അടിയന്തിരാവസ്ഥാന്തരങ്ങള്‍

അടിയന്തിരാവസ്ഥാന്തരങ്ങള്‍

അടിയന്തിരാവസ്ഥയെക്കുറിച്ച് ഇറ്റാലിയന്‍ തത്ത്വശാസ്ത്ര ജ്ഞന്‍, ജോര്‍ജിയോ അഗമ്പന്‍ മുന്നോട്ടുവയ്ക്കുന്ന 'സ്റ്റേറ്റ് ഓഫ് എക്‌സപ്ഷന്‍' (അസാധാരണാവസ്ഥ) എന്നൊരു പരികല്പനയുണ്ട്. സാധാരണ നിലയില്‍ ചെയ്യാന്‍ മടിക്കുന്നവ ചെയ്യാന്‍ ഭരണകൂടത്തിന് ലെജിറ്റിമസി (നിയമസാധുത) കൈവരുന്ന ഈ അസാധാരണത്വത്തില്‍ അധികാരദുര്‍വിനിയോഗ വ്യതിയാനത്തിന്റെ അപചയമൊളിഞ്ഞിരിക്കുന്നതിനാല്‍ അത്യന്തം അപകടകരമാണ്.

ഇന്ത്യന്‍ ജനാധിപത്യം വന്ധീകരിക്കപ്പെട്ട 21 മാസങ്ങള്‍ (1975- 77) അടിയന്തിരാവസ്ഥയായി രാജ്യം തിരിച്ചറിഞ്ഞതിന്റെ 45-ാം വാര്‍ഷികവേളയില്‍ കോവിഡ്-19 ഒരുക്കുന്ന അസാധാരണ പ്രതിസന്ധി, അനിയന്ത്രിതമായും, ഏകാത്മകമായും ഒരധികാര കേന്ദ്രീകരണത്തിന് ഇടയാക്കുന്നുണ്ടോ എന്ന പരിശോധന ജനാധിപത്യപരമായി തടസപ്പെടുന്നുവെങ്കില്‍ ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലാണ് നമ്മള്‍ എന്ന് സമ്മതിക്കേണ്ടിവരും.

മുന്നൊരുക്കത്തിന് മുന്‍കൂര്‍ അനുമതി നല്കാതെയുള്ള ഏകപക്ഷീയ ലോക്ക്ഡൗണ്‍ പ്രഖ്യാപനവും, അതനിവാര്യമാക്കിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളുടെ ദുരിതപലായനവും, പണം ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്വം, ബാങ്കുകള്‍ക്കും, ധനകാര്യസ്ഥാപനങ്ങള്‍ക്കും കൈമാറി കൈകഴുകിയതിനെ ഉത്തേജകപാക്കേജായവതരിപ്പിച്ചപമാനിച്ചതും, ഏറ്റവുമൊടുവില്‍ ലഡാക്കില്‍ സംഭവിച്ചതെന്തെന്ന ചോദ്യത്തെ നേരെ ചൊവെ നേരിടാതൊഴിയുന്നതും 'നെപ്പോളിയന്‍' ശൈലിയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന് സങ്കടപ്പെട്ടത് ലോകാദരണീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ അമര്‍ത്യസെന്നാണ്.

നൂറ്റിമുപ്പത്തിയെട്ട് കോടി ജനങ്ങളുടെ ജീവിതം ഒരൊറ്റ പ്രഖ്യാപനത്തില്‍ നിശബ്ദമായപ്പോള്‍ അത്തരത്തിലൊന്ന് അപ്പോള്‍ അനിവാര്യമായിരുന്നോ എന്ന പ്രതിപക്ഷ ചോദ്യങ്ങളെ ആവര്‍ത്തിച്ചവഗണിച്ച് അപമാനിക്കുമ്പോഴും കൈകൊട്ടിയും കൈവിളക്ക് തെളിച്ചും ജനം കൂടെ നിന്നത് കോവിഡിനൊപ്പം കൂടെ നില്‍ക്കുന്ന ഒരു സര്‍ക്കാരിനെ പ്രതീക്ഷിച്ചാണ്. കൂടെയില്ല എന്ന് ആദ്യം തെളിയിക്കപ്പെട്ടത്, ആ പ്രഖ്യാപനത്തില്‍ ചിതറിപ്പോയ അനേകം അസംഘടിതരായ അതിഥിതൊഴിലാളികളെ സര്‍ക്കാര്‍ അതിക്രൂരമായി അവഗണിച്ചപ്പോഴാണ്. പിന്നീട് സുപ്രീംകോടതിയുടെ പോലും രണ്ടാം ചിന്തയിലാണ് അവരും രാജ്യത്തെ പൗരന്മാര്‍ തന്നെയെന്ന് കേന്ദ്ര സര്‍ക്കാരിന് വെളിപാടുണ്ടാക്കിയ ഇടപെടലുണ്ടായത്.

45 കോടി ആളുകള്‍ ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളാ യുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 'സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി'യുടെ (CMIE) കണക്കുപ്രകാരം 30 വയസ്സില്‍ താഴെയുള്ള യുവാക്കളില്‍ 2.7 കോടി പേര്‍ക്കും, സ്ത്രീകളില്‍ 3.3 കോടിക്കും ലോക്ക്‌ഡൌണ്‍ കാലത്തു മാത്രം തൊഴില്‍ നഷ്ടപ്പെട്ടു! 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടി 6.1 ശതമാനത്തിലും…! ഇതിനിടയില്‍ യുപി, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി. അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ ആദ്യ ഇരകള്‍ ഈ തൊഴിലാളികളാണെന്ന് വ്യക്തം.

പരിഹാരകനാകാതെ പലപ്പോഴും പരിഹാസ്യനായി നേതൃത്വം നിലതെറ്റുന്നതിന്റെ കോവിഡ് കാല് സാക്ഷ്യമായി കേന്ദ്ര സര്‍ ക്കാര്‍ മാറി. പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ എപ്പോഴും പ്രസംഗിക്കുന്ന പ്രധാനമന്ത്രി കയ്യടിക്കപ്പുറം എന്തെങ്കിലും കാത്തിരിക്കുന്നുണ്ടാ എന്നറിയില്ല. ഏത് പ്രശ്‌നത്തിനും നെഹ്‌റു 'പരിഹാരമാകുന്ന'ത് ഒന്നാന്തരം ഒളിച്ചോട്ടമല്ലെന്ന് ആശ്വസിക്കാന്‍ അണികള്‍ക്കവകാശമുണ്ട്; രാജ്യത്തിനില്ല. പരിക്കേറ്റ സൈനികരെ കാണാന്‍ ലഡാക്കില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ പ്രധാനമന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്ന്' സൈനികവൃത്തത്തിന് വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടി വന്നത് എന്തുകൊണ്ടാണ്?

'നന്മയ്ക്ക് തിന്മ നല്കുന്ന പ്രണാമമാണ് കാപട്യ'മെന്ന ഫ്രഞ്ചു എഴുത്തുകാരന്‍ റോഷ്ഫുക്കോയുടെ വീക്ഷണത്തെ ജനാധിപത്യ നിരീക്ഷണമാക്കുമ്പോഴാണ് 'രാജാവിന്റെ നഗ്‌നത' തെരുവറിയുന്നത്. കാപട്യത്തിന്റെ വ്യാജസ്തുതികളെ വാര്‍ത്തയാക്കുന്ന വെറും PR പരിപാടിയായി ഭരണം വഴിതെറ്റുന്നുണ്ടെങ്കില്‍ ജനാധിപത്യത്തിന്റെ കണ്ണുകെട്ടുന്ന അടിയന്തിരാവസ്ഥയില്‍ തന്നെയാണ് നാം. അവിടെ യഥാര്‍ത്ഥ കണക്കുകളെ ഭയപ്പെടുകയാല്‍ നേര്‍പ്പിച്ച്, നിര്‍വീര്യമാക്കി ആവശ്യമുള്ളത് മാത്രം നല്കി നേതൃത്വം ജനകീയരാകുമ്പോള്‍ അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ട് ജനം നിസ്സഹായരാകും. രാജ്യത്തെ 29 വിവരാവകാശ കമ്മീഷനുകളില്‍ 21 എണ്ണവും ഈ അടച്ചിട്ട് നാളുകളില്‍ നിശബ്ദമായിരുന്നു എന്നറിയുമ്പോള്‍ വിവരങ്ങള്‍ക്ക് വിലങ്ങ് വച്ച് വിവരാവകാശ നിയമത്തെ വെല്ലുവിളിച്ച് 'ലോക്ക്ഡൗണ്‍' പൂര്‍ണ്ണമാക്കി എന്ന് ബോധ്യമാകും. പൗരത്വനിയമഭേദഗതിക്കെതിരെ സമരമുഖത്തായിരുന്നവരെ ഈ ലോക്ക്ഡൗണ്‍ കാലത്ത് അകാരണമായി അകത്തിട്ടതും, തുത്തുക്കുടിയില്‍ കടയടയ്ക്കാന്‍ 15 മിനിട്ട് വൈകിയ അച്ഛനെയും മകനെയും പോലീസ് അതിക്രൂരമായി കൊലപ്പെടുത്തിയതും ദിശതെറ്റിയ നാടിന്റെ നിര്‍ദ്ദയദൃശ്യമാണ് വെളിപ്പെടുത്തുന്നത്.

'മൗനമാണ് ഫാസിസത്തിന്റെ അനുകൂല മണ്ണെന്ന്' മലയാളത്തിന്റെ ദാര്‍ശനികാടയാളമായ എം.എന്‍. വിജയന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ നിരന്തരം ഒച്ചയടഞ്ഞൊതുങ്ങുന്ന ഒരു ജനതയുടെ ആത്മബോധത്തെയുണര്‍ത്താന്‍ ഒച്ചയുയര്‍ത്തുക മാത്രമാണ് പരിഹാരം എന്നറിയണം. മധ്യപ്രദേശിലെ ജനാധിപത്യകശാപ്പിന് കോവിഡ് തടസ്സമായില്ലെന്നത് മറക്കരുത്. 'അന്നെല്ലാം ചിട്ടപ്പടി നടന്നുവെന്ന ന്യായത്തിലൂന്നിയാണ് അടിയന്തിരാവസ്ഥയെ അനുയായികള്‍ അനുകൂലിച്ചത്. മേല്‍ത്തട്ടിലെ മേന്മകൊണ്ട് അടിത്തട്ടളക്കുമ്പോള്‍ അനീതിയില്‍ അടി തെറ്റുന്ന അടിയാളര്‍ അവഗണിക്കപ്പെടുന്നുണ്ട്. ജനാധിപത്യ സംവിധാനങ്ങളോടുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ സാമൂഹ്യാകലം അടിയന്തിരാവസ്ഥയെ ഇനിയുമനിവാര്യമാക്കാം, സമൂഹത്തിലും, സഭയിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org