Latest News
|^| Home -> Editorial -> ‌ഒരു മാറ്റത്തിന്റെ തിരുവസ്ത്രവും അരക്കെട്ടും

‌ഒരു മാറ്റത്തിന്റെ തിരുവസ്ത്രവും അരക്കെട്ടും

Sathyadeepam

പോള്‍ ആറാമന്‍ മാര്‍പാപ്പയും ആര്‍ച്ച്ബിഷപ് ഓസ്കര്‍ റൊമേരയും അങ്ങനെ വിശുദ്ധരുടെ പുസ്തകത്തിലേക്കു നടന്നുകയറി. ആധുനികസഭയുടെ മുഖഛായതന്നെ മാറ്റിമറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നടത്തിപ്പുകാരനും കൗണ്‍സില്‍ പ്രബോധനങ്ങളുടെ പ്രചാരകനുമായിരുന്നു പോള്‍ ആറാമന്‍ പാപ്പ. അടിച്ചമര്‍ത്തപ്പെട്ട ഒരു ദേശത്തിന്‍റെ ശബ്ദമായി, അവരുടെ സ്വാതന്ത്ര്യത്തിനു സ്വന്തം രക്തത്താല്‍ വില നല്കി വിമോചന ദൈവശാസ്ത്രം ജീവിച്ച ഒരു ആര്‍ച്ച്ബിഷപ്പായിരുന്നു എല്‍സാല്‍വത്തോരെയുടെ ഓസ്കര്‍ റൊമേരോ. ഒരാള്‍ ഹൃദയംകൊണ്ടും മറ്റേയാള്‍ സ്വരക്തംകൊണ്ടുമാണു വിശുദ്ധരുടെ പുസ്തകത്തില്‍ തങ്ങളുടെ പേരുകള്‍ എഴുതിച്ചേര്‍ത്തത്.

വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഇരുവരുടെയും ജീവിതങ്ങള്‍ക്കു സമാനതകളേറെ. പോള്‍ ആറാമന്‍ പാപ്പ സഭയുടെ പ്രബോധനമാക്കിയ പാവങ്ങളോടുള്ള പക്ഷംചേരലും നീതിയിലധിഷ്ഠിതമായ ഒരു ദൈവരാജ്യത്തിനുവേണ്ടിയുള്ള സുവിശേഷവത്കരണവും ജീവിതനിയമമാക്കിയ ഒരാളായിരുന്നു ആര്‍ച്ച്ബിഷപ് റൊമേരോ. ആധുനികസഭയ്ക്കു പ്രേഷിതമുഖം നല്കാന്‍ ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും ശ്രമിച്ച രണ്ടു വിശുദ്ധ വ്യക്തിത്വങ്ങള്‍. വിശ്വാസജീവിതത്തിന് ഇവര്‍ നല്‍കുന്ന പ്രചോദനാത്മകസന്ദേശം കരുത്തുറ്റതാണ്, കാലികവും.

കിരീടധാരണത്തോടെ അധികാരത്തിലേറുന്ന അവസാന മാര്‍പാപ്പയായിരുന്നു പോള്‍ ആറാമന്‍ പാപ്പ. അധികാരത്തിന്‍റെ ആ കിരീടം മാറ്റിവച്ചുകൊണ്ടു ശുശ്രൂഷയുടെ അരപ്പട്ട മുറുക്കിയാണ് അദ്ദേഹം പിന്നീടങ്ങോട്ട് സഭയെ നയിച്ചത്. തീര്‍ത്ഥാടക പാപ്പ എന്ന അപരനാമത്തിലാണദ്ദേഹം അറിയപ്പെട്ടിരുന്നത്. യു.എന്‍. ജനറല്‍ അസംബ്ലിയെ ആദ്യമായി അഭിസംബോധന ചെയ്ത പാപ്പയാണു പോള്‍ ആറാമന്‍. വിഘടിച്ചുനിന്നിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭകളുമായി കത്തോലിക്കാസഭ പുനരൈക്യപ്പെട്ടതു പോള്‍ ആറാമന്‍റെ കാലത്താണ്; 900 വര്‍ഷങ്ങള്‍ നീണ്ട വിഭജനത്തിന് 1964-ല്‍ സ്നേഹോഷ്മളമായ ഒരു പരിസമാപ്തി. യോഹന്നന്‍ 23-ാമന്‍ പാപ്പ വിളിച്ചുചേര്‍ത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മൂന്നു വര്‍ഷം നീണ്ട നടപടിക്രമങ്ങ ളിലൂടെ സഭയെ നയിച്ചതു പോള്‍ ആറാമന്‍ പാപ്പയാണ്. ആധുനിസഭയുടെ മിഷനറിമുഖത്തിനു കാലം പോള്‍ ആറാമന്‍ പാപ്പയോടു കടപ്പെട്ടിരിക്കുന്നു. സഭയുടെ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കുന്നതിനും റോമന്‍ കൂരിയാക്രമങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിനും പോള്‍ ആറാമന്‍ പാപ്പയുടെ സംഭാവനകള്‍ ചില്ലറയല്ല. അധികാരത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും വഴികള്‍ വിട്ട് പാവങ്ങളുടെയും ചൂഷിതരുടെയും ജീവിതങ്ങളിലേക്കു തീര്‍ത്ഥാടനം നടത്താന്‍ വഴി വെട്ടിയവനായിരുന്നു പോള്‍ ആറാമന്‍ പാപ്പ. ഫ്രാന്‍സിസ് പാപ്പയുടെ പല നവീകരണ നയങ്ങളുടെയും ബദല്‍ശൈലികളുടെയും തിരുവെഴുത്തുകളുടെയും പിന്നില്‍ പോള്‍ ആറാമന്‍ പാപ്പയുടെ ശക്തമായ സ്വാധീനം ദര്‍ശിക്കാന്‍ കിയും.

എല്‍ സാല്‍വത്തോരെ ദേശത്തിന്‍റെ പാവങ്ങളുടെ സ്വന്തം പാപ്പയായിരുന്നു ആര്‍ച്ച്ബിഷപ് ഓസ്കര്‍ റൊമേരോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്ത സമത്വത്തിന്‍റെ ദൈവരാജ്യനിര്‍മ്മിതിക്കുവേണ്ടി വ്യവസ്ഥികളോടു പൊരുതാന്‍ ധൈര്യം കാണിച്ച കര്‍മ്മയോഗി. സാല്‍വത്തോറിലെ വിരലിലെണ്ണാവുന്ന ധനികരുടെ കളിപ്പാവകളായിരുന്ന ഒരു ഗവണ്‍മെന്‍റിനെതിരെ സുവിശേഷാത്മകധൈര്യത്തോടെ പോരാടിയ ഒരു അഭിഷിക്തന്‍. പാവപ്പെട്ടവരുടെ ശബ്ദമാകാന്‍ പണക്കൊഴുപ്പ് അരങ്ങു തകര്‍ക്കുന്ന തട്ടകത്തിലേക്കു സധൈര്യം നടന്നുകയറിയവന്‍. അധികാരവര്‍ഗം കറുപ്പിച്ചു കളഞ്ഞ ദരിദ്രജീവിതങ്ങളെ വെളുപ്പിച്ചെടുക്കാന്‍, പക്ഷേ, ആര്‍ച്ച്ബിഷപ് റൊമേരോയ്ക്കു കൊടുക്കേണ്ടി വന്നതു സ്വന്തം ജീവരക്തംതന്നെയായിരുന്നു.

നാമകരണചടങ്ങിനെത്തിയ ഫ്രാന്‍സിസ് പാപ്പ, ആര്‍ച്ച് ബിഷപ് റൊമേരോ മരണമടഞ്ഞ സമയത്തു ധരിച്ചിരുന്ന കുര്‍ബാനക്കുപ്പായത്തിന്‍റെ അരക്കെട്ടും പോള്‍ ആറാമന്‍ പാപ്പ ഉപയോഗിച്ച തിരുവസ്ത്രവുമണിഞ്ഞാണെത്തിയത്. പോള്‍ ആറാമന്‍ പാപ്പയുടെ ചിന്തകള്‍ക്കും വര്‍ത്തമാന കേരളസഭാ ജീവിതത്തിനോടു പലതും പറയാനുണ്ട്. മുഖം നഷ്ടപ്പെട്ടവരുടെ ശബ്ദമാകാനുള്ള തിരുവസ്ത്രമണിയാനും അധികാരപ്രമത്തത വെടിഞ്ഞു ദൈവജനസമൂഹത്തിന്‍റെ സേവകരാകാനുള്ള അരക്കെട്ട് ധരിക്കാനും കാലവും ഈ വിശുദ്ധാത്മാക്കളും നമ്മെയും നിര്‍ബന്ധിക്കുന്നു.

Leave a Comment

*
*