|^| Home -> Editorial -> മുറിഞ്ഞ്, മുടിയണിഞ്ഞവള്‍…

മുറിഞ്ഞ്, മുടിയണിഞ്ഞവള്‍…

Sathyadeepam

2019 ഒക്ടോബര്‍ 13-ന് അള്‍ത്താര വിശുദ്ധിയുടെ തിരുവണക്കത്തിലേക്ക് ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍, ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബത്തിലെ തോമന്‍-താണ്ട ദമ്പതികളുടെ മകള്‍, മറിയം ത്രേസ്യ ഉയര്‍ത്തപ്പെടുമ്പോള്‍, സഭയിലും സമൂഹത്തിലും അഭിമാനത്തിന്‍റെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിക്കപ്പെടുകയാണ്. വെറും 50 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ ജീവിതം അസാധാരണമായ കര്‍മ്മോത്സുകതകൊണ്ടും അവഗണിത വിഭാഗത്തോടുള്ള ഹൃദയൈക്യംകൊണ്ടും ഈശോയുടെ മുറിവാഴമുള്ള സ്നേഹംകൊണ്ടും ദിവ്യവും ദീപ്തവുമായിരുന്നു.

ചുറ്റുമുള്ള കുടുംബങ്ങളില്‍ നിന്നുള്ള നിലവിളികളില്‍ തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ ത്രേസ്യ കുടുംബപ്രേഷിതത്വം തന്‍റെ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തു. സാമൂഹ്യമാറ്റത്തിന്‍റെ അടിസ്ഥാന ഘടകം കുടുംബമാണെന്ന തിരിച്ചറിവില്‍ ഓരോ വീട്ടിലും വിരുന്നുകാരിയായല്ലാതെ കയറിച്ചെന്ന് അവരുടെ സങ്കടനിവൃത്തിക്കായി നിരന്തരം ഇടപെട്ടുകൊണ്ടുമണ്ണിലും മനസ്സിലും മാറ്റത്തിന്‍റെ വിത്തു പാകി. സ്ത്രീ ശാക്തീകരണപരിപാടികളിലൂടെ കുടുംബഭദ്രത ത്രേസ്യയുടെ പ്രധാന പ്രേഷിതമേഖലയായത് അങ്ങനെയാണ്. പെണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചും മദ്യവിപത്തിനെതിരെ പരസ്യമായ നിലപാടെടുത്തും നവോത്ഥാന കേരളത്തിന്‍റെ ആദ്യശില്പികളിലൊരാളായി. അടുക്കളയിലെരിഞ്ഞും അതിരുകളിലൊതുങ്ങിയും അവസാനിക്കാമായിരുന്ന ഒരുപാടു സ്ത്രീജന്മങ്ങള്‍ക്ക് അനന്തസാദ്ധ്യതകളുടെ ആകാശത്തിലേക്കു ചിന്തയും ചിറകും നല്കിയ ആദ്യത്തെ ഫെമിനിസ്റ്റും മറിയം ത്രേസ്യയാണ്.

“മരണശേഷം ഒരു പഴയ ഉടുപ്പല്ലാതെ കൊണ്ടുപോകുന്നതിനു നമുക്കൊന്നുമില്ല. നമ്മള്‍ നഗ്നരായി പിറന്നു, നഗ്നരായി പോകുന്നു. നിങ്ങള്‍ നല്ലവരായിത്തീരുന്നതിന് ഒന്നാമതായി നിങ്ങളുടെ ഹൃദയം കര്‍ത്താവിനു കൊടുക്കുക.” ഏറ്റവും കുറഞ്ഞ രേഖകള്‍കൊണ്ടുതന്നെ മറിയം ത്രേസ്യയുടെ ജീവിതചിത്രം പൂര്‍ത്തിയാകുന്നതെങ്ങനെയെന്ന് ഈ വാക്കുകളില്‍ത്തന്നെ വ്യക്തമാണ്. മറ്റു പലരിലുമെന്നതുപോലെ, അമിത വിശേഷണങ്ങളുടെ ചേരാത്ത ഉടുപ്പുകളില്‍ വിശുദ്ധ പിന്നീടു പ്രത്യക്ഷപ്പെട്ടേക്കാമെന്ന് ആശങ്കപ്പെടുമ്പോഴും ‘രൂപക്കൂട്ടില്‍’ എന്നതിനേക്കാള്‍ വീട്ടിലെ ‘കൂട്ടിലും’ കൂട്ടായ്മയിലുമായിരിക്കും അവള്‍ കൂടുതല്‍ comfortable എന്നു തന്നെയുറപ്പിക്കാനാണിഷ്ടം.

“ഈശോ മൂന്നാണികളില്‍ കുരിശില്‍ തൂങ്ങി നില്ക്കുമ്പോള്‍, എനിക്കു കട്ടിലില്‍ സുഖമായുറങ്ങാനാകില്ലെന്ന” ത്രേസ്യായുടെ സങ്കടത്തെ ഭക്തിപാരവശ്യത്തിന്‍റ നെടുവീര്‍പ്പായി മാത്രം കാണാതെ സഭയുടെ നിലപാടായി പരിവര്‍ത്തിതപ്പെടുത്തിയാല്‍, ഈ നാമകരണവും അനന്തരാഘോഷവും അര്‍ത്ഥപൂര്‍ണമാകും. പുതിയൊരു തീര്‍ത്ഥാടനവും തീര്‍ത്ഥാടനകേന്ദ്രവും തുറന്നു കിട്ടുന്നതിനുമപ്പുറം വിശുദ്ധമായൊരു സഭാജീവിതത്തിന് ഇത്തരം സന്ദര്‍ഭങ്ങളെ കാരണമാക്കാമോ എന്ന ചോദ്യം പ്രസക്തമാകണം. കാരണം ത്യാഗത്തിന്‍റെ കുരിശുകള്‍, സഭയില്‍ ആലസ്യത്തിന്‍റെയും ആഡംബരത്തിന്‍റെയും ‘കട്ടിലുക’ളായി രൂപം മാറിയ(മാറ്റിയ)പ്പോഴൊക്കെ, അതങ്ങനെയാകരുതെന്നു തിരിച്ചറിഞ്ഞവരും തിരുത്തിയവരുമാണ് ഓരോ കാലഘട്ടത്തിലെയും വിശുദ്ധര്‍. പക്ഷേ, കാല്‍വരിയുടെ നിഴല്‍ വീഴാതിരിക്കുവോളം, ആകാശം തൊട്ടാണ് ഇപ്പോഴും നമ്മുടെ ദേവാലയഗോപുരങ്ങള്‍…! എന്നാല്‍ ആത്മാക്കള്‍ക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടമുഖങ്ങളില്‍ അവള്‍ സ്വീകരിച്ച അനവധി മുറിവുകളില്‍ അഞ്ചെണ്ണം മാത്രം നമുക്കു ദൃശ്യമാകയാല്‍ ‘പഞ്ചക്ഷത’യായി ത്രേസ്യ പിന്നീടു തിരിച്ചറിയപ്പെട്ടു.

ഓരോ വര്‍ഷവും നൂറുകണക്കിനു വീട്ടമ്മമാരെ കാണാതാവുകയും ആയിരത്തിയഞ്ഞൂറിലേറെ കുടുംബിനികള്‍ ജീവിനൊടുക്കുകയും ചെയ്യുന്ന പുതിയ കേരളത്തില്‍, വി. മറിയം ത്രേസ്യായുടെ ‘തിരുക്കുടുംബ സന്ന്യാസിനി സമൂഹ’ത്തിന്‍റെ സാംഗത്യവും സന്ദേശവും പ്രസക്തമാക്കണം. കുടുംബങ്ങളെ പള്ളിയിലെത്തിക്കുന്നതിനു പകരം പള്ളിക്കു കുടുംബങ്ങളിലെത്താനാകുമോ എന്നതാകണം പുതിയ കുടുംബപ്രേഷിതത്വം. അതിനു ക്രിസ്തുവിനോളം കുനിഞ്ഞും കുതിര്‍ന്നും സഭ ചെറുതാകണം, ചെറിയവരോടൊപ്പമാകണം വി. മറിയം ത്രേസ്യയുടെ പഞ്ചക്ഷതങ്ങള്‍ ഉണങ്ങാതിരിക്കട്ടെ, ആരും അത് ഉണക്കാതെയും…

Leave a Comment

*
*