ഭിന്നിപ്പിക്കുന്ന ഭാ’ഷാ’

ഭിന്നിപ്പിക്കുന്ന ഭാ’ഷാ’

ഹിന്ദി രാജ്യത്തിന്‍റെ പൊതു ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഹിന്ദി ദിനാചരണത്തിലെ ആഹ്വാനത്തെ ആശങ്കയോടെയാണു രാജ്യം കേട്ടത്. രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്കു രാജ്യത്തെ യോജിപ്പിക്കാന്‍ കഴിയുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. വിളിച്ചുകൂട്ടാനും വിളിച്ചുപറയാനും ഒരു പുതിയ മുദ്രാവാക്യവും അദ്ദേഹം നല്കി, 'ഒരു രാജ്യം, ഒരു ഭാഷ.'

പ്രത്യക്ഷത്തില്‍ നല്ലതെന്നു തോന്നിപ്പിക്കുന്ന ഈ ഭാഷാപ്രേമത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. ഭാരതത്തിനു ഭാഷ വെറുമൊരു ആശയവിനിമയോപാധി മാത്രമല്ല. രാജ്യത്തിന്‍റെ നിര്‍മിതിയുടെ അടിസ്ഥാന ഘടനപോലുമതാണ്. സ്വാതന്ത്ര്യാനന്തരം ചിന്നിച്ചിതറിയ ജനസാമാന്യത്തെ ചേര്‍ത്തൊട്ടിച്ചതു ഭാഷയാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചാണു ശ്രമകരമായ രാഷ്ട്രനിര്‍മിതി പട്ടേലും കൂട്ടരും പൂര്‍ത്തിയാക്കിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ ഏകഭാഷാവാദം.

രാജ്യത്തെ യോജിപ്പിക്കാന്‍ ഹിന്ദിഭാഷയ്ക്കാണു കഴിയുകയെന്ന വാദം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്. 2011-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 43 ശതമാനം പേര്‍ മാത്രമാണു ഹിന്ദി സംസാരിക്കുന്നത്. മറ്റു ഭാഷകള്‍ സംസാരിക്കുന്നവര്‍ ജനസംഖ്യയുടെ 56 ശതമാനമാണ്. 1652 ഭാഷാഭേദങ്ങളുടെ വൈവിദ്ധ്യസമൃദ്ധിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയ ഔദ്യോഗിക ഭാഷകളുടെ എണ്ണം 22 ആണ്. 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭകൊടുങ്കാറ്റില്‍ തമിഴ് നാട്ടില്‍ മാത്രം 500-ലധികം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതു മറക്കാതിരിക്കണം. ഹിന്ദിയെ രാഷ്ട്രഭാഷയായും ഇംഗ്ലീഷിനെ വിനിമയഭാഷയായും പ്രാദേശികഭാഷയെ ഒപ്പം നിര്‍ത്തിയും ത്രിഭാഷാ പദ്ധതിയെന്ന സമവായ സമീപനമാണു ഭാഷാതര്‍ക്കത്തെ താത്കാലികമായി സമാപിപ്പിച്ചത്.

ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഉത്തരേന്ത്യയില്‍ ബംഗാളിലും ദക്ഷിണേന്ത്യയിലും രാഷ്ട്രീയനേതൃത്വം അമിത്ഷായുടെ ഏകഭാഷാശയത്തെ ബഹുസ്വരതയ്ക്കു നേര്‍ക്കുയര്‍ന്ന അവഹേളനമായി തിരിച്ചറിഞ്ഞു തള്ളിക്കളഞ്ഞു. ഒന്നായിരിക്കാന്‍ ഒരുപോലിരിക്കണമെന്ന ചിന്ത ഫാസിസത്തിന്‍റേതാണ്. 'ഒരു നേതാവ്, ഒരു പതാക, ഒരു മതം, ഒരേ ഭക്ഷണം… ഇപ്പോള്‍ ഒരു ഭാഷ, പിന്നെ ഒരു പാര്‍ട്ടി…" പട്ടിക ഇങ്ങനെ നീളുമ്പോള്‍, ഒന്നും പറയേണ്ടതില്ലാത്തതിനാല്‍ ഭാഷപോലും പിന്നീട് ആഡംബരമാകും. നിയമനിര്‍മാണത്തിന്‍റെ ചര്‍ച്ചാവേദിയാകാതെ, സര്‍ക്കാര്‍ തീരുമാനങ്ങളുടെ നോട്ടീസ് ബോര്‍ഡായി പാര്‍ലമെന്‍റ് ഇപ്പോള്‍ത്തന്നെ മാറിയതു നമ്മെ അലോസരപ്പെടുത്താത്തിടത്താണ് അപകടം. സ്വന്തം ജീവിതാവസ്ഥകളോടു സംവദിക്കുന്നതില്‍ അനുദിനമെന്നോണം അസമര്‍ത്ഥമായിത്തീരുന്ന, 'ആള്‍ക്കൂട്ട'വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി നാം അതിവേഗം മാറിപ്പോകുന്നുണ്ട്.

രാജ്യത്തെ അതിവേഗമില്ലാതാക്കാന്‍ മാത്രം അതിശക്തമായിത്തുടരുന്ന 'മാന്ദ്യ'ത്തെ മറച്ചുപിടിക്കാനാണീ ഭാഷാപ്രേമത്തിന്‍റെ പുതിയ 'ബഹള'മെന്നു ഭാഷാ'പ്രേമികള്‍' തിരിച്ചറിയാത്തതല്ല; ഏതെങ്കിലും ഒരു നേതാവിനോടോ ബിംബത്തോടോ സ്വയം അടിമപ്പെടുന്നതില്‍ ജനങ്ങള്‍ക്ക് ആഹ്ലാദം തോന്നുംവിധം അടിമത്തം തെരഞ്ഞെടുക്കുന്ന 'പുതിയ ഇന്ത്യ'യുടെ ആന്തരികബലക്ഷയത്തെ അളന്നുനോക്കുന്നതാണ്.

ഹിന്ദി പഠനം വേണ്ടെന്നു പറയുകയല്ല. അതൊരു രാഷ്ട്രീയ പ്രചാരണായുധമാക്കുന്നതിലാണെതിര്‍പ്പ്. ഒപ്പം ദക്ഷിണേന്ത്യയെ ഗൗരവമായെടുക്കാതിരിക്കുന്നതിലും. ഹിന്ദി അടിച്ചേല്പിക്കില്ല എന്ന് അമിത് ഷാ പിന്നീടു തിരുത്തിയതു സ്വാഗതാര്‍ഹംതന്നെ.

ഞാന്‍ പറയുന്നതു നിനക്കു മനസ്സിലാകണമെന്നത് ആശയവിനിമയത്തിന്‍റെ അടിസ്ഥാന പ്രമാണമാണ്. അതിനു നാം ഒരു ഭാഷയില്‍ ഒന്നിക്കണമെന്നില്ല, ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന 'ഭാഷ'യില്‍ ഒരുമിച്ചാല്‍ മതി. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും സാര്‍വലൗകിക ഭാഷയില്‍ സംഭാഷണങ്ങള്‍ തുടരട്ടെ, സഭയിലും സമൂഹത്തിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org