ആദരം ആഘോഷമാകുമ്പോള്‍

ആദരം ആഘോഷമാകുമ്പോള്‍

ഫാ. ടോം ഉഴുന്നാലില്‍ എസ്ഡിബി മോചിതനായി. 18 മാസം നീണ്ട ഏകാന്തവാസത്തിനും അനിശ്ചിതത്വത്തിനും വിരാമം. ഒപ്പം അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിച്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക്, പരിശ്രമിച്ച അനേകം സുമനസ്സുകള്‍ക്കു സംതൃപ്തി. ഫാ. ടോമിന്‍റെ മോചനവാര്‍ത്തയിലെ ആശ്വാസവും സംതൃപ്തിയും ആഘോഷിക്കുന്ന തിരക്കിലാണു നാം.

തിരക്കിട്ട സ്വീകരണ പരിപാടികള്‍ക്കിടയില്‍ വീണുകിട്ടിയ കുറച്ചു നിമിഷങ്ങള്‍ ഫാ. ടോമിനൊപ്പം വ്യക്തിപരമായ പങ്കിടാന്‍ ഞങ്ങളുടെ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ പോള്‍ തേലക്കാട്ടച്ചനൊപ്പം അവസരം കിട്ടി. നീണ്ട സ്വീകരണചടങ്ങുകളും ഘോഷയാത്രകളും ആളുകളുടെ ഇടമുറിയാതെയുള്ള സന്ദര്‍ശനവും മാധ്യമപ്രവര്‍ത്തകരുടെ ചുഴിഞ്ഞുള്ള ചോദ്യങ്ങളും അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ആ തളര്‍ച്ചയിലും ശാന്തത കൈവെടിയാതെ, തന്നെ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പരമാവധി സഹകരണത്തോടെ അദ്ദേഹം വഴങ്ങിനില്ക്കുകയാണ്. ആ ക്ഷമയും ശാന്തതയും 18 മാസത്തെ ഭീകരരുടെ പിടിയിലെ തടവുജീവിതം നല്കിയതുപോലെ തോന്നും.

അച്ചന്‍റെ തട്ടിക്കൊണ്ടുപോകലിനെ നാം ആഘോഷിക്കുകയാണോ? അതോ അച്ചന്‍റെ രക്ഷപ്പെടലിനെ ആദരിക്കുകയാണോ? വൃദ്ധജനങ്ങളെ അവരുടെ അരക്ഷിതാവസ്ഥയില്‍ ശുശ്രൂഷിച്ചിരുന്ന നാലു കന്യാസ്ത്രീകള്‍ ഉള്‍ പ്പെടെ 16 പേരെ കൊന്നിട്ടാണ് അച്ചനെ അവര്‍ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോയത്. ഇല്ലാതാക്കാനല്ല, മുന്നില്‍ നിര്‍ത്തി വിലപേശാനാണ് അച്ചനെ തീവ്രവാദികള്‍ ഉപയോഗിച്ചത്. 18 മാസം നീണ്ട വിലപേശലില്‍ ഫാ. ടോം അനുഭവിച്ച മാനസികപീഡനത്തിന്‍റെ ആഴം നാം മറന്നുപോകരുത്. സഹനത്തിന്‍റെ ആ നെരിപ്പോട് അച്ചന്‍റെ സമര്‍പ്പിതജീവിതത്തിനു നല്കിയ പുത്തന്‍ ബോദ്ധ്യങ്ങളെ ആഘോഷങ്ങളിലൊതുക്കി തമസ്കരിക്കരുത്. ആ ഏകാന്തവാസം അച്ചന്‍റെ മിഷനറി ജീവിതത്തിനു നല്കിയ പുത്തന്‍ ഉണര്‍വിനെ സ്വീകരണചടങ്ങുകളിലും എഴുന്നെള്ളിപ്പിലും നാം കെടുത്തിക്കളയരുത്.

ഏതൊരു സഹനവും അര്‍ത്ഥപൂര്‍ണമാകുന്നത് അതു ശാന്തതയില്‍ മനനത്തിനു വിധേയമാകുമ്പോഴാണ്. സഹനത്തിന്‍റെ നിമിഷങ്ങള്‍ നമുക്കു നല്കുന്ന ഊര്‍ജ്ജം തിരിച്ചറിയാന്‍, ഉപരിനന്മയ്ക്കായി ഉപയോഗിക്കാന്‍ ഒരു ശാന്തമനസ്സിനേ കഴിയൂ. ദൈവം അനുവദിക്കുന്ന സഹനങ്ങളുടെ മൂല്യം, ലക്ഷ്യം നാം തിരിച്ചറിയുന്നതപ്പോഴാണ്. അതു നമ്മെ കൂടുതല്‍ പ്രവര്‍ത്തനനിരതരാക്കും; ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുകയും ചെയ്യും. കറിയുണ്ടാക്കുന്നതുപോലെയാണത്. ആളിക്കത്തിച്ചു വേവിച്ചെടുക്കുമ്പോഴല്ല, തീ താഴ്ത്തി മസാലക്കൂട്ടുകള്‍ കറിയില്‍ പിടിക്കാന്‍ അനുവദിക്കുമ്പോഴാണു കറിക്കു രുചി കൂടുന്നത്. ഫാ. ടോമിന്‍റെ മോച നത്തിന്‍റെ സന്തോഷം സന്ദേശമായി മാറുന്നതപ്പോഴാണ്.

ഫാ. ടോം അനുഭവിച്ച മനുഷ്യത്വരഹിതമായ അവസ്ഥയില്‍ ജീവിക്കുന്ന അനേകരുണ്ട്, നമ്മുടെ ഈ നാട്ടില്‍ത്ത ന്നെ. ഭീകരര്‍ ബിന്ദിയാക്കിയിട്ടില്ലെങ്കിലും, കണ്ണു മൂടി കൈ കെട്ടിയിട്ടില്ലെങ്കിലും, നിര്‍ബന്ധിച്ചു സഹായാഭ്യര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യിച്ചില്ലെങ്കിലും സമാനമായ സാമൂഹ്യാന്തരീക്ഷം കേരളത്തിലും വളര്‍ന്നുവരികയാണ്. സ്ത്രീസുരക്ഷയിലെ വിള്ളലുകളും ബാലപീഡനങ്ങളും കുതിച്ചുകയറുന്ന പെട്രോള്‍ വിലയും ആള്‍ദൈവങ്ങളുടെ ആധിക്യവുമെല്ലാം തടവറ അനുഭവംതന്നെ. നാം തിരഞ്ഞെടുത്തവര്‍ തന്നെ നമ്മെ പിഴിയുന്ന അവസ്ഥ; നാം വിശ്വസിക്കുന്നവര്‍ തന്നെ നമ്മെ കൊള്ളയടിക്കുന്ന സാഹചര്യം. ഈ തടവറ അനുഭവങ്ങള്‍ നമുക്കു പാഠങ്ങളാകാത്തത്, ഇതില്‍നിന്നു രക്ഷപ്പെടാന്‍ നമുക്കാവാത്തത് ആഘോഷങ്ങളുടെ മായികലോകത്ത് ആവശ്യത്തില്‍ കൂടുതല്‍ നാം ആമഗ്നരാകുന്നതിനാലാണ്.

ഫാ. ടോമിനു പറയാനുള്ളത് ഉച്ചഭാഷിണിയിലൂടെയും സ്വീകരണയോഗങ്ങളിലൂടെയും കേള്‍ക്കുക എന്നതല്ല, അദ്ദേ ഹം ഈ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ദൈവികപദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ഇടങ്ങള്‍ നാം ഒരുക്കുക എന്ന താണു പ്രധാനം.

തിരക്കിട്ട തന്‍റെ മൂന്നു വര്‍ഷത്തെ പരസ്യജീവിതം യേശു അവസാനിപ്പിച്ചത് ഗദ്സമെന്‍ തോട്ടത്തിലെ നിശ്ശബ്ദതയിലാണ്. പിതാവിന്‍റെ ഹിതം നിറവേറ്റാനുള്ള തന്‍റെ ജീവിതലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍, "പിതാവേ, എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്നു പറയാന്‍ യേശുവിനു ധൈര്യം നല്കിയതു ഗദ്സെമന്‍ ധ്യാനമാണ്. ഫാ. ടോമിനെക്കൊണ്ടു നാം അധികം പറയിക്കേണ്ട; അദ്ദേഹം പറയട്ടെ. അദ്ദേഹത്തെ നാം അധികം കൊണ്ടുപോകേണ്ട, അദ്ദേഹം പോകട്ടെ. ദൈവഹിതം നിറവേറ്റാന്‍. അതായിരിക്കും നമുക്ക് അദ്ദേഹത്തിനു നല്കാവുന്ന ആദരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org