Latest News
|^| Home -> Editorial -> സഭയുടെ സൗമ്യസ്മിതം

സഭയുടെ സൗമ്യസ്മിതം

Sathyadeepam

കാലം ചെയ്‌തെങ്കിലും കാലാതീതനായി തുടരുന്ന അഭി. കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ പിതാവിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1921 ഫെബ്രുവരി 11-ന് കോട്ടയം മണിമലയിലായിരുന്നു ജനനം. 1945 ഡിസംബര്‍ 19-ന് വൈദികനായി. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 1955 ജൂലൈ 3-ന് ഊട്ടി രൂപതാ മെത്രാനായി മേല്പട്ട ശുശ്രൂഷയിലേയ്ക്കുള്ള നിയോഗം. 1970-ല്‍ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയായി നിയമിതനായതോടെ മാതൃസഭയിലേയ്ക്കും, രൂപതയിലേയ്ക്കും മടങ്ങിയെത്തി. 1985-ല്‍ അഭി. പാറേക്കാട്ടില്‍ പിതാവിന്റെ പിന്‍ഗാമിയായി, എറണാകുളത്തേയ്ക്ക്. 1992-ല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടപ്പോള്‍, പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പായി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ.
34-ാം വയസ്സില്‍ അപ്പസ്‌തോലന്മാരുടെ പിന്‍ഗാമിപ്പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ പ്രായക്കുറവിനെ പ്രശ്‌നമാക്കിയവരോട് പിതാവിന്റെ മറുപടിയിങ്ങനെ, ”അത് ഞാന്‍ ഓരോ വര്‍ഷവും പരിഹരിക്കുന്നുണ്ട്.” പ്രായക്കുറവ് മാത്രമല്ല, ഭാരിച്ച സഭാ ശുശ്രൂഷ മദ്ധ്യേ നേരിടേണ്ടി വന്ന സകല പ്രശ്‌നങ്ങളെയും പടിയറ പിതാവ് പരിഹരിച്ചത്, സ്വതസിദ്ധമായ ഈ നര്‍മ്മ ഭാവനയാലും നിര്‍മ്മലമായ സ്‌നേഹഭാവത്താലുമായിരുന്നു.
1992 ഡിസംബര്‍ 16-ന് സഭ മുഴുവന്റെയും പിതാവും തലവനുമായി ഉയര്‍ത്തപ്പെട്ട വേളയില്‍ പറഞ്ഞ വാക്കുകളില്‍ 41 വര്‍ഷം നീണ്ട മേല്പട്ട ശുശ്രൂഷയിലുടനീളം പടിയറപ്പിതാവ് പുലര്‍ത്തിയ നിഷ്ഠയും നിര്‍മ്മമതയും, ദൈവാശ്രയബോധവും വ്യക്തമാകുന്നുണ്ട്. ”ഞാന്‍ വിനീതനായി ദൈവത്തോടൊപ്പം നീങ്ങുന്നു. ദൈവതിരുമനസ്സിന് വിധേയപ്പെട്ടാണ് ഞാന്‍ ഈ വലിയ ഉത്തരവാദിത്വം ശിരസ്സാവഹിക്കുന്നത്. അതുപോലെ സഭാഘടനയോടും അതിന്റെ നൈയാമിക ചട്ടക്കൂടിനോടും ഉപരി ജനങ്ങളോടുമുള്ള എന്റെ പ്രതിബദ്ധതയും എന്നെ മുന്നോട്ടു നയിക്കുന്നു. ഇതിലെ കുരിശുകളുണ്ടെങ്കില്‍ യേശുവിന്റെ ക്രൂശിതരൂപത്തെ നോക്കി യേശുവിനെപ്പോലെ ഞാന്‍ നിശബ്ദനായി നീങ്ങുന്നു.”
സഭാഘടനയോടുള്ള വിധേയത്വത്തെ കര്‍ക്കശപ്പെടുത്തുമ്പോഴും, ജനങ്ങളോടുള്ള പ്രതിബദ്ധതയെ എല്ലാറ്റിനുംമീതെയുറപ്പിക്കുന്ന പടിയറപ്പിതാവിന്റെ പ്രവാചകത്വം പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു സഭാകാലത്തെ പ്രകാശപൂര്‍ണ്ണമായ സ്മരണയാണ്. ആരാധനാക്രമ വിവാദം കത്തിനിന്ന കാലത്തും തന്റെ അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും വേവലാതികളെ വിലപ്പെട്ടതായെണ്ണിയ പിതാവ്, സഹിഷ്ണുതയുടെയും സമഭാവനയുടെയും സുവിശേഷ സാക്ഷ്യമായി മാറിയത് അങ്ങനെയാണ്. ഇന്നിപ്പോള്‍ ആരാധനാക്രമത്തില്‍ അനാഫൊറയുടെ പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍പ്പോലും ഇനിയൊരു ചര്‍ച്ചയ്ക്കിടമില്ലെന്നമട്ടില്‍ സംഭാഷണങ്ങളുടെ വാതിലുകളെ ഔപചാരികമായി അടയ്ക്കുമ്പോള്‍ സംവാദങ്ങളുടെ സുവിശേഷകനായിരുന്ന പടിയറപ്പിതാവിന്റെ വിയോഗത്തെ വേദനയോടെ ഓര്‍ത്തുപോകുന്നു. ബഹു ഭാഷാ പണ്ഡിതനെങ്കിലും ഹൃദയഭാഷണത്തിലായിരുന്നു, അദ്ദേഹത്തിനു പഥ്യം.
മെത്രാന്‍ പദവിയില്‍ ആദ്യമെത്തിയിട്ടും, സമൂഹത്തിലെ അവസാനത്തെയാളോടും അതീവ വാത്സല്യത്തോടെ ഇടപഴകിയ പിതാവ് ‘പുഞ്ചിരിയോടെ സേവനം ചെയ്യുക’ (Servire in laetitia) എന്ന തന്റെ ആപ്തവാക്യത്തെ ഉടലടയാളമാക്കി മാറ്റി. നിര്‍മ്മലമായ പുഞ്ചിരിയുടെ നിലാവൊളിയില്‍ തന്റെ പരിസരങ്ങളെ സദാ പ്രകാശിപ്പിച്ചു, അദ്ദേഹം. അകന്നിരിക്കാനുള്ള കാരണങ്ങള്‍ ആദ്യം തിരയുന്നവരുടെ ഈ ഒഴികഴിവ് കാലത്ത് പാര്‍ക്കിന്‍സന്‍സ് രോഗപീഡ തന്റെ വാക്കുകളെ വിലക്കുന്ന കാലം വരെയും എല്ലാവരെയും കണ്ടും, കേട്ടും പിതാവ് ഇവിടെ സജീവമായിരുന്നു.
ശുശ്രൂഷയുടെ തുടക്കം ലത്തീന്‍ രൂപതയിലായിരുന്നുവെന്നതിനാല്‍ നസ്രാണി പാരമ്പര്യത്തിലുള്ള അദ്ദേഹത്തിന്റെ ‘അജ്ഞതയെ’ അപമാനിക്കാനിവിടെയാളുണ്ടായിരുന്നു! ”തോമസ്, പീറ്ററിനെ കണ്ടുമുട്ടിയാലും, പീറ്റര്‍ തോമസിനെ കണ്ടുമുട്ടിയാലും പ്രധാനമായത് തോമസും പീറ്ററുമല്ല, യേശുക്രിസ്തുവാണ്” എന്ന പതിരില്ലാത്ത പടിയറ നിലപാടിന്റെ സാര്‍വ്വത്രികതയെയും സമഗ്രതയെയും മനസ്സിലാക്കാതെ പോയതിന്റെ വെളിവുകേടായി അത്തരം അപഹാസങ്ങളെ അവഗണിക്കാവുന്നതാണ്. കാലത്തിനഭിമുഖം നില്‍ക്കാന്‍ ധൈര്യപ്പെടാത്ത സഭയും സമൂഹവും ഇന്നലെകളിലെ പൗരാണിക പാരമ്പര്യങ്ങളിലേയ്ക്കു മാത്രം നോക്കിയുപ്പുതൂണായുറയുമെന്ന് പടിയറപ്പിതാവിലെ മിഷനറി തിരിച്ചറിഞ്ഞിരുന്നു. ചരിത്രബോധത്തെ വെറും ഉത്ഖനന വിഷയമാക്കി പരിമിതപ്പെടുത്തുമ്പോള്‍, പള്ളി മാത്രമല്ല, പള്ളിയിലുള്ളവരും യഥാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ നിന്നും പുറത്താവുകയാണ്. ”യഥാര്‍ത്ഥ ആത്മശോധകനു സ്വന്തം രൂപം ഭയപ്പെടുത്തുന്നതാകും” എന്ന് അഭി. പടിയറപ്പിതാവോര്‍മ്മിപ്പിക്കുമ്പോള്‍ വിമര്‍ശനങ്ങളെ വിഭാഗീയതയായി വിലയിരുത്തുന്ന പുതിയകാല സഭയ്ക്കുള്ള തിരുത്തായത് മാറുന്നുണ്ട്.
”ദൈവത്തോട് സംസാരിച്ചവനേ മനുഷ്യനോട് സംസാരിക്കാനാവൂ” എന്ന് പടിയറപ്പിതാവിലെ വചനപ്രഘോഷകനു നന്നായറിയാമായിരുന്നു. ”ചെയ്യുന്നവന്റെ നഷ്ടത്തിലല്ലാതെ, നന്മ ചെയ്യാനാവില്ലെന്ന” തിരിച്ചറിവിലാണ് ആ നന്മ പേടകം നങ്കുരമിട്ടതും.
വ്യക്തിയുടെ പുനഃസംഘടനയിലൂടെ മാത്രം സംഭവ്യമാകുന്ന സാമൂഹിക പുനഃസംഘടനയാണ്, സാമൂഹ്യാര്‍ത്ഥത്തില്‍ സന്യാസമെങ്കില്‍, വ്യക്തി ജീവിതത്തില്‍ ഒരേ സമയം പുലര്‍ത്തിയ അസാധാരണമായ കാര്‍ക്കശ്യത്തിന്റെയും അപരനോടുള്ള അതീവാര്‍ദ്രതയുടെയും ഉടലാഴമായിരുന്നു, മാര്‍ ആന്റണി പടിയറപ്പിതാവ്. രാഷ്ട്രീയം അതിവേഗം മതവല്‍ക്കരിക്കപ്പെടുന്ന മതാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് അകത്തും പുറത്തുമായി ആളുകള്‍ വലിയ തോതില്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സഭാ നേതൃത്വം നിലപാട് എടുത്തിരുന്ന ‘പടിയറക്കാലത്ത്’ ‘പത്മശ്രീ’ സഭയുടെ മുഖശ്രീയായെന്ന് മറക്കാതിരിക്കാം.
വൈരം വിവരവിനിമയമാകുന്ന പുതിയകാലത്ത് വിശാലതയെ വിവേകമാക്കാന്‍ പടിയറ സ്മൃതി കാരണമാകട്ടെ. വിയോജിപ്പുകളെ വെറുപ്പോടെയെണ്ണാത്തവിധം സംഭാഷണങ്ങള്‍ തിരികെയെത്തെട്ട, സഭയിലും, സമൂഹത്തിലും.

Leave a Comment

*
*