Latest News
|^| Home -> Editorial -> ജീവന്റെ ജാഗ്രതാമൂല്യം

ജീവന്റെ ജാഗ്രതാമൂല്യം

sathyadeepam

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍ കേരളം. അത് സമൂഹവ്യാപനത്തിന്റെ ആദ്യഘട്ടമായിയെന്നതാണിപ്പോഴത്തെ അസാധാരണ സാഹചര്യം. തിരുവനന്തപുരത്തെ പൂന്തുറയിലും എറണാകുളത്തെ ചെല്ലാനത്തും ആലുവയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോള്‍, ഉറവിടമറിയാത്ത രോഗികളുടെ പെരുപ്പത്തിലൂടെ രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക സാമൂഹ്യവ്യാപന സ്ഥിരീകരണ സംസ്ഥാനമാവുകയാണ് കേരളം.

ആരോഗ്യ പ്രവര്‍ത്തകരിലെ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ദ്ധിക്കുകയാണ്. ചികിത്സകരും, ചികിത്സാലയങ്ങളും അടച്ചകത്തിരിക്കേണ്ടി വരുന്ന ഈ അവസ്ഥയിലാണ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) അടിയന്തിരമായി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്.

അന്തര്‍ദ്ദേശീയ, ദേശീയ ശരാശരിയില്‍ താഴെയെങ്കിലും കേരളത്തിലും മരണനിരക്ക് കൂടുകയാണ്. സമ്പര്‍ക്ക രോഗികളുടേതടക്കം അനുദിന രോഗസ്ഥിരീകരണം ആയിരത്തോടടുക്കുമ്പോള്‍ ജനജാഗ്രതയ്ക്ക് ഇനി ജീവന്റെ വിലയാണെന്ന് സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.

പുറത്തിറങ്ങേണ്ട സമയത്ത് അടച്ചിട്ടും, അടച്ചകത്തിരിക്കേണ്ടപ്പോള്‍ തുറന്നിട്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിഹാസ്യമാക്കി ജനജീവിതം ദുരിതത്തിലാക്കിയതിന്റെ പഴി മൂഴുവന്‍ കേന്ദ്ര സര്‍ക്കാരിന് നല്കി തടിയൂരുമ്പോഴും, കൈകഴുകാതെയും, ശരിയായി മാസ്‌ക്ക് ധരിക്കാതെയും കൂട്ടംകൂടി കോവിഡ് വീട്ടിലെത്തിക്കുന്ന നമ്മുടെ അശ്രദ്ധയുടെ മറുപടി മരണമാകുന്നതിന്റെ ഉത്തരവാദിത്വം നമുക്ക് മാത്രമാണ്.

തുടക്കം മുതല്‍ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവസഭയുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ ഇടപെടലുകള്‍ പൊതുവെ സ്വീകാര്യവും, ശ്ലാഘനീയവുമായി. 50 കോടിയലധികം രൂപ ഈയിനത്തില്‍ ചെലവഴിക്കപ്പെട്ടതായി കെ.സി.ബി.സി.യുടെ വാര്‍ത്താക്കുറിപ്പുമുണ്ടായി. കൂടാതെ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്റൈന്‍ സെന്ററുകളായി സഭയുടെ നിരവധി സ്ഥാപനങ്ങള്‍ പരിവര്‍ത്തിതമായി എന്നതും മറന്നുകൂടാ.

എന്നാല്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സഭാംഗങ്ങളില്‍ ചിലരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ സഭ ഇതുവരെയും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശോഭ, കുറച്ചെങ്കിലും കുറയ്ക്കാനിടയായി. എന്നൊരു നിരീക്ഷണമുണ്ട്. തിരുവനന്തപുരത്തെ ഓര്‍ത്തഡോക്‌സ് വൈദികന്റെയും ഇരിങ്ങാലക്കുടയില്‍ ഒരല്മായ സഹോദരന്റെയും, ആലുവായില്‍ ഒരു കന്യാസ്ത്രീയുടെയും മരണാനന്തര കര്‍മ്മങ്ങളാണ് സമയോചിതമായും, മനുഷ്യോചിതമായും ഇടപെടുന്നതില്‍ നേതൃത്വത്തിന് വന്ന വീഴ്ചമൂലം വിവാദത്തിലായത്. ആദ്യത്തെ രണ്ടിടത്തും മൃതദേഹങ്ങള്‍ അടയ്‌ക്കേണ്ടയിടത്തെക്കുറിച്ചായിരുന്നു തര്‍ക്കമെങ്കില്‍, അവസാനത്തേതില്‍ മരണാനന്തര ശുശ്രൂഷയില്‍ സ്വീകരിക്കപ്പെട്ട സേവനം വര്‍ഗ്ഗീയമായി ദുരുപയോഗിക്കപ്പെട്ടതായിരുന്നു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട സിസ്റ്ററിന്റെ മരണാനന്തര കര്‍മ്മവേളയിലെ സന്നദ്ധ സേനാംഗങ്ങളുടെ സേവനത്തെ വിലമതിക്കുമ്പോഴും അതിനെ വര്‍ഗ്ഗീയ പ്രചാരണത്തിനായി ഉപയോഗിച്ചതില്‍ വിഷലിപ്തമനോഭാവത്തിന്റെ വെളിപ്പെടുത്തലുണ്ടായി.

കോവിഡ് പുതിയ അനുഭവമാണെന്നതിനേക്കാള്‍ അപരിചിതമാണ് അതുവഴിയുണ്ടാകുന്ന മരണവും, അതുളവാക്കുന്ന അനിശ്ചിതത്വവും. കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെടുന്നയാളുടെ മരണാനന്തര ശുശ്രൂഷയില്‍ പാലിക്കപ്പെടേണ്ട പ്രൊട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാണെങ്കിലും, അത്തരം സന്ദര്‍ഭങ്ങള്‍ പ്രായോഗികമായി പരിചയമില്ലാത്തതിന്റെ പരിഭ്രാന്തിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതാണിവിടെ പ്രശ്‌നമായത്. ആരോഗ്യവകുപ്പിനു കീഴില്‍ ശാസ്ത്രീയ പരിശീലനം കിട്ടിയ വൊളന്റിയേഴ്‌സിനെ അടിയന്തിരമായി സജ്ജമാക്കുകയാണ്, ഇതിനുള്ള സത്വരപരിഹാരം. രൂപതാതലത്തില്‍ വൈദികരുള്‍പ്പെടെയുള്ള ഒരു കോര്‍ ടീമിനെ നിയോഗിക്കുകയും അതിനു കീഴില്‍ സര്‍വ്വ സന്നദ്ധരായ യുവാക്കളെ പ്രാദേശിക തലത്തില്‍ തയ്യാറാക്കുകയും വേണം. ചില രൂപതകള്‍ ഇപ്പോള്‍ത്തന്നെ അത്തരം സന്നദ്ധ ഗ്രൂപ്പുകള്‍ രൂപീകരിച്ചത് സ്വാഗതാര്‍ഹമാണ്. മറ്റുള്ളവരും അത് പിന്തുടരണം. കെ.സി.വൈ.എം. പോലുള്ള യുവജന സംഘടനകള്‍ക്ക് നേതൃപരമായ പങ്കുവഹിക്കാനാകും. മറ്റ് സമുദായാംഗങ്ങള്‍ ആവ ശ്യപ്പെട്ടാല്‍ ഈ സേവനം സന്മനസ്സോടെ നല്കുകയും വേണം. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാന്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധരടങ്ങിയ സ്ഥിരം സമിതിയെ കോവിഡ് കാലത്തെങ്കിലും നിയോഗിക്കേണ്ടി വരും. അനാവശ്യ ഭീതിയും തെറ്റിദ്ധാരണകളുമൊഴിവാക്കാന്‍ ഇടവക തലത്തില്‍ കൃത്യമായ ബോധവല്‍ക്കരണം നല്കണം. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ ഫലപ്രദമാകണം.

രോഗവ്യാപന കാരണം സമ്പര്‍ക്കം മാത്രമാവുകയും അതില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഉറവിടം അജ്ഞാതമായി തുടരുകയും ചെയ്യുമ്പോള്‍, എല്ലാം സര്‍ക്കാര്‍ നോക്കിക്കൊള്ളുമെന്ന അമിത ആത്മവിശ്വാസത്തിന്റെ അടിത്തറയാണിളകുന്നത്. കുറെക്കൂടി ജാഗ്രതയോടെ അകത്തിരുന്നും, അകന്നിരുന്നും, മുഖംമറച്ചും, നമ്മുടെ പ്രിയപ്പെട്ടവരുടെ കാവല്‍ നാമേറ്റെടുക്കണം. ഓര്‍ക്കുക ഇനി മുതല്‍ ജീവനോടെയിരിക്കുകയെന്നാല്‍ ജാഗരൂകതയോടെ തുടരുകയെന്നതു മാത്രമാണ് അര്‍ത്ഥം.

Leave a Comment

*
*