Latest News
|^| Home -> Editorial -> ആത്മീയവ്യാപാരികൾ വേണ്ട

ആത്മീയവ്യാപാരികൾ വേണ്ട

Sathyadeepam

ആള്‍ദൈവങ്ങള്‍ അരങ്ങു നിറഞ്ഞാടിയ ഒരാഴ്ചയാണു കടന്നുപോയത്. വിളവു തിന്നുന്ന വേലികളുടെയും ഭ്രാന്തു പിടിച്ച ചങ്ങലകളുടെയും അന്തകരാകുന്ന രക്ഷകരുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്. ഇനിയും പിടിക്കപ്പെടാതെ അരങ്ങു തകര്‍ത്താടിക്കൊണ്ടിരിക്കുന്ന സന്തോഷ് മാധവന്മാരും ഗംഗേശാനന്ദന്മാരും ആശാറാം ബാപ്പുമാരും ഗുര്‍മിത് റഹിംമാരും ഉണ്ടെന്നുള്ള വസ്തുത നമ്മുടെ സാമൂഹ്യലോകത്തെ അലോസരപ്പെടുത്തുന്നു.

ആത്മീയതയുടെയും മാനവികതയുടെയും വിശുദ്ധ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നിലകൊള്ളുന്ന അനേകം ആത്മീയകേന്ദ്രങ്ങളും സാമൂഹ്യസ്ഥാപനങ്ങളും വ്രതശുദ്ധിയുടെ അനേകം ആത്മീയഗുരുക്കളും ഉള്ള നാടാണിത്. ഈ നാട്ടില്‍ ആത്മീയതയെ വില്പനച്ചരക്കാക്കുകയും സ്വന്തം കാമനകള്‍ക്കായി രാഷ്ട്രീയത്തെയും അധോലോകത്തെയും പോലും കൂട്ടുപിടിക്കുകയും ചെയ്യുന്ന ഗുര്‍മീതിനെപ്പോലെയുള്ള ആത്മീയവ്യാപാരികളെ തിരിച്ചറിയാനും കൂട്ടിലടയ്ക്കാനും നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായി.

മതം പുതച്ച രാഷ്ട്രീയവും രാഷ്ട്രീയവത്കരിക്കപ്പെട്ട മതവും ചാപിള്ളകളെ പ്രസവിക്കുന്നു. ഗുര്‍മീതിനെപ്പോലെയുള്ള ക്രമിനലുകളെ ഇത്രമാത്രം വളര്‍ത്തുന്നതില്‍ ഏതുവിധേനയും ഭരണത്തിലെത്തണമെന്നും അധികാരത്തില്‍ തുടരണമെന്നും ആഗ്രഹിക്കുന്ന ഭരണകൂടവും സ്വന്തം സുഖങ്ങളും ഉയര്‍ച്ചകളും ഏതു വഴിയിലൂടെയും അതിശീഘ്രം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തവൃന്ദവും ഒരുപോലെ കുറ്റക്കാരാണ്. അതിഗൗരവമായ കുറ്റങ്ങള്‍ ചുമത്തി നിരപരാധികളെ തുറുങ്കിലടയ്ക്കാനും ഇല്ലാതാക്കാനും നിയമ, നീതിന്യായ സംവിധാനങ്ങള്‍ പോലും ദുരുപയോഗിക്കപ്പെടുന്ന ഈ രാജ്യത്ത് ഇത്തരം പകല്‍ക്കൊള്ളക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടാന്‍ പത്തു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നതു ദൗര്‍ഭാഗ്യകരമാണ്.

ഇത്തരം ക്രിമിനലുകള്‍ എങ്ങനെയാണു ഭരണസംവിധാനങ്ങളെപ്പോലും നിശ്ചലമാക്കുംവിധം ശക്തരാകുന്നത്? എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി നിരത്തുകളില്‍ അഴിഞ്ഞാടി കോടികളുടെ പൊതുസ്വത്തുക്കള്‍ നശിപ്പിക്കാനും മനുഷ്യജീവന്‍ അപഹരിക്കാനും തയ്യാറാകുന്ന ‘ഭക്തരെ’ സൃഷ്ടിക്കാന്‍ എങ്ങനെ ഇവര്‍ക്കു കഴിയുന്നു? രാഷ്ട്രപതിയെമുതല്‍ ന്യായാധിപന്മാരെ വരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തക്കവിധം സ്വാധീനം നേടുന്നു? ഇത്രയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷാവിധി നല്കിയ ജഡ്ജി ജഗദീപ് സിംഗിനോടും കേസന്വേഷണം ഫലപ്രദമായി നടത്തി കുറ്റം തെളിയിച്ച സിബിഐയുടെ ഐജി നാരായണനോടും സംഘത്തോടും കേസിനാസ്പദമായ കത്ത് പുറംലോകത്തെ അറിയിച്ച് അന്വേഷണത്തിനു തുടക്കമിട്ട രാം ചന്ദര്‍ ഛത്രപതി എന്ന മാധ്യമപ്രവര്‍ത്തകനോടും പരാതി നല്കാനുള്ള ചങ്കൂറ്റം കാണിച്ച മാനഭംഗത്തിനിരയായ സ്ത്രീകളോടും നാം കടലോളം കടപ്പെട്ടിരിക്കുന്നു. 2012-ല്‍ നിര്‍ഭയ കൂട്ടമാനഭംഗസംഭവത്തെത്തുടര്‍ന്നു നീതി തേടിയും പ്രതികളോട് അമര്‍ഷം പ്രകടിപ്പിച്ചും ഒഴുകിയെത്തി തിരി കൊളുത്തിയും സന്നദ്ധ സുരക്ഷാ സംഘങ്ങളുണ്ടാക്കിയും പ്രതികരിച്ച രാജ്യത്താണു മാനഭംഗ ത്തിനും കൊലപാതകത്തിനും ധൂര്‍ത്തിനും പിടിക്കപ്പെട്ട പ്രതിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒന്നര ലക്ഷത്തോളം പേര്‍ ഏഴു ദിവസം ഒരു സംസ്ഥാനത്തെയൊന്നാകെ കത്തിച്ചത്.

അധികാരത്തെയും ആത്മീയതയെയും ഗൂഢലക്ഷ്യങ്ങള്‍ക്കായി കയ്യിലെടുക്കുന്ന ആള്‍ദൈവങ്ങള്‍ കേരളത്തിലും സഭയ്ക്കകത്തും വളര്‍ന്നുവരുന്നുണ്ട്. ഇത്തരം ആള്‍ ദൈവങ്ങളെ വളര്‍ത്താന്‍ മൗനാനുവാദം നല്കുന്ന അധികാരകേന്ദ്രങ്ങളും ഇക്കൂട്ടര്‍ക്ക് അകംനിറഞ്ഞ പ്രോത്സാഹനം നല്കു ന്ന ‘ഭക്തരും’ സ്വയംവിമര്‍ശനത്തിനു വിധേയരാകേണ്ട സമയമായി. വ്യക്തിപരമായി ജീവിതത്തിന്‍റെ തീരുമാനങ്ങളെടുക്കാനും കുടുംബജീവിതത്തിന്‍റെ സ്വകാര്യതകളെ ബാധിക്കുന്ന നിലപാടുകള്‍ എടുക്കാനുമള്ള അവകാശം ധ്യാനഗുരുക്കന്മാര്‍ക്കും ദര്‍ശനവരമുള്ള കൗണ്‍സലിങ്ങ് നടത്തുന്നവര്‍ക്കും തീറെഴുതി കൊടുക്കുന്ന വിശ്വാസികളുണ്ട്. ധ്യാനഗുരുക്കളും ആത്മീയ ആചാര്യന്മാരും കൗണ്‍സലിങ്ങ് നടത്തുന്നവരുമെല്ലാം നമ്മുടെ ഉപദേഷ്ടാക്കളും മാര്‍ഗദര്‍ശകരും മാത്രമാണ്. നമ്മുടെ ജീവിതത്തിന്‍റെ നിയന്ത്രണം അവരുടെ കയ്യിലല്ല. ഞാന്‍ ഏതു കാര്‍ വാങ്ങണം, എത്ര രൂപയുടെ ഭവനം പണിയണം. കല്യാണം കഴിക്കുന്ന വ്യക്തിയുടെ പേര്, അയാളുടെ കുടുംബം ഇതൊക്കെ തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്, ധ്യാനഗുരുവിനോ കൗണ്‍സലിങ്ങ് നടത്തുന്ന ആള്‍ക്കോ അല്ല. മറിച്ചു ഞാന്‍ ചെയ്യുന്നെങ്കില്‍ ‘ആള്‍ദൈവനിര്‍മാണ’ത്തിനു ഞാന്‍ അച്ചുകൂട്ടുകയാണ്.

ആള്‍ദൈവങ്ങളാകാന്‍ പ്രലോഭിതരാകുന്ന എല്ലാ ആത്മീയനേതക്കളും യോഹന്നാന്‍റെ സുവിശേഷം ആറാം അദ്ധ്യായം ഒരു നിയമപുസ്തകമാക്കേണ്ടതാണ്. അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള യേശുവിന്‍റെ വ്യാഖ്യാനം കഠിനമാണെന്നു പറഞ്ഞു തന്നെ ഉപേക്ഷിച്ചു പോയ അനേകം ‘ഭക്തരെ’ കണ്ടു കണ്ണു തള്ളിപ്പോയ ശിഷ്യരോടും യേശുവിനു ചോദിക്കാന്‍ ഒരു ചോദ്യമേയുള്ളൂ: “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?” തന്നിലേക്കു തടുത്തുകൂട്ടാനല്ല, ദൈവത്തിലേക്കു ഭക്തരെ നയിക്കുന്ന നടപ്പാതകളാകാനാണ് ആത്മീയ ആചാര്യന്മാരുടെ വിളി.

ഏവര്‍ക്കും ഓണാശംസകള്‍!

Comments

2 thoughts on “ആത്മീയവ്യാപാരികൾ വേണ്ട”

  1. Stephen Periyappadan Chakku says:

    ആത്മീയ വ്യാപാരികളെപ്പോലെ തന്നെ അകറ്റപ്പെടേട്ടവരല്ലെ പാതിരി ഗണത്തിലെ അഴിമതി വീരൻമാരും അസൻമാർഗ്ഗീകളും നീതിനിഷേധകരും തൻ പ്രമാണികളുമായ അഭിഷിക്തർ?

    1. Shiby Jose says:

      അവരെ അകറ്റുകയല്ലല്ലോ അവർക്കു വേണ്ടി പ്രാർത്ഥിച്ച് അവരെ നേർവഴിയിലാക്കാനല്ലേ നമുക്ക് ചുമതല?

Leave a Comment

*
*