നിശ്ശബ്ദത നൽകുന്ന ഭാരം

നിശ്ശബ്ദത നൽകുന്ന ഭാരം

1980-കളില്‍ കത്തോലിക്കാ വിശ്വാസ-ചിന്താലോകങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച "ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്" എന്ന വിഖ്യാതചിത്രത്തിനുശേഷം മാര്‍ട്ടിന്‍ സ്കോര്‍ സെസെ "സൈലന്‍സ്" എന്ന ചിത്രവുമായി വരുന്നു. 17-ാം നൂറ്റാണ്ടില്‍ ജപ്പാനിലെ മിഷന്‍ പ്രവര്‍ത്തനത്തിനു നിയോഗിക്കപ്പെട്ട മൂന്ന് ഈശോസഭാ വൈദികര്‍ നേരിടുന്ന വിശ്വാസപ്രതിസന്ധികളാണു ചിത്രത്തിന്‍റെ ഇതിവൃത്തം. 1966-ല്‍ ജപ്പാനിലെ ക്രിസ്തീയ സാഹിത്യകാരന്‍ ഷുസാക്കു എന്‍ഡോ രചിച്ച "സൈലന്‍സ്" എന്ന ചരിത്രനോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണിത്.
വത്തിക്കാനില്‍ 300-ഓളം ഈശോസഭാവൈദികര്‍ക്കു വേണ്ടി നടത്തിയ ഈ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനുശേഷം ഡയറക്ടര്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെ മാര്‍പാപ്പയെ സന്ദര്‍ശിച്ചു വ്യക്തിപരമായ കൂടിക്കാഴ്ച നടത്തി. 1988-ല്‍ ഷുസാക്കുവിന്‍റെ ഈ നോവല്‍ വായിച്ചതിനുശേഷം നീണ്ട 28 വര്‍ഷം താന്‍ നടത്തിയ ഒരു ആത്മീയതീര്‍ത്ഥാടനത്തിന്‍റെ സന്താനമാണീ സിനിമ എന്നാണു സ്കോര്‍സെസെ തന്‍റെ ചിത്രത്തെ വിശേഷിപ്പിച്ചത്. ജപ്പാനില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി പോകാന്‍ ഒരു ജസ്വീറ്റ് വൈദികനായ താന്‍ ആഗ്രഹിച്ചിരുന്നതായി പാപ്പയും വെളിപ്പെടുത്തി. ആരോഗ്യകാരണങ്ങള്‍ അതിനു തടസ്സമായി.
നമ്മുടെ വിശ്വാസജീവിതത്തില്‍ ഒത്തിരി ചോദ്യങ്ങള്‍ ബാക്കിവച്ചുകൊണ്ടാണു സിനിമ അവസാനിക്കുന്നത്. ജപ്പാനിലെ മതപീഡനം സഹിക്കാനാവാതെ വിശ്വാസത്യാഗം ചെയ്ത തങ്ങളുടെ ഗുരുനാഥന്‍ കൂടിയായ ക്രിസ്റ്റോവോ പെരേര എന്ന ഈശോസഭാ മിഷനറിയെ തേടിയാണു യുവവൈദികരായ സെബസ്റ്റ്യാനോ റോഡ്രിഗ്സും ഫ്രാന്‍സിസ്കോ ഗരൂപയും ജപ്പാനിലെത്തുന്നത്. അവര്‍ക്കും കഠിനമതമര്‍ദ്ദനത്തിലൂടെ കടന്നുപോകേണ്ടി വന്നു. യേശുവിലുള്ള വിശ്വാസം തള്ളിപ്പറഞ്ഞ് യേശുവിന്‍റെ പ്രതിമയെ ചവിട്ടിയാല്‍ സ്വജീവനും കൂട്ടത്തിലുള്ളവരുടെ ജീവനും രക്ഷിക്കപ്പെടും എന്ന പ്രലോഭനത്തിനു റോഡ്രിഗ്സ് വഴങ്ങുന്നു; ഗരൂപെ വഴങ്ങുന്നില്ല. ഗരൂപെ കൊല്ലപ്പെടുകയും റോഡ്രിഗ്സ് പൗരോഹിത്യം ഉപേക്ഷിച്ചു വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കുശേഷം റോഡ്രിഗ്സ് മരിക്കുന്നു. ജപ്പാനില്‍ മിഷന്‍ പ്രവര്‍ത്തനത്തിനു റോഡ്രിഗ്സ് ആദ്യമായി വന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു ചെറു ക്രൂശിത രൂപം അദ്ദേഹത്തിന്‍റെ ഭാര്യ ശവമഞ്ചത്തില്‍ തിരിച്ചു നിക്ഷേപിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. ഒരിക്കല്‍ യേശുവിനെ അനുഭവിച്ചാല്‍, അവന്‍റെ സ്നേഹം രുചിച്ചാല്‍, ഒരു പ്രതിസന്ധിക്കും അത് അവനില്‍നിന്നു തിരിച്ചെടുക്കാനാവില്ല എന്ന സന്ദേശം ഈ ചിത്രം നല്കുന്നു.
പീഡനങ്ങള്‍ക്കിടയില്‍, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു നടുവില്‍ റോഡ്രിഗ്സ് ദൈവത്തോട് ആക്രോശിക്കുന്നുണ്ട്: "ദൈവമേ, നിന്‍റെ ഈ മൗനത്തിന്‍റെ ഭാരം താങ്ങാവുന്നതിനും അപ്പുറമാണ്." 17-ാം നൂറ്റാണ്ടില്‍ ജപ്പാനിലെ ക്രൈസ്തവസഭയും മിഷനറിമാരും കടന്നുപോയ ആത്മീയ-മാനസിക സംഘര്‍ഷങ്ങളുടെ രത്നച്ചുരുക്കമാണ് ഈ വാക്യം. ഒരു വിശ്വാസി ആഗ്രഹിക്കുന്നതല്ല, ആയിത്തീരേണ്ടതാണ്, ഈ ചിത്രത്തിലൂടെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെ കൊടുക്കുന്നത്. അതിഭാവുകത്വത്തിന്‍റെ ചായം പൂശിയ ഒരു കഥയായിട്ടല്ല, ഒരു സമര്‍പ്പിത ജീവിതത്തിന്‍റെ സകല നൊമ്പരങ്ങളും പ്രതിസന്ധികളും യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിച്ച റിയലിസ്റ്റിക് സിനിമയെന്ന നിലയില്‍ ചരിത്രം "സൈലന്‍സി"നെ സ്മരിക്കും.
ഔഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോയി സഹനങ്ങള്‍ക്കു മൂല്യമുണ്ടെന്നു കണ്ടെത്തിയ വിക്ടര്‍ ഫ്രാങ്ക്ളിന്‍റെ വാക്കുകള്‍ നമ്മുടെ ജീവിത ദുരിതങ്ങള്‍ക്കിടയിലെ ദൈവത്തിന്‍റെ മൗനത്തിനുള്ള അര്‍ത്ഥം പറഞ്ഞുതരുന്നു: "സുഖം അന്വേഷിക്കലോ സഹനം ഒഴിവാക്കലോ അല്ല ഒരുവന്‍റെ പ്രധാന ജീവിതലക്ഷ്യം; ജീവിതത്തില്‍ സംഭവിക്കുന്നതിലൊക്കെ ഒരു രക്ഷാകര അര്‍ത്ഥം കണ്ടെത്തുക എന്നതാണ്. ഈ അര്‍ത്ഥത്തിലേക്കുള്ള യാത്ര ഒരാളില്‍ ആന്തരികസംഘര്‍ഷം നിറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതാണു യഥാര്‍ത്ഥ പ്രശാന്തതയിലേക്കുള്ള ഏക വഴി. സഹനം സഹനമല്ലാതാകുന്നു, അതിനു നാം ഒരു അര്‍ത്ഥം കണ്ടെത്തുമ്പോള്‍."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org