സമര്‍പ്പിതരും ജിമിക്കികമ്മലും

സമര്‍പ്പിതരും ജിമിക്കികമ്മലും

1992-ല്‍ ജോസഫ് ഹൊവാര്‍ഡ് എഴുതി, എമില്‍ ആര്‍ ഡോമിനോ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ബോക്സോഫീസ് ഹിറ്റ് ചിത്രമാണ് "സിസ്റ്റര്‍ ആക്ട്." വെറും 31 മില്യന്‍ ഡോളര്‍ മുടക്കി നിര്‍മിച്ച ആ സിനിമ ബോക്സോഫീസില്‍ വാരിക്കൂട്ടിയത് 231.6 മില്യന്‍ ഡോളറാണ്. ഒരു കൊലപാതകത്തിനു ദൃക്സാക്ഷിയാകേണ്ടി വന്ന ഒരു ഹോട്ടല്‍ ഗായിക വില്ലനില്‍ നിന്നു സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഒരു സിസ്റ്ററിന്‍റെ വേഷത്തില്‍ മഠത്തിലെ ആവൃതിക്കുള്ളില്‍ ഒളിച്ചുതാമസിക്കുന്നതാണു കഥ. പാട്ടും ഡാന്‍സും തന്‍റെ ജീവരക്തമായി സൂക്ഷിച്ചവളായിരുന്നു ആ ഗായിക. സ്വതസിദ്ധമായ തന്‍റെ ആ കഴിവുകള്‍ ഉപയോഗിച്ചു മഠത്തിലെ ഗായകസംഘത്തെ ഉടച്ചുവാര്‍ക്കുന്നതും നിര്‍ജ്ജീവമായിക്കിടന്നിരുന്ന ഇടവകസമൂഹത്തെയും പ്രാര്‍ത്ഥനാശുശ്രൂഷകളെയും ക്രിയാത്മകമാക്കുന്നതുമാണു സിനിമയുടെ കാമ്പ്. അമേരിക്കന്‍ വാണിജ്യസിനിമയുടെ മാര്‍ക്കറ്റില്‍ തീരെ വിലയില്ലാത്ത കോണ്‍വെന്‍റ്-ഇടവകപ്പള്ളി ജീവിതം പശ്ചാത്തലമാക്കിയുള്ള ഈ സിനിമ അനേകരുടെ ഹൃദയം കവര്‍ന്നത് അതിന്‍റെ അവതരണശൈലിയുടെ പ്രത്യേകതകൊണ്ടാണ്.

ഓസ്കര്‍ ജേതാവ് വോഫി ഗോള്‍ബര്‍ഗ് നായികവേഷത്തിലഭിനയിച്ച ഈ ചിത്രം സിസ്റ്റേഴ്സിന്‍റെ 'ആവൃതിജീവിത' ത്തിന്‍റെ പല ശൈലികളെയും സുവിശേഷപ്രഘോഷണത്തിന്‍റെയും ഇടവക ആത്മീയശുശ്രൂഷകളുടെയും പല പതിവുകളെയും പൊളിച്ചെഴുതാന്‍ പര്യാപ്തമായിരുന്നു. ആരാധനക്രമഗീതങ്ങളിലും ഗായകസംഘത്തിന്‍റെ അവതരണരീതികളിലും ഒട്ടേറെ പുതുമകള്‍ കലര്‍ത്തി – എന്നാല്‍ അന്തസ്സത്തയില്‍ മാറ്റം വരുത്താതെ – ആ കോണ്‍വെന്‍റിലെ കന്യാസ്ത്രീകള്‍ ഒരുമിച്ചു നടത്തിയ പരിശ്രമം ഒരു ഇടവകസമൂഹത്തിന്‍റെ വിശ്വാസജീവിതത്തെത്തന്നെയാണ് ഉദ്ധരിച്ചത്. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിലുള്ള ഈ ഗായകസംഘത്തിന്‍റെ ശുശ്രൂഷ നേരില്‍ കാണാനും സംബന്ധിക്കാനും റോമില്‍ നിന്നു മാര്‍പാപ്പ നേരിട്ട് എത്തുന്നതാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്.

ഈ നാളുകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ പോസ്റ്റുകളാണു സിസ്റ്റേഴ്സിന്‍റെ തിരുവാതിരയും ജിമിക്കിക്കമ്മല്‍ ഡാന്‍സും ഉടുപ്പിട്ട അച്ചന്മാരുടെ സ്റ്റേജിലെയും പള്ളിക്കകത്തെയും ഡാന്‍സുകളും. സമര്‍പ്പിതരുടെ ആവൃതിക്കകത്തുള്ള ഇത്തരം ആഘോഷങ്ങളും തമാശകളും ഇത് ആദ്യത്തെ സംഭവമല്ല. വര്‍ഷങ്ങളായി മഠത്തിനകത്തെ സ്വകാര്യആഘോഷങ്ങളില്‍ പാട്ടും ഡാന്‍സും നാടകവുമെല്ലാം പതിവാണ്. അതില്‍ അപാകതയില്ലെന്നു മാത്രമല്ല, അതാവശ്യവുമാണ്. ദൈവം നല്കിയ നൈസര്‍ഗിക കഴിവുകളെ കൂട്ടായ്മയുടെ സന്തോഷത്തില്‍ ആഘോഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മനസ്സില്‍ ഒതുക്കിവച്ചിരിക്കുന്ന എല്ലാ പ്രകാരത്തിലുള്ള വികാരങ്ങളെയും സംസ്കാരപൂര്‍വം പ്രകടിപ്പിക്കാനുള്ള വേദികള്‍കൂടിയാണ് ആഘോഷങ്ങളിലെ കലാപരിപാടികള്‍. "പ്രകടിപ്പിക്കപ്പെടാതെ ഒതുക്കുന്ന ഒരു വികാരവും മരിക്കുന്നില്ല. ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന ഇവ സഭ്യതയുടെ വരമ്പുകള്‍ ലംഘിച്ചു പുറത്തുവരും" എന്ന ഫ്രോയിഡിന്‍റെ നിരീക്ഷണമുണ്ട്. മൂടിവയ്ക്കപ്പെടുന്ന വികാരങ്ങള്‍ പൊട്ടിത്തെറിക്കും എന്നുള്ള ഫ്രാങ്ക് സോനന്‍ ബര്‍ഗിന്‍റെ വാക്കുകളും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. അതിനാല്‍ നമ്മുടെ കുടുംബങ്ങളിലെ സ്വകാര്യ ആഘോഷങ്ങള്‍പോലെ സമര്‍പ്പിതജീവിതങ്ങളിലെ ആഘോഷങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

ആശ്രമത്തിന്‍റെ ആവൃതി വീടിന്‍റെ സ്വകാര്യതയ്ക്കു തുല്യമായ ഒരിടമാണ്. സന്ന്യാസത്തില്‍ ജീവിക്കുന്നവരുടെ സ്വകാര്യലോകമാണത്. വീടിന്‍റെ അകത്തളങ്ങളിലെ ആഘോഷങ്ങളുടെ സാഹചര്യവും ഉദ്ദേശവും വീട്ടുകാര്‍ക്കു മനസ്സിലാകുന്നതുപോലെ സമര്‍പ്പിതരുടെ ആഘോഷങ്ങള്‍ സമര്‍പ്പിതരുടെ ലോകവുമായി ബന്ധമുള്ളവര്‍ക്കേ മനസ്സിലാകൂ. ഈ ചിന്തയോടെ തങ്ങളുടെ സ്വകാര്യ ഇടങ്ങളിലെ ആഘോഷങ്ങള്‍ പുറംലോകത്തെ എങ്ങനെ അറിയിക്കണം എത്രമാത്രം അറിയിക്കണം എന്ന വിവേകം സമര്‍പ്പിതലോകം പാലിക്കട്ടെ. ഇത്തരം ആഘോഷങ്ങളുടെ സാഹചര്യം മനസ്സിലാക്കാനും വിശാലഭാവത്തോടെ അതിന്‍റെ നെല്ലും പതിരും വിവേചിച്ചറിയാനുമുള്ള പക്വത പൊതുസമൂഹത്തിനും ഉണ്ടാകട്ടെ. നമുക്കു ചുററുമുള്ള സൗകര്യങ്ങളുടെ, പുരോഗതിയുടെ ലോകം വളര്‍ന്നതനുസരിച്ച് നമ്മുടെ പൊതുസമൂഹത്തിന്‍റെ ചിന്താലോകത്തിലും മനോഭാവത്തിലും അതേ വളര്‍ച്ച ഉണ്ടായിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org