പുഴ തരുന്ന വിശുദ്ധി

പുഴ തരുന്ന വിശുദ്ധി

ജലംകൊണ്ടു മുറിവേറ്റ കേരളം അതിന്‍റെ ക്ഷതങ്ങളെ ഉണക്കുന്ന തിരക്കിലാണ്. പമ്പ-പെരിയാര്‍ ഗ്രാമതീരങ്ങളെ നമുക്കുണര്‍ത്തണം; മലബാര്‍ വീണ്ടും തളിര്‍ക്കണം; ഇടുക്കി മിടുക്കിയാകണം; മലപ്പുറം മൊഞ്ചത്തിയാകണം; ചാലക്കുടിയും ചെറുതോണിയും ചിരിക്കണം. വര്‍ദ്ധിതവീര്യത്തോടെ പഴയ പെരുമയിലേക്കു തിരിച്ചുനടക്കാനൊരുങ്ങുന്ന കേരളം മനസ്സില്‍ മനനം ചെയ്യേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍ കുറിക്കട്ടെ.

ജലപ്രളയത്തിനു നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്, മാധ്യമങ്ങളും ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും. ഇതില്‍ പലതും പരസ്പരവിരുദ്ധവുമാണ്. ആഗോളതലത്തില്‍ ഉണ്ടായ കാലാവസ്ഥാവ്യതിയാനം ഇടതടവില്ലാതെ പെയ്ത മഴ ഒരുക്കിയ വര്‍ദ്ധിച്ച നീരൊഴുക്ക്, കുന്നുകളെ നിരത്തിയും താഴ്വാരങ്ങളെ നികത്തിയും നാം സൃഷ്ടിച്ച പരിസ്ഥിതി അസന്തുലിതാവസ്ഥ, വനമേഖല അനധികൃതമായി കൈയേറി നടത്തിയ വനനശീകരണം, ഡാം അധികൃതരുടെ അനാസ്ഥ, വികസനത്തിന്‍റെ പേരില്‍ പുഴ വഴികളില്‍ നാം സൃഷ്ടിച്ച തടസ്സങ്ങള്‍… കാരണങ്ങള്‍ അനവധി. വീഴുന്നതു തെറ്റല്ല; പക്ഷേ, വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ വിസമ്മതിക്കുന്നതു തോല്‍വിതന്നെയാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുതന്നെ നവകേരള നിര്‍മിതിക്കായി ഒരു കാരണവര്‍ക്കടുത്ത കരുതലോടെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനവും ഭാവിവികസനനയങ്ങളില്‍ വരുത്തേണ്ട മാതൃകാമാറ്റങ്ങളെക്കുറിച്ചു മുന്‍ രാജ്യപ്രതിരോധമന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും പ്രശംസാര്‍ഹമാണ്.

പുഴയെയും മഴയെയും ബഹുമാനിച്ചുകൊണ്ടുതന്നെ നമ്മുടെ ഭവനനിര്‍മാണവും റോഡുവികസനവും പ്രകൃതിവിഭവ വിനിയോഗവും നടത്താന്‍ നാം ശീലിക്കണം.

"മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥ വീണ്ടും. വാമനന്മാരായളന്നളന്നവരെന്‍റെ തീരങ്ങളില്‍ വേലി ചാര്‍ത്തി, വേദന പാരതന്ത്ര്യത്തിന്‍റെ വേദന പോരൂ ഭഗീരഥാ വീണ്ടും."

യുവകവി കാട്ടാക്കടയുടെ "തിരികെ യാത്ര" എന്ന കവിതയിലെ ഈ പുഴ ഭഗീരഥനോടൊപ്പം കരഞ്ഞതിന്‍റെ രൗദ്രഭാവമാണു കഴിഞ്ഞ മാസം നാം കണ്ടത്. വെള്ളത്തെ തള്ളാനും കൊള്ളാനുമുള്ള വഴികളെയും ഇടങ്ങളെയും തടസ്സപ്പെടുത്തിക്കൊണ്ടുള്ള വികലവികസനത്തിനു നാം വലിയ വിലതന്നെ കൊടുക്കേണ്ടി വന്നു. തീവണ്ടി പാളത്തില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടു ട്രെയിന്‍ വന്നു കാറിടിച്ചു തെറിപ്പിച്ചതിനെക്കുറിച്ചു പരാതി പറയുന്നതുപോലെയാണു പ്രളയം വരുത്തിയ നാശങ്ങളെക്കുറിച്ചു നാം പരിതപിക്കുന്നത്. പുഴയെയും പുഴപരിസരങ്ങളെയും വില്പനയുടെ ഉത്പന്നമാക്കുന്നതു വിത്തെടുത്തു ചോറുവയ്ക്കുന്നതിനു തുല്യമാണെന്ന് ഈ പ്രളയകാലം നമ്മെ പഠിപ്പിച്ചു.

ദൈവദര്‍ശനത്തില്‍ നാം വരുത്തേണ്ട ഒരു ചുവടുമാറ്റത്തെക്കുറിച്ചും ഈ പ്രകൃതിദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പഴയനിയമത്തിലെ ദൈവത്തെ ക്ഷിപ്രകോപിയും ശപിക്കുന്നവനുമായി നാം ചിത്രീകരിച്ചു. പുതിയ നിയമത്തിലെ ദൈവത്തെയാകട്ടെ, അനുഗ്രഹദായകനും മുട്ടിപ്പായി തന്നോട് അപേക്ഷിക്കുന്നവര്‍ക്കു കാര്യങ്ങളെല്ലാം ഉപേക്ഷ കൂടാതെ സാധിച്ചുകൊടുക്കുന്ന ധൂര്‍ത്തനായ പിതാവുമാക്കി. പഴയനിയമ ദൈവത്തെ പേടിയോടെ നാം ഉയര്‍ത്തിനിര്‍ത്തി ആരാധിച്ചെങ്കില്‍ പുതിയനിയമ ദൈവത്തെ നാം വരുതിക്കു നിര്‍ത്തി നമ്മുടെ ദാസനാക്കി. ഇതു രണ്ടും അപൂര്‍ണമായ ദൈവദര്‍ശനമാണ്. നമ്മുടെ കൊച്ചുബുദ്ധിക്കും ഈ മഹാപ്രപഞ്ചത്തിലെ ഒരു തരി മാത്രമായ ഈ ഭൂമിക്കും അതീതനാണു ദൈവം. ആ ദൈവത്തെ നമ്മുടെ പ്രാര്‍ത്ഥനകള്‍കൊണ്ടു പ്രസാദിപ്പിച്ചു വരുതിയില്‍ നിര്‍ത്തുന്നതല്ല, ആ ദൈവത്തിന്‍റെ അനന്തശക്തിക്കു കീഴെ താഴ്മയോടെ ചരിക്കുന്നതാണ് ആത്മീയത.

കഴിഞ്ഞ നൂറ്റാണ്ടു കണ്ട പ്രസിദ്ധ നാസ്തികന്മാരിലൊരാളായ സാര്‍ത്ര് 1943-ലെ 'A New Mystic' എന്ന തന്‍റെ പ്രബന്ധത്തിലെഴുതി: "ദൈവം മരിച്ചു. അവന്‍ നമ്മോടു സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴവന്‍ നിശ്ശബ്ദനാണ്. നാം അവന്‍റെ നിര്‍ജ്ജീവ ശരീരത്തിലാണു തൊടുന്നത്." വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ആധുനിക സഭയുടെ ധാരാളം ദൈവശാസ്ത്രജ്ഞരും ഒരുപോലെ ബഹുമാനിക്കുന്ന സാര്‍ത്രിന്‍റെ ഈ വാക്കുകള്‍ ആത്മീയരെന്ന് അഭിമാനിക്കുന്ന ഏവര്‍ക്കും ആത്മശോധനയ്ക്കുള്ളതാണ്. നമ്മുടെ കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രം ദൈവത്തെ പ്രസാദിപ്പിക്കാന്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മില്‍ ദൈവം മരിക്കുന്നു.

പ്രളയക്കെടുതിയില്‍ എന്നെയും എന്‍റെ കുടുംബത്തെയും മാത്രം രക്ഷിച്ച ദൈവപരിപാലനയ്ക്കു നന്ദി പറയുമ്പോള്‍ ഓര്‍ക്കുക, ദൈവത്തെ മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. പ്രളയം കെടുത്തിയതിനെയും എടുത്തതിനെയുംകുറിച്ചുള്ള ഒട്ടനവധി വ്യാഖ്യാനങ്ങളും സന്ദേശങ്ങളും ഉപദേശങ്ങളും ഇറങ്ങുന്ന കാലമാണിത്. പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്‍ തെയ്യര്‍ദ് ദെ ഷര്‍ദ്ദാന്‍ അവതരിപ്പിക്കുന്ന അന്ത്യബിന്ദുവാണ് (Omega Point) ആണു ദൈവം. ഈ പ്രപഞ്ചത്തിലെ സകലരും സകലതും ആ ദൈവത്തില്‍ വിലയം പ്രാപിക്കാനുളള യാത്രയിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org