Latest News
|^| Home -> Editorial -> കുടിവെള്ളം എന്‍റെ ജന്മാവകാശം

കുടിവെള്ളം എന്‍റെ ജന്മാവകാശം

Sathyadeepam

മാനവസംസ്കാരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നദികളും ജലസ്രോതസ്സകളും വഹിച്ച പങ്കു വലുതാണ്. ബൈബിളിലെ സൃഷ്ടിയുടെ വിവരണത്തില്‍, ആരംഭത്തില്‍ത്തന്നെ വെള്ളമുണ്ടായിരുന്നെന്നും ദൈവത്തിന്‍റെ ആത്മാവ് അതിനു മതെ ചലിച്ചുകൊണ്ടിരുന്നു എന്നും ഗ്രന്ഥകാരന്‍ എഴുതിവച്ചതു സര്‍വ ചരാചരങ്ങളുടെയും നിലനില്പിന്‍റെ ആധാരമായ ജീവജലത്തിന്‍റെ പ്രാധാന്യം കാണിക്കുന്നു. പുഴയും ദൈവസൃഷ്ടിയുടെ മകുടവുമായ മനുഷ്യനും കൈകോര്‍ത്ത ഇടങ്ങളിലെല്ലാം കറതീര്‍ന്ന സംസ്കാരങ്ങള്‍ ഉദയം ചെയ്തു.
പ്രകൃതിവിഭവങ്ങളുടെ അനുഗ്രഹം വാരിക്കോരി കിട്ടിയ നാടായ നമ്മുടെ ഈ കൊച്ചുകേരളം ജീവജലസ്രോതസുകളാല്‍ സമ്പന്നമായതിനാലാണ് ലോകജനതയ്ക്കു മുമ്പില്‍ ‘ദൈവത്തിന്‍റെ സ്വന്തം നാടാ’കുന്നത്. 44 നദികളാല്‍ അനുഗ്രഹീതമാണു നമ്മുടെ ഈ കൊച്ചു ഭൂപ്രദേശം. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പെരിയാര്‍ ജൈവസമ്പന്നമായ പ്രകൃതിയെ പുനഃസൃഷ്ടിച്ചും മാനവസംസ്കൃതി രൂപപ്പെടുത്തിയുമാണു വേമ്പനാട്ടു കായലിലും അറബിക്കടലിലും എത്തിച്ചേരുന്നത്. പെരിയാറില്ലായിരുന്നെങ്കില്‍ കൊച്ചിക്കും അതു കടന്നുവരുന്ന ഭൂപ്രദേശങ്ങള്‍ക്കും ജനവര്‍ഗങ്ങള്‍ക്കും ഇന്നത്തെ സംസ്കാരമുണ്ടാകുമായിരുന്നില്ല, ചരിത്രമുണ്ടാകുമായിരുന്നില്ല. ഈ നീരൊഴുക്കുകളെ ദൈവതുല്യം നമിക്കാതെ മനുഷ്യനോ മറ്റു ചരാചരങ്ങള്‍ക്കോ ഈ ആധുനികലോകത്തില്‍പ്പോലും മുന്നോട്ടു ചരിക്കാനാവില്ല. മനുഷ്യനൊഴികെയുള്ള ചരാചരങ്ങള്‍ പ്രകൃതിയുടെ ഈ താളത്തിന്‍റെ ഗതിയില്‍ തന്നെയാണ്. എന്നാല്‍ മനുഷ്യര്‍, പ്രത്യേകിച്ചു വ്യവസായ-നാഗരിക ലോകങ്ങളിലെ മനുഷ്യര്‍ ഈ ജലപൈതൃകത്തെ മറന്നുപോകുന്നു. മരിച്ചുകൊണ്ടിരിക്കുന്ന പെരിയാര്‍ നമുക്കു നല്കുന്ന പാഠമിതാണ്.
പെരിയാര്‍ കൊച്ചിയിലെത്തുമ്പോള്‍ അത് 40 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ്; ഒരേയൊരു സ്രോതസ്! അതിലുമുപരി പെരിയാറിനു ചുറ്റും വസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനം, അതിജീവനം തുടങ്ങിയവയ്ക്കെല്ലാം ഈ നദി നിദാനമാകുന്നു. മനുഷ്യന്‍ പുതിയ വാസഇടങ്ങള്‍ തേടി ചൊവ്വാവരെ എത്തിയപ്പോഴും ആദ്യം അന്വേഷിച്ചത് അവിടെ വായു ഉണ്ടോ എന്നല്ല, ജലമുണ്ടോ എന്നാണ്.
വെള്ളത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഈ ബാലപാഠം ആധുനിക വികസനവിദഗ്ദ്ധരും രാഷ്ട്രീയസമൂഹവും തിരിച്ചറിയുന്നില്ല എന്നതു ഖേദകരമാണ്. കൊച്ചിയില്‍ പതിക്കുന്ന പെരിയാറിനെ രാഷ്ട്രീയസമൂഹം വേണ്ടത്ര ആദരിക്കുന്നില്ല എന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് 1980-കള്‍ വരെ ജൈവസമൃദ്ധമായിരുന്ന പെരിയാറിന്‍റെ ഇന്നത്തെ ശോച്യാവസ്ഥ.
1940-കളിലാണു കൊച്ചി വ്യവസായമേഖലയാകുന്നത്. ഇന്ന് ഏതാണ്ട് 240-ലേറെ വ്യവസായ കേന്ദ്രങ്ങള്‍ പെരിയാറിന്‍റെ പതനസ്ഥാനങ്ങളിലുണ്ട്. ജലസ്രോതസുകളും ചരക്കു കടത്തു സൗകര്യങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യവും കണക്കിലെടുത്തു മാത്രമാണു വ്യവസായങ്ങള്‍ 40-കളില്‍ നദീതീരത്തു സ്ഥാപിച്ചത്. അപകടകരമായ രാസമാലിന്യങ്ങള്‍ തള്ളുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങള്‍ നദീതീരങ്ങളില്‍ പാടില്ലെന്നത് ഇന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ വസ്തുത നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ല. 1980-കള്‍ക്കുശേഷം പെരിയാര്‍ ഏറ്റവും അപകടകാരികളായ രാസമാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നു. ഈ സ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുതന്നെയാണു 40 ലക്ഷം പേര്‍ക്കുള്ള കുടിവെള്ളം “ക്ലോറിനൈസേഷന്‍” എന്ന ആദ്യകാല രീതിയിലുള്ള കുടിവെള്ള ശുചീകരണം വഴി കേരള വാട്ടര്‍ അതോറിറ്റി ലഭ്യമാക്കുന്നത്. ഈ രീതികൊണ്ട് അര്‍സനിക്, കോബാള്‍ട്ട്, നിക്കല്‍, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ രാസവസ്തുക്കളും അവ ഒന്നുചേര്‍ന്നുണ്ടാകുന്ന രാസസംയുക്തങ്ങളും ശുദ്ധീകരിച്ചെടുക്കാന്‍ കാലഹരണപ്പെട്ട “ക്ലൈറിനൈസേഷന്‍” എന്ന രീതിക്കാവില്ല.
വസ്തുതകള്‍ ഇത്ര ഭീകരമായിരിക്കെ, വ്യവസായ-രാഷ്ട്രീയ കൂട്ടുകെട്ട് ഇതിന്‍റെ പരിഹാരത്തിനായി മടിച്ചുനില്ക്കെ, ജനം തെരുവിലേക്കിറങ്ങുകയാണ്. ലോക ജലദിനമായ മാര്‍ച്ച് 22-ന് കൊച്ചിയുടെ വിഷജല വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നു; കുടിവെള്ളം ഞങ്ങളുടെ ജന്മാവകാശമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ഉപവാസമിരിക്കുന്നു. 26-ാം തീയതി കാല്‍ ലക്ഷം ജനങ്ങള്‍ മറൈന്‍ ഡ്രൈവിലേക്കൊഴുകുന്നു; ഒഴുക്കു നിലച്ച രാഷ്ട്രീയ സമൂഹത്തിനെ ഉണര്‍ത്താന്‍, കുടിവെള്ളത്തില്‍ നഞ്ചു കലക്കുന്ന വ്യവസായങ്ങളെ കെട്ടുകെട്ടിക്കാന്‍. ഈ സമരയജ്ഞം കടകള്‍ അടച്ചിട്ടുകൊണ്ടല്ല, ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുമല്ല. സഹകരണത്തിന്‍റെ കരങ്ങള്‍ ഉയര്‍ത്തി, ഹൃദയത്തിന്‍റെ വാതിലുകള്‍ തുറന്ന് ഈ പ്രക്ഷോഭത്തെ പ്രബുദ്ധമാക്കാം.

Leave a Comment

*
*