തലയെടുപ്പോടെ നമ്മുടെ നീതിന്യായഘടന

തലയെടുപ്പോടെ നമ്മുടെ നീതിന്യായഘടന

ഇന്ത്യന്‍ നീതിന്യായവകുപ്പിന്‍റെ യശസ്സുയര്‍ത്തിയ ഒരു മാസമാണു കടന്നുപോയത്. മതത്തിന്‍റെ പേരിലും രാഷ്ട്രീയത്തിന്‍റെ മറവിലും ഒത്തിരി അനീതികളും അക്രമങ്ങളും സാധാരണ സംഭവമാകുന്ന ഈ രാജ്യത്ത് ഒരു സാധാരണ പൗരനു നിര്‍ഭയം സ്വൈര്യമായി ജീവിക്കുവാനുള്ള ആത്മവിശ്വാസം വളര്‍ത്തുന്ന മൂന്നു സുപ്രധാന വിധികള്‍ നടത്താന്‍ രാജ്യത്തെ പരമോന്നത കോടതിക്കായി. ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിനെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചതും ഭാരതപൗരന്‍റെ സ്വകാര്യത മൗലികാവകാശമാണെന്നു കല്പിച്ചതും മുസ്ലീം സമുദായത്തിലെ മൂന്നു തലാക്കും ഒരുമിച്ചു ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാക്ക് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചതും ഭാരത നീതിന്യായസംവിധാനത്തില്‍ സാധാരണക്കാരനുള്ള ആശ്രയം വളര്‍ത്തുമെന്നതിനു തര്‍ക്കമില്ല

ജനാധിപത്യമുള്ള രാജ്യങ്ങളില്‍ ഇന്ത്യയില്‍ മാത്രമാണു പരമോന്നത കോടതികളില്‍ ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളോ സമുദായസ്വാധീനങ്ങളോ ഇല്ലാതെ സുതാര്യമായും സ്വതന്ത്രമായും വിധി നടത്താന്‍ ഈ സംവിധാനം സഹായിക്കും. അതുകൊണ്ടാണു ജഡ്ജിമാരെ നിയമിക്കാനുള്ള National Juridical Appointment Commission-നെ 99-ാം ഭരണഘടനാ ഭേദഗതി ആക്ടായി 2014-ല്‍ ഭരണനേതൃത്വം അവതരിപ്പിച്ചതിനെ ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചുകൊണ്ട് 2015 ഒക്ടോബര്‍ 16-ന് സുപ്രീം കോടതി തള്ളിയത്. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരസമിതിയില്‍ ചീഫ് ജസ്റ്റിസിനൊപ്പം പ്രധാനമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും അവര്‍ നിര്‍ദ്ദേശിക്കുന്ന രണ്ടു പ്രശസ്തരെയും ഉള്‍പ്പെടുത്തണമെന്നതായിരുന്നു ഭരണ നേതൃത്വത്തിന്‍റെ ആവശ്യം. ഇതു നീതിന്യായ നിര്‍വഹണത്തില്‍ രാഷ്ട്രീയസ്വാധീനം കടന്നുകൂടാന്‍ സാദ്ധ്യതയുണ്ടെന്ന കാരണത്താല്‍ സുപ്രീംകോടതി തള്ളി. 42-ാം ഭേദഗതി ഉദ്ധരിച്ചു ഭരണഘടനയിലെ അടിസ്ഥാന ഘടനകളെ മാറ്റുന്ന ഭേദഗതികള്‍ പാര്‍ലമെന്‍റിന് അവതരിപ്പിക്കാന്‍ പാടില്ല എന്നും കോടതി നിഷ്കര്‍ഷിച്ചു.
കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടു സുപ്രീം കോടതി ഇതിനുമുമ്പും ചരിത്രത്തിലിടപെട്ടു സമാനവിധികള്‍ നടത്തിയിട്ടുണ്ട്. 1981-ല്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ചു, 1992-ല്‍ സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക സമുദായക്കാര്‍ക്കു സംവരണാവകാശം നല്കി. 1997-ല്‍ ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ശിക്ഷണ നടപടികള്‍ കൊണ്ടുവന്നു. 2011-ല്‍ കുട്ടികളോടുള്ള ലൈംഗികചൂഷണം ഇല്ലാതാക്കാനുള്ള കര്‍ശനനിര്‍ദ്ദേശങ്ങള്‍ നല്കി. 2014-ല്‍ ഭിന്നലിംഗക്കാരെ പൗരന്മാരും സ്വത്തവകാശമടക്കം എല്ലാ അധികാരവുമുള്ളവരായി പ്രഖ്യാപിച്ചു.

ഭ്രാന്തമായ ഭക്തരുടെയും കേന്ദ്രത്തിലും ഹരിയാനയിലും അധികാരത്തിലുള്ള ബിജെപിയുടെയും പിന്‍ബലവും ആശീര്‍വാദവും ഉണ്ടായിട്ടും ആള്‍ദൈവം ഗുര്‍മീത് എന്ന ക്രിമിനലിനെ ശിക്ഷിക്കാനുള്ള ആര്‍ജ്ജവം കോടതി കാണിച്ചു. മാത്രമല്ല, ലൈംഗികാരോപണങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു ആള്‍ദൈവം ആശാറാം ബാപ്പുവിന്‍റെ ശിക്ഷാനടപടികള്‍ വൈകുന്നതിനെ പ്രതി ഗുജറാത്ത് ഗവണ്‍മെന്‍റിനെ ശകാരിക്കാനും കോടതി മടിച്ചില്ല.

സ്വകാര്യത ഒരു പൗരന്‍റെ മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ വിധി ചരിത്രപരമാണ്. ഒരു നിരീക്ഷണവലയം സൃഷ്ടിച്ച് ഏകാധിപത്യ ഭരണസംവിധാനം തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത പ്രഹരം കൂടിയാണത്. ജീവിതപങ്കാളിയെ തീരുമാനിക്കാന്‍, ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍, സ്വന്തം വിശ്വാസവും ആശയങ്ങളും പ്രകടിപ്പിക്കാന്‍ എല്ലാമുള്ള അവകാശം മൗലികമായി ഭരണഘടന നല്കുന്നതാണെന്നും ആരുടെയും ഔദാര്യമോ നാളത്തെ ഭൂരിപക്ഷത്തിനു തീരുമാനിക്കാന്‍ കഴിയുന്നതോ അല്ലെന്നുമാണു കോടതി നിസ്തര്‍ക്കം വ്യക്തമാക്കുന്നത്.

പൊടുന്നനെയുള്ള തലാക്ക് ഖുറാന്‍ തത്ത്വങ്ങള്‍ക്കു വിരുദ്ധമാണെന്നു തന്‍റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഖുറാന്‍ തത്ത്വങ്ങളിലധിഷ്ഠിതമായ വ്യക്തിനിയമത്തിനു സാദ്ധ്യതയുണ്ടെന്നു തന്നെയാണു സമര്‍ത്ഥിച്ചത്. ഒരു സമുദായത്തിന്‍റെയും വ്യക്തിനിയമങ്ങളെ ഉണ്ടാക്കാന്‍ കോടതിക്കാവില്ലെങ്കിലും സ്വന്തം മതതത്ത്വങ്ങളുടെ അന്തഃസത്തയിലേക്കു പ്രവേശിക്കാന്‍ ഇത്തരം വിധികള്‍ എല്ലാ മതവിഭാഗക്കാരെയും സഹായിക്കും.

ജനത്തെ പരിപാലിക്കാനും മുന്നോട്ടു നയിക്കാനും ഉത്തരവാദിത്വമുള്ള രാഷ്ട്രത്തിന്‍റെ മനഃസാക്ഷിയാണ് അതിന്‍റെ കോടതികള്‍. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഗൗരി ലങ്കേഷിനെപ്പോലുള്ളവര്‍ നിഷ്ക്കരുണം സ്വവസതിക്കു മുന്നില്‍ കൊല്ലപ്പെടുമ്പോള്‍, പശുവിനെ ദേശീയമൃഗമാക്കി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോടു നിര്‍ദ്ദേശിക്കണമെന്നും മയിലുകള്‍ ബ്രഹ്മചാരികളാണെന്നും കണ്ണുനീര്‍ വഴിയാണ് അവ ഗര്‍ഭം ധരിക്കുന്നതെന്നും ബോധമില്ലാതെ പ്രഖ്യാപിക്കുന്ന രാജസ്ഥാനിലെ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മമാര്‍ ഉള്ളപ്പോള്‍, കോര്‍ട്ടലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടു ജയിലിലടയ്ക്കപ്പെട്ട റിട്ടയേര്‍ഡ് ജസ്റ്റിസ് സി.എസ്. കര്‍ണന്മാര്‍ വാഴുമ്പോള്‍ ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട് നമ്മുടെ നീതിന്യായവകുപ്പിന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org