|^| Home -> Editorial -> വിളമ്പിത്തീരാത്ത വിഷവിരുന്നുകള്‍

വിളമ്പിത്തീരാത്ത വിഷവിരുന്നുകള്‍

Sathyadeepam

കൂടത്തായി ഇനിമുതല്‍ ഒരു നാടിന്‍റെ പേരല്ല, നോവാണ്. 14 വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നര വയസ്സിനും 67 വയസ്സിനുമിടയില്‍ പ്രായമുള്ള ആറു പേരെ അതിക്രൂരമായി മരണത്തിലേക്കു നടത്തിയ ഒരാള്‍ വളരെ ജോളിയായി നമുക്കിടയില്‍ നടന്നുവെന്ന അറിവു നല്കുന്ന നോവാണത്. ‘ജോളി’ എന്ന വലിയ തെറ്റ് ഒരു സാമൂഹ്യതിന്മയാകുന്നത് അതൊരു വലിയ കാപട്യമാകുന്നതുകൊണ്ടുകൂടിയാണ്.

“എന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയങ്ങളില്‍ ഞാന്‍ എന്താണു ചെയ്യുകയെന്നു പറയാനാകില്ല.” കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാകാന്‍ കൊണ്ടുപോകവേ പൊലീസ് ജീപ്പിലിരുന്ന്, നിര്‍വികാരതയോടെ പിറുപിറുത്തതിങ്ങനെ. വിവേകവും വിചാരവും നശിച്ച് ഒരാള്‍ പൂര്‍ണമായും സ്വയം നഷ്ടപ്പെടുന്നതിന്‍റെ തീവ്രതയൊളിപ്പിച്ച ആ വാക്കുകളില്‍ പക്ഷേ കുറ്റബോധമില്ലെന്നതു നമ്മെ ശരിക്കും ഭയപ്പെടുത്തണം.

ആദ്യഭര്‍ത്താവ് റോയിയുടെ മദ്യപാനം മുതല്‍ അന്ധവിശ്വാസം, പരപുരുഷ ബന്ധം, സുഖജീവിതം തുടങ്ങിയ കാരണങ്ങള്‍ കൂട്ടക്കുരുതിക്ക് ആധാരമായി പൊലീസ് കണ്ടെത്തുമ്പോഴും ഒരു സ്ത്രീക്ക് ഇത്രയധികം… ഇത്ര കാലം… എന്നതു സാമാന്യബോധത്തെ വെല്ലുവിളിച്ചുതന്നെയാണ്.

കൂടത്തായി കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ പുറത്തുവന്ന നിമിഷം മുതല്‍ ജോളിയുടെ മാനസിക നിലയെ പരിശോധിച്ചും കുടുംബപശ്ചാത്തലം അപഗ്രഥിച്ചും വിമര്‍ശനങ്ങളും വിലയിരുത്തലുകളും നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ട്. ഒരു ‘സീരിയല്‍ കില്ലറാ’യതിനാല്‍ വിദേശത്തെയും സ്വദേശത്തെയും സമാനസംഭവങ്ങളെ ഉദാഹരിച്ചും മനോവൈകൃത ശാസ്ത്രീയതത്ത്വങ്ങള്‍ ഉപസംഹരിച്ചും നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ചാനല്‍മുറികളില്‍ കൊഴുക്കുന്നുമുണ്ട്. ഇതിനിടയില്‍ കൂടത്തായി സംഭവത്തെ ഒരു സിനിമ യ്ക്കു വിഷയമാക്കാമോ എന്ന അണിയറ ചര്‍ച്ചയെക്കുറിച്ചും വാര്‍ത്ത വന്നു.

എന്തും വാര്‍ത്തയാക്കുന്ന മലയാളിക്കും, മലയാള മാധ്യമസംസ്കാരത്തിനും കൂടത്തായി നിനച്ചിരിക്കാതെ കിട്ടിയ നിധിതന്നെയാണ്. ദിവസങ്ങള്‍ നീണ്ട ചാനല്‍ ചര്‍ച്ചകള്‍ നല്ല ‘ജോളി’യായി പുരോഗമിച്ചപ്പോള്‍, മുഖ്യധാരാ വര്‍ത്തമാനപത്രങ്ങള്‍ ഓരോ ദിവസം ഓരോ പേജ് വീതം മാറ്റിവച്ചാണു ജോളിയെ കൂടെക്കൂട്ടിയത്. വാര്‍ത്ത കൊടുക്കണം എന്നതില്‍ ആര്‍ക്കും സംശയമില്ല. മറിച്ചായാല്‍ അറിയാനുള്ള അവകാശത്തിന്‍റെ നിഷേധമാകും. എന്നാല്‍ ഇത്തരം കൊലപാതകവാര്‍ത്തകളുടെ ആവര്‍ത്തിച്ചുള്ള അവതരണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന മാനസികാഘാതത്തിന്‍റെ അളവെത്രയെന്നു ‘വാര്‍ത്ത വിളമ്പുന്നവര്‍’ പരിശോധിക്കേണ്ടതല്ലേ? ജോളിയുടെ മനോനിലയെക്കുറിച്ച് ആകുലപ്പെട്ടവര്‍ ഇത്തരം വാര്‍ത്തകളിലെ അനാവശ്യമായ ഒളിഞ്ഞുനോട്ടങ്ങളും അശ്ലീലവത്കരണവും പഠനവിഷയമാക്കണം. ജോളിയുടെ ക്രിസ്തീയ പശ്ചാത്തലം ഒരു പ്രത്യേക സമുദായത്തിന്‍റെ ആത്മീയശിക്ഷണത്തെ അളക്കാനുള്ള അവസരമാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. ജോളി ഒരു തെറ്റു തന്നെയാണ്. ആ തെറ്റു സമൂഹത്തെ മുഴുവന്‍ വഴിതെറ്റിക്കാനുള്ള അവസരമാക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

കുപ്രസിദ്ധമായൊരു കൂട്ടക്കുരുതിയിലെ മുഖ്യപ്രതിയെന്നതിനപ്പുറം മൂടിവച്ച കല്ലറരഹസ്യങ്ങള്‍ക്കു മീതെ ഒന്നും സംഭവിക്കാത്തതുപോലെ നീണ്ട കാലം നിന്നയാള്‍ എന്നുകൂടി ജോളി തിരിച്ചറിയപ്പെടണം. മലയാളിയുടെ കാപട്യത്തിനു നേരെ പിടിച്ച കണ്ണാടിതന്നെയാണവര്‍. ‘ഒരു സയനൈഡ് ബിരിയാണിയെടുക്കട്ടെ’ എന്നു ട്രോളിയവര്‍ അല്പംമുമ്പു കഴിച്ച ഭക്ഷണത്തിലെ വിഷക്കൂട്ടിനെക്കുറിച്ചും അതിനിടയാക്കുന്ന രോഗാതുരമായ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചും പറയണം. ഇഷ്ടമില്ലാത്തവരെ എന്തു വില കൊടുത്തും ഇല്ലാതാക്കുന്ന ‘വിഷപ്രയോഗങ്ങള്‍’ രാഷ്ട്രീയ-സാമൂഹ്യ-മത-കുടുംബാന്തരീക്ഷങ്ങളെ മലിനമാക്കുന്നതും ഏറ്റുപറയണം. വിഷം വിരുന്നില്‍ കലരുന്നതിനെ മാത്രമല്ല, അതു വാക്കിന്‍റെ വക്കില്‍ പൊടിയുന്നതിനെയും നാം ഭയപ്പെടണം. കാരണം പാതകി പെണ്ണായതിന്‍റെ അസാധാരണത്വം മാത്രമല്ല, മലയാളിയുടെ ‘ഒളിവിട’ത്തിന്‍റെ ഒന്നാംതരം ഉദാഹരണംകൂടിയാണു കൂടത്തായി.

ഫരിസേയ-പുരോഹിത പ്രമാണികളില്‍ ക്രിസ്തു കണ്ടു വിയര്‍ത്ത അതേ കാപട്യം ഇപ്പോള്‍ ജോളിയില്‍ കണ്ടു നാം കയര്‍ക്കുമ്പോള്‍, വെള്ള പൂശി, വെളുപ്പിക്കാതെ ‘കുഴിമാടങ്ങള്‍’ തുറന്നും തെറ്റുകള്‍ തിരുത്തിയും തുടരട്ടെ യാത്രകള്‍, സഭയിലും സമൂഹത്തിലും.

Leave a Comment

*
*