കരയുന്നവരോടു കയർക്കല്ലേ

കരയുന്നവരോടു കയർക്കല്ലേ

പ്രശ്നങ്ങളുടെ കാര്‍മേഘങ്ങള്‍ സഭയ്ക്കുള്ളില്‍ത്തന്നെ ഉരുണ്ടുകൂടുകയും ബാഹ്യശക്തികള്‍ അവയെ പെരുമഴയായി പെയ്യിക്കുകയും ചെയ്യുന്നതു കണ്ടു തരിച്ചുനില്ക്കുകയാണു കേരളത്തിലെ ഔദ്യോഗികസഭയും വിശ്വാസസമൂഹവും. ഇപ്പോള്‍ ഉയര്‍ന്നു കളം നിറഞ്ഞിരിക്കുന്ന ഈ ആരോപണങ്ങളോടു കേരളസഭ എങ്ങനെ പ്രതികരിക്കുന്നുവെന്നതു സഭയുടെ ഭാവി നിര്‍ണയിക്കും. ഇരയും ആരോപണവിധേയനും ഒരുപോലെ സഭയ്ക്കു പ്രിയപ്പെട്ടവരാണ്. എങ്കിലും ഇരകളാക്കപ്പെട്ടവര്‍ക്കു സംരക്ഷണം നല്കാനും നിഷ്പക്ഷമായ അന്വേഷണത്തിനു കളമൊരുക്കാനും ഔദ്യോഗികസഭയ്ക്കാകണം. പ്രതികരിക്കേണ്ടവര്‍ മൗനം അവലംബിക്കുകയോ അതിനു നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ കളം നിറഞ്ഞാടുന്നതു മറ്റു പലരുമാണ്. കഥയിലെ നായകന്‍റെ സ്ഥാനത്തു കോമാളി കയറി കഥയെ നിയന്ത്രിക്കുന്ന ദുരവസ്ഥ.

പഴയ നിയമത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകം 18, 19 അദ്ധ്യായങ്ങളില്‍ ഏലിയാ പ്രവാചകന്‍റെ ഒളിച്ചോട്ടത്തെയും മൗനത്തെയും യഹോവ പൊളിച്ചെഴുതുന്ന സംഭവം വിവരിക്കുന്നുണ്ട്. ഇസ്രായേല്‍ ജനം വിശ്വാസം ഉപേക്ഷിച്ചു ബാല്‍ ദേവന്മാരുടെ പുറകെ പോയപ്പോള്‍ ഏലിയാ പ്രവാചകന്‍ കര്‍ത്താവിന്‍റെ ആത്മാവിനാല്‍ നിറഞ്ഞു ബാല്‍ദേവന്‍റെ 450 പുരോഹിതരെ ബലിയര്‍പ്പണത്തിനു വെല്ലുവിളിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്തതാണ്. ഏലിയാപ്രവാചകനും ബാലിന്‍റെ പുരോഹിതരും ഒരുക്കിയ വ്യത്യസ്ത ബലിപീഠങ്ങളിലെ ബലിവസ്തുക്കളില്‍ ഏലിയായുടേതു മാത്രമാണു സ്വര്‍ഗത്തില്‍നിന്ന് അഗ്നിയിറങ്ങി സ്വീകരിക്കപ്പെട്ടത്. ബാലിന്‍റെ 450 പുരോഹിതരെയും ഇസ്രായേല്‍ ജനം ഇല്ലാതാക്കി.

എന്നാല്‍ വിജാതീയ ദൈവമായ ബാലിനെ ആരാധിച്ചിരുന്ന ഇസ്രായേല്‍ രാജാവ് ആഹാബിന്‍റെ ഭാര്യ ജസബേലിന്‍റെ ഭീഷണി ഭയന്നു കര്‍ത്താവിന്‍റെ പ്രവാചകന്‍ ഏലിയാ യൂദയായിലെ മരുഭൂമിയിലേക്കു പലായനം ചെയ്തു. കര്‍ത്താവിന്‍റെ മലയായ ഹൊറേബിലെ ഒരു ഗുഹയില്‍ നിശ്ശബ്ദനായി ഒറ്റയ്ക്കിരിക്കുന്ന ഏലിയാ പ്രവാചകനു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. ഭൂകമ്പത്തിലും അഗ്നിയിലുമല്ലാതെ മന്ദമാരുതന്‍റെ സാന്നിദ്ധ്യത്തില്‍ ദൈവം പ്രവാചകനു കല്പന നല്കി. ഇസ്രായേല്‍ ജനത്തിനടുത്തേയ്ക്കു മടങ്ങി ചെന്ന് അവരില്‍ നടത്തേണ്ട നായകമാറ്റത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചുമായിരുന്നു അത്. ബന്‍ ഹദാദിനു പകരം ഹസായേലിനെ സിറിയായുടെ രാജാവായും ആഹാസിനു പകരം നിംഷിയുടെ മകന്‍ യേഹുവിനെ ഇസ്രായേലിന്‍റെ രാജാവായും തന്‍റെ സ്ഥാനത്ത് ഏലീഷായെ ഇസ്രായേലിന്‍റെ പ്രവാചകനായും അഭിഷേകം ചെയ്യാനാണു ദൈവം ഏലിയാ പ്രവാചകനോടു കല്പിച്ചത്. ഏലിയായുടെ ശിഷ്യനായി കര്‍ത്താവിന്‍റെ പുതിയ പ്രവാചകനാകാന്‍ ഏലീഷാ തന്‍റെ ജീവനോപാധികളായ കാളയെ കൊന്ന്, കലപ്പ കത്തിച്ച്, മാംസം വേവിച്ചു ജനത്തിനു ഭക്ഷണമായി നല്കി. ഒരു പ്രവാചകനാകാന്‍ നല്കിയ വില.

പലതിനെയും പലരെയും പേടിച്ചു പ്രശ്നങ്ങളോടു പ്രതികരിക്കാതെ, മൗനത്തിന്‍റെ വാല്‍മീകത്തിലായിരിക്കുമ്പോള്‍ ഓര്‍ക്കുക, ഇതിനേക്കാള്‍ വലിയ പ്രതിസന്ധികളെ ദൈവത്തിലാശ്രയിച്ച് ഒരുമയോടെ നാം നേരിട്ടതാണ്. കര്‍ത്താവ് തന്നിലൂടെ ചെയ്ത വന്‍ കാര്യങ്ങള്‍ മറന്ന്, ഓടി ഗുഹയില്‍ ഒളിച്ച പ്രവാചകനെ ദൈവത്തിന്‍റെ സ്വരം ജനമദ്ധ്യത്തിലേക്കു തിരിച്ചു കൊണ്ടുവന്നതുപോലെ മൗനം വെടിഞ്ഞു മക്കളുടെ കാര്യത്തിലിടപെടാന്‍ മാതാപിതാക്കള്‍ക്കടുത്ത ഉത്തരവാദിത്വം പേറുന്ന സഭാധികാരികള്‍ക്കാവട്ടെ.

"എനിക്കു വിശക്കുന്നു" എന്നു കവല വരെ കേള്‍ക്കുന്ന ശബ്ദത്തില്‍ ഉറക്കെ കരയുന്ന മക്കളുടെ വായ് മൂടാനല്ല, വയറു നിറയ്ക്കാനാണു സ്നേഹമുള്ള മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. 'എന്നെ അപ്പന്‍ സ്നേഹിക്കുന്നില്ല', 'എനിക്കു വീട്ടില്‍ പട്ടിണിയാണ്' എന്നൊക്കെ മക്കള്‍ കവലയില്‍ നിന്നു പറയുന്ന ഒരു സാഹചര്യമുണ്ടാകുന്നതു മാതാപിതാക്കളുടെ പിടിപ്പുകേടുതന്നെയാണ്.

മക്കള്‍ അയല്‍പക്ക വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതും സുഹൃത്തുക്കളുടെ വീടുകളില്‍ അന്തിയുറങ്ങുന്നതും തെറ്റല്ല. എന്നാല്‍ അതിനു കാരണം മാതാപിതാക്കള്‍ അവര്‍ക്കു ഭക്ഷണം നല്കാത്തതും സ്വന്തം വീട്ടില്‍ കിടക്കാന്‍ സമ്മതിക്കാത്തതുമാകുമ്പോള്‍ അതു മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ ഒരു തെറ്റാകുന്നു. ഇതിനു പരിഹാരം മക്കളെ ഉപദേശിക്കലല്ല, മാതാപിതാക്കള്‍ അവരുടെ പരാതിയുടെ വാതിലുകള്‍ അടച്ചു പുത്രവാത്സല്യത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുക എന്നതാണ്. പൊതുസമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഔദ്യോഗിക മറുപടികള്‍ക്കു പകരം മൗനമാകുമ്പോള്‍ സഭ മാറ്റിനിര്‍ത്തപ്പെടുന്നതു സംശയത്തിന്‍റെ നിഴലിലേക്കാണെന്ന് ഓര്‍ക്കുക. ക്രിസ്തീയ പൗരോഹിത്യത്തിന്‍റെ പ്രവാചകശബ്ദം പുറത്തുവരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org