‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’

‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’

വംശവെറിയനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞൊടിഞ്ഞു ശ്വാസംമുട്ടി മരിച്ച ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണാന്ത്യത്തെത്തുടര്‍ന്ന് അമേരിക്ക കണ്ടതു സമീപകാലത്തെ സമാനതകളില്ലാത്ത പ്രതിഷേധപ്രകടനങ്ങളായിരുന്നു. അതു നിലതെറ്റി നീങ്ങിയപ്പോള്‍ കൊളളയും കൊള്ളിവയ്പും സര്‍വസീമയും ലംഘിച്ചു മുന്നേറുകയും വൈറ്റ് ഹൗസിന്റെ മുമ്പില്‍പോലും പ്രതിഷേധത്തിരകളുയരുകയും ചെയ്തു. 150 നഗരങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചു; ആറു സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥയും. പ്രക്ഷോഭകരെ നേരിടാന്‍ 67,000 ദേശീയ സുരക്ഷാസൈനികരെ നിയോഗിക്കേണ്ടി വന്ന പ്രതിഷേധപ്രളയത്തില്‍ 20-ലധികം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

ഹൂസ്റ്റണ്‍ നഗരത്തില്‍നിന്നും മിനെയപ്പോളിസിലേക്കു ജോര്‍ ജ് ഫ്‌ളോയിഡെത്തിയതു തന്റെ പാവപ്പെട്ട കുടുംബത്തിന് ഉപജീവനമാര്‍ഗം തേടിയായിരുന്നു. ഹൂസ്റ്റണില്‍ കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന 'തേര്‍ഡ് വാര്‍ഡില്‍'നിന്നും 2018-ല്‍ നടത്തിയ ആ അതിജീവനശ്രമം, പക്ഷേ, 2020 മെയ് 25-ന് വംശവെറി അതിന്റെ സര്‍വസംഹാരരുദ്ര വേഷമാടിത്തിമിര്‍ത്ത നിര്‍ദ്ദയ നിമിഷത്തില്‍ അവസാനിച്ചു. കള്ളനോട്ട് കൈവശം വച്ചുവെന്ന ആരോപണം കോടതിയില്‍ തെളിയുംമുമ്പേ, വെള്ളക്കാരന്റെ വൈരവൈകൃതം പെരുവഴിയിലാക്കിയത് ഒരു സാധുകുടുംബത്തെ!

പ്രതിഷേധക്കാരെ ശകാരിച്ചും ഭീഷണിപ്പെടുത്തിയുമുള്ള പ്രതിരോധത്തിന്റെ പതിവു 'ട്രമ്പ് ശൈലി' കാര്യങ്ങളെ സമാധാനപ്പെടുത്തിയില്ലെന്നു മാത്രമല്ല, പുതിയ ഇടങ്ങളിലേക്കും തലങ്ങളിലേക്കും അതിനെ വളര്‍ത്തി വഷളാക്കി. കോവിഡ് പ്രതിരോധശ്രമങ്ങളെപ്പോലും വെല്ലുവിളിച്ചു പതിനായിരങ്ങളാണു തെരുവിലിറങ്ങിയത്. 'ശ്വാസം മുട്ടുന്നത്' അമേരിക്കയില്‍ മാത്രമല്ലെന്ന മുന്നറിയിപ്പോടെ ജോര്‍ജ് ഫ്‌ളോയിഡിനോടുള്ള അനുഭാവമറിയിച്ച് ആയിരക്കണക്കിനാളുകള്‍ യൂറോപ്പിലും പ്രതിഷേധ അലകള്‍ തീര്‍ത്തു. ജര്‍മനിയിലും ബ്രിട്ടനിലും അസാധാരണമായ സമരപരമ്പരകളാണ് അരങ്ങേറിയത്.

ഇതിനിടയില്‍ ന്യൂയോര്‍ക്കു പൊലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതിഷേധക്കാര്‍ക്കു മുമ്പില്‍ മുട്ടുകുത്തി മാപ്പി രന്നതും പൊലീസുകാരുള്‍പ്പെടെയുള്ള വെള്ളക്കാരുടെ ഒരു സംഘം കറുത്ത വംശജരായ ആത്മീയ നേതാക്കളുടെ കാലുകഴുകി ചുംബിച്ചതും പ്രതിഷേധക്കാരോടൊപ്പം ലോകമസമൂഹവും കണ്ണീരണിഞ്ഞാണു കണ്ടത്. ജോര്‍ജ് ഫ്‌ളോയിഡ് പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ശ്വാസംമുട്ടി പിടഞ്ഞ എട്ടു മിനിറ്റ് 46 സെക്കന്റ് നേരത്തെ നിശ്ശബ്ദ പ്രാര്‍ത്ഥനയ്‌ക്കൊടുവിലായിരുന്നു, കറുത്ത വര്‍ഗക്കാരനായ പാസ്റ്റര്‍ ഫെയ്ത്, സൊബോമ എന്നിവരുടെ പാദം കഴുകല്‍ശുശ്രൂഷ നടന്നത്.

"ശരിയായിടത്തു കാലുറപ്പിക്കുമ്പോഴാണ് ഒരാളുടെ നിലയുറയ്ക്കുന്നത്" എന്നു പറഞ്ഞതു കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളില്‍ എക്കാലവും ആദരവോടെ ഓര്‍മിപ്പിക്കപ്പെടുന്ന എബ്രഹാം ലിങ്കണാണ്. വംശവെറിയുടെ കറുത്ത പ്രതലങ്ങളില്‍നിന്നും അമേരിക്കയിനിയും പദം മാറിയൂന്നേണ്ടതുണ്ടെന്നു തെളിയിക്കുകയാണു സമീപകാലസംഭവങ്ങള്‍. ഭൂഗോളത്തിന്റെ സംരക്ഷകകുപ്പായം സ്വയമണിഞ്ഞു ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ അസഹിഷ്ണുത, മറനീക്കി മുന്നിലെത്തുമ്പോള്‍ "ചരിത്രവും കുറ്റകൃത്യവും പരസ്പരം മുറിച്ചുകടക്കുന്ന ബിന്ദുവാണു കൊലപാതക"മെന്ന മിഷേല്‍ ഫുക്കോയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നുണ്ട്.

തീവ്രവാദവേട്ടയുടെ പേരില്‍ അഫ്ഘാനിസ്ഥാനിലും ഇറാ ക്കിലും ഏറ്റവുമൊടുവില്‍ സിറിയയിലും ഇറാനിലുെമാക്കെ ഒഴുകിമണക്കുന്ന ചോരച്ചാലുകളിലൂടെ അമേരിക്കയുടെ സമീപകാല 'സംരക്ഷക'ചരിത്രം തെന്നിനീങ്ങുമ്പോള്‍ 'ശ്വാസം മുട്ടുന്ന'വരുടെ പീഡിതചിത്രം ആ രാജ്യത്തിനെതിരായുള്ള കുറ്റപത്രമാകും.

മുട്ടുകുത്തിയും കുനിഞ്ഞിരുന്നും സഹിഷ്ണുതയുടെയും സമഭാവനയുടെയും ശരീരഭാഷയോടെ വേണം ലോകസമൂഹം ഇനി സംവദിക്കാനെന്നു തിരിച്ചറിയുന്നിടത്ത്, മടങ്ങിപ്പോകുന്നത് ആ പഴയ 'ആശാരിച്ചെക്കനി'ലേക്കുതന്നെയാണ്. പരസ്പരാദരവിന്റെ 'അരമായ' ഭാഷയിലേക്കു ദൈവമിറങ്ങി വന്നതിന്റെ പേരാണു ക്രിസ്തു. വേദഭാഷയാകും മുമ്പേ അതു വേദനിക്കുന്നവന്റെ ഹൃദയഭാഷയായിരുന്നു. ഒച്ച തൊണ്ടയില്‍ കുരുങ്ങി വാക്കു മുട്ടിപ്പോയവര്‍ക്കായി 'എഫാത്ത'യുടെ കീഴാളഭാഷ്യമുണ്ടാകണം. അത്തരം സാംസ്‌കാരികാനുരൂപണപ്പിറവികളുടെ വന്ധീകരണമാണ് ആധുനികലോകത്തിന്റെ ആനുകാലിക പ്രതിസന്ധി. നിറഭേദം തൊലിയുടേതു മാത്രമാണെന്നും അകത്തെല്ലാവരും ഒരേപോലെ തന്നെയെന്നും നാമിനിയും പഠിക്കാത്തിടത്തോളം, വിവേചനത്തിന്റെ വേതാളവേഷങ്ങള്‍ നിറഞ്ഞാടുകതന്നെ ചെയ്യും, സഭയിലും സമൂഹത്തിലും.

അപരനിലേക്കും അപരിചിതനിലേക്കും ഒരാള്‍ പ്രവേശിക്കേണ്ടതെങ്ങനെയെന്ന സര്‍വാശ്ലേഷിയായ ക്രിസ്തീയ മാതൃകയുടെ സര്‍വാദരണീയ ശൈലി ലോകം സ്വന്തമാക്കുവോളം കറുത്തവന്‍ കറുത്തും വെളുത്തവന്‍ വെളുത്തും തുടരും. കറുപ്പ് നല്ല നിറമാണ്, ആ ജീവിതം പ്രധാനപ്പെട്ടതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org