Latest News
|^| Home -> Editorial -> ഇതൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കാലമോ?

ഇതൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കാലമോ?

Sathyadeepam

ഭാരതം അതിന്‍റെ 71-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ആഗസ്റ്റ് മാസം അവസാനിച്ചതു സ്വതന്ത്രഭാരതത്തിലെ ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന, തൂലിക ചലിപ്പിക്കുന്ന ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്തുകൊണ്ടാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൂനാ പൊലീസ് സംഘമാണു കഴിഞ്ഞ ആഗസ്റ്റ് 29-ാം തീയതി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഈ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകള്‍ പരിശോധിച്ച് അവരുടെ ഉപകരണങ്ങള്‍ കൈക്കലാക്കിയത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചു പൂനാ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഒമ്പതു മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ 82 വയസ്സ് പ്രായമുള്ള റാഞ്ചി പ്രോവിന്‍സിലെ ജെസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയും പെടുന്നു.

ലെബനന്‍ ജെസ്യൂട്ട് റഫ്യൂജി സര്‍വീസസില്‍ സേവനം ചെയ്യുന്ന ഫാ. സെദ്രിക് പ്രകാശ് ഈ സംഭവത്തെ വിശേഷിപ്പിച്ചതു ഭാരതത്തില്‍ ആരംഭിച്ചിരിക്കുന്ന ‘രണ്ടാം അടിയന്തിരാവസ്ഥ’യെന്നാണ്. മാവോയിസ്റ്റ് ബന്ധം മാത്രമല്ല പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിലും സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയച്ചന്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് ആരോപണം. റാഞ്ചിയിലുള്ള ദളിത്-ആദിവാസി സംഘങ്ങളെ ഗ്രാമസഭകളിലെ അധികാരസ്ഥാനങ്ങളിലേക്കെത്തിക്കാനും PESA ആക്ട് പ്രകാരമുള്ള അവകാശങ്ങള്‍ അവര്‍ക്കു ലഭിക്കാനുമായി പ്രവര്‍ത്തിക്കുന്ന വൈദികനാണ് 82-കാരനായ സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമി.

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കുന്ന മാവോയിസ്റ്റ് സംഘടനകളെ ഇല്ലാതാക്കാനോ അവയുടെ നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ശ്രമിക്കാതെ അധഃകൃതരുടെ സാമൂഹ്യ ഉന്നമനത്തിനായി പരസ്യമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ചെളിവാരിയെറിയാനുള്ള ഈ ശ്രമം അപലപനീയമാണ്. വിരലിലെണ്ണാവുന്ന ഇത്തരം തീവ്രവാദ സംഘടനകളെ ഇല്ലാതാക്കാന്‍ തക്ക ശക്തിയുള്ള സംവിധാനങ്ങള്‍ കയ്യില്‍ ഉണ്ടായിരിക്കേ അതിനു ശ്രമിക്കാതെ, ഫാ. സ്റ്റാനെപ്പോലെയുള്ള സാധു സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഇക്കൂട്ടര്‍ തിരിയുന്നതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യം എന്താണ്? ദരിദ്രരും നിരക്ഷരരുമായ ദളിത്-പിന്നോക്ക സമുദായങ്ങളെ എക്കാലവും തങ്ങളുടെ ചട്ടുകങ്ങളാക്കി നിര്‍ത്തുക എന്നതാണോ?

ഈ പശ്ചാത്തലത്തില്‍ വേണം ഗൂഹാത്തിയില്‍ ഈയിടെ സമാപിച്ച വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിന്‍റെ നിരീക്ഷണത്തെ വിലയിരുത്താന്‍. ഭാരതത്തിലെ ചില ഉന്നതകുലവിഭാഗങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെ “ബുദ്ധിശാലികളായ ശൂദ്രന്മാര്‍” എന്നാണു വിളിക്കുന്നത്. ഭാരതത്തിലെ ഉന്നതകുല ജാതരായ തങ്ങളെ സേവിക്കുക മാത്രമാണ് അവരുടെ ധര്‍മ്മം. അല്ലാതെ പാവപ്പപ്പെട്ടവരെ ഉദ്ധരിക്കലല്ല, ദളിതരെ പഠിപ്പിക്കലുമല്ല. ഈ ചിന്ത അധികാരവര്‍ഗം മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാണു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രമാത്രം തിരിച്ചടികള്‍ ഉണ്ടാകുന്നത്.

1818-ല്‍ മാഹര്‍ എന്ന അധഃകൃതവര്‍ഗത്തിലെ ബ്രിട്ടഷ് പട്ടാളക്കാര്‍ ബ്രാഹ്മണ-പേഷ്വ വര്‍ഗത്താല്‍ നയിക്കപ്പെട്ട മറാഠയെ യുദ്ധത്തില്‍ തോല്പിച്ചു. അതിന്‍റെ 200-ാം വാര്‍ഷികം നടന്നത് അവര്‍ 1818-ലെ യുദ്ധം ജയിച്ച ഭീമ ഗൊരഗാവ് സ്ഥലത്തുതന്നെയാണ്. ദളിതരുടെ ഈ ശക്തിപ്രകടനവും സാമൂഹ്യ ഉദ്ധാരണവും വരേണ്യവര്‍ഗത്തെ ചൊടിപ്പിച്ചു. അതിന്‍റെ പ്രകടനമായി വേണം മനുഷ്യാവകാശപ്രവര്‍ത്തകരുടെ മേലുള്ള പൊലീസിന്‍റെ ഈ കടന്നുകയറ്റത്തെ കാണാന്‍. ഇന്ദിരാഗാന്ധിയുടെ ബന്ധുവും അടിയന്തിരാവസ്ഥക്കാലത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത നയന്‍താര സെയ്ഗള്‍ ഈ അവസ്ഥയെ “അപ്രഖ്യാപിത അടിയന്തിരാവസ്ഥ” എന്നാണ് ഒരു അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്.

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന അധികാരികളുടെ ഈ തന്ത്രം അഖണ്ഡഭാരതത്തിനു ദോഷമേ ചെയ്യൂ. ഭാരതത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ക്കു തുരങ്കം വയ്ക്കുന്ന ഫാസിസ്റ്റ്-മാവോയിസ്റ്റ് സംഘങ്ങളെ നിയന്ത്രിക്കാതെ സാമൂഹ്യനവോത്ഥാനത്തില്‍ ക്രിയാത്മകമായി ഇടപെടുന്നവരുടെ ജീവിതങ്ങളെ അപകടത്തിലാക്കുന്ന ഈ പ്രവണത അധികാരം കയ്യാളുന്നവര്‍ അവസാനിപ്പിച്ചേ മതിയാവൂ. ‘മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മേലുള്ള ഈ കടന്നുകയറ്റം ഗവണ്‍മെന്‍റിന്‍റെ ഭീതിയെ സൂചിപ്പിക്കുന്നു. സമൂഹത്തിനു വെളിച്ചം നല്കുന്ന അദ്ധ്യാപകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തുറുങ്കിലടയ്ക്കുകയും അന്ധകാരശക്തികളെ സ്വൈര്യമായി വിഹരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഈ അവസ്ഥ ഭാരതത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാക്കുന്നു. ഇതൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കാലംതന്നെ.” പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ നിരീക്ഷണമാകട്ടെ ഈ മുഖക്കുറിപ്പിന്‍റെ അവസാനവാചകം.

Leave a Comment

*
*