മാധ്യമവിചാരണകള്‍ വേണ്ട

മാധ്യമവിചാരണകള്‍ വേണ്ട

കേസുകളും സംഭവങ്ങളും മാധ്യമങ്ങള്‍ വിചാരങ്ങള്‍ ആക്കേണ്ടതിനു പകരം അവയെ വിചാരണ ചെയ്തു വഷളാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. സമൂഹത്തിലെ അനീതികളും അക്രമങ്ങളും പ്രത്യേകിച്ചു ലൈംഗികാതിക്രമങ്ങള്‍, മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു വായനക്കാരിലും കാണികളിലും വൈകാരിക ഇക്കിളികള്‍ നല്കാനായിരിക്കരുത്, സാമൂഹ്യമാറ്റത്തിന്‍റെ ഇളക്കങ്ങള്‍ ഉണ്ടാക്കാനായിരിക്കണം.

ഈ സാഹചര്യത്തില്‍ ജൂലൈ 14-ന് കേരള മാധ്യമലോകത്തെ വനിതാപ്രതിനിധികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതു പ്രസക്തമാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണരേഖകള്‍ സര്‍ക്കാര്‍ പുതുക്കിയുറപ്പിക്കണമെന്നായിരുന്നു അവരുടെ നിവേദനം. ഇത്തരത്തിലുള്ള ഒരു മാര്‍ഗരേഖ അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഒപ്പം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ നല്കണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന. നടിയെ പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ അറസ്റ്റിലായ സംഭവം കേരള മാധ്യമങ്ങള്‍ 'ആഘോഷി'ക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തക പ്രതിനിധികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

കോടതി വിചാരണ ആരംഭിക്കാത്തതും വിധി പറയാത്തതുമായ കേസിലാണു ദൃശ്യ-സാമൂഹ്യമാധ്യമങ്ങളും പത്രങ്ങളും ഇങ്ങനെ വിധിപ്രസ്താവങ്ങളും വിചാരണകളും മാധ്യമദ്വാരാ നടത്തിക്കൊണ്ടിരിക്കുന്നത്. കോടതിമുറിയിലെ നീണ്ട വിചാരണകള്‍ക്കൊടുവില്‍ ജഡ്ജിയുടെ വിധിവാചകത്തിലാണു കുറ്റാരോപിതന്‍ കുറ്റവാളിയോ കുറ്റവിമുക്തനോ ആകുന്നത്. ന്യായാധിപന്‍റെ ഈ ജോലി ചില അവതാരകര്‍ ഏറ്റെടുത്തതായി തോന്നുന്നു. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21-ഉം ഇന്ത്യന്‍ പീനല്‍കോഡ് 228 എ-യും കുറ്റാരോപിതനും ഇരയ്ക്കും നല്കുന്ന ജീവിക്കാനുള്ള അവകാശത്തിലും സ്വകാര്യതയിലും കടന്നുകയറാന്‍ ആര്‍ക്കും അധികാരമില്ല. ജനങ്ങളുടെയും അധികാരികളുടെയും സത്വരശ്രദ്ധ കിട്ടേണ്ട എത്ര വാര്‍ത്തകളും സംഭവങ്ങളുമാണ് ഈ പൊലിപ്പിച്ചെടുക്കുന്ന വര്‍ണനകളിലും വിചാരണയിലും മുങ്ങിപ്പോകുന്നത്! പൊലീസിന്‍റെ കൈയിലും കോടതിമുറിയിലും രണ്ടു കോളം വാര്‍ത്തയിലും ഒതുങ്ങേണ്ട ഇത്തരം കുറ്റകൃത്യങ്ങളെ എന്തിന് അമിതപ്രാധാന്യം നല്കി സമൂഹമദ്ധ്യത്തിലേക്കും വാര്‍ത്താവിചാരങ്ങളിലേക്കും കൊണ്ടെത്തിക്കണം? ഇത്തരം കുറ്റകൃത്യങ്ങളെ പ്രധാന വാര്‍ത്തകളാക്കാന്‍ സകല റോഡ് നിയമങ്ങളും പൊതുസ്ഥല നിയന്ത്രണങ്ങളും ലംഘിച്ചു പായുന്ന മാധ്യമപടയെയും കാണികളെയും നിയന്ത്രിക്കാന്‍ നമ്മുടെ പൊലീസും നിയമസംവിധാനവും ശ്രമിക്കാത്തത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടുപിടിക്കാനും മാതൃകാപരമായി ശിക്ഷിക്കാനുമുള്ള ഉത്തരവാദിത്വം പേറുന്നവരാണ് ഇവിടത്തെ പൊലീസും നീതിന്യായവ്യവസ്ഥയും. ആ ദൗത്യം നിര്‍വഹിക്കാന്‍ അവരെ അനുവദിക്കുക; അതു വാര്‍ത്തയാക്കുക. ചാനലിന്‍റെ റേറ്റിംഗ് കൂട്ടാനും വായനക്കാരുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യാനും വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പപ്പരാസിത്തരത്തിലേക്കു നമ്മുടെ മാധ്യമലോകം തരംതാണു കൂടാ. അക്രമങ്ങള്‍ക്കും ലൈംഗികപീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മാനവും സ്വകാര്യതയും സംരക്ഷിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള ബാദ്ധ്യതകളെ ഓര്‍മിപ്പിക്കുന്ന പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2010-ലെ മാര്‍ഗരേഖകളും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പത്രപ്രവര്‍ത്തകര്‍ക്കുള്ള നിയമാവലിയും എന്‍ബിഎസ്എ വാര്‍ത്താപ്രക്ഷേപണം നടത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവര്‍ ഓര്‍ക്കുന്നതു നന്ന്.

ഇസ്രായേല്‍ക്കാരുടെ രാജാവായ ദാവീദ് ചെയ്ത ഒരു ലൈംഗികാതിക്രമത്തെ ചൂണ്ടിക്കാണിച്ചു ദാവീദിനെ യഥാര്‍ത്ഥ അനുതാപത്തിലേക്കു നയിക്കുന്ന നാഥാന്‍ പ്രവാചകന്‍റെ സംഭവം പഴയ നിയമത്തിലെ 2 സാമുവേല്‍ 12-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. കുറ്റാരോപിതനു മനസ്സിലാകുന്ന ഭാഷയില്‍ അവന്‍ ചെയ്ത മാരക പാപം ഒരു കഥയിലൂടെ അവതരിപ്പിച്ചാണു ദൈവനീതിയുടെ പ്രവാചകസ്ഥാനത്തുനിന്നു നാഥാന്‍ ദാവീദിനെ വിധിക്കുന്നത്. അനാവശ്യ മാധ്യമവിചാരണകള്‍ നടത്താതെ കുറ്റവാളിക്ക് അനുതാപവും അനുവാചകര്‍ക്കു മുന്നറിയിപ്പും നല്കുന്ന 'കഥകള്‍' മാധ്യമങ്ങള്‍ പറയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org