‘അവര്‍ ആദ്യം പറയട്ടെ’

‘അവര്‍ ആദ്യം പറയട്ടെ’

ഒന്നരവര്‍ഷം നീണ്ട കോവിഡ് അവധിക്കു ശേഷം ഒക്‌ടോബര്‍ ആദ്യം കലാലയങ്ങളിലും നവംബര്‍ ആദ്യം വിദ്യാലയങ്ങളിലും അധ്യയനത്തിന്റെ ആദ്യബെല്‍ വീണ്ടും മുഴങ്ങുമ്പോള്‍ ആശങ്കകളുടെയും ആകാംക്ഷകളുടെയും വിദ്യാഭ്യാസ നാളുകളിലേക്ക് കൂടിയാണ് കേരളത്തിന്റെ പുതിയ വിദ്യാരംഭം.
18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയും, വാക്‌സിനേഷന്‍ കുട്ടികളില്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെങ്കില്‍ പ്പോലും, അവര്‍ ആര്‍ജ്ജിത പ്രതിരോധശേഷി ഇതിനോടകം നേടിയിട്ടുണ്ടാകാമെന്ന നിഗമനവുമാണ്, കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചുകൊണ്ട് തന്നെ വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാമെന്ന ധാരണയിലേക്ക് കേരളത്തെയെത്തിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകളുടെ സംയോജിത സംരംഭങ്ങളിലൂടെയാകണം കോവിഡാനന്തര വിദ്യാഭ്യാസജീവിതം പുരോഗമിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാണ്.
മാസ്‌ക്ക്, സാമൂഹ്യാകലം, കൈകഴുകല്‍ തുടങ്ങിയ ആരോഗ്യശീലങ്ങളുമായി പുതുതായി പൊരുത്തപ്പെട്ട അധ്യേതാക്കളാണ് അധ്യയനത്തിനെത്തുന്നത് എന്നതിനാല്‍ അവയുടെ കര്‍ശനമായ തുടര്‍ച്ച ഉറപ്പുവരുത്തിയാല്‍ മതിയാകും. വിദ്യാലയ പരിസരങ്ങളിലെ ശുചിത്വ സംരക്ഷണവും രോഗബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ക്രമീകരണങ്ങളുടെ സംലഭ്യതയും പ്രധാനപ്പെട്ടതാണ്. മെഡിക്കല്‍ സംഘത്തിന്റെ സമയോചിത സന്ദര്‍ശനവും, ക്രിയാത്മകമായ ഇടപെടലുകളും ഇനി മുതല്‍ വിദ്യാലയ ജീവിതത്തിന്റെ ഭാഗമാകണം.
ആരോഗ്യമേഖല കഴിഞ്ഞാല്‍ കോവിഡാഘാതത്താല്‍ അലങ്കോലപ്പെട്ട പ്രധാനരംഗം വിദ്യാഭ്യാസം തന്നെയാണ്. യൂണിസെഫിന്റെ കണക്കനുസരിച്ച് 160 കോടി കുട്ടികള്‍ക്ക് സ്‌കൂളില്‍പ്പോയി പഠനം നടത്താന്‍ സാധിക്കുന്നില്ല. കേരളത്തില്‍ 37,16,897 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് കാലം ക്ലാസ്സ്മുറികള്‍ നിഷേധിച്ചത്. 'ഡിജിറ്റല്‍ ഡിവൈഡി'ന്റെ അന്തരവും, അനന്തരഫലങ്ങളും സാമൂഹ്യക്ഷേമ സൂചികയില്‍ മികച്ചതെന്ന് കരുതപ്പെടുന്ന കേരളത്തില്‍പ്പോലും വന്‍ദുരിതമായത് നാമറിഞ്ഞു.
യഥാര്‍ത്ഥ വിദ്യാഭ്യാസം, സാമീപ്യത്തിന്റെ ഹൃദയഭാഷയിലൂടെ, സാംസ്‌കാരിക വിനിമയത്തെ സജീവമാക്കുമെന്ന തത്ത്വത്തെയാണ് എക്കാലവും പ്രകാശിപ്പിച്ചത്. സുകുമാര്‍ അഴീക്കോടിന്റെ ഭാഷയില്‍, 'അധ്യാപകനും, വിദ്യാര്‍ത്ഥിയും ഹൃദയംകൊണ്ട് അടുത്തു വരുമ്പോഴാണ് പ്രകാശമുണ്ടാകുന്നത്. മനനത്തോട് ഏറ്റവും അടുത്ത വചനത്തിലായിരിക്കണം അധ്യാപക വിദ്യാര്‍ത്ഥി വിനിമയം.' അടുത്തിരുത്തി പഠിപ്പിക്കുമ്പോള്‍ കേവലം വിവരകൈമാറ്റത്തിനപ്പുറത്ത് ആന്തരിക സംവേദനത്തിന്റെ ആഴങ്ങളെ അധികമായി അറിയുവാനും, അറിവിനെ അനുഭവമാക്കി പരിവര്‍ത്തിപ്പിക്കാനുമിടയാക്കും. ഒപ്പം ക്ലാസ്സ് മുറിക്കപ്പുറത്തേക്ക് വികസിക്കുന്ന പൊതുബോധ നിര്‍മ്മിതിയില്‍ പരസ്പരം പങ്കാളികളാകുന്ന സാംസ്‌കാരിക സമന്വയം സംഭവിക്കുകയും ചെയ്യും. പരസ്പരം അറിയുകയും പെരുമാറുകയും ചെയ്യുമ്പോഴാണ് കുട്ടികളുടെ പെരുമാറ്റശൈലികള്‍ പരിഷ്‌ക്കരിക്കപ്പെടുന്നതും സാമൂഹ്യജീവിയായുള്ള പരിവര്‍ത്തനം പൂര്‍ണ്ണമാകുന്നതും. അകത്തിരുന്നുള്ള അധ്യയനം അടച്ചുകളഞ്ഞത് ഇത്തരം തുറവികളടെ തുറസ്സായ ഇടങ്ങളെയാണ്. കുട്ടികള്‍ ഇപ്പോള്‍ മടങ്ങിവരുന്നതും സാമൂഹ്യ അധ്യയനത്തിന്റെ ഈ സാംസ്‌കാരിക തിരുമുറ്റത്തേക്കാണ്.
എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് അവസാനിപ്പിച്ചിടത്തുനിന്നും അധ്യയനം വീണ്ടും ആരംഭിക്കുന്നതും, ഇപ്പോഴത്തെ ഡിജിറ്റല്‍ പഠനത്തിന്റെ വേദിമാറ്റം മാത്രമായി ഇപ്പോള്‍ തുറക്കുന്ന ക്ലാസ്സ് മുറികളെ വിവക്ഷിക്കുന്നതും 'പുതിയ വിദ്യാരംഭ'ത്തെ വികലമാക്കുമെന്നുറപ്പാണ്. ബാക്കി പഠിപ്പിക്കാനല്ല, ഇപ്പോള്‍ അവരില്‍ എന്താണ് 'ബാക്കിയുള്ളത്', അതില്‍ നിന്നും തുടങ്ങാനുള്ള ആര്‍ജ്ജവമാണുണ്ടാകേണ്ടത്. അല്ലെങ്കില്‍ അത് വലിയ അധ്യയന പ്രതിസന്ധിയുണ്ടാ ക്കും. രണ്ടു വര്‍ഷം മുമ്പ് ക്ലാസ്സ്മുറികളില്‍ നിന്നും ഇറങ്ങിപ്പോയവരല്ല, മടങ്ങിവരുന്നത് എന്നത് ഓര്‍മ്മയിലുണ്ടാകണം.
ഇടവകകളില്‍ വിശ്വാസ പരിശീലനവും ഈ വിധം താമസിയാതെ തിരികെയെത്തും. ഒന്നര വര്‍ഷത്തിലേറെയായി വി. കുര്‍ബാനയുടെ സാമൂഹ്യാനുഭവം നിഷേധിക്കപ്പെട്ടിരിക്കുന്ന കുട്ടികള്‍ മതബോധന ക്ലാസ്സുകളിലേക്ക് നാളെ മടങ്ങിയെത്തുമ്പോള്‍ പഴയ പഠനരീതികളുമായി അവരെ സമീപിക്കുന്നതിലെ മൗഢ്യം ആദ്യം മനസ്സിലാക്കണം. ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചത് ഈ കോവിഡ് കാലത്ത് വീട്ടിനകത്ത് കണ്ടെത്താനായോ എന്ന പരിശോധനയില്‍ തൊട്ട് തുടങ്ങണം. പരീക്ഷയ്ക്ക് വേണ്ടിയല്ലാെത, ജീവിത പരീക്ഷണങ്ങളില്‍ ക്രിസ്തു അറിവുകള്‍ പ്രയോജനെപ്പട്ടുവോ എന്നും തിരക്കണം.
അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണം. നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ക്കുടുങ്ങി നഷ്ടെപ്പടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രി സ്തു അവര്‍ക്ക് ലഹരിയാകുന്നില്ല എന്ന് നാം സ്വയം ചോദിക്കണം. വി. കുര്‍ബാനയെക്കുറിച്ച് പഠിപ്പിച്ചു, കുര്‍ബാനായാകാന്‍ മറന്നു; സഭയെപ്പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്നു പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ ശേഷിക്കുന്നതെന്ത് എന്നതിനെപ്പറ്റി ആത്മപരിശോധന വേണം.
പ്രകടനപരതയുടെ കെട്ടുകാഴ്ചകളില്‍നിന്ന് ഇനിയെങ്കിലും നമ്മുടെ മതബോധന വേദികളെ നാം വിമോചിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ വാര്‍പ്പു മാതൃകകളെ അതേപടി അനുകരിക്കേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. വിശ്വാസം ബോധ്യമായും, ദൈവം അനുഭവമായും മാറുന്ന വിധത്തില്‍ അധ്യയന രീതികളില്‍ മാറ്റം വരുത്തണം.
അധ്യാപകനും വിദ്യാര്‍ത്ഥിക്കുമിടയിലുള്ള പ്രധാന തടസ്സം പുസ്തകമാണെന്ന മട്ടില്‍ കുഞ്ഞുണ്ണി മാഷിന്റെ ഒരു കുസൃതിയുണ്ട്. പുസ്തകത്താളുകളില്‍ നിന്നും പുറത്തിറങ്ങുന്ന ക്രിസ്തുവിനെ നമ്മുടെ വിശ്വാസപരിശീലന വേദികള്‍ കൂടുതലായി പരിചയെപ്പടുത്തണം. അധ്യാപകന്‍ നിറുത്തിയിടത്തു നിന്നല്ല, വിദ്യാര്‍ത്ഥികള്‍ നിറുത്തിയിടത്തു നിന്നും അധ്യയനം വീണ്ടും ആരംഭിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org