തുറവിന് തുരങ്കം വയ്ക്കുന്നവര്‍

തുറവിന് തുരങ്കം വയ്ക്കുന്നവര്‍

കൃത്യം 55 വര്‍ഷങ്ങള്‍ക്കുമുമ്പ് 1962 ഒക്ടോബര്‍ 11-നു പുണ്യശ്ലോകനായ വി. ജോണ്‍ 23-ാമന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു വാതില്‍ തുറന്നു. ആധുനിക സഭാചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. "സഭയുടെ ജാലകങ്ങള്‍ നമുക്കു തുറക്കാം. ആത്മാവിന്‍റെ ശുദ്ധവായു വീശിയടിക്കട്ടെ" എന്ന പാപ്പയുടെ ആഹ്വാനം സഭയില്‍ തുറവിന്‍റെ ഒരു പുതുവസന്തം പ്രദാനം ചെയ്തു. അതിന്‍റെ പ്രകടമായ ഫലങ്ങളില്‍ ഒന്നായ കരിസ്മാറ്റിക് നവീകരണ മുന്നേറ്റവും സഭയില്‍ ആരംഭിച്ചു.

2014 ഏപ്രില്‍ 27-ന് ഫ്രാന്‍സിസ് പാപ്പയാണു ജോണ്‍ പോള്‍ രണ്ടാം പാപ്പയ്ക്കൊപ്പം 23-ാം യോഹന്നാന്‍ പാപ്പയെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയത്. നാമകരണ വേളയില്‍ ഫ്രാന്‍സിസ് പാപ്പ 23-ാം യോഹന്നാന്‍ പാപ്പയെക്കുറിച്ചു പറഞ്ഞു: "രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുക വഴി 23-ാം യോഹന്നാന്‍ പാപ്പ പരിശുദ്ധാത്മാവിനോട് അവാച്യമായ ഒരു തുറവാണു കാണിച്ചത്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ അദ്ദേഹം സ്വയം തയ്യാ റായി; സഭയെ മുഴുവന്‍ ഈ നവധാരയിലേക്കു സ്വാഗതവും ചെയ്തു."

ഈ തുറവ് സഭയ്ക്കു സമ്മാനിച്ചത് അന്യസംസ്കാരങ്ങളോടും മതങ്ങളോടും ഭാഷകളോടും ദേശങ്ങളോടുമുള്ള തുറവാണ്. സഭയ്ക്കകത്തെ നന്മ പുറംലോകത്തിലെത്തിക്കാനും പുറംലോകത്തെ നന്മകളുടെ വിവിധ മുഖങ്ങള്‍ സ്വാംശീകരിച്ചു സഭാത്മകമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ആരംഭമായി. കൗണ്‍സില്‍ തുടങ്ങി ആറു മാസം കഴിഞ്ഞ് 23-ാം ജോണ്‍ പാപ്പ നല്കിയ തന്‍റെ അവസാന രേഖയായ "Pacem in Terris" (ഭൂമിയില്‍ സമാധാനം) എന്ന ചാക്രികലേഖനം ആരംഭിക്കുന്നത് ലോകത്തിലെ സുമനസ്സുകളായ എല്ലാ മനുഷ്യരെയും സംബോധന ചെയ്തുകൊണ്ടാണ്. പാപ്പയുടെ നിലപാടിലെ ഈ തുറവ് ഉള്‍ക്കൊണ്ടിട്ടാകാം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ച ദിനമായ ഒക്ടോബര്‍ 11-ാം തീയതി തന്നെ വി. യോഹന്നാന്‍ പാപ്പയുടെ തിരുനാള്‍ ദിനമായി ഘോഷിക്കണമെന്നു സഭ നിഷ്കര്‍ഷിച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി സഭ കൂടുതല്‍ തുറവും സുതാര്യതയും പങ്കാളിത്തവും ഉള്ളതാകണമെന്നു പാപ്പ ആഗ്രഹിച്ചു. എന്നാല്‍ ഈ സഭാശൈലിക്കു തുരങ്കംവയ്ക്കുന്ന പ്രവണതകള്‍ ഈ അടുത്തകാലത്തു സഭയുടെ ചില കോണുകളില്‍, പ്രത്യേകിച്ചു കേരളസഭയില്‍ വര്‍ദ്ധിച്ചുവരികയാണ്. വിശ്വാസിസമൂഹത്തെ നവീകരിക്കുവാനും ലോകത്തില്‍ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ സാര്‍വത്രികഭാവം നല്കുവാനും അഭിഷിക്തരായ ചില വചനശുശ്രൂഷകരും സുവിശേഷപ്രഘോഷകരും 'തുറവില്ലായ്മ സിന്‍ഡ്ര'ത്തിലേക്കു പതിച്ചുകഴിഞ്ഞിരിക്കുന്നു.

സഭയുടെ പതിവുകള്‍ക്കും ശൈലികള്‍ക്കും ആചാരങ്ങള്‍ക്കും പുറത്തുള്ളതെല്ലാം വിജാതീയവും പൈശാചിക വുമാണെന്ന ചിന്ത ശക്തമായി പ്രചരിപ്പിക്കുന്ന പല അല്മായ-സമര്‍പ്പിത വചനശുശ്രൂഷകരും സുവിശേഷപ്രഘോഷകരും സഭയ്ക്കകത്തു ശക്തരാവുകയാണ്. ധ്യാനത്തിനും ആത്മനവീകരണത്തിനുമായി തങ്ങളുടെ അടുത്തെത്തുന്ന വരെ ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ടു മാനസാന്തരത്തിലേക്കു നയിക്കാനുള്ള ഒരു കുറുക്കുവഴിയായി തങ്ങളുടെ ഈ കര്‍ശന പ്രബോധനങ്ങളെ സഭയ്ക്കകത്തു നിന്നുകൊണ്ടുതന്നെ ഇവര്‍ ഉപയോഗിക്കുന്നു. മറ്റു പല പ്രഘോഷകരിലും ധ്യാനഗുരുക്കന്മാരിലും നിന്നു വ്യത്യസ്തരാകാനും പെട്ടെന്നുതന്നെ വിശ്വാസസമൂഹത്തിന്‍റെ ആകര്‍ഷക കേന്ദ്രങ്ങളാകാനും ഈ നിലപാട് അവരെ സഹായിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ കേരളസഭ ശീശ്മയിലേക്കു കൂപ്പുകുത്തുമെന്നു നാം ഭയക്കണം.

മറ്റു സംസ്കാരങ്ങളോടും വിശ്വാസങ്ങളോടും മനുഷ്യരോടും തുറവില്ലാതെ പ്രഘോഷണം നടത്തുന്ന ഇവരെ നിയന്ത്രിക്കാന്‍ വൈകിക്കൂടാ. ഇത്തരം പ്രബോധനം നടത്തുന്ന വരുടെ വാക്കു കേള്‍ക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളുടെ കാതടപ്പിക്കുന്നതിനേക്കാള്‍ വിരലിലെണ്ണാന്‍ മാത്രമുള്ള ഈ പ്രബോധകരുടെ നാവിനു കടിഞ്ഞാണിടുന്നതാണ് കൂടുതല്‍ കരണീയം. യേശുവിന്‍റെ സുവിശേഷ ചൈതന്യത്തിനു നിരക്കാത്ത ഈ 'അടഞ്ഞ പ്രബോധകരെ' കേരള സഭാനേതൃത്വം തന്നെ വ്യക്തിപരമായി കണ്ടു നിയന്ത്രിക്കാന്‍ വൈ കിക്കൂടാ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ 23-ാം ജോണ്‍ പാപ്പ തുറന്നുതന്ന വാതില്‍ തുറന്നുതന്നെ പിടിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ശ്രമങ്ങള്‍ക്ക് ആമ്മേന്‍ പറയാന്‍ എല്ലാ വചനശുശ്രൂഷകരും ശ്രദ്ധിച്ചിരുന്നെങ്കില്‍! ഭാരതത്തിലേക്കു നവീകരണമുന്നേറ്റം കൊണ്ടുവന്നവരില്‍ പ്രധാനിയായ ഫാ. ഫിയൊ മസ്കരനാസിനെ ഇന്‍റര്‍വ്യൂ ചെയ്ത അവസരത്തില്‍ നവീകരണ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണം ഒരു അഴിച്ചുപണിക്കു കേരളസഭയെ പ്രചോദിപ്പിക്കണം: "നവീകരണമുന്നേറ്റം ചട്ടക്കൂടുകളിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നു. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിനു പരിശുദ്ധാത്മാവിന്‍റെ യഥാര്‍ത്ഥ കരിസ്മയിലുള്ള ഒരു രണ്ടാം നവീകരണത്തിനു സമയമായി."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org