Latest News
|^| Home -> Editorial -> കർഷക മനസ്സുകളിൽ നിരാശ നിറയ്ക്കരുത്

കർഷക മനസ്സുകളിൽ നിരാശ നിറയ്ക്കരുത്

Sathyadeepam

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കര്‍ഷക ആത്മഹത്യകളുടെ പരമ്പര കരിനിഴല്‍ വീഴ്ത്തിയ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ട്രംപ് വസതിയിലെ റോസ്ഗാര്‍ഡനിലെ പ്രസംഗത്തില്‍ ആഗോളതലത്തിലെ തീവ്രവാദത്തിനെതിരെ ശക്തമായ ആഹ്വാനങ്ങള്‍ രണ്ടു പേരുടെയും ഭാഗത്തുനിന്നുണ്ടായെങ്കിലും സ്വന്തം രാജ്യങ്ങളിലെ പുഴുക്കുത്തുകള്‍ക്കു പരിഹാരം കാണാനുള്ള പ്രായോഗിക പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല എന്നതു വിചിത്രമായി.

കര്‍ഷക ആത്മഹത്യകളിലുണ്ടായ വര്‍ദ്ധന സകലരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആഗോളവത്കരണത്തിന്‍റെയും ഉദാരവത്കരണത്തിന്‍റെയും ഉപോത്പന്നമായി ഈ പ്രതിഭാസത്തെ വിലയിരുത്തുന്ന സാമ്പത്തികശാസ്ത്രജ്ഞരുണ്ട്. 1995 മുതലുള്ള കര്‍ഷക ആത്മഹത്യകളിലെ വര്‍ദ്ധനയുടെ പ്രധാന കാരണം കടങ്ങള്‍ അടച്ചുതീര്‍ക്കാന്‍ കര്‍ഷകര്‍ക്കു കഴിയാത്തതാണ്. 2017-ലെ കണക്കു പ്രകാരം ഓരോ 30 മിനിറ്റിലും ഭാരതത്തിലെ ഒരു കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നുണ്ട്. കാര്‍ഷികരാജ്യമാണ് ഇന്ത്യ. 70 ശതമാനം ജനങ്ങളും അവരുടെ വരുമാനത്തിനായി ആശ്രയിച്ചിരുന്നതു കൃഷിയെയാണ്. എന്നാല്‍ 2016-ല്‍ ഇത് 59 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ, കര്‍ഷകരിലെ ആത്മഹത്യാനിരക്ക് അപകടകരമാംവിധം വര്‍ദ്ധിച്ചിട്ടേയുള്ളൂ.

ഭാരതത്തിലെ കര്‍ഷകരുടെ ഈ പ്രതിസന്ധിയെക്കുറിച്ചു വിശദമായി പഠിക്കുകയും കേന്ദ്രത്തിനു പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതാണ് 2006-ലെ സ്വാമിനാഥന്‍ കമ്മീഷന്‍. അതു പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. ഇതിന്‍റെ വെളിച്ചത്തില്‍ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ നേതൃത്വത്തില്‍ ജൂലൈ 24, 25, 26 തീയതികളിലായി പാര്‍ട്ടി ഒരു ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണനേതൃത്വങ്ങളെ ഓര്‍മ്മപ്പെടുത്താനാണിത്. കര്‍ഷകരുടെ നിരാശ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഒരു ആഭ്യന്തരകലാപത്തിന്‍റെ വക്കോളംവരെ എത്തി, കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍!

കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ ചരിത്രവും വ്യത്യസ്തമല്ല. സ്വന്തം പുരയിടത്തിനു കാവലാകാന്‍ സാധിക്കാതെ വില്ലേജ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഇരയായ കാവില്‍പുരയിടത്തില്‍ ജോയിയുടെ ആത്മഹത്യ മലയാളിയുടെ കാര്‍ഷിക സംസ്കാരത്തിനേറ്റ ഉണങ്ങാത്ത മുറിവായി. 2017 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള അഗ്രോ ഇക്കണോമിക് റിസര്‍ച്ച് സെന്‍റര്‍ പുറത്തിറക്കിയ കേരളത്തിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള 106 പേജിന്‍റെ വിശദമായൊരു പഠനറിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ ഏററവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന നാലു ജില്ലകളായ ഇടുക്കി, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ കര്‍ഷകകുടുംബങ്ങളില്‍ നിന്നു വിവരശേഖരണം നടത്തിയാണു ഡോ. കെ. മുരുകനും സംഘവും റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഭക്ഷ്യവിളകളില്‍ നിന്നു നാണ്യവിളകളിലേക്കുള്ള കേരള കര്‍ഷകന്‍റെ ചുവടുമാറ്റം എടുത്തുപറയേണ്ടതാണ്. വയറു നിറയ്ക്കാന്‍ കൃഷി ചെയ്തിരുന്ന മലയാളി പോക്കറ്റ് നിറയ്ക്കാന്‍ ചിന്തിച്ചതാണ് ഈ മാറ്റത്തിനു കാരണം. കേരളത്തിന്‍റെ മുഖ്യ ഭക്ഷ്യവിളയായിരുന്ന അരി ഇന്നു കേരളത്തിന്‍റെ വിളകളുടെ പട്ടികയില്‍പ്പോലുമില്ലാതായിരിക്കുന്നു. പകരം കുരുമുളകും ഏലവും ഇഞ്ചിയും നാളികേരവുമൊക്കെ ആ സ്ഥാനം കയ്യടക്കി. ആഗോളവത്കരണവും ഉദാരവത്കരണനയങ്ങളും ഈ നാണ്യവിളകള്‍ക്ക് ആഗോളമാര്‍ക്കറ്റ് തുറന്നു തന്നുവെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളും സമാനനാണ്യവിളകളുള്ള മററു രാഷ്ട്രങ്ങളുടെ കടന്നുവരവും നമ്മുടെ കര്‍ഷകര്‍ക്കു തിരിച്ചടികളായി.

മദ്യത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും അമിത ഉപയോഗവും വരവു-ചെലവുകളുടെ അനുപാതങ്ങളെ പരിഗണിക്കാതെയുള്ള കടമെടുക്കലും പ്രകൃതിയുടെ തിരിച്ചടികളും കേരള കര്‍ഷകനു ബാദ്ധ്യതകളുണ്ടാക്കിയ മറ്റു കാരണങ്ങളാണ്.

വൈകിക്കൂടാ, റിപ്പോര്‍ട്ട്കടലാസുകളില്‍ ഉറങ്ങുന്ന പ്രതിവിധികളെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മെനയുന്ന അനാവശ്യ ചുവപ്പുനാടക്കുരുക്കുകള്‍ പൊട്ടിച്ചെറിയാന്‍. 1995 മുതല്‍ ആത്മഹത്യയില്‍ ജീവിതം പൊലിഞ്ഞ മൂന്നു ലക്ഷം ഇന്ത്യന്‍ കര്‍ഷകരുടെ ആത്മാക്കള്‍ നീതിക്കായി, കരുണയ്ക്കായി കാത്തിരിക്കുന്നു.

Leave a Comment

*
*