സിനഡാനന്തര സീറോ മലബാര്‍സഭ

സിനഡാനന്തര സീറോ മലബാര്‍സഭ

കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ 2019 ആഗസ്റ്റ് 19 മുതല്‍ 30 വരെ 11 ദിവസമായി നടന്ന ചരിത്രത്തിലെ നിര്‍ണായക സിനഡ് സമാപിച്ചപ്പോള്‍, സഭയില്‍ സമാപിക്കണമെന്നു സിനഡാഗ്രഹിക്കുന്ന സംഗതികളും സിനഡാനന്തരസഭയിലെ പുതിയ സംവാദങ്ങളും ചര്‍ച്ചയാവുകയാണ്.

'ഭൂമിവിവാദം', 'വ്യാജരേഖ' പോലുള്ള, സഭയ്ക്കു തീര്‍ത്തും പരിചിതമല്ലാത്ത പ്രശ്നങ്ങളില്‍, സഭാനേതൃത്വം പതറിയപ്പോള്‍, സിനഡനന്തര പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയതുപോലെ രണ്ടിന്‍റെയും ആരോപണകേന്ദ്രം സഭാദ്ധ്യക്ഷന്‍ തന്നെയായതിനാല്‍ പ്രതിസന്ധി സമാനതകളില്ലാത്തതായി.

പ്രതിസന്ധികളില്‍ ഇടപെട്ടു യഥാസമയം പരിഹാരം കാണാതിരുന്നതും ദൈവജനത്തിനു സുവിശേഷാധിഷ്ഠിതമായ സാക്ഷ്യം നല്കുന്നതില്‍ വന്ന വീഴ്ചയും തെറ്റായിത്തന്നെ തിരിച്ചറിഞ്ഞ പരി. സിനഡ്, എളിമയോടെ അത് ഏറ്റുപറഞ്ഞ്, ദൈവത്തോടും ദൈവജനത്തോടും മാപ്പു ചോദിച്ചത്, സിനഡിനകത്തും പുറത്തും പുലര്‍ത്തിയ തുറവിയുടെയും ആത്മാഭിഷേകത്തിന്‍റെയും യാഥാര്‍ത്ഥ്യബോധത്തിന്‍റെയും അടയാളമായി. പ്രശ്നമുണ്ടെന്നു സമ്മതിച്ചു തുടങ്ങുന്നിടത്താണു പരിഹാരസാദ്ധ്യതയും. സിനഡിനെ ഏറ്റുപറച്ചിലിലേക്കു നയിച്ചത് ഈ യാഥാര്‍ത്ഥ്യബോധമാണെന്നു വ്യക്തം. ഉത്തരവാദിത്വപ്പെട്ടവര്‍ ഇപെടാന്‍ വൈകിയതുതന്നെയാണ് ഇടര്‍ച്ച പൂര്‍ണമാക്കിയത്. സമചിത്തതയോടെ, സമയോജിതമായി സംസാരിക്കാന്‍ വൈകിയപ്പോഴൊക്കെ, സഭയില്‍ പ്രതിസന്ധികളുണ്ടായിട്ടുണ്ടെന്നതിന് സമകാലികസംഭവങ്ങള്‍ തന്നെ സാക്ഷിയാണ്.

സിനഡ് നിരീക്ഷിച്ചതുപോലെ സുവിശേഷാധിഷ്ഠിതമല്ലാത്ത സമീപനങ്ങളും പ്രശ്നപരിഹാരം അകലെയാക്കി. സത്യത്തിന്‍റെ സംരക്ഷണത്തിനു പകരം ചില 'സംരക്ഷണങ്ങളെ' സത്യമാക്കാന്‍ ശ്രമിച്ചതാണ് എതിര്‍സാക്ഷ്യമായത്. വ്യക്തികള്‍ക്കിടയിലുള്ള അകലം വാക്കുകള്‍ക്കിടയിലുമുണ്ടായി. പലപ്പോഴും വാക്കിനും അര്‍ത്ഥത്തിനുമിടയിലതാഴത്തിലായി. ചില മൊഴിമാറ്റങ്ങള്‍ വിപരീതാര്‍ത്ഥ ഫലങ്ങളുണ്ടാക്കിയതങ്ങനെയാണ്. അര്‍ത്ഥമാറ്റം ഔദ്യോഗികമായത് ആശയക്കുഴപ്പമിരട്ടിച്ചു. വാക്കിലെ തെറ്റുകളും തെറ്റിയ വാക്കുകളും സഭാകാശത്തെ മലിനമാക്കി. പ്രതിഷേധങ്ങളിലെ 'അതിരുകളും', അഭിപ്രായങ്ങളിലെ 'അരുതുകളും' വലിയ ചര്‍ച്ചയായി.

വ്യാജരേഖ വിവാദമായി. സിനഡിന്‍റെ താത്പര്യത്തിനു വിരുദ്ധമായി മാര്‍ ജേക്ക്ബ് മനത്തോടത്ത് പിതാവിനെയും ബഹു. പോള്‍ തേലക്കാട്ടച്ചനെയും വ്യാജരേഖക്കേസില്‍ പ്രതികളാക്കിയ 'സഭാവിരുദ്ധ ബാഹ്യശക്തികള്‍' തന്നെയാണോ വിവാദരേഖയുടെ യഥാര്‍ത്ഥ ഉറവിടവഴികളെ തടസ്സപ്പെടുത്തുന്നതെന്നു സിനഡ് പരിശോധിക്കണം. സിനഡിനെ ഈ വിധം പ്രതിസന്ധിയിലാക്കിയവര്‍ പ്രതിക്കൂട്ടിലാകണം. ഒപ്പം വിലപേശലുകള്‍ അനുരഞ്ജനനീക്കമായി അവതരിക്കാതിരിക്കുകയും വേണം.

2019 ആഗസ്റ്റ് 30 വരെ (കൃത്യമായി പറഞ്ഞാല്‍ സിനഡ് അവസാനിക്കുന്നതുവരെ) അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന അഭി. സെബാസ്റ്റ്യന്‍ പിതാവിനെയും അഭി. ജോസ് പിതാവിനെയും പരി. പിതാവും തിരുസംഘവും പുതിയ നിയോഗമേല്പിക്കുകയാണ്. ആളുകള്‍ക്കിടയിലതിവേഗമലിയാനാഗ്രഹിക്കുന്ന അഭി. എടയന്ത്രത്ത് പിതാവിനു മാണ്ഡ്യയെന്ന പുതിയ ദൗത്യം പ്രയാസകരമാകില്ല. അഭി. പുത്തന്‍വീട്ടില്‍ പിതാവിന്‍റെ പ്രസരിപ്പിന്‍റെ പുഞ്ചിരിയില്‍ ഡല്‍ഹിയുടെ പ്രേഷിതഭാവം തെളിയുമെന്നുറപ്പാണ്.

സീറോ-മലബാര്‍ സഭയെ ഏറെ സ്നേഹിക്കുകയും പ്രതിസന്ധി ഘട്ടത്തില്‍ വ്യക്തമായ ഇടപെടലുകള്‍ യഥാസമയം നടത്തുകയും ചെയ്ത പരി. പിതാവ് ഫ്രാന്‍സിസ് പാപ്പയെയും പൗരസ്ത്യ തിരുസംഘത്തെയും സിനഡ് നന്ദിയോടെ ഓര്‍മിക്കുമ്പോള്‍, നിയമനങ്ങളും വൈദികരുടെ സ്ഥലംമാറ്റങ്ങളുമുള്‍പ്പെടെ സമ്പൂര്‍ണാധികാരത്തോടെ നിയമിതനായ പുതിയ അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ പിതാവ്, അതിരൂപതയുടെ നന്മയ്ക്കും കൂട്ടായ്മയ്ക്കും വളര്‍ച്ചയ്ക്കുമായി ആ ശുശ്രൂഷ ഫലപ്രദമായി നിര്‍വഹിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. നഷ്ടത്തിന്‍റെ കണക്കെടുപ്പില്‍, കൈമോശം വന്ന വിശ്വാസ്യതയും പ്രധാനപ്പെട്ടതാണ് എന്ന ഓര്‍മയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാകട്ടെ. പ്രതിസന്ധിഘട്ടത്തില്‍ മാര്‍ ജേക്കബ് മനത്തോടത്തിന്‍റെ 'അപ്പസ്തോലിക' നടപടികള്‍ ശ്ലാഘനീയമായിരുന്നു. വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലൂടെ പൂര്‍ത്തിയാക്കപ്പെട്ട ആ ദൗത്യം വത്തിക്കാന്‍ നടപടികളെ എളുപ്പമുള്ളതാക്കി. വര്‍ദ്ധിത മിഷന്‍ ചൈതന്യത്തോടെ ആഗോള സാന്നിദ്ധ്യമായി വളരുന്ന സീറോ-മലബാര്‍ സഭയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനിനിയാകും.

സിനഡ് നടത്തിയ ഏറ്റുപറച്ചില്‍ ഇനി മുതല്‍ സഭാശുശ്രൂഷാശൈലിയാകണം. "നീതിയില്ലാത്തിടത്ത് പരമാധികാരമെന്നത് സംഘടിതമായ കവര്‍ച്ചയാണെന്നു" പറഞ്ഞ സെന്‍റ് അഗസ്റ്റിന്‍റെ 'ഏറ്റുപറച്ചില്‍' സത്യസന്ധമായത്, ജീവിതംകൊണ്ടതിനെ പരിഹാരമാക്കിയതിനാലാണ്.

സഭയെന്നാല്‍ സക്രിയരായ അല്മായര്‍ കൂടിയാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തെ സാക്ഷാത്കരിക്കുന്ന, ശക്തമായ അല്മായ മുന്നേറ്റങ്ങള്‍ സഭയുടെ കരുത്തായിതിരിച്ചറിയാനും ഈ പ്രതിസന്ധി കാരണമായി.

'സീറോ-മലബാര്‍ സഭയിലെ ഏറ്റവും പ്രമുഖമായ എറണാകുളം അങ്കമാലി അതിരൂപതയുടെ ആത്മീയ ഔന്നത്യവും ഉദാരതയും ഉയര്‍ത്തിപ്പിടിച്ച്, വിവാദ കാലങ്ങളില്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ പരസ്പരം മറന്നും പൊറുത്തും അനുരഞ്ജനത്തിന്‍റെ അരൂപിയില്‍ സാക്ഷ്യത്തിന്‍റെ പുതിയ ഉയരങ്ങളിലേക്കെത്താന്‍ അതിരൂപതയ്ക്കും സഭയ്ക്കും കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org