Latest News
|^| Home -> Editorial -> ഉഴുതു തീരാത്ത കണ്ണീര്‍ച്ചാലുകള്‍

ഉഴുതു തീരാത്ത കണ്ണീര്‍ച്ചാലുകള്‍

Sathyadeepam

കേരളത്തില്‍ തുടര്‍ച്ചയായുണ്ടായ രണ്ടു പ്രളയത്തില്‍ നടുവൊടിഞ്ഞവരാണു നമ്മുടെ കര്‍ഷകര്‍. സാധാരണ കാലവര്‍ഷക്കെടുതികള്‍ മൂലമുണ്ടാകുന്ന കൃഷിനാശംപോലും വലിയ സങ്കടക്കാഴ്ചകള്‍ സമ്മാനിക്കുന്ന കാര്‍ഷിക കേരളത്തിനു താങ്ങാവുന്നതിനപ്പുറമായിരുന്നു, പ്രളയാനന്തര കേരളത്തിലെ കര്‍ഷകദുരിതം.

2018-ലെ പ്രളയപ്രശ്നങ്ങളില്‍ നിന്നും പതുക്കെ കയറി വരികയായിരുന്നു, ദുരിതമേഖലകളിലെ പാവപ്പെട്ട കര്‍ഷകര്‍. നഷ്ടത്തിന്‍റെ കണക്കെടുപ്പുപോലും പൂര്‍ത്തിയാകും മുമ്പേ വീണ്ടുമെത്തിയ അതിവര്‍ഷം ദുരിതമിരട്ടിയാക്കി. ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഏകദേശം 1170 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നാണു കൃഷിവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. വിവിധ മേഖലകളില്‍ 1,22,400-ലേറെ കര്‍ഷകര്‍ക്കാണു കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഇത്തവണ കൃഷി നഷ്ടമായത്. സംസ്ഥാനത്തു 31,300 ഹെക്ടറിലെ കൃഷി നശിച്ചു. കഴിഞ്ഞ പ്രളയത്തിലെന്നപോലെ നെല്‍കൃഷിക്കാണ് ഇത്തവണയും വ്യാപകനാശം.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച നാട്ടില്‍ ഒരു പ്രദേശം മുഴുവന്‍ തുടച്ചുനീക്കപ്പെട്ട പുതിയ സാഹചര്യം പഠനവിധേയമാക്കേണ്ടതാണ്. അടിക്കടിയുണ്ടാകുന്ന പ്രളയദുരന്തങ്ങള്‍ക്കു കാലാവസ്ഥാ വ്യതിയാനമാണു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു പ്രത്യേക സ്ഥലത്തു തുടര്‍ച്ചയായുണ്ടാകുന്ന ശക്തമായ മഴയിലൂടെ താഴേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം ഭൂമിക്കടിയിലുണ്ടാക്കുന്ന ‘സോയില്‍ പൈപിംഗ്’ എന്ന പ്രതിഭാസം വഴി വ്യാപകമായ മലയിടിച്ചില്‍ കേരളത്തിലിനി മുതല്‍ സര്‍വസാധാരണമാകുമെന്ന മുന്നറിയിപ്പ് മലയോരമേഖലയെ ആശങ്കയിലാഴ്ത്തുന്നു.

കാര്‍ഷികമേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കര്‍ഷകരുടെ ആത്മവിശ്വാസമാണു തകര്‍ക്കുന്നത്. കൃഷി സുരക്ഷിതമായ ഒരു ഉപജീവനമാര്‍ഗമല്ലാതായിട്ടു നാളുകളായി. കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം നീട്ടുന്നതും ചില പാക്കേജ് പ്രഖ്യാപനങ്ങളും പ്രശ്നത്തെ ആഴത്തില്‍ സമീപിക്കുന്നവയല്ലെന്നു കൃഷിയെ ഗൗരവമായിട്ടെടുക്കുന്നവര്‍ക്കറിയാം. പ്രാഥമികാശ്വാസ നടപടികളെന്ന നിലയില്‍ അവയും പ്രധാനപ്പെട്ടതുതന്നെയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൃഷി പരിരക്ഷയുടെ ശാശ്വതപരിഹരമാണു വേണ്ടത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ കൃഷി തിരഞ്ഞെടുപ്പുകള്‍ പ്രകൃതിവിരുദ്ധമാകുന്നുണ്ടെങ്കില്‍ കുറ്റം കര്‍ഷകരുടേതു മാത്രമല്ലെന്നോര്‍ക്കുക. നഷ്ടത്തില്‍ കലാശിച്ച ഒരു കൃഷിയും രീതിയും മാറ്റി മറ്റൊന്നു പരീക്ഷിക്കാന്‍ കൃഷിക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ആദ്യം പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതും. വിളകളില്‍ പുതിയ രോഗഭീതി, പ്രളയാനന്തര കാര്‍ഷിക കേരളത്തിന്‍റെ മറ്റൊരു തലവേദനയാണ്. കുരുമുളകിനു ദ്രുതവാട്ടവും നേന്ത്രവാഴയ്ക്കു ‘ബ്ലാസ്റ്റും’ പ്രളയം സമ്മാനിച്ച രോഗദുരിതങ്ങളില്‍ ചിലതാണ്. കാര്‍ഷിക സര്‍വകലാശാലപോലുള്ള ഗവേഷണസ്ഥാപനങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട മേഖലയാണിത്.

പ്രവചനാതീതമായ കാലാവസ്ഥ കര്‍ഷകരുടെ നടുവൊടിക്കുന്ന പുതിയ കാലത്ത്, വിളകള്‍ ഇന്‍ഷൂര്‍ ചെയ്യുക മാത്രമാണു യഥാര്‍ത്ഥ പോംവഴി. വിളനാശ പിരശോധനകളുടെ കാലതാമസവും നടപടികളിലെ സാങ്കേതികത്വവും ഒഴിവാക്കപ്പെടണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആശ്വാസനടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറിക്കപ്പെടാതിരിക്കണം. പദ്ധതികളും പരിപാടികളും യഥാസമയം കര്‍ഷകരിലെത്തിക്കാന്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഫലപ്രദമാക്കണം. കൊള്ളപലിശക്കാരുടെ കയ്യില്‍ നിന്നും വായ്പ വാങ്ങേണ്ട ഗതികേട് ആവര്‍ത്തിക്കുന്നതെന്തുകൊണ്ടെന്നു പരിശോധിക്കണം.

ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കര്‍ഷകര്‍ക്കു കൈത്താങ്ങാകുന്ന സമീപനമല്ല, നിര്‍ഭാഗ്യവശാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത്. നെല്ലുള്‍പ്പെടെ കൂടുതല്‍ വെള്ളം വേണ്ടി വരുന്ന വിളകള്‍ക്കു സബ്സിഡി നിയന്ത്രിക്കണമെന്നും, കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും, കയറ്റുമതി പ്രോത്സാഹിപ്പിക്കരുതെന്നുമാണു കേന്ദ്ര സര്‍ക്കാരിന്‍റെ ‘നീതി ആയോഗ്’ റിപ്പോര്‍ട്ടിലുള്ളതെന്നാണ് ഏറ്റവും പുതിയ വിവരം. അനധികൃതവും പരിസ്ഥിതിവിരുദ്ധവുമായ ഖനനപരമ്പരകളെപ്പറ്റിയുള്ള പ്രളയകേരളത്തിന്‍റെ ആശങ്കകള്‍ തുടരുമ്പോള്‍ത്തന്നെ, ഉരുള്‍പൊട്ടല്‍ വ്യാപകനാശം വിതച്ച മേഖലകളില്‍പ്പോലും വീണ്ടും ഖനാനുമതി നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി എതിര്‍ക്കപ്പെടേണ്ടതല്ലേ? ബൃഹത്തായ നിര്‍മ്മിതികള്‍ നിരുത്സാഹപ്പെടുത്തുകയോ പാറയും മണലുമുപയോഗിച്ചുള്ള നിര്‍മാണശൈലികള്‍ നിയന്ത്രിക്കുകയോ ആണ് അടിയന്തിരമായി വേണ്ടത്.

കൃഷി നഗരടെറസ്സിന്‍റെ അലങ്കാരമാകാതെ മണ്ണിനെ സ്നേഹിക്കുന്നവരുടെ മനോഭാവമാകണം. മാന്യമായ തൊഴിലിടമായതു മടങ്ങിവരണം. ഉത്പന്നങ്ങള്‍ക്കു ന്യായവിലയും ശാസ്ത്രീയ കൃഷിരീതികളുടെ പരിഷ്കരണവും പരിചയപ്പെടുത്തലുമാണു ശരിയായ കര്‍ഷകസൗഹൃദം. ചിങ്ങം ഒന്നിന്‍റെ ‘കലണ്ടറക്കാഘോഷ’ത്തില്‍ മാത്രം ഒതുങ്ങിപ്പോകരുത്, നമ്മുടെ കര്‍ഷക സ്മരണയും കാര്‍ഷികസംസ്കാരവും. കാരണം, കൃഷി എന്നത് ഒരു തൊഴില്‍ മാത്രമല്ല, നാളെ നാമിവിടെ തുടരണമോയെന്ന ചോദ്യവും ഉത്തരവുംകൂടിയാണ്. ഓര്‍ക്കുക, ഉഴുതു മുറിഞ്ഞതു മണ്ണു മാത്രമല്ല; മനുഷ്യരുമാണ്.

Leave a Comment

*
*