Latest News
|^| Home -> Editorial -> മുറുകുന്ന കരാര്‍കുരുക്കുകള്‍

മുറുകുന്ന കരാര്‍കുരുക്കുകള്‍

Sathyadeepam

രാജ്യത്തെ ഇറക്കുമതിനയങ്ങളെ ജനദ്രോഹകരമാംവിധം ഉദാരമാക്കി ആഘോഷിച്ച ആസിയാന്‍ കരാറിനുശേഷം മറ്റൊരു കരാര്‍ കുരുക്കിലാണിപ്പോള്‍ ഇന്ത്യ. സ്വതന്ത്ര വ്യാപാരക്കരാറായ ആര്‍.സി.ഇ.പി. (റീജണല്‍ കോംപ്രഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) സംബന്ധിച്ച തര്‍ക്കം മുറുകുമ്പോള്‍, ആശങ്ക വിട്ടൊഴിയാതെയാണു കോടിക്കണക്കിനു കര്‍ഷകരും ചെറുകിട വ്യവസായങ്ങളും.

ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും തുടരുന്ന ചര്‍ച്ചകളില്‍ ധാരണയാകുന്ന മുറയ്ക്കു മാത്രമേ അംഗരാജ്യങ്ങളുടെ ഉച്ചകോടിയില്‍ അന്തിമതീരുമാനമുണ്ടാകൂ. 14 തര്‍ക്കവിഷയങ്ങളില്‍ ആറെണ്ണം ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്നവയാണ്. ഒരു പ്രത്യേക ഉത്പന്നത്തിന്‍റെ കാര്യത്തില്‍ ക്രമാതീതമായ ഇറക്കുമതിയുണ്ടായാല്‍ സ്വയം ഇറക്കുമതി തീരുവ ഉയര്‍ത്തി പ്രതിരോധിക്കാനള്ള ‘ഓട്ടോ ട്രിഗര്‍’ സംവിധാനം വേണമെന്ന നമ്മുടെ പ്രധാന ആവശ്യത്തോടു മറ്റു രാജ്യങ്ങള്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. ബാങ്കോക്കില്‍ ഇതിനോടകം ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നതോ വരുമാനം ഇല്ലാതാകുന്നതോ ആയ വ്യവസ്ഥകള്‍ തള്ളിക്കളയാന്‍ ഇന്ത്യ കരുത്തു കാട്ടണം.

കാരണം ലോകത്തിലെ ഏറ്റവും കരുത്തുള്ള കയറ്റുമതി രാജ്യങ്ങളായ ചൈനയോടും ദക്ഷിണ കൊറിയയോടും ജപ്പാനോടും ഇന്ത്യ മത്സരിക്കുമ്പോള്‍ കയറ്റുമതിക്കുള്ള വിഭവവും ശേഷിയും നമുക്കു വളരെ കുറവെന്നിരിക്കേ, ഇറക്കുമതി ചുങ്കത്തിലുള്ള ഏതു തരത്തിലുമുള്ള വിട്ടുവീഴ്ചകളും ഇപ്പോള്‍ത്തന്നെ ദുരിതത്തിലായിരിക്കുന്ന കര്‍ഷകരെയും അനുബന്ധ തൊഴിലിടങ്ങളെയും കൂടുതല്‍ ദയനീയമാക്കുമെന്നുറപ്പാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ചൈനയില്‍ നിന്നും 7000 കോടി ഡോളറിന്‍റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യയ്ക്ക്, അങ്ങോട്ടു വില്ക്കാനായത് 1700 കോടി ഡോളറിന്‍റെ ഉത്പന്നങ്ങള്‍ മാത്രമായിരുന്നുവെന്നറിയുമ്പോള്‍ നമ്മുടെ ധനസ്ഥിതിയും വിനിമയശേഷിയും എത്രയോ ദുര്‍ബലമെന്നു വ്യക്തം. റബറിന്‍റെ ഇറക്കുമതി പ്രളയത്തില്‍ ഇപ്പോള്‍ത്തന്നെ നടുവൊടിഞ്ഞിരിക്കുന്ന കര്‍ഷകരോടൊപ്പം ക്ഷീരകര്‍ഷകരും പുതിയതായി ഇരയാക്കപ്പെടാം, ഈ കരാര്‍ അതേപടി യാഥാര്‍ത്ഥ്യമായാല്‍. ഇതു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ചൈനയില്‍ നിന്നുള്ളതില്‍ 50 ശതമാനം ഇറക്കുമതിക്കെങ്കിലും ഓട്ടോ ടിഗര്‍ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

സാമ്പത്തികമന്ദ്യത്തിന്‍റെ അത്യാഘാതത്തില്‍ അതീവ പ്രതിസന്ധി നേരിടുന്ന നാട്ടില്‍, ഇറക്കുമതി നയങ്ങളുടെ ഉദാരീകരണം കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. 2024-ല്‍ അഞ്ചു ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക വലിപ്പത്തിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന വളരുന്നതു ധനമന്ത്രി സ്വപ്നം കാണുമ്പോഴും രാജ്യം മുരടിപ്പിന്‍റെ ദൂഷിതവലയത്തില്‍ത്തന്നെയാണെന്നാണു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‍റെ വിലയിരുത്തല്‍. “തൊഴിലില്ലായ്മ അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ തീര്‍ക്കണമെങ്കില്‍ എട്ടു ശതമാനം മുതല്‍ പത്തു ശതമാനം തോതില്‍ വളര്‍ച്ച വേണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആറു ശതമാനത്തിലധികം വളര്‍ച്ച ഉടനെങ്ങും സാധിക്കില്ല.”

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തികനയങ്ങളും പരിപാടികളും സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതല്ലെന്ന ആക്ഷേപം അതിശക്തമായി തുടരുമ്പോള്‍ ആര്‍.സി.ഇ.പി. ചര്‍ച്ചകളില്‍ രാജ്യം എന്തു നിലപാടു സ്വീകരിക്കുമെന്ന ഭീതി ശക്തമാണ്. ഏറ്റവും ഒടുവില്‍ ‘റെയില്‍വേ’യില്‍ സംഭവിച്ചതുപോലെ (അടുത്ത ഊഴം ബിപിസിഎല്ലിന്‍റെയാണത്രേ!) ലാഭകരമല്ലെന്ന ന്യായത്താല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അതിവേഗം സ്വകാര്യമേഖലയ്ക്കു തീറെഴുതി നല്കുന്ന സര്‍ക്കാര്‍ നയം വകതിരിവില്ലാതെ തുടരുമ്പോള്‍, നാളെ എന്ത് എന്ന അനിശ്ചിതത്വം പുതിയ സംരംഭകത്വശ്രമങ്ങളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഇതിനിടയില്‍ സിനിമയ്ക്ക് ആളു കൂടുന്നത് ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തികസൂചികയാണെന്ന മട്ടിലുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ വിലകുറഞ്ഞ ‘കണ്ടെത്തലുകളില്‍’ കാണാതെ പോകുന്ന ഒരു ഇന്ത്യയും ശതകോടി ദരിദ്രരുമുണ്ടെന്നു മറക്കരുത്. “കഴിഞ്ഞ അഞ്ചാറു വര്‍ഷം അല്പമെങ്കിലും സാമ്പത്തികവളര്‍ച്ച ദൃശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഉറപ്പും ഇല്ലാതായിരിക്കുന്നു” എന്നഭിപ്രായപ്പെട്ടതു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജ നഗവേഷണത്തിനുള്ള അംഗീകാരത്താല്‍ നോബെല്‍ സമ്മാനത്തിനു തിളക്കമേറ്റിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയാണ്. ദാരിദ്ര്യത്തിന്‍റെ സാമ്പത്തികശാസ്ത്രത്തെ മോദിയുടെ ഇന്ത്യ പുതുതായി പഠിച്ചു തുടങ്ങേണ്ടതുണ്ട്. കുറ്റപ്പെടുത്തലിന്‍റെ വിഭജനരാഷ്ട്രീയം മാറ്റിവച്ച്, ഏറ്റെടുക്കലിന്‍റെ വികസനരാഷ്ട്രീയത്തെ ഇന്ത്യ ഇനിയും പരിചയപ്പെടണം. കാരണം മൂന്നര ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തൊടുങ്ങിയ മണ്ണാണിത്. കര്‍ഷകരെ കുരുക്കുന്ന കയറാകരുത്, കരാറുകള്‍.

Leave a Comment

*
*