ഫാസിസത്തിന്റെ ചരിത്രകല്പന

ഫാസിസത്തിന്റെ ചരിത്രകല്പന

മതരാഷ്ട്രവാദത്തിന്റെ സങ്കുചിതത്വത്തിലേക്ക് സകല സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ചെറുതാക്കിയൊതുക്കുന്ന നവഭാരത ഫാസിസത്തിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമാണ്ടില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ICHR) ഡിജിറ്റല്‍ പോസ്റ്റര്‍ വിവാദം.

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും, ഹിന്ദു-മുസ്‌ലീം മൈത്രിയുടെ ശക്തനായ വക്താവ്, ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യസാരഥി, ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയ മൗലാന അബ്ദുല്‍ കലാം ആസാദിന്റെയും ചിത്രം സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററില്‍ നിന്നും നീക്കിയത് സാങ്കേതികപ്പിഴവായി പിന്നീട് വിശദീകരിക്കപ്പെട്ടെങ്കിലും, രാജ്യത്തിന്റെ ചരിത്രത്തെയും യഥാര്‍ത്ഥ പൈതൃകത്തെയും ഒരു ഭരണകൂടം ഭയപ്പെടുന്നതിന്റെയും ഏക ശിലാത്മക ചരിത്ര നിര്‍മ്മിതിയുടെ മറ്റൊരു ഘട്ടത്തിലേക്ക് ദേശരാഷ്ട്രവാദം ഔപചാരികമായി പ്രവേശിക്കുന്നതിന്റെയും സൂചനയായാണ് ഇതിനെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്.

ചരിത്രത്തെ ഹൈന്ദവ മതഭൂരിപക്ഷത്തിന്റെ അടിത്തറയില്‍ തിരുത്തിയെഴുതാനുള്ള സംഘപരിവാര്‍ അജണ്ട നേരത്തെ സ്‌കൂള്‍ വിദ്യാലയ സിലബസ്സില്‍ പ്രകടമായിരുന്നുവെങ്കില്‍ ഇപ്പോഴിതാ യു.ജി.സിയുടെ ചരിത്ര സിലബസ്സിലും അത് ആവര്‍ത്തിക്കപ്പെടുകയാണ്. ചരിത്ര പഠനത്തില്‍ ഇടപെടുക എന്ന സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് യു.ജി.സി. ഈ വര്‍ഷമാദ്യം ബിരുദതലത്തില്‍ രാജ്യത്തിന് പൊതുവായ ചരിത്ര സിലബസ് പ്രസിദ്ധീകരിച്ചത് മതഗ്രന്ഥങ്ങളുടെ മഹത്വത്തെ ആദര്‍ശവത്കരിക്കുന്ന ഇന്ത്യയുടെ 'പുതിയ ചരിത്രം' വസ്തുതകളെ വികലമാക്കുക മാത്രമല്ല, അപര വിദ്വേഷത്തെ അക്കാദമിക്കാക്കുകയും ചെയ്തിരിക്കുന്നു! ഏറ്റവും ഒടുവില്‍ ഗാന്ധി ഘാതകരെ 'ക്ലാസ്സില്‍ കയറ്റിയ' കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് പരിഷ്‌ക്കരണം വിവാദമായെന്ന് ഓര്‍ക്കണം.

പ്രാചീന ഇന്ത്യ അടിമുടി ഹൈന്ദവമാണെന്ന് ആദ്യം പറയുന്നത് സ്‌ക്കോട്ടി ഷ് ചരിത്രകാരനായ ജെയിംസ് മില്‍ ആണ്. മതത്തെ വിശേഷിച്ച് ഹിന്ദുമതത്തെ ഭൂതകാലത്തിന്റെ ഏകയാഥാര്‍ത്ഥ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചരിത്ര നിര്‍മ്മിതിരീതികളാണ്. എന്നാല്‍ വിവിധ സംസ്‌ക്കാരങ്ങളുടെ സങ്കലനമായാണ് ഭാരത സംസ്‌ക്കാരിക ചരിത്രത്തെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടത്. പല ലോകങ്ങള്‍ പല കാലങ്ങളില്‍ കലര്‍ന്നാണ് അത് രൂപപ്പെട്ടത്. ചരിത്രത്തെ മതപരമായി മാത്രം വിലയിരുത്തുകയും വ്യവഹരിക്കുകയും ചെയ്യുന്നതാണ് ആധുനിക ഇന്ത്യയുടെ പ്രശ്‌നം.

വിമര്‍ശനാത്മക വിശകലന രീതിയിലൂടെ, പുരാരേഖകളുടെയും ചരിത്ര സ്രോതസ്സുകളുടെയും അടിസ്ഥാനത്തില്‍, ഇന്ത്യയുടെ വൈവിധ്യസമ്പൂര്‍ണ്ണമായ സാംസ്‌ക്കാരികാടരുകളെ സൂക്ഷ്മമായും നിഷ്പക്ഷമായും സമീപിക്കുമ്പോഴാണ് ചരിത്രവും മിത്തും വേര്‍തിരിയുന്നതും 'ചരിത്ര ഇന്ത്യ'യല്ലാതെ 'ഇന്ത്യാചരിത്രം' ഇതള്‍ വിടരുന്നതും. അവിടെ അത് രാജപടയോട്ടങ്ങളുടെ പുകള്‍വാഴ്ത്തായല്ലാതെ കീഴാളദേശങ്ങളുടെ ജീവിതസ്മരണകളായിക്കൂടി പുറത്തുവരും. എന്നാല്‍ വര്‍ത്തമാനത്തെ വരുതിയിലാക്കാന്‍, പുരാരേഖകളെ തങ്ങള്‍ക്കനുകൂലമാക്കുകയോ, മായിച്ചുകളയുകയോ ചെയ്യേണ്ടത് അഭിനവ ഫാസിസത്തിന് അനിവാര്യമാകയാല്‍ ചരിത്ര നിര്‍മ്മിതി ഭരണകൂട പ്രക്രിയയായിത്തന്നെ പ്രത്യക്ഷപ്പെടും.

1939-ല്‍ ഗോള്‍വാള്‍ക്കര്‍ എഴുതി, "വേരുകളില്‍ത്തന്നെ ഭിന്നമായ സംസ്‌ക്കാരങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുക എന്നത് അസാധ്യമാണെന്നാണ് ജര്‍മ്മനിയുടെ അനുഭവത്തില്‍നിന്നും ഇന്ത്യയ്ക്ക് പഠിക്കാവുന്ന, ഉപയോഗപ്പെടുത്താവുന്ന ഏറ്റവും നല്ല പാഠം. ഹിന്ദു സംസ്‌ക്കാരവും പൈതൃകവും ആശ്ലേഷിക്കാനും, ഹിന്ദുമതത്തെ ആദരിക്കാനും മറ്റ് ആശയങ്ങളെ മാനിക്കുന്നത് നിര്‍ത്താനും, വിദേശവംശങ്ങള്‍ തീരുമാനിക്കണം. മാത്രമല്ല, സ്വന്തം അസ്തിത്വം ഉപേക്ഷിച്ച് അവര്‍ ഹിന്ദുമതത്തിലേക്ക് ലയിക്കണം. അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങളും പരിഗണനകളും ഇല്ലാതെ, പൗരത്വ അവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദു സമൂഹത്തിന് കീഴൊതുങ്ങിക്കഴിയണം." ഇതിനിടയില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൈതൃകം ഒന്നാണെന്നും, അത് ഹൈന്ദവമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് ആവര്‍ത്തിക്കുമ്പോള്‍, വൈവിധ്യത്തെ വൈരുദ്ധ്യമായിക്കാണുന്ന അസഹിഷ്ണുതയുടെ ആക്രോശമായി അതിനെ തിരിച്ചറിയണം.

എന്നാല്‍ മനുഷ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരെ നിന്ദിക്കുമ്പോള്‍ അഭിമാനം തോന്നുന്നത് എങ്ങനെയാണെന്നത് തനിക്ക് നിഗൂഢമാണെന്നാണ് ഗാന്ധിജി പറയുന്നത്. 1921 ഒക്‌ടോബര്‍ 6-ന് ഗാന്ധിജി 'യംഗ് ഇന്ത്യ'യില്‍ ഇങ്ങനെ എഴുതി, ഹിന്ദുമതം അന്യപ്രവേശനം നിഷിദ്ധമായ മതമല്ല. ലോകത്തിലെ എല്ലാ പ്രവാചകന്മാരെയും ആരാധിക്കാന്‍ അത് അവസരം നല്കുന്നു. ദൈവത്തെ അവനവന്റെ ധര്‍മ്മവും വിശ്വാസവും പരിഗണിച്ച് ആരാധിക്കാന്‍ ഹിന്ദുമതം ഓരോരുത്തരോടും പറയുന്നു. എല്ലാ മതങ്ങളുമായും അത് സമാധാനത്തില്‍ വസിക്കുന്നു."

ഫാസിസത്തിന്റെ എക്കാലത്തെയും ശത്രു ചരിത്രമാണ്. മിത്തുകള്‍ക്ക് കൃത്രിമമായി ചരിത്രപരത ചമച്ചുകൊണ്ടാണ് ചരിത്രബോധത്തെ അത് നിരന്തരം നിരാകരിക്കുന്നതും. "മനുഷ്യര്‍ മറ്റു മനുഷ്യരോട് ചെയ്തത് എന്താണെന്ന് ഓര്‍ത്തു വയ്ക്കാന്‍ നാം തയ്യാറാണെങ്കില്‍ നാളെ മറ്റ് ദുരന്തങ്ങള്‍ തടയാന്‍ നമുക്ക് സാധിച്ചേക്കും." എന്ന് ഏലിവീസല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ വികലമായ ചരിത്ര നിര്‍മ്മിതിതന്നെ ഏറ്റവും വലിയ സത്യനിഷേധവും മാനുഷികദുരന്തവുമാകുമെന്ന് വ്യക്തമാകുന്നു.

ഇന്ത്യയുടെ പൊതുവായ പൈതൃകത്തിന് ഹിന്ദുക്കളും മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും ഒപ്പം മറ്റെല്ലാ ജനവിഭാഗങ്ങളും ഒരുപോലെ അവകാശികളാണെന്നും അപരവത്ക്കരണം ഇന്ത്യയുടെ വലിയ ആപത്താണെന്നും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ആസാദും, മതേതര ഭാരതത്തില്‍ മാത്രം ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ നെഹ്‌റുവും, ചരിത്രപ്പുസ്തകത്താളുകളില്‍ നിന്നും വെട്ടിമാറ്റപ്പെടുമ്പോള്‍, മുറിച്ചുമാറ്റുന്നത് വെറും വ്യക്തികളെയല്ല, വിശ്വമാനവീകതയുടെ പാരസ്പര്യപാഠങ്ങള്‍ പകര്‍ന്ന ഭാരത ചരിത്രത്തെതന്നെയാണെന്ന് മറക്കരുത്.

വേര്‍പിരിയാനുള്ള കാരണങ്ങളെ വെവ്വേറെ തിരയുന്ന ഈ സത്യാനന്തരകാലത്ത് സഹവര്‍ത്തിത്വത്തിന്റെ സത്യത്തെ നമുക്ക് ചരിത്രമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org