എതിരെഴുത്തിലെ തിരുവെഴുത്തുകള്‍

എതിരെഴുത്തിലെ തിരുവെഴുത്തുകള്‍

എഴുത്ത് രണ്ടു വിധത്തിലാണ്; അധികാരത്തോടെയും ആധികാരികതയോടെയും. അധികാരത്തോടെ, അധികാരസ്ഥാനങ്ങളില്‍ നിന്നും നല്കപ്പെട്ടതു പലതും, കാലത്തെ തിരുത്തിയില്ലെന്നു മാത്രമല്ല; തിരിച്ചുനടത്തുകപോലും ചെയ്തിട്ടുണ്ട്. കേവലം നിര്‍ദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും നോട്ടീസ് പകര്‍പ്പുകളായിരുന്നു, അവയില്‍ പലതും. എഴുത്ത് ആധികാരികമാകുന്നത് അതില്‍ എഴുത്തുകാരനെയും വായിക്കാനാവുന്നതുകൊണ്ടു കൂടിയാണ്; എഴുത്തിലൂടെ അയാള്‍ പിന്നെയും തുടരുന്നതുകൊണ്ടാണ്. എഴുത്തിന്‍റെ ആധികാരികത തന്നെയാണ് എഴുത്തുകാരന്‍റെ ശരിയായ 'അധികാരം'. അതുകൊണ്ടാണ് എഴുത്തിലെ 'ഒത്തുതീര്‍പ്പുകള്‍' കുറേക്കൂടി ഭീതിദമാകുന്നതും അതു സമൂഹത്തെ ഇരുട്ടില്‍ നിര്‍ത്തുന്നതും.

ഈ അടുത്ത കാലത്ത്, പ്രമുഖ മാധ്യമചുമരുകളില്‍ പ്രത്യക്ഷപ്പെട്ട 'ചില എഴുത്തുകള്‍' സഭാവിരുദ്ധമായി 'തിരിച്ചറിയപ്പെട്ടി'ട്ടുണ്ട്. മാധ്യമങ്ങളിലെ എഴുത്തുകളൊക്കെ തിരുവെഴുത്തുകളാകണമെന്നു ശഠിക്കാനാവില്ല. തിരുത്താനുള്ള വകയതിലുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ അതു തിരുവെഴുത്താണുതാനും. സഭാവിരുദ്ധമായതെല്ലാം ക്രിസ്തുവിരുദ്ധമാണെന്ന അഭിപ്രായം ഫ്രാന്‍സിസ് പാപ്പയ്ക്കുപോലുമില്ല. അതുകൊണ്ടാണല്ലോ, ക്രിസ്തുവാകുന്ന കണ്ണാടി അദ്ദേഹം കൂടെക്കൂടെ തുടച്ചുവയ്ക്കുന്നതും സഭാവിശ്വാസികള്‍ക്കു നേരെ തിരിച്ചുവയ്ക്കുന്നതും.

മാധ്യമബഹിഷ്കരണം നല്ല മറുപടിയാകുമെന്നു കരുതുന്നതു മദ്ധ്യശതകചിന്തയാണ്. ഇഷ്ടമില്ലാത്ത പഠനങ്ങളെയും പ്രബോധകരെയും എതിര്‍ത്തും എരിച്ചും ഇല്ലാതാക്കാമെന്ന 'ഇന്‍ക്വിസിഷന്‍' കാല ക്രമക്കേടുകളെ തള്ളിപ്പറഞ്ഞതും കുരിശില്‍ മുഖം ചേര്‍ത്തു ലോകത്തോടു മുഴുവന്‍ മാപ്പിരന്നതും ഈ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.

മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സഭാവിരുദ്ധ വാര്‍ത്തകളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന പരിശോധന പക്വതയോടെ നിര്‍വഹിക്കേണ്ടതുണ്ട്. ഉണ്ടെന്നു കണ്ടാല്‍ തിരുത്താനും തിരിച്ചുവരാനുമുള്ള ആര്‍ജ്ജവമാണാവശ്യം. മറച്ചുപിടിക്കുന്ന സഭയില്‍ ക്രിസ്തു മറഞ്ഞുപോകുമെന്നോര്‍ക്കണം. നടപടികളുടെ കാലതാമസം തന്നെയാണു പലപ്പോഴും കാര്യങ്ങളെ വഷളാക്കുന്നതും.

സഭയോടുള്ള മാധ്യമങ്ങളുടെ സമീപനവും ചര്‍ച്ചയാകണം. അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയും വെറുപ്പും പകരത്തക്കവിധത്തില്‍ അയാഥാര്‍ത്ഥ്യമായി അവതരിപ്പിക്കാതിരിക്കണം. ആരും കൊടുക്കാത്തത് ആദ്യം കൊടുക്കാനുള്ള വെപ്രാളത്തിലും റേറ്റിംഗ് കൂട്ടാനുളള വാര്‍ത്താവ്യാപാരത്തിലും വിഗ്രഹങ്ങള്‍ ഉടയ്ക്കരുത്; വെറുപ്പ് വളര്‍ത്തരുത്. പ്രത്യേകിച്ചു 'മലയാളി' എന്ന പൊതുശീര്‍ഷകത്തിനടിയില്‍ അധികം പേരില്ലാത്ത സമകാലികസമൂഹത്തില്‍…!

സഭയുടെ മാധ്യമജാഗ്രത തെരുവുകളിലെ പ്രതിഷേധപ്രകടനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നിടത്തും പ്രശ്നമുണ്ട്. വിളിച്ചുകൂട്ടുന്നവരുടെ മുദ്രകളിലും വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങളിലും ക്രിസ്തുവും ക്രിസ്തീയതമുണ്ടാകണം. സമര്‍പ്പിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ദൈവവിളി പ്രോത്സാഹനത്തിനായി സ്വന്തം കുടുംബത്തില്‍ എന്തു ചെയ്തുവെന്ന് ഓരോരുത്തരും ഓര്‍മിക്കണം. ഒപ്പം തെരുവിന്‍റെ ശുദ്ധാശുദ്ധിയില്‍ പ്രകടനങ്ങളുടെ യോഗ്യത തരംപോലെ തീരുമാനിക്കുന്നതിലെ പക്ഷപാതിത്വവും തിരുത്തപ്പെടണം.

സന്ന്യാസവും സമര്‍പ്പണജീവിതവും തെരുവില്‍ ചര്‍ച്ചയായത്, 'തെരുവുജീവിതങ്ങള്‍' സന്ന്യാസത്തില്‍ ചര്‍ച്ചയല്ലാതായതിനുശേഷമാണോ എന്നാണു യഥാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്. സമര്‍പ്പിതര്‍ ക്രിസ്തുവിന്‍റെ പരിമളമാകയാല്‍, സമൂഹത്തിലെ ജീര്‍ണതകളില്‍ സുഗന്ധമായി മാറണം; സ്വയം മുറിഞ്ഞും മുറിവുണക്കണം. വഴിയിറമ്പുകളില്‍ നിന്നും തെരുവോരങ്ങളില്‍നിന്നും 'വിരുന്നുശാല' നിറച്ചവന്‍റെ കഥ പറഞ്ഞ സുവിശേഷം നമുക്കു വീണ്ടും വായിച്ചുതുടങ്ങാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org