മാറ്റം… അതു നല്ലതാണ്

മാറ്റം… അതു നല്ലതാണ്

ഒക്ടോബര്‍ 28-ന് റോമില്‍ സമാപിച്ച ആഗോള മെത്രാന്‍ സിനഡിന്‍റെ പ്രധാന ചര്‍ച്ചാവിഷയം യുവജനങ്ങളും അവരുടെ വിശ്വാസവും ദൈവവിളിയുമായിരുന്നു. എങ്കിലും ഈ സിനഡ് സ്മരിക്കപ്പെടാന്‍ പോകുന്നത് അതു സഭയുടെ ഭരണശൈലിക്കും ചര്‍ച്ചാരീതികള്‍ക്കും ഭാവിയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളുടെ പേരിലായിരിക്കും.

ഒരു മാസത്തോളം നീണ്ട ആഗോളമെത്രാന്‍ സിനഡില്‍ ഏററവും കൂടുതല്‍ ഉപയോഗിച്ച, ചര്‍ച്ച ചെയ്യപ്പെട്ട പ്രയോഗം സിനഡാലിറ്റി (synodality) എന്നതായിരുന്നു. സിനഡിന്‍റെ ഒരുക്കരേഖയുടെ 119-125 വരെയുള്ള ഖണ്ഡികകള്‍ പ്രതിപാദിക്കുന്നതു സഭയുടെ ആലോചന-തീരുമാന-ഭരണക്രമങ്ങളില്‍ വരേണ്ട ഒരു ജനാധിപത്യസ്വഭാവത്തെക്കുറിച്ചാണ്. സിനഡ് രേഖയുടെ 121-ാം ഖണ്ഡികയിലെ 'സിനഡാലിറ്റി'യെ സംബന്ധിച്ചുള്ള പ്രതിപാദനങ്ങളാണ് ഏറ്റവുമധികം സമയമെടുത്തു ചര്‍ച്ച ചെയ്യപ്പെട്ടത്. സഭയുടെ വിളിയും ദൗത്യവും ജീവിതശൈലിയും 'സിനഡാലിറ്റി'യില്‍ കേന്ദ്രീകൃതമാണെന്ന് ഈ ഖണ്ഡിക പ്രസ്താവിക്കുന്നു.

ഈ ആശയം സഭയുടെ അനുദിന ഭരണശൈലിയിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും അവ നടപ്പാക്കുന്നതിലും ഉണ്ടാക്കാന്‍ പോകുന്ന മാറ്റം വലുതായിരിക്കും. അതിന്‍റെ ചില സൂചനകള്‍ ഈ സിനഡിന്‍റെ ഒരുക്കത്തിലും നടത്തിപ്പിലും ഉണ്ടായിരുന്നു. ഇതിനുശേഷം പുറത്തുവരാന്‍ പോകുന്ന രേഖയിലും ഇതിനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു ഫ്രാന്‍സിസ് പാപ്പ സൂചിപ്പിച്ചു കഴിഞ്ഞു.

'Episcopalis Communio' എന്ന പേരില്‍ പാപ്പ 2017 സെപ്തംബറില്‍ പുറത്തിറക്കിയ അപ്പസ്തോലിക രേഖയില്‍ മെത്രാന്‍ സിനഡിന്‍റെ നടത്തിപ്പുശൈലിക്കു വേണ്ട പുതിയ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. അതിന്‍ പ്രകാരം സിനഡിന്‍റെ അവസാനം പുറപ്പെടുവിക്കുന്ന രേഖയേക്കാള്‍ പ്രാധാന്യം അതിനുള്ള ഒരുക്കത്തിലാണ് എന്നതാണ്. ഇതു സൂചിപ്പിക്കുന്നത് വിഷയസമാഹരണം പ്രാദേശികതലത്തിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രതലത്തിലും തീരുമാനങ്ങളും അതിന്‍റെ നടത്തിപ്പും വീണ്ടും പ്രാദേശികതലത്തിലുമായിരിക്കും എന്നാണ്. ചര്‍ച്ചകളിലും വിഷയസമാഹരണത്തിലും ഈ സിനഡാലിറ്റി സ്വഭാവം ഉണ്ടാകുമെങ്കിലും അതു പാപ്പയുടെ പരമാധികാരത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'Sub Petro et cum Petro' (പത്രോസിനൊപ്പം, പത്രോസിനു വിധേയമായി) ശൈലിയില്‍ തന്നെയായിരിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ ഉറപ്പു നല്‍കുന്നു.

സഭയുടെ തീരുമാനങ്ങളിലും പുത്തന്‍ നിലപാടുകളിലും പാപ്പ 'സിനഡാലിറ്റി'ക്ക് എത്രമാത്രം പ്രാധാന്യം നല്കുന്നു എന്നതിന്‍റെ തെളിവുകള്‍ നിരവധി. 2014 ഫെബ്രുവരി 22-ന് കര്‍ദിനാളന്മാരുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ വിശ്വാസ തിരുസംഘം പ്രീഫെക്ട് കര്‍ദിനാള്‍ ലുഡ്വിക് മുള്ളറിനുശേഷം രണ്ടാം സ്ഥാനം നല്കപ്പെട്ടതു മെത്രാന്‍ സിനഡ് ജനറല്‍ സെക്രട്ടറി കര്‍ദിനാള്‍ ലൊറന്‍സൊ ബള്‍ത്തിസേറിക്കായിരുന്നു. സിനഡംഗങ്ങള്‍ക്കു പാപ്പയുടെ മനസ്സില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്നതിന്‍റെ തെളിവാണിത്. പാപ്പയുടെ സമീപകാല ഔദ്യോഗിക പ്രബോധന രേഖകളിലെല്ലാം പ്രാദേശിക മെത്രാന്‍ സമിതികളുടെ രേഖകളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉണ്ടായിരുന്നു. വിവാഹത്തെ അസാധുവാക്കുന്ന കാര്യത്തില്‍ പ്രാദേശിക മെത്രാന്മാര്‍ക്ക് അധികാരം നല്കിയതും, തിരുക്കര്‍മപ്രാര്‍ത്ഥനകള്‍ തര്‍ജ്ജമ ചെയ്യുന്നതിനു പ്രാദേശിക മെത്രാന്‍ സമിതികളെ ചുമതലപ്പെടുത്തിയതും, ലൈംഗികചൂഷണ കേസുകളില്‍ തീവ്രഗതിയില്‍ തീര്‍പ്പുണ്ടാക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ പ്രാദേശിക ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചതും, വരാന്‍ പോകുന്ന "Praedicate Evangelium" എന്ന അപ്പസ്തോലിക തിരുവെഴുത്തില്‍ റോമന്‍ കൂരിയായ്ക്കുള്ള നടത്തിപ്പുനിര്‍ദ്ദേശങ്ങള്‍ നല്കുന്നതുമെല്ലാം സഭയുടെ ആഗതമാകുന്ന സിനഡല്‍സ്വഭാവത്തിന്‍റെ മുന്നാസ്വാദനങ്ങളാണ്.

വിശ്വാസം അറിയാനും വിശ്വാസത്തില്‍ വളരാനും വിശ്വാസം പ്രഘോഷിക്കാനുമുള്ള ഓരോ ക്രൈസ്തവന്‍റെയും വിളിക്കുള്ള ഉത്തേജക ഔഷധമാണു ഫ്രാന്‍സിസ് പാപ്പയുടെ 'സിനഡാലിറ്റി' എന്ന ദര്‍ശനം. സഭയുടെ നടത്തിപ്പിലും ഭരണശൈലിയിലും ഫ്രാന്‍സിസ് പാപ്പ നല്കുന്ന ഈ പുത്തന്‍ കാറ്റിനായി അടച്ചിട്ട നമ്മുടെ ജാലകങ്ങള്‍ തുറക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org