മന്ദഗതിയിലല്ലാത്ത മാന്ദ്യം

മന്ദഗതിയിലല്ലാത്ത മാന്ദ്യം

"ഇതൊരു അസാധാരണമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം രാജ്യം അഭിമുഖീകരിച്ചിട്ടില്ല. രാജ്യത്തിന്‍റെ ധനകാര്യസംവിധാനം വലിയ ഭീഷണിയിലാണ്. സമ്പദ്ഘടനയില്‍ പണലഭ്യത കുറയുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ല. ഇപ്പോഴത്തെ ആലസ്യത്തില്‍ നിന്നും ഉണരേണ്ടിയിരിക്കുന്നു. അതിനുള്ള നടപടികള്‍ എടുക്കണം. സ്വകാര്യമേഖലയുടെ ആശങ്ക മാറ്റാന്‍ സാദ്ധ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ എടുക്കണം."

കേന്ദ്രസര്‍ക്കാരിന്‍റെ ഉന്നത ആസൂത്രണനയസമിതിയായ 'നീതി ആയോഗിന്‍റെ' വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്‍റെ വിലാപമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഏറ്റവും മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വേവലാതിയുടെ വ്യാപ്തി വളരെ വലുതാണ്.

ഏതാണ്ടു പത്തു വര്‍ഷം മുമ്പു ലോകം അഭിമുഖീകരിച്ച വലിയ സാമ്പത്തികമാന്ദ്യത്തിന്‍റെ അലയൊലികള്‍ ഇന്ത്യയെ തൊടാതിരുന്നതിന്‍റെ കാര്യവും കാരണവും രാജ്യമിപ്പോള്‍ നിരാശയോടെ ഓര്‍മിക്കുന്നുണ്ട്. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തികശാസ്ത്രജ്ഞനായ ഡോ. മന്‍മോഹന്‍സിംഗിന്‍റെ ഭരണനേതൃത്വത്തില്‍ രാജ്യം അന്നു സുരക്ഷിതമായിരുന്നു. സാമ്പത്തികമേഖലയ്ക്ക് അപ്രതീക്ഷിതാഘാതം സമ്മാനിച്ച 'നോട്ടുനിരോധനം' ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഏതു വിധമാണു തകര്‍ക്കാന്‍ പോകുന്നതെന്നു മുന്‍കൂട്ടി കണ്ട ആ സാമ്പത്തികവിദഗ്ദ്ധന്‍ 'ആ സര്‍ക്കാര്‍ ആസൂത്രിത സാമ്പത്തികകൊള്ളയെ' തള്ളിപ്പറഞ്ഞ വേളയില്‍, രാജ്യം അതിവേഗത്തില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്പത്തികമാന്ദ്യത്തെ അന്നേ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. 'രാജ്യത്തിന്‍റെ ജിഡിപി രണ്ടു ശതമാനത്തിലധികം കുറയാന്‍ പോകുന്നു'വെന്ന യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ ആ പ്രവചനത്തെ 'കുളിമുറിയില്‍ കോട്ടിട്ടു കുളിക്കുന്നയാളു'ടെ ജല്പനമായി തള്ളിക്കളഞ്ഞവര്‍പോലും കരുതിക്കാണില്ല സാഹചര്യം ഇത്രമേല്‍ ഭീതിദവും അസാധാരണവുമാകുമെന്ന്.

"ഏറ്റവും ആശങ്കാകുലം" എന്നാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രതികരിച്ചത്. ഉദാഹരണങ്ങള്‍ നിരവധിയാണ്. 9 ലക്ഷം കോടി രൂപ വലിപ്പമുള്ള ഓട്ടോ വ്യവസായം രണ്ടു ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇരുചക്രവാഹനവിപണിയില്‍ മാത്രം 15,000 കരാര്‍ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. 300 വാഹന ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടിയതുള്‍പ്പെടെ വാഹനവ്യവസായത്തില്‍ മാത്രം 2.3 ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടമുണ്ടായെന്നാണു സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറിംഗ് വ്യക്തമാക്കിയത്. ടാറ്റാ മോട്ടോഴ്സ്, അശോക് ലൈലാന്‍ഡ്, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നതൊഴിവാക്കാന്‍ ഉത്പാദനദിനങ്ങള്‍ കുറച്ചു.

സിമന്‍റ്, സ്റ്റീല്‍, ഫര്‍ണീച്ചര്‍, പെയിന്‍റ്, തടി, ഇലക്ട്രിക്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി വ്യവസായങ്ങള്‍ക്കു പിന്തുണ നല്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാന്ദ്യം ശക്തമാണ്. വിറ്റുപോകാത്ത ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്‍റുകളും ഈ തളര്‍ച്ചയുടെ നേര്‍സാക്ഷ്യമാണ്. കുറയുന്ന തൊഴിലവസരങ്ങള്‍ രാജ്യത്തില്‍ 40 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണിപ്പോള്‍. ആളുകളുടെ കയ്യിലെ പണലഭ്യത കുറയുന്നതോടെ ക്രയവിക്രയം അസാദ്ധ്യമാകും.

രാജ്യത്തെ ഏറ്റവും വലിയ കുടിശികക്കാരനായി സര്‍ക്കാര്‍ തന്നെ തുടരുമ്പോഴാണ് കാശ്മീര്‍പോലുള്ള അസാധാരണ ഇടപെടലുകള്‍ കാര്യങ്ങളെ കുറേക്കൂടി ദയനീയമാക്കുന്നത്. ധനകാര്യമന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍റെ 'ബാങ്ക് ലയനം', 'പലിശ കുറയ്ക്കല്‍' പോലുള്ള നടപടികള്‍ എത്രമാത്രം യാഥാര്‍ത്ഥ്യബോധമുള്ളവയാണെന്നു കണ്ടറിയണം. റിസര്‍വ് ബാങ്കിലെ കരുതല്‍ നിക്ഷേപത്തില്‍ നിന്നുമെടുത്ത വന്‍ തുക എവിടെപ്പോയെന്നു പറയാതെയുള്ള ഒളിച്ചുകളിയില്‍ മുഖം നഷ്ടപ്പെട്ടാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.

പരിഹാരം ഒരു മേഖലയുടേതോ ഒറ്റത്തവണയുടേതോ അല്ല. കാര്‍ഷികരംഗമുള്‍പ്പെടെ രാജ്യത്തിന്‍റെ അടിസ്ഥാനമേഖലയിലെ മുരടിപ്പിനെ ഉള്‍ക്കൊള്ളും വിധം സമഗ്രമായ സമീപനമാണ് ആവശ്യം. രാജ്യത്തിന്‍റെ പണം ഏതാനും കോര്‍പ്പറേറ്റുകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന സര്‍ക്കാര്‍ നയം അടിമുടി തിരുത്തപ്പടണം. പണത്തിന്‍റെ ഒഴുക്കുറപ്പുവരുത്തുംവിധം വിശ്വാസ്യത വീണ്ടെടുക്കപ്പെടണം. ഓരോ നയവും നിലപാടും രാജ്യത്തെ സാധാരണക്കാരെ സഹായിക്കാനാവുംവിധം സമഗ്രവും സമതുലിതവുമാകണം. മറച്ചുപിടിക്കുന്ന മുദ്രാവാക്യങ്ങളല്ല മറ നീക്കുന്ന നടപടികളാണാവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org