Latest News
|^| Home -> Editorial -> സ്വവർ​ഗാനുരാ​ഗത്തിലെ നെല്ലും പതിരും

സ്വവർ​ഗാനുരാ​ഗത്തിലെ നെല്ലും പതിരും

Sathyadeepam

സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്ന 1861-ലെ ഐപിസി 377 നിയമത്തെ അസാധുവാക്കി 2018 സെപ്തംബര്‍ 6-ന് സുപ്രീംകോടതിയുടെ അഞ്ചംഗ ജഡ്ജി പുറപ്പെടുവിച്ച വിധി ഭാരത ചരിത്രത്തില്‍ ഇടം തേടി. ഈ വിധിപ്രകാരം സ്വവര്‍ഗാനുരാഗികള്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റകരമല്ല. ലിംഗവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കാമെന്നും മനുഷ്യത്വമാണു വലുതെന്നും ഈ സുപ്രധാന വിധി തെളിയിക്കുന്നുവെന്നാണ് LGBTQ  വിഭാഗത്തിന്‍റെ വക്താക്കള്‍ വിലയിരുത്തിയത്. ഭരണഘടനയുടെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും സ്വവര്‍ഗാനുരാഗികളും മനുഷ്യമഹത്ത്വത്തില്‍ പങ്കുപറ്റുന്നവരാണെന്നും അംഗീകരിച്ച വിധിയായിരുന്നു ഇത്. ‘നാമൊന്നല്ലേ, നമ്മളൊന്നല്ലേ, നമുക്കുടയോനും ഈ മണ്ണിനുടയോനും നമ്മളല്ലേ…” എന്നു പാടി ഈ വിധിയെ സ്വാഗതം ചെയ്ത സ്വവര്‍ഗാനുരാഗികളുടെ സംഘം നാളുകളായി അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ലിംഗവിവേചനത്തിന്‍റെ നുകം ഒടിഞ്ഞതിന്‍റെ ആനന്ദമാണു പ്രകടിപ്പിച്ചത്.

എങ്കിലും, സ്വവര്‍ഗാനുരാഗ പ്രവണത ജന്മനാല്‍ ഉള്ളതാണെന്ന ധാരണയെയും വാദത്തെയും ഖണ്ഡിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രീയപഠനം ഈ മാസം ആദ്യം തന്നെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ മേരിലാന്‍ഡില്‍ 1876-ല്‍ സ്ഥാപിതമായ ഈ യൂണിവേഴ്സിറ്റിയാണു പാശ്ചാത്യ ശാസ്ത്രലോകത്തിനു ഗവേഷണ മാനം നല്കിയ ആദ്യ യൂണിവേഴ്സിറ്റി. 2018 സെപ്തംബര്‍ ആദ്യവാരം അവര്‍ പുറപ്പെടുവിച്ച 143 പേജ് റിപ്പോര്‍ട്ട് സ്വവര്‍ഗാനുരാഗിയായ ഒരാള്‍ ഈ പ്രവണതയോടെയാണ് ജനിക്കുന്നത് എന്നു പൂര്‍ണമായും തെളിയിക്കാന്‍ വേണ്ടത്ര ശാസ്ത്രീയമായ തെളിവുകള്‍ ഇല്ല എന്നു സമര്‍ത്ഥിക്കുന്നു. സ്വവര്‍ഗാനുരാഗികളില്‍ ഭൂരിഭാഗം പേരും അവരുടെ കുട്ടിക്കാലങ്ങളില്‍ എതിര്‍ലിംഗത്തോടും ആകര്‍ഷണമുള്ളവരാണ്. എങ്കിലും അവര്‍ വളര്‍ന്നുവന്ന സാമൂഹികചുറ്റുപാടുകളും വിവേചനങ്ങളും ഒറ്റപ്പെടുത്തലുകളുമാണു പടിപടിയായി അവരെ സ്വവര്‍ഗാനുരാഗത്തിലേക്ക് എത്തിക്കുന്നത് എന്നാണവരുടെ കണ്ടുപിടുത്തം. സ്വവര്‍ഗാനുരാഗ സ്വഭാവം ജന്മസിദ്ധമാണെന്ന വാദമാണ് ഇതോടെ പ്രതിക്കൂട്ടിലാകുന്നത്.

സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെങ്കിലും അതു സമൂഹത്തില്‍ ഉയര്‍ത്തുന്ന ഒരു ധാര്‍മ്മിക പ്രതിസന്ധി കണ്ടില്ലെന്നു നടിക്കാന്‍ സഭയ്ക്കാവില്ല. സ്വവര്‍ഗാനുരാഗത്തെ കുറ്റവിമുക്തമാക്കിയെങ്കിലും അതു സമൂഹത്തെ പടുത്തുയര്‍ത്തുന്നില്ല. കാരണം പുരുഷനും സ്ത്രീയും വിവാഹത്തില്‍ ഒന്നിച്ചു സാദ്ധ്യമാക്കേണ്ട സമൂഹനിര്‍മ്മിതി എന്ന ലക്ഷ്യത്തെ സ്വവര്‍ഗവിവാഹം സാധൂകരിക്കുന്നില്ല. മനുഷ്യനിലെ ലൈംഗികത എന്ന കഴിവു തികച്ചും സ്വകാര്യമായ ഒരു അവകാശം മാത്രമല്ല, അതിനൊരു സാമൂഹികമാനം കൂടിയുണ്ട്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1979-ല്‍ പുറത്തിറക്കിയ “Theology of Body” എന്ന ലേഖനത്തില്‍ വിവാഹത്തിന്‍റെയും ലൈംഗികതയുടെയും ഈ ലക്ഷ്യം വിശദീകരിക്കുന്നുണ്ട്.

വിവാഹമെന്നത് ഏതെങ്കിലും രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമല്ല; പരസ്പര പൂരകങ്ങളാകാനും ജീവനെ സൃഷ്ടിക്കാനുമുള്ള തങ്ങളുടെ ലൈംഗികത എന്ന കഴിവുപയോഗിച്ച് ഒരു പുരുഷനും സ്ത്രീയും ഒന്നാകുന്നതാണ്. സ്വവര്‍ഗാനുരാഗബന്ധങ്ങളില്‍ ലൈംഗികതയുടെ വ്യക്തിമാനം മാത്രമേ പൂര്‍ത്തീകരിക്കപ്പെടുന്നുള്ളൂ. സ്വവര്‍ഗാനുരാഗബന്ധങ്ങള്‍ പ്രകൃതിയുടെ സ്വാഭാവിക ധാര്‍മ്മിക നിയമങ്ങള്‍ക്ക് എതിരാകുന്നു. ജീവന്‍ നല്കുക എന്ന ലൈംഗികതയുടെ മഹനീയ ലക്ഷ്യത്തെ പൂര്‍ത്തിയാക്കാന്‍ ഇതിനു കഴിയില്ല. ലൈംഗികതയില്‍ പരസ്പര പൂരകങ്ങളാകാനുള്ള വിളി ജീവിക്കാനും അവര്‍ക്കു സാധിക്കുന്നില്ല. അതിനാല്‍ നിയമപരമായ സ്വവര്‍ഗാനുരാഗം ഒരു കുറ്റമല്ലെങ്കിലും ധാര്‍മ്മികമായി അംഗീകരിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമായി മാറുന്നു.

എങ്കിലും സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തിന്‍റെ അവിഭാജ്യഘടകങ്ങള്‍ തന്നെയാണ്. യാതൊരു തരത്തിലുള്ള വിവേചനവും വിരോധവും ഇതിന്‍റെ പേരില്‍ അവര്‍ അനുഭവിക്കാന്‍ പാടില്ല. അങ്ങനെ അവരോടു പെരുമാറുന്നതു തികച്ചും കുറ്റകരവുമാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്പര്‍ 2358 ഉദ്ധരിച്ചുകൊണ്ടു ഫ്രാന്‍സിസ് പാപ്പ ‘അമോരിസ് ലത്തീസ്യ’ എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തിന്‍റെ 250-ാം ഖണ്ഡികയില്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഏതു തരത്തിലുള്ള ലൈംഗിക ആഭിമുഖ്യമുള്ള വ്യക്തികളെയും സഭ അവരര്‍ഹിക്കുന്ന മാന്യതയോടെയും പരിഗണനയോടെയും ബഹുമാനത്തോടെയും കാണുന്നു. അധാര്‍മ്മികമായ യാതൊരു വിവേചനവും അവരോടു നാം പ്രകടിപ്പിക്കരുത്.” ഐപിസിയുടെ 377-ാം വകുപ്പിന്‍റെ പൂര്‍ണമല്ലാത്ത നിരോധനം നിയമാനുസൃതമായതുകൊണ്ടു ധാര്‍മ്മികമാകണമെന്നില്ല.

Leave a Comment

*
*