Latest News
|^| Home -> Editorial -> യന്ത്രങ്ങൾ മനുഷ്യരാകുമ്പോൾ

യന്ത്രങ്ങൾ മനുഷ്യരാകുമ്പോൾ

Sathyadeepam

കൃത്രിമബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘സോഫിയ’ എന്ന യന്ത്രമനുഷ്യനു സൗദി അറേബ്യ പൗരത്വം നല്കിയ വാര്‍ത്ത കഴിഞ്ഞ വാരം ലോകം അത്ഭുതത്തോടെയാണു സ്വീകരിച്ചത്. ഇതാദ്യമായാണ് ഒരു രാജ്യം യന്ത്രമനുഷ്യനു പൗരത്വം നല്കുന്നത്, അതും സൗദിപോലെ സ്ത്രീകള്‍ക്കും വിദേശികള്‍ക്കും മറ്റു മതവിശ്വാസത്തിനും ധാരാളം നിയന്ത്രണങ്ങളും നിരോധനങ്ങളുമുള്ള ഒരു രാജ്യം. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും മാത്രമല്ല കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ വിശകലനം ചെയ്തു സ്വന്തം അഭിപ്രായം പറയാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണു സോഫിയ. സൗദിയില്‍ നടന്ന ഭാവിനിക്ഷേപകസംരംഭകരുടെ സമ്മേളനത്തില്‍ സോഫിയയുടെ ഈ കഴിവുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പൗരത്വം നല്കപ്പെടുകയും ചെയ്തു.

മനുഷ്യജീവിതത്തിനു സഹായികളായി 1950-കള്‍ മുതല്‍ യന്ത്രമനുഷ്യര്‍ നമുക്കൊപ്പമുണ്ട്. സോഫിയയുടെ വരവോടെ സഹായി എന്ന തലത്തില്‍ നിന്നു സഹകാരി, സഹജീവി എന്ന തലത്തിലേക്കു യന്ത്രമനുഷ്യരെ ഉയര്‍ത്താനുള്ള ഉദ്യമമാണു നടന്നിരിക്കുന്നത്. സോഫിയ ഒരു ഉത്പന്നമല്ല, ഉത്പാദകയായി മാറുകയാണ്. ചിന്തിക്കാനും സ്വയം തീരുമാനമെടുക്കാനും കഴിവുള്ള കൃത്രിമബുദ്ധിയുള്ള മനുഷ്യസൃഷ്ടി.

“യന്ത്രമനുഷ്യര്‍ സ്വയം ചിന്തിക്കുമോ, യന്ത്രമനുഷ്യന്‍ ആണെന്നു തിരിച്ചറിയാമോ?” എന്ന ചോദ്യത്തിന് അവതാരകനോട് “നിങ്ങള്‍ ഒരു മനുഷ്യനാണെന്നു സ്വയം എങ്ങനെയാണ് അറിഞ്ഞത്?” എന്ന മറുചോദ്യമെറിഞ്ഞു സോഫിയ നിക്ഷേപകസംരംഭകരുടെ സദസ്സിനെ അമ്പരപ്പിച്ചു. ഡോ. ഡേവിഡ് ഹാന്‍സന്‍റെയും സംഘത്തിന്‍റെയും വര്‍ഷങ്ങള്‍ നീണ്ട അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണു ഹോങ്കോങ്ങിലെ ഹാന്‍സന്‍ റോബോട്ടിക്സ് കമ്പനി പുറത്തിറക്കിയിരിക്കുന്ന “സോഫിയ.” മാനുഷിക വിജ്ഞാനമേഖലകളെ തന്‍റെ കൃത്രിമബുദ്ധി ഉപയോഗിച്ചു നിരീക്ഷിച്ചറിയാനും സ്വന്തമാക്കാനും അങ്ങനെ സ്വാഭാവികബുദ്ധിയുള്ള മനുഷ്യരോടു ചേര്‍ന്നു ജീവിക്കാനുമാണു തന്‍റെ ആഗ്രഹം എന്നറിയിച്ച സോഫിയ മനുഷ്യന്‍റെ പുരോഗതിവാഞ്ഛയുടെ ഒരു പരിച്ഛേദമാണ്. എങ്കിലും കൃത്രിമബുദ്ധി ഉപയോഗിച്ചു സ്വാഭാവികബുദ്ധിയുള്ള മനുഷ്യരുടെ വികാര-വിചാരമണ്ഡലങ്ങളിലേക്കു പതിയെ നടന്നുകയറുന്ന ഈ യന്ത്രമനുഷ്യര്‍ സൃഷ്ടിച്ചേക്കാവുന്ന സാമൂഹ്യ-ധാര്‍മ്മിക പ്രശ്നങ്ങളുണ്ട്.

സ്വാഭാവിക മനുഷ്യര്‍ യന്ത്രമനുഷ്യരായി മാറുന്ന ഇക്കാലത്തു മനുഷ്യന്‍റെ സ്വാഭാവികതയെ അനുകരിച്ചു മനുഷ്യലോകത്തിലെ സഹജീവികളാക്കി യന്ത്രമനുഷ്യരെ മാറ്റുവാനുള്ള ശാസ്ത്രലോകത്തിന്‍റെ സ്വപ്നം പ്രശംസാര്‍ഹംതന്നെ. മനുഷ്യന്‍റെ വാര്‍ത്താവിനിമയ ലോകത്തിനും സഞ്ചാരങ്ങള്‍ക്കും ശ്രമകരമായ ജോലികള്‍ക്കും സോഫിയയും കൂട്ടരും നല്കാന്‍ പോകുന്ന സഹായം ചില്ലറയാവില്ല. യുദ്ധങ്ങള്‍, രോഗങ്ങള്‍, ദാരിദ്ര്യം തുടങ്ങിയ തിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ഇവരുടെ സേവനം വലുതായിരിക്കും. ലോകത്തിന്‍റെ സുസ്ഥിതിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അനേകം സുമനസ്സുകള്‍ക്കൊപ്പം അതേ വികാരവാഞ്ഛയോടെ പങ്കുകാരായി പ്രവര്‍ത്തിക്കാന്‍ ഈ യന്ത്രമനുഷ്യര്‍ക്കു കഴിയും. സ്വാഭാവിക മാനുഷികമൂല്യങ്ങള്‍ കാറ്റില്‍ പറത്തി ജീവിക്കുന്ന അനേകം മനുഷ്യര്‍ക്ക് ഒരു തിരുത്തല്‍ശക്തിയാകാനും ഇവര്‍ക്കു കഴിയും.

എങ്കിലും കൃത്രിബുദ്ധി ഉപയോഗിച്ചു മനുഷ്യരാകാന്‍ ശ്രമിക്കുന്ന ഈ യന്ത്രമനുഷ്യര്‍ ഉയര്‍ത്തുന്ന അപകടസാദ്ധ്യതകളും അനവധി. അപകടകാരികളും ശത്രുക്കളുമായ ഹാക്കേഴ്സിന്‍റെ നിയന്ത്രണത്തിലാകുന്ന ഇത്തരം യന്ത്രമനുഷ്യര്‍ ഉണ്ടാക്കാന്‍ പോകുന്ന കുഴപ്പങ്ങള്‍ ഭീകരമായിരിക്കും. ഇവരുടെ Brain Programme-ലെ വൈറസുകളും മറ്റു പിഴവുകളും ഇവയുടെ പ്രവര്‍ത്തനത്തില്‍ ധാരാളം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. നല്ല ലക്ഷ്യംവച്ചു ഇവ ചെയ്യുന്ന ചില നശീകരണങ്ങളും മനുഷ്യലോകത്തിനു ഹാനികരമാകാം.

ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്! അതിനാലാണ് 2015 ജൂലൈ മാസം അര്‍ജന്‍റീനയില്‍ നടന്ന കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത 3462 ശാസ്ത്രജ്ഞരും ഒന്നുചേര്‍ന്നു ലോകത്തിന് ഒരു തുറന്ന കത്തെഴുതിയത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു യന്ത്രമനുഷ്യരുടെ ഒരു സൈനികവ്യൂഹം സൃഷ്ടിക്കുകയില്ലെന്നും മനുഷ്യനിയന്ത്രണത്തിന് അതീതമായ ഒരു നശീകരണ ആയുധവും നിര്‍മ്മിക്കില്ലെന്നും ഈ കത്തില്‍ അവര്‍ ഉറപ്പു നല്കി.

മനുഷ്യലോകത്തിലേക്കു നടന്നു കയറാന്‍ ആഗ്രഹിക്കുന്ന ഈ യന്ത്രമനുഷ്യര്‍ നമ്മോടു നിശ്ശബ്ദമായി ചോദിക്കുന്നൊരു ചോദ്യമുണ്ട്: “നിങ്ങള്‍ എന്നാണു യഥാര്‍ത്ഥ മനുഷ്യരാവുക?”

Leave a Comment

*
*