതും അവകാശപ്പോരാട്ടങ്ങള്‍ അക്രമത്തിന്‍റെ ആക്രോശങ്ങളില്‍ മുങ്ങിപ്പോകുന്നതും ‘രാഷ്ട്രീയപ്രവര്‍ത്തന’മാണെന്ന് അവകാശപ്പെടുന്നിടത്താണു പ്രശ്നം. മാര്‍ക്ക് ദാനവിവാദവും പിഎസ് സി പരീക്ഷാത്തട്ടിപ്പും അത്ര വലിയ സംഭവമായി തോന്നാത്ത ഇടതു ഭരണത്തില്‍ പുതിയ ‘നയ’ത്തിലൂടെ പാര്‍ട്ടി, ‘ക്ലാസ്സി’ലെത്തുമ്പോള്‍, ‘പാര്‍ട്ടിക്ലാസ്സ്’ നിയമവിധേയമാകുമെന്നോര്‍ക്കണം.

ഏറ്റവുമൊടുവില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തില്‍പ്പോലും യഥാര്‍ത്ഥത്തില്‍ പരിക്കേറ്റത്, സംശുദ്ധമായ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിനാണ്; തിരിച്ചറിയുന്നതു ക്യാമ്പസ് രാഷ്ട്രീയത്തിലെ ബാഹ്യഇടപെടലുകളുടെ പാര്‍ട്ടിസമ്മര്‍ദ്ദമാണ്; തിരികെ വേണ്ടത് അറിവിലും നെറിവിലും വളരുന്ന രാഷ്ട്രീയയുവത്വത്തെയാണ്. അതിനു നമ്മുടെ യുവത പാകമായോ എന്നാണ് അന്വേഷിക്കേണ്ടത്. അതിന് ഈ പുതിയ നിയമനിര്‍മാണം പക്വമാണോ എന്നാണു ചര്‍ച്ച ചെയ്യേണ്ടത്. ചര്‍ച്ച നിയമസഭയിലെത്തുമ്പോള്‍ ‘ജനപ്രതിനിധികള്‍’ വെറും പാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമാകുമോ എന്നാണിനി അറിയേണ്ടതും.

Leave a Comment

*
*