Latest News
|^| Home -> Editorial -> നവതിയുടെ യുവത്വം

നവതിയുടെ യുവത്വം

Sathyadeepam

എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്ത അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്‍റെ ആശീര്‍വാദത്തിലും പഞ്ഞിക്കാരന്‍ ജോസഫ് അച്ചന്‍റെ “സത്യം”, “ദീപം” എന്നീ കടത്തുബോട്ടുകള്‍ വിറ്റ പണത്തിന്‍റെ ശക്തിയിലും ധിഷണാശാലിയായിരുന്ന നടുവത്തുശ്ശേരി ജേക്കബ് അച്ചന്‍റെ ബൗദ്ധികബലത്തിലും ആരംഭിച്ച ഈ പത്രത്തിന്‍റെ യാത്രയ്ക്കു 90 വയസ്സ്. അന്നു മുതല്‍ ഇന്നുവരെ സത്യദീപത്തിനു നിരത്താന്‍ നഷ്ടങ്ങളുടെ, നഷ്ടപ്പെടലുകളുടെ കണക്കുകള്‍ നിരവധി. സത്യത്തെ പ്രഘോഷിക്കാന്‍വേണ്ടിയുള്ള ആ നഷ്ടങ്ങളൊക്കെയും ലാഭമായി കരുതുകയാണ് ഞങ്ങള്‍. സത്യത്തിന്‍റെ വെളിച്ചവുമായി ചരിത്രത്തില്‍ ഇടപെടാനുള്ള ഞങ്ങളുടെ ഈ ദൗത്യത്തിനു താങ്ങു നല്കുന്നതു സത്യത്തെക്കുറിച്ചുള്ള ദാഹം തീവ്രമായി മനസ്സില്‍ സൂക്ഷിക്കുന്ന ഇതിന്‍റെ വായനക്കാരായ നിങ്ങള്‍ ഓരോരുത്തരുമാണ്. ഈ ധൈര്യം എല്ലാ നഷ്ടങ്ങളെയും ലാഭമാക്കി പകര്‍ത്താന്‍ ഞങ്ങള്‍ക്ക് ഉള്‍ക്കരുത്തു നല്കുന്നു. പ്ലാറ്റിനം ജൂബിലിയിലേക്കു സത്യദീപം പ്രവേശിക്കുന്നതിനു മുമ്പുള്ള എഡിറ്റോറിയല്‍ കോളത്തില്‍ അന്നത്തെ എഡിറ്റര്‍ കുറിച്ചു: “സഭ നല്കുന്ന ഈ സത്യത്തിന്‍റെ വെളിച്ചത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്തുവിനോടുള്ള വിധേയത്വവും വിശ്വസ്തതയും മറ്റെല്ലാറ്റിനെയും അളക്കാനും ആദരിക്കാനും വിമര്‍ശിക്കാനും മാനദണ്ഡമാകുന്നു.”
കേവലം നാലു പേജുകളില്‍ റോയല്‍ സൈസില്‍ 1927 ജൂലൈ 3-നു പ്രസിദ്ധീകരണമാരംഭിച്ച ഈ വാരികയുടെ ആദ്യലക്കത്തില്‍ത്തന്നെ ഈ പത്രത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. 1) കത്തോലിക്കര്‍ക്ക് ഉപരിയുപരിയായി മതബോധനം നല്കുക. 2) അകത്തോലിക്കര്‍ക്കു ക്രിസ്തുവിന്‍റെ സത്യസഭ ഏതെന്നു തെളിയിച്ചുകൊടുക്കുക. 3) അക്രൈസ്തവര്‍ക്കിടയില്‍ ക്രിസ്തുമതത്തെക്കുറിച്ചുള്ള അജ്ഞത നീക്കുക. പ്രഥമ ലക്കത്തില്‍ ചേര്‍ത്തിരുന്ന അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്‍റെ ആശംസാസന്ദേശത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു: “മതം സര്‍വപ്രധാനമായ ഒരു കാര്യമാകയാല്‍ അതിനെക്കുറിച്ചു പ്രത്യേകം പ്രതിപാദിക്കുന്ന ഒരു പത്രം അത്യാവശ്യംതന്നെ. ഈ പത്രദ്വാരാ സത്യം വെളിപ്പെടുത്തുന്നതിനും സത്യാന്വേഷകരെ സഹായിക്കുന്നതിനും സാധിക്കും” – വഴിയും സത്യവും ജീവനുമായ യേശുവിന്‍റെ വെളിച്ചത്തില്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ സകലമാനങ്ങളെയും കാണാനും വ്യാഖ്യാനിക്കാനുമാണു സ്ത്യദീപം ശ്രമിക്കുന്നത്. സംഭവങ്ങളിലെ നെല്ലും പതിരും തമ്മില്‍ വേര്‍തിരിക്കാന്‍ കാണിക്കുന്ന വിവേചനമാണ് ഒരു കത്തോലിക്കാ പത്രത്തിന്‍റെ മുഖമുദ്ര. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായുവുളളിടത്തേ പത്രം നിലനിന്നു വളരൂ. ഈ പത്രം സ്ഥാപിതമായ എറണാകുളം അതിരൂപതയില്‍ അതു വേണ്ടുവോളമുണ്ട്.

ജനസ്വരം ദൈവസ്വരമാണെന്നുള്ള പഴമൊഴി പിന്തുടര്‍ന്ന ചരിത്രമാണ് ഈ പത്രത്തിനുള്ളത്. 1977-ല്‍ കനകജൂബിലി ആരംഭിക്കുന്ന വേളയില്‍ അന്നത്തെ എഡിറ്റര്‍ ഡോ. ജോസ് തച്ചില്‍ എഴുതി: “ജൂബിലി സമുചിതമായി എങ്ങനെ ആ ഘോഷിക്കണം എന്നതിനെപ്പറ്റി സഹൃദയരായ നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്തു ജൂബിലിപരിപാടികള്‍ക്കു ഞങ്ങള്‍ രൂപം കൊടുക്കുന്നതാണ്.” ഒരു പത്രത്തിന്‍റെ ജൂബിലി ആഘോഷ തീരുമാനം അതിന്‍റെ വായനക്കാരില്‍നിന്ന് ഔദ്യോഗികമായിത്തന്നെ സ്വരൂപിക്കുന്ന ഈ സ്വഭാവത്തില്‍ തുടരാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ജനസ്വരം എന്നത് ആള്‍ക്കൂട്ടത്തിന്‍റെ വെറും ഒച്ചവയ്ക്കലല്ല എന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ജനക്കൂട്ടത്തിനിടയിലെ സത്യത്തിന്‍റെ, നന്മയുടെ, അടിച്ചമര്‍ത്തപ്പെട്ട ദരിദ്രന്‍റെ സ്വരം, അതെത്ര നേര്‍ത്തതാണെങ്കിലും, തിരിച്ചറിയാനുളളതാണ് ഞങ്ങളുടെ വിളിയെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. ജനക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ അന്ധയാചകന്‍ ബര്‍തെമേയൂസ് യേശുവിന്‍റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതുപോലെ, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളെ കല്ലെറിഞ്ഞു കൊല്ലണമെന്നു ജനക്കൂട്ടം ആക്രോശിച്ചപ്പോള്‍ ‘നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം അവളെ കല്ലെറിയട്ടെ’ എന്നു വിധിച്ച യേശുവിന്‍റെ വാക്കുകള്‍ അവള്‍ക്കു രക്ഷയായതുപോലെ. അതിനാലാണു പാപ്പയുടെ ചാക്രികലേഖനങ്ങള്‍ക്കൊപ്പംതന്നെ പുതുവൈപ്പും ചെങ്ങറയും ഇടമലക്കുടിയും മൂലമ്പിള്ളിയും നഴ്സ് സമരവുമെല്ലാം ഞങ്ങളുടെ വായനാവിഷയമാകുന്നത്.

നവതി ആഘോഷം ഞങ്ങളുടെ പ്രായം കൂട്ടുന്നില്ല; കാഴ്ച കുറയ്ക്കുന്നില്ല; ഊന്നുവടികളിലേക്കു നട്ടെല്ല് വളയ്ക്കുന്നുമില്ല. മാധ്യമസുവിശേഷത്തിന്‍റെ ശുശ്രൂഷകരായി തുടരാന്‍ ഞങ്ങള്‍ക്കിനിയും യുവത്വം ബാക്കി.

Leave a Comment

*
*