Latest News
|^| Home -> Editorial -> സന്തോഷത്തില്‍ നിന്ന് ആനന്ദത്തിലേക്ക്

സന്തോഷത്തില്‍ നിന്ന് ആനന്ദത്തിലേക്ക്

Sathyadeepam

കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളിയുടെ സന്തോഷത്തിന്‍റെ ആധാരങ്ങള്‍ തേടി മനോരമ ന്യൂസ് ടിവി ചാനല്‍ ‘ന്യൂസ് കോണ്‍ക്ലേവ്’ സംഘടിപ്പിച്ചു. മലയാളിക്കു ജീവിതത്തില്‍ സന്തോഷം കുറയുന്നുവെന്ന അവരുടെ സന്തോഷസൂചിക സര്‍വേ ഫലമാണു കേരളത്തിന്‍റെ മധ്യമചരിത്രത്തില്‍ നടാടെയുള്ള ഇത്തരമൊരു ന്യൂസ് കോണ്‍ക്ലേവിന് ആധാരമായത്. കോണ്‍ക്ലേവ് എന്ന വാക്കിനു രഹസ്യസ്വഭാവമുള്ള യോഗം എന്നുകൂടി അര്‍ത്ഥമുണ്ടെങ്കിലും പരസ്യമാക്കേണ്ട ചില രഹസ്യങ്ങള്‍ തന്നെയാണ് ഈ ന്യൂസ് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തത്.

സര്‍വേ ഫലമനുസരിച്ചു ഭൗതിക-സാമൂഹികതലങ്ങളില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളത്തിന്‍റെ സന്തോഷസൂചിക പത്തില്‍ 4.4 മാത്രം. സൗകര്യങ്ങളും പദ്ധതികളും ഏറെയുണ്ടെങ്കിലും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും വാര്‍ദ്ധക്യകാല സുരക്ഷയെക്കുറിച്ചുള്ള ആകുലതകളും തൊഴിലില്ലായ്മയും സമൂഹനേതൃത്വത്തിലെ അഴിമതിയും മലയാളിയുടെ സന്തോഷം കെടുത്തുന്ന കാരണങ്ങളായി സര്‍വേ വിലയിരുത്തി. രാഷ്ട്രീയപാര്‍ട്ടികളും സമൂഹത്തിലെ നേതാക്കളും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ മാറ്റി സുസ്ഥിരവികസനമെന്ന പുതിയ പ്രത്യയശാസ്ത്രം സ്വന്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു കേന്ദ്രസര്‍ക്കാരിന്‍റെ ആസൂത്രണവിഭാഗമായ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞതു കാലത്തിന്‍റെ ഉത്തരമാണ്. അമിതാഭ് കാന്ത് കേരള ടൂറിസം വകുപ്പിന്‍റെ മുന്‍ സെക്രട്ടറി കൂടിയാണ്.

സന്തോഷത്തില്‍ നിന്ന് ആനന്ദത്തിലേക്കു മലയാളി ചുവടുമാറ്റം നടത്തേണ്ട കാലമായി എന്നാണ് അമിതാഭ് കാന്തിന്‍റെ പ്രസ്താവത്തിന്‍റെ പൊരുള്‍. ഭാരതീയപാരമ്പര്യം സന്തോഷവും ആനന്ദവും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. സന്തോഷം മനസ്സിന്‍റെ ഭാവമാണെങ്കില്‍ ആനന്ദം ആത്മാവിന്‍റെ അവസ്ഥയാണ്. സന്തോഷത്തിന് അല്പായുസ്സാണെങ്കില്‍ ആനന്ദത്തിന്‍റെ ആയുര്‍ദൈര്‍ഘ്യം അനന്തമാണ്. സന്തോഷം ഭൗതികപ്രവൃത്തികളിലൂടെ ലഭിക്കുന്നതാണ്; ആനന്ദമാകട്ടെ ധ്യാനാത്മകജീവിതത്തിലൂടെയും. സത്യം ചിത്തില്‍ ആനന്ദമായി നിറയുമ്പോള്‍ നമ്മുടെ ജീവിതം ആനന്ദപൂരിതമാകും. സത്യം എന്നത് ഈശ്വരന്‍തന്നെയാണ്. സത്യം നമ്മുടെ ചിത്തത്തെ ഭരിക്കാനാരംഭിക്കുമ്പോള്‍ അതു നമുക്ക് ആനന്ദത്തിലേക്കുള്ള വാതിലാകുന്നു. ശരീരത്തിലും മനസ്സിലും മാത്രം കുടുങ്ങിക്കിടക്കാതെ ആത്മാവിന്‍റെ പ്രഭയുള്ള തലംകൂടി അവതരിപ്പിച്ചു ഭാരതീയചിന്ത ആനന്ദമാര്‍ഗം ലോകത്തിന്‍റെ മുന്നില്‍ തുറക്കുകയാണ്.
മലയാളി സ്വന്തം ഇഷ്ടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. സ്വന്തം സുഖങ്ങളിലും സന്തോഷങ്ങളിലുമുള്ള അമിതശ്രദ്ധ മലയാളിയെ ആനന്ദത്തില്‍ നിന്നകറ്റുന്നുണ്ട്. വിദ്യാഭ്യാസം കൂടിയിട്ടും പരിസരശുചിത്വത്തിലും പൊതുഇടങ്ങളുടെ ഉപയോഗത്തിലും സ്ത്രീസുരക്ഷയിലും നാം പിന്നോട്ടുപോകാന്‍ ഇതാണു കാരണം. രാഷ്ട്രീയസംവിധാനങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന അഴിമതിയും പൊതുഇടങ്ങളില്‍ ഒന്നിച്ചുവരുമ്പോള്‍ മലയാളി കാണിക്കുന്ന സംസ്കാരശൂന്യതയും സ്വന്തം സന്തോഷത്തിന്‍റെ ദന്തഗോപുരങ്ങള്‍ക്കു പുറകെ മലയാളി പായുന്നതിന്‍റെ ഉത്തമനിദര്‍ശനങ്ങളാണ്.

ന്യൂസ് കോണ്‍ക്ലേവിന്‍റെ സ്ത്രീപര്‍വചര്‍ച്ചയില്‍ പങ്കെടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മലയാളിയുടെ ജീവിതത്തിലുണ്ടാകേണ്ട സന്തോഷവളര്‍ച്ചയുടെ ക്രമത്തെക്കുറിച്ചു ഭാരതീയചിന്തയുടെ ചുവടുപിടിച്ചു പറഞ്ഞ നിര്‍ദ്ദേശം സന്തോഷത്തില്‍ നിന്ന് ആനന്ദത്തിലേക്കു ചുവടുമാറ്റാന്‍ നമ്മെ സഹായിക്കും. സ്വയഹിതത്തില്‍നിന്നു സ്വജന-പരജന-ബഹുജനഹിതങ്ങള്‍ അന്വേഷിച്ചു സര്‍വജനഹിതത്തിനായി ജീവിക്കുന്നവരാകുമ്പോഴാണു യഥാര്‍ത്ഥ സന്തോഷത്തിന്‍റെ, ആനന്ദത്തിന്‍റെ ഉടമസ്ഥരായി നാം മാറുക. ഈ പ്രപഞ്ചത്തിനു മുഴുവന്‍ സുഖം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്ന ഒരു സംസ്കാരത്തിന്‍റെ സന്താനങ്ങളാണല്ലോ നാം.

ലോകം കൈക്കുമ്പിളില്‍ ഒതുക്കി എന്നു നാം അവകാശപ്പെടുമ്പോഴും ‘ഞാന്‍’ എന്ന ചെറുദ്വീപിലേക്കു നാം ഒതുങ്ങിപ്പോയോ? എന്തു ഭംഗി നിന്നെ കാണാന്‍ എന്ന് അപരന്‍റെ മുഖത്തു നോക്കി പറഞ്ഞിരുന്ന നാം എന്തു ഭംഗി എന്നെ കാണാന്‍ എന്നു പറഞ്ഞു സെല്‍ഫികളിലേക്കൊതുങ്ങുന്ന ഒരു തലമുറയായോ? എനിക്കു കിട്ടാനുള്ളതെല്ലാം കിട്ടിയാല്‍ സന്തോഷമായി എന്ന മിഥ്യാധാരണ മാറണം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ “സത്യത്തില്‍ സ്നേഹ”മെന്ന അപ്പസ്തോലിക് രേഖയും ഫ്രാന്‍സിസ് പാപ്പയുടെ “സുവിശേഷത്തിന്‍റെ ആനന്ദം” എന്ന രേഖയും സ്വയഹിതത്തിന്‍റെ സ്വാര്‍ത്ഥഭൂമികയില്‍നിന്നു സര്‍വജനഹിതത്തിന്‍റെ ആനന്ദജീവിതത്തിലേക്ക് ഉയരാന്‍ മലയാളിക്കുള്ള സുവിശേഷങ്ങളാണ്.

Leave a Comment

*
*