ചുവടുതെറ്റുന്ന മതേതര കേരളം

ചുവടുതെറ്റുന്ന മതേതര കേരളം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചേര്‍ന്ന് അവതരിപ്പിച്ച, 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള നൃത്തം വൈറലായി. 1970-കളില്‍ യുവത്വത്തിന്റെ ഹരമായിരുന്ന യൂറോ-കരീബിയന്‍ ഡാന്‍സ്, ബോണി എമ്മിന്റെ റാസ്പുടിന്‍ എന്ന അനശ്വരട്രാക്കിനൊപ്പമാണ് ഇവര്‍ ചുവട് വച്ചത്. ചടുലമായ ചുവടുകളിലെ പോസിറ്റീവ് വൈബ്‌സ് ഡാന്‍സിനെ വ്യത്യസ്തമാക്കിയതോടെ രണ്ടുപരും വളരെ വേഗം സോഷ്യല്‍ മീഡിയായില്‍ താരങ്ങളായി. ചാനലുകളില്‍ അഭിമുഖവും നിറഞ്ഞു.

കാര്യങ്ങള്‍ ഈ വിധം പുരോഗമിക്കുമ്പോഴാണ് ഒരഭിഭാഷകന്റെ വിയോജനക്കുറിപ്പ് എഫ്.ബിയില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു പേരുെടയും മതപശ്ചാത്തലം വെളിപ്പെടുത്തിയായിരുന്നു, ആ വിദ്വേഷ പോസ്റ്റ്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതിലെ 'അപാകത' ചൂണ്ടിക്കാട്ടിയ ആ പ്രതികരണത്തില്‍ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിന്റെ മുനയുണ്ടായിരുന്നു. ഇതിനു ചുവടുപിടിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ യുവനര്‍ത്തകരെ അധിക്ഷേപിച്ചുകൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികള്‍ 'ഡാന്‍സ് ജിഹാദ്' എന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി.

സംശയം വ്യക്തികള്‍ക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം 'മതേതര' കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാള്‍ നമ്മുടെ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പുകള്‍ മുന്‍പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈന്‍.

നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വബോധം പരസ്പരം നിറയ്ക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇക്കൂട്ടര്‍ വേഗത്തില്‍ വിജയിക്കുകയാണ്. ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമമന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിന്റെ നിഴല്‍ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റം.

മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.

മതേതരത്വത്തെ ഇനി മുതല്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്ര ചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍പ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം. ഏറ്റവും ഒടുവില്‍ 2030-ല്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്.

നൃത്തം വൈറലായതിനൊപ്പം വര്‍ദ്ധിച്ചുവന്ന എതിര്‍ പ്രചരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ജാനകിക്കും നവീനും പറയാനുള്ളത്, അത് തങ്ങളെ ബാധിക്കുന്നില്ലെന്നതായിരുന്നു 'അത് നിങ്ങള്‍ മുതിര്‍ന്നവരുടെ കാര്യമാണ്. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്കുക.'

വിഭാഗീയതയുടെ വിദ്വേഷരാഷ്ട്രീയത്തില്‍ 'മുതിര്‍ന്നു'പോയ മുഴുവന്‍ പേര്‍ക്കും ഇളമുറക്കാരുടെ ഈ പാകതയുടെ പ്രതികരണം പ്രചോദനമാകണം. നമ്മുടെ കുട്ടികള്‍ അവരായിത്തന്നെ വളരട്ടെ. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അദൃശ്യരേഖകള്‍ തെളിയാതിരിക്കട്ടെ, ആരും തെളിയ്ക്കാതെയും.

"അജ്ഞതയില്‍ നിന്നും ഉളവാകുന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഭയം സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്" എന്ന നോബല്‍ സമ്മാന ജേതാവും കനേഡിയന്‍ ചിന്തകനുമായ ലസ്റ്റര്‍ ബി. പിയേഴ്‌സന്റെ ഓര്‍മ്മപ്പെടുത്തല്‍ നമുക്കുള്ളതാണ്. "ജീവനുള്ളതും ക്രിയാത്മകവുമായ ഒരു ജനത, വ്യത്യാസങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള കഴിവിലൂടെ ഒരു പുതിയ സമന്വയത്തിനായി നിരന്തരം തുറന്നിരിക്കുന്നു," (FT 160) വെന്ന് ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യാശയില്‍ ഈ നാടിന്റെ ഭാവിയുണ്ട്.

ഈ അടുത്തകാലത്ത് നമ്മുടെ പൊതു വിദ്യാലയാന്തരീക്ഷം ഏറെ മെച്ചപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്നു. അപ്പോഴും മലയാളിയുടെ പൊതു ബോധാന്തരീക്ഷം വിശുദ്ധവും വിശാലവുമാണെന്ന് നമുക്ക് ഉറപ്പിക്കാനാവുമോ എന്ന പ്രശ്‌നമുണ്ട്. വ്യത്യസ്തമായ മതവീക്ഷണങ്ങള്‍ വേര്‍തിരിവിന്റെ വിനിമയത്തിലേക്കല്ല, സംവാദത്തിന്റെ സമന്വയത്തിലേക്ക് നമ്മെ നയിക്കട്ടെ. മതം ഏകകമാകാത്ത ഐക്യകേരളമാണ് യഥാര്‍ത്ഥ ഐശ്വര്യകേരളം. അതാകട്ടെ ഭാവി യുവകേരളവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org