Latest News
|^| Home -> Editorial -> സമത്വത്തിന്റെ ചക്രവാളത്തിലേക്ക്

സമത്വത്തിന്റെ ചക്രവാളത്തിലേക്ക്

Sathyadeepam

ഇന്ത്യന്‍ സുപ്രീം കോടതി ചരിത്രത്തിലെ ഏറ്റവും തിരക്കു പിടിച്ച ഒരു ആഴ്ചയിലൂടെയാണു കടന്നുപോയത്. സെപ്തംബര്‍ മാസത്തിലെ അവസാനവാരം 47 വിധിന്യായങ്ങളാണു സുപ്രീംകോടതി പുറപ്പെടുവിച്ചത്; അതില്‍ 20 വിധികള്‍ ഒക്ടോബര്‍ 2-ന് വിരമിക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതായിരുന്നു. ഭാരതത്തിന്‍റെ സാമൂഹ്യജീവിതത്തില്‍ അടിമുടി മാറ്റം വരുത്തുന്ന ചില സുപ്രധാന വിധികളും അക്കൂട്ടത്തിലുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് സുപ്രീംകോടിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്.

158 വര്‍ഷം പഴക്കമുള്ള ഈ വകുപ്പു ഭാര്യയെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള ഉപഭോഗവസ്തുവായി കണക്കാക്കുന്നു എന്ന നിരീക്ഷണത്തോടെയാണു ചീഫ് ജസ്റ്റീസ് ദീപക മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനന്‍ അല്ലെന്നും സ്ത്രീയെ പുരുഷനൊപ്പം അന്തസ്സോടെ കാണണമെന്നും ഈ നിയമഭേദഗതി അനുശാസിക്കുന്നു.

ഈ വിധിന്യായം വഴി ഭാരതപൗരന്‍റെ കുടുംബ-സാമൂഹിക ജീവിതത്തില്‍ ഇടപെട്ടുകൊണ്ടു സുപ്രീംകോടതി നയിക്കുന്ന നിയമവിപ്ലവം ഒരു പടികൂടി കടന്നിരിക്കുന്നു. 2017-ലെ സ്വകാര്യതാ വിധിന്യായത്തില്‍ തുടങ്ങിവച്ച ഈ പ്രക്രിയ, പൗരാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഭാരത ഭരണവ്യവസ്ഥയുടെ മദ്ധ്യബിന്ദുവായി പ്രതിഷ്ഠിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്. കുടുംബബന്ധങ്ങളുടെ പവിത്രത നിലനിര്‍ത്തുന്നത് അഡല്‍റ്ററി നിയമത്തിന്‍റെ ഭീഷണിയുടെ കുന്തമുനയല്ല പരസ്പര സ്നേഹത്തിന്‍റെ ഹൃദയബന്ധമാണെന്നാണു വ്യംഗ്യന്തരേണ ഈ വിധിന്യായത്തില്‍ സുപ്രീംകോടതി പറഞ്ഞുവച്ചത്. വിവാഹേതര ലൈംഗിക ബന്ധത്തെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പും നിയമവ്യവസ്ഥയോടു വിടപറയുമ്പോള്‍ അതിനു കാരണമായതിന്‍റെ പിന്നില്‍ ഒരു മലയാളിയുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളത് നമുക്ക് അഭിമാനകരംതന്നെ.

സാമൂഹികമാറ്റത്തിന്‍റെ അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന ഈ നിയമകാഹളത്തിന്‍റെ സ്വരത്തെ കേരളസഭ അതിന്‍റെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയം നിലനില്ക്കുന്നു. വിവാഹേതരബന്ധം ഇനി ഒരു കുറ്റമല്ലെന്നും ഇതു ഭാരതീയ സംസ്കാരത്തിന്‍റെ ആധാരശിലയായ ദാമ്പത്യബന്ധത്തിന്‍റെ ഭദ്രതയ്ക്കു ധാര്‍മ്മികമായി പോറലേല്പിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്.

നിയമങ്ങള്‍ ഇല്ലാതാകുന്നതും പൊളിച്ചെഴുതപ്പെടുന്നതും ഒരു സമൂഹത്തിന്‍റെ ധാര്‍മ്മികമായ ഔന്നത്യത്തെയാണു സൂചിപ്പിക്കുന്നത്; നിയമങ്ങളുടെ ആധിക്യം അതിന്‍റെ മുരടിച്ച അവസ്ഥയെയും. അതിനാലാവണം യേശു 600-ലധികം വരുന്ന പഴയ നിയമത്തിലെ മോശയുടെ നിയമങ്ങളെ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും കേവലം രണ്ടു നിയമങ്ങളിലേക്കു ചുരുക്കിയത്. സ്ത്രീകളെ ഇരകളായി കണ്ടുപോരുന്ന ചട്ടങ്ങള്‍ ലിംഗ അസമത്വത്തിന്‍റെ തെളിവാണ്. സ്ത്രീ പുരുഷന്‍റെ സ്വത്തല്ലെന്നും, പുരുഷനെ മാത്രം കുറ്റവാളിയായും സ്ത്രീയെ ഇരയായും കരുതുന്നതും, സ്ത്രീയുടെ സ്വത്വം അംഗീകരിക്കാത്തതുമായ വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നും ഈ വിധി വ്യക്തമാക്കുന്നു. എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തുല്യരാകണം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയായി വേണം സുപ്രീംകോടതിയുടെ ഈ നിര്‍ണായക ഇടപെടലിനെ നാം തിരിച്ചറിയാന്‍.

വിവാഹം ലോകത്തിന്‍റെയും സമൂഹത്തിന്‍റെയും നിലനില്പിനുവേണ്ടിയുള്ള ദൈവികപദ്ധതി തന്നെ. പുരുഷനും സ്ത്രീയും ജീവിതാവസാനം വരെ ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്ന ഒരു ഉടമ്പടി സഭയുടെ നാമത്തില്‍ കൂദാശയായി സ്വീകരിച്ചുകൊണ്ട് അതിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന മക്കളെ സ്നേഹത്തിലും ധാര്‍മ്മികതയിലും വളര്‍ത്തി അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന മനോഹര സംവിധാനങ്ങളാണു വിവാഹവും കുടുംബവും. ഈ ലക്ഷ്യത്തെ മുന്നില്‍ കണ്ടുതന്നെയാണ് 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പിന്‍റെ പൊളിച്ചെഴുത്ത് സുപ്രീംകോടതി നടത്തിയത്. ഇതിലൂടെ ഭാരതീയ സ്ത്രീത്വത്തിന്‍റെ അവകാശങ്ങള്‍ക്കും അന്തസ്സിനും പുതിയൊരു മാനം നല്കുകയാണ്. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ലെന്നും സ്ത്രീക്കും പുരുഷനും തുല്യതയുണ്ടെന്നും വിവേചനം അതിന്‍റെ ഏതു രൂപത്തിലും ഭരണഘടനാവിരുദ്ധമാണെന്നും ഈ വിധി വ്യക്തമാക്കുന്നു.

പക്ഷേ, സുപ്രീം കോടതിയുടെ പുതുവീഞ്ഞാകുന്ന ഈ വിധിയെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വര്‍ത്തമാനസമൂഹത്തിന്‍റെ ജീവിതമാകുന്ന തോല്ക്കുടങ്ങള്‍ പരുവപ്പെട്ടിട്ടുണ്ടോ എന്ന സംശയം നിലനില്ക്കുന്നു.

Leave a Comment

*
*