പ്രീണനമല്ല, പാലനം അതിശ്രേഷ്ഠം

പ്രീണനമല്ല, പാലനം അതിശ്രേഷ്ഠം

കാലം പുരോഗമിച്ചിട്ടും സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടും വിവരം കൂടിയിട്ടും വംശത്തിന്‍റേയും മതത്തിന്‍റേയും പേരിലുള്ള അടിച്ചമര്‍ത്തലുകളും പുറത്താക്കലുകളും തുടര്‍ക്കഥയാകുന്നു. "പലായനം' "അഭയാര്‍ത്ഥികള്‍" എന്നീ വാക്കുകള്‍ക്കൊപ്പം ഈ അടുത്ത നാളുകളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട വിശേഷണ പദങ്ങളാണ് മ്യാന്‍മാറും റോഹിന്‍ഗ്യ എന്ന മുസ്ലീംവംശവും. റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ പലായനം മ്യാന്‍മാറിന്‍റെ മാത്രമല്ല ബംഗ്ലാദേശിന്‍റേയും ഭാരതത്തിന്‍റേയും പ്രശ്നമായി മാറിക്കഴിഞ്ഞു.

ബര്‍മ്മ എന്നു നാം വിളിച്ചിരുന്ന ഇപ്പോഴത്തെ മ്യാന്‍മാറിലെ 135-ഓളം വരുന്ന വംശീയസമൂഹങ്ങളില്‍ ഒന്നു മാത്രമാണ് റോഹിന്‍ഗ്യ വംശം. എന്നാല്‍ ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന ന്യൂനപക്ഷ വംശമാണ് റോഹിന്‍ഗ്യകള്‍. സ്വകാര്യസ്വത്തവകാശം അവര്‍ക്കില്ല; രാജ്യത്തിനകത്തുപോലും സഞ്ചരിക്കാന്‍ ഔദ്യോഗിക അനുമതി ആവശ്യമാണ്; രണ്ട് കുട്ടികളില്‍ കൂടുതല്‍ റോഹിന്‍ഗ്യകളുടെ കുടുംബങ്ങളില്‍ പാടില്ല. സ്വന്തം രാജ്യത്ത് പൗരത്വം പോലും നിഷേധിക്കപ്പെട്ടവര്‍. ഇവരോടുള്ള പീഡനങ്ങളുടെ ഈ നാള്‍വഴി ഏറെ വിചിത്രവും ക്രൂരവുമാണ്.

ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത 4 ലക്ഷത്തോളം വരുന്ന രോഹിന്‍ഗ്യ വംശജരുടെ തിരിച്ചുവരവിന്‍റെയും സുരക്ഷയുടെയും കാര്യത്തില്‍ മ്യാന്‍മാറിന്‍റെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാന്‍ സൂചിയുടെ നിശബ്ദതയും തണുപ്പന്‍ ശ്രമങ്ങളും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവാണ് സൂചി. അധികാരത്തിലാണെങ്കിലും സൂചി നിയന്ത്രിക്കപ്പെടുന്നത് രാജ്യത്തെ സൈന്യത്താലാണെന്ന് പരക്കെ ആക്ഷേപമുണ്ട്. സ്വന്തം രാജ്യത്തിനകത്തെ തന്‍റെ അധികാരം ഉറപ്പിക്കാനും അതേസമയം തന്നെ അന്താരാഷ്ട്രതലത്തില്‍ തനിക്കുള്ള മനുഷ്യാവകാശപ്രവര്‍ത്തക എന്ന സല്‍പ്പേര് നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടുകയാണ് സൂചി എന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഏഷ്യയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്സന്‍റെ നിരീക്ഷണം സത്യമാണ്.

റോഹിന്‍ഗ്യ വംശജരുടെ പലായനവുമായി ബന്ധപ്പെട്ട് ഭാരതത്തിന്‍റെ സ്ഥിതിയും ഭിന്നമല്ല. അഭയാര്‍ത്ഥികളായി ഭാരതത്തിലെത്തിയ നാല്‍പതിനായിരത്തോളം വരുന്ന റോഹിന്‍ഗ്യ വംശജരെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും രാജ്യസുരക്ഷയുടെ കാരണവും പറഞ്ഞ് പുറത്താക്കാന്‍ ഒരുങ്ങുകയാണ് ഇന്‍ഡ്യന്‍ ഭരണകൂടം. സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇടപെടരുത് എന്ന നിര്‍ദ്ദേശം സ്വന്തം പൗരന്മാരുടെ സുരക്ഷയുടെ പേര് പറഞ്ഞ് ഭരണനേതൃത്വം നല്‍കി കഴിഞ്ഞു.

എന്നാല്‍ അഭയാര്‍ത്ഥികളോടുള്ള ഇന്‍ഡ്യയുടെ സമീപനത്തിന്‍റെ ചരിത്രം മറ്റൊന്നാണെന്ന് മറക്കരുത്. 1980 കളിലും 1990കളിലും മ്യാന്‍മാറില്‍നിന്ന് ആയിരക്കണക്കിന് ആഭയാര്‍ത്ഥികളെ സ്വീകരിച്ചവരാണ് നാം. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മോദിയുടെ ഭരണം വരെയുള്ള കാലയളവില്‍ ഒരു ലക്ഷത്തിലധികം ടിബറ്റന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്തവരാണ് നാം. കൂടാതെ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ഇപ്പോഴും അഭയാര്‍ത്ഥികളായി ഇന്ത്യയിലുണ്ട്. ഭാരതത്തിലെ 110 കോടി ജനങ്ങളുടെ സുരക്ഷക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശക്തമായ നമ്മുടെ സുരക്ഷാ മേഖലയുടെ സേവനം എന്തുകൊണ്ട് ഇന്‍ഡ്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയ വെറും നാല്‍പതിനായിരത്തോളം വരുന്ന റോഹിന്‍ഗ്യകള്‍ക്ക് കൂടി നല്‍കിക്കൂടാ? മിലിട്ടറി നിയന്ത്രിത മ്യാന്‍മാര്‍ ഭരണകൂടത്തില്‍നിന്ന് ലഭിക്കാവുന്ന ചില സഹായങ്ങളുടേയും മെച്ചങ്ങളുടേയും പേരില്‍, ഭാരതത്തിലഭയം പ്രാപിച്ച റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ക്ക് അഭയം നിഷേധിക്കുന്നത് ശരിയല്ല. മാനുഷിക പരിഗണനക്ക് അവര്‍ അര്‍ഹരാണ്.

ഇവിടെയാണ് അഭയാര്‍ത്ഥി പ്രശ്നത്തില്‍ കാരുണ്യം നിറഞ്ഞ നിലപാടുകള്‍ തുടര്‍ച്ചയായി എടുക്കുകയും അതിന് ശക്തമായ വില നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലുകള്‍ പ്രസക്തമാകുന്നത്. വരുന്ന നവംബര്‍ മാസാവസാനത്തോടെ പാപ്പ മ്യാന്‍മാറും ബംഗ്ലാദേശും സന്ദര്‍ശിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ പാപ്പ മ്യാന്‍മാറിലെ റോഹിന്‍ഗ്യ മുസ്ലീംവംശജര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പരാമര്‍ശിച്ച് തന്‍റെ പ്രതിഷേധം അറിയിച്ചതാണ്. ഈ നവംബറില്‍ മ്യാന്‍മാര്‍ സന്ദര്‍ശിക്കുമ്പോള്‍ പാപ്പ തന്‍റെ പ്രസംഗത്തില്‍ റോഹിന്‍ഗ്യ എന്ന പദം പോലും ഉച്ചരിച്ചാല്‍ ഉടന്‍ തിരിച്ചുപോകേണ്ടിവരും എന്ന ഭീഷണി മ്യാന്‍മാറിലെ ചില തീവ്രവാദി ഗ്രൂപ്പുകള്‍ നല്‍കി കഴിഞ്ഞു.

അഭയാര്‍ത്ഥികളോടുള്ള തന്‍റെ സമീപനത്തിന്‍റെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുതന്നെ പ്രതിഷേധവും വിമര്‍ശനവും പാപ്പക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിച്ചതുമൂലം മാനഹാനിയും ധനനഷ്ടവുമൊക്കെ അനുഭവിക്കേണ്ടതായും വന്നു. എങ്കിലും പാപ്പ അഭയാര്‍ത്ഥികളോടുള്ള തന്‍റെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ല. മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവന് പതര്‍ച്ചകളില്ല. അവന്‍ പാറപ്പുറത്ത് ഭവനം പണിതവനെപ്പോലെയെന്ന് ബൈബിള്‍. മഴ പെയ്യും, വെള്ളപ്പൊക്കമുണ്ടാകും കാറ്റൂതും അത് ഭവനത്തിന്‍മേല്‍ ആഞ്ഞടിക്കും. എങ്കലും അത് വീഴില്ല. കാരണം അത് പാറമേല്‍ സ്ഥാപിതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org